Image

കുത്തേറ്റ് മരിച്ചവര്‍ (കവിത:സന്തോഷ് പാലാ)

Published on 07 May, 2016
കുത്തേറ്റ് മരിച്ചവര്‍ (കവിത:സന്തോഷ് പാലാ)
വീടിന്റെ
മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍
പതിനഞ്ചിലേറെപ്പേര്‍
കുത്തേറ്റ് മരിച്ചിട്ടുണ്ടെന്ന്
കുട്ടിക്കാലത്ത് തന്നെ
മനസ്സിലായിരുന്നു.

സാഹിത്യസമാജത്തിന്
അവതരിപ്പിക്കുന്ന
നാടകത്തിലെവിടെയെങ്കിലുമൊരിടത്ത്
ആരെയെങ്കിലും
വെട്ടിയോ കുത്തിയോ
തട്ടിപ്പറ്റെഴുതാറുണ്ടായിരുന്നു.
അതിലൊരു സുഖം
അന്നേ കണ്ടെത്തിയിരുന്നു.

വല്യപ്പന്റെ കത്തി അപ്പനും
അപ്പനത് എന്റെ അരയിലും
സൂക്ഷിക്കാന്‍ തരുമ്പോള്‍
ചോര ഞങ്ങള്‍ക്ക്
ഒരു വിഷയമേ ആയിരുന്നില്ല.

എല്ലാ കപ്പവാട്ടിനും,
കത്തി കാച്ചിക്കാനിറങ്ങാത്ത,
കൈമുറിക്കാത്ത
ഒറ്റ പിള്ളേരും ഞങ്ങടെയൊന്നും
വീടുകളിലുണ്ടായിരുന്നില്ല.

ജിമ്മിജോര്‍ജിനേപ്പോലെ
പറന്ന് സര്‍വ് ചെയ്ത്
ഇടത് ചാടി വലത്തെ ബ്ലോക്കൊഴിവാക്കി
പൊന്നീച്ചപറപ്പിച്ചൊരടി­
യുതിര്‍ക്കുമ്പോള്‍പോലും
അക്കരപ്പറമ്പില്‍ തങ്കച്ചന്‍ ചാച്ചന്‍
കത്തിയരയില്‍ നിന്നെടുക്കാറില്ല.

2

മീ­ന്‍­കാരന്‍ മീശറാവുത്തറെ
മൂന്നുപേര്‍ ഷാപ്പിലിട്ട്
കുത്തിയ കാര്യം
വീട്ടിലെത്തിയ ആണിമേസ്തിരി
പറയുന്നത് കേട്ടത്
രണ്ടാം ക്ലാസിലെ
വല്യവധിയ്ക്കിടക്കാണ്.

തേക്കുംകാട്ടില്‍ ഔതച്ചേട്ടന്‍
രണ്ടുപേരെ വീഴ്ത്തിയത്
ഒരോണക്കാലത്താണെന്ന്
ഇപ്പോഴുമോര്‍മ്മയുണ്ട്.

തറപ്പേല്‍ ശങ്കരന്‍ നായരും
കോണാട്ട് രാഘവനും കൂടി
ബീഡിവാസുവിനെ
തട്ടിയപ്പോള്‍
അമ്പലത്തില്‍
ബാലിവധം കഥകളി
തീര്‍ന്നിട്ടില്ലായിരുന്നു.

പള്ളിപ്രദക്ഷിണം
കുരിശുപള്ളിക്കവലയില്‍
എത്തിയപ്പോഴാണ്
പഴയൊരു
വിരോധത്തിന്റെ പേരില്‍
കോളനിമലയില്‍ കുട്ടനെ
തോമാസ്­കുട്ടി കോര്‍ത്തെറിഞ്ഞത്.


കള്ളവെടി വെയ്ക്കാന്‍ ചെന്ന
സണ്ണിച്ചേട്ടനെ
കൈലിമുണ്ടിട്ടു മൂടിയാണ്
എലത്തറ സജി
കൈകാര്യം ചെയ്തത്.

ഒരു പഞ്ചായത്തിലക്ഷന്റെ
പിറ്റേന്നാണ്
ഗ്രൂപ്പുമാറിയ
ഉപ്പുതറ വറീതേട്ടനെ
പെട്ടിക്കട സാബു
കുത്തിമലര്‍ത്തിയത്.

കാറ്റടിച്ചാല്‍
പറന്നുപോകുന്ന
ആരോഗ്യശ്രീമാന്‍
പൊടിച്ചിറ കുഞ്ഞ്
പലപ്പോഴായി
ആറുപേരെ തീര്‍ത്തിട്ടുണ്ട്.
തക്കം പാര്‍ത്തിരുന്ന
എതിരാളികള്‍ അയാളെ
വെട്ടിനുറുക്കി ചാക്കിലാക്കിയത്
മലബാറില്‍ നിന്നും
ഒരിക്കല്‍
വണ്ടിയിറങ്ങുമ്പോഴാണ്.

കുത്തിയവര്‍ക്കും
മരിച്ചവര്‍ക്കും
നാടുവിട്ടുപോകാന്‍
പറ്റില്ലെന്നാണ്
കുറിഞ്ഞി കൂമ്പന്മല ഗോപിസ്വാമി
പറയുന്നത്.

കുത്തേറ്റ് മരിച്ചവര്‍
പള്ളി പ്രദക്ഷിണത്തിന്റെ
മുന്നിലുണ്ടാകുമത്രെ.
പറയ്‌ക്കെഴുന്നള്ളിപ്പിന്
വന്നു വണങ്ങുമത്രെ.
പാതിര കഴിഞ്ഞാല്‍
കലുങ്കുമ്മേല്‍
ഒത്തുകൂടുമത്രെ.
പഴയ ചീട്ടുകളിസ്ഥലത്ത്
പന്തയത്തുക പകുക്കുമത്രെ.
പടിഞ്ഞാറെ കപ്പക്കാലായില്‍
തോര്‍ത്തുമുണ്ടുടുത്തു
നില്‍ക്കുമത്രെ.
വെളുപ്പാന്‍ കാലത്ത്
മെഴുതിരിവെളിച്ചത്തില്‍
റബ്ബര്‍തോട്ടങ്ങളിലേയ്ക്ക്
മടങ്ങുമത്രെ.
കൂടിപ്പിരിഞ്ഞ് നില്‍ക്കുന്ന
കൊന്നത്തെങ്ങുകളായി
വീട് മേലെ വളരുമത്രെ.

3
മുള്ളിത്തീരാതെ
ഒരു കുട്ടി
അകത്തേയ്‌ക്കോടുമ്പോള്‍
തിണ്ണയിലിരുന്നൊരു കത്തി
കണ്ണിറുക്കി ചിരിക്കുന്നു.

മടിക്കുത്തിലെ
മടക്കുസാന്‍
ഉറുമ്പരിച്ച്
ഉണര്‍ത്തിയതുകൊണ്ടാകാം
കുട്ടി ചവിട്ടി
മെതിച്ചതുകൊണ്ടാകാം
കത്തി വീശുന്ന
അടുത്ത ഊഴം
ഈപ്പച്ചന്‍ ചേട്ടന്റേതായിരുന്നു.

(പച്ചക്കുതിര മാസിക­ ജനുവരി­ 2015)

സന്തോഷ് പാലാ
mcsanthosh@yahoo.com
Join WhatsApp News
വായനക്കാരൻ 2016-05-08 12:30:40
കുത്തനെ വായിച്ചാലും സമാന്തരമായി വായിച്ചാലും ഒരു കഥ 
James Thomas 2016-05-08 14:35:21
സന്തോഷ് പാല
നല്ല കവിയാണെന്നു ചിലര് പറയുന്നത്
അദ്ദേഹം ചെറിയാനെപോലെ പണ്ട്
നല്ല കവിതകൾ എഴുതിയത് മൂലമായിരിക്കാം തിരിച്ച പോകൂ സന്തോഷ് പഴയ കാലത്തിലേക്ക്
വിദ്യാധരൻ 2016-05-08 17:49:15
"ഒന്ന് ഞാൻ ചോദിക്കട്ടെ 
       കൈവശം നിങ്ങൾക്കെന്തു-
ണ്ടിന്നിനെ ജീവിക്കുന്നോ
       രിന്നിനെ പകർത്തുവാൻ 

മാന്യരാം കവികളെ 
        തളർന്നില്ലന്നോ നിങ്ങൾ 
ശൂന്യതകളെ ചൊല്ലി 
       ത്താളുകൾ നിറച്ചിട്ടും " (എഴുത്തുകാരോട് -വയലാർ )

ഇത് ഞാൻ ചോദിച്ചതല്ല  വയലാർ ചോദിച്ചതാണ് 
കവിത വായിച്ചു കഴിഞ്ഞപ്പോൾ ഉദ്ധരിക്കണം എന്ന് തോന്നി 
അത്രമാത്രം .

ശൂന്യമാം ഹൃദയത്തിൽ 
              ചിന്തകൾ നിറയട്ടെ
പേനയിൽ നിന്നും നല്ല 
                കവിത ഉതിരട്ടെ 
മാനസം ഉണരട്ടെ
                 ചിന്തകൾ ഇളകട്ടെ 
മാനവ രാശിക്കാത് 
               അമൃതായി ഭവിക്കട്ടെ  (സ്വന്തം )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക