Image

മാതൃദിനത്തിന്റെ ഓര്‍മ്മയ്ക്ക് -ത്രേസ്യാമ്മ തോമസ് നാടാവള്ളില്‍

ത്രേസ്യാമ്മ തോമസ് നാടാവള്ളില്‍ Published on 09 May, 2016
മാതൃദിനത്തിന്റെ ഓര്‍മ്മയ്ക്ക് -ത്രേസ്യാമ്മ തോമസ് നാടാവള്ളില്‍
കുരുവിയോടും അണ്ണാറക്കണ്ണനോടും കിന്നാരം പറഞ്ഞും, കൂട്ടുകാരോടൊത്ത് മണ്ണപ്പമുണ്ടാക്കിയും,കൈത്തോട്ടില്‍ നിന്നു മീന്‍പിടിച്ചും നടന്ന നിഷ്‌ക്കളങ്കബാല്യവും, സംശയങ്ങളും ആകാംക്ഷകളുമൊക്കെയായി ധൃതിയില്‍ കഴിഞ്ഞുപോയ കൌമാരവും, പലപ്പോഴും മനസ്സിലേക്കു തിക്കിത്തിരക്കി വരാറുണ്ട്.കൌമാരം വിടപറ്യും മുന്‍പേ പഠനവും ജോലിയുമായി വീടുവിട്ടു ഹോസ്റ്റലില്‍ താമസമാക്കിയതും വിവാഹത്തോടെ നഗരജീവിതത്തിന്റെ ഭാഗമാ!യതും ഓര്‍മ്മയില്‍ തെളിയുമ്പോള്‍ ആ ഓര്‍മ്മകള്‍ക്കെല്ലാം അതെ പ്രായം! ഇപ്പോഴും ജനിച്ചു വളര്‍ന്ന വീടും നാടും തൊടിയും പാടങ്ങളും ഗ്രാമത്തിന്റെ വിശുദ്ധിയും  ഒക്കെ മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയുന്നതില്‍ ചാരിതര്‍ഥ്യവും.

           ഈ ലേഖനം എഴുതാന്‍ തുടങ്ങിയതുമുതല്‍ എന്റെ അമ്മച്ചി എന്നെ തൊട്ടുരുമ്മി നില്‍ക്കും പോലെ. കൊതിയൂറുന്ന വിഭവങ്ങളുണ്ടാക്കിത്തന്ന് എന്റെ നാവിന്റെ രസമുകുളങ്ങളെ ഉത്തേജിപ്പിച്ച, രുചിയുടെ വൈവിധ്യത്തെ ഇപ്പൊഴും അനുഭവിപ്പിച്ചു കൊണ്ടിരിക്കുന്ന എന്റെ അമ്മച്ചിയുടെ സാന്നിദ്ധ്യം! മൂന്നരവയസ്സില്‍ എഴുത്തുപള്ളിക്കുടത്തില്‍ നിന്നും ഉച്ചയൂണിനെത്തുന്ന ഞാന്‍,എനിക്കു വേണ്ട ഭക്ഷണവുമായി കാത്തിരിക്കുന്ന എന്റെ വല്യമ്മച്ചിയോട്'ഇവിടുത്തെ തൂട്ടാന്‍ പന്ന തൂട്ടാന്‍' എന്നു പറയിക്കത്തക്കവണ്ണം എന്റെ നാവില്‍ രുചിയുടെ ആദ്യപാഠങ്ങള്‍ എഴുതിത്തന്ന ഞങ്ങളുടെ പാചകറാണി! ഇന്നേക്കു 6 വര്‍ഷം മുന്‍പു ഞങ്ങളെ വിട്ടു പിരിഞ്ഞെങ്കിലുംഓരോ ഭക്ഷണസമയത്തും ആ സാന്നിദ്ധ്യം ഞങ്ങളെ അറിയിച്ചുകൊണ്ടേയിരിക്കുന്നു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ആഹാരം കഴിക്കുമ്പോഴുംഎന്റെ അമ്മച്ചിയുടെ രുചിയെ വെല്ലാന്‍ ഇവയ്‌ക്കൊന്നിനും ആവുന്നില്ലല്ലൊ എന്നു ഞാന്‍ പരിതപിക്കാറുണ്ട്. കീടനാശിനികളോ കൃത്രിമമായ വളപ്രയോഗങ്ങളോ ഇല്ലാത്ത ഭക്ഷണസാധനങ്ങളായതിനാലായിരിക്കാം അതിനിത്രയും സ്വാദ് ഉണ്ടായിരുന്നത് തൊടികള്‍ എല്ലാവിധ പച്ചക്കറികളും കിഴങ്ങുവര്‍ഗ്ഗങ്ങളും പഴവര്‍ഗ്ഗങ്ങളും ഫലവൃക്ഷങ്ങളും കൊണ്ടു സമൃദ്ധമായിരുന്നു. അപ്പച്ചന്റെയും അമ്മച്ചിയുടെയും ഞങ്ങള്‍ ആറുമക്കളുടെയും ഏദന്‍തോട്ടമയിരുന്നു അവിടം.അവിടെ ഭക്ഷണവും സന്തോഷവും സ്‌നേഹവും സുഭിക്ഷമായിട്ടുണ്ടായിരുന്നു.പക്ഷെ അന്നു ആ എദന്തോട്ടത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചു ഞാന്‍ അത്ര മനസ്സിലാക്കിയിരുന്നില്ല. ഒരു സര്‍പ്പത്തിനും കണ്ണുകൊണ്ടു തീണ്ടാന്‍ പോലും അവസരം കൊടുക്കാതെ അമ്മച്ചി തീര്‍ത്ത വേലിക്കുള്ളില്‍ ഞങ്ങള്‍ സുരക്ഷിതരായിരുന്നു. അന്നു നഗരത്തില്‍ നിന്നും വരുന്നവരുടെ പത്രാസുകണ്ട് അത്ഭുതം കൂറിയിരുന്നതും നഗരജീവിതം കൊതിച്ചതും എന്തിനായിരുന്നെന്നു ലോകത്തിലെതന്നെ ഈ  വലിയ നഗരത്തിലിരുന്നു ഞാന്‍ ചിന്തിച്ചു പോകുന്നു.

       അമ്മച്ചിയുണ്ടാക്കുന്ന നാടന്‍ വിഭവങ്ങള്‍ ഒരു പ്രവശ്യം കൂടി കിട്ടിയിരുന്നെങ്കില്‍ എന്നു ഞാനാശിച്ചു പോകാറുണ്ട്. അമ്മച്ചി തന്നയക്കുന്ന പൊതിച്ചോറിന്റെ മണം ഇന്നും അനുഭവിക്കുന്ന പോലെ. ആവശ്യത്തിലധികം വരുന്ന പഴങ്ങളും ധാന്യങ്ങളും ഉണക്കി സൂക്ഷിച്ചു വയ്ക്കുന്നതും വലിയ ചീന ഭരണികളില്‍ നെല്ലിക്കയും മാങ്ങയും ഉപ്പിലിട്ടു സൂക്ഷിക്കുന്നതും പഞ്ഞകാലത്ത് ആവശ്യവുമായി വരുന്നവര്‍ക്കു അമ്മച്ചി അതു സന്തോഷത്തോടെ കൊടുക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. അതിഥി സല്‍ക്കാരത്തില്‍ അമ്മച്ചി ആരെക്കാളും മുന്‍പിലായിരുന്നു. യാചകനയാലും വീട്ടില്‍ വന്നാല്‍ എന്തെങ്കിലും ഭക്ഷണം കൊടുക്കാതെ അയയ്ക്കുന്ന പതിവ് ഉണ്ടായിരുന്നില്ല.

       നല്ല ഭക്ഷണം വൃത്തിയുള്ള വസ്ത്രം ഇതു രണ്ടിലും ബദ്ധശ്രദ്ധയായിരുന്നു;അമ്മച്ചി. അപ്പച്ചന്‍ ശ്രദ്ധിച്ചിരുന്നതുകൊണ്ടൊ ഞങ്ങള്‍ പഠിക്കാന്‍ മിടുക്കരായിരുന്നതുകൊണ്ടൊ എന്തോ ഞങ്ങളുടെ പഠനം അമ്മച്ചിയെ അത്രക്കൊന്നും അലട്ടിയിരുന്നില്ല. ഒരു ദിവസത്തെ എല്ലാ പ്രാരബ്ധങ്ങളില്‍ നിന്നും മുക്തമാകുന്ന നേരത്ത് അമ്മച്ചിക്കു ഏറ്റവും സന്തോഷം പ്രദാനം ചെയ്തിരുന്നതു ചിത്ര രചനയും വായനയും തയ്യലുമായിരുന്നു.അപ്പച്ചന്‍ കൊണ്ടുകൊടുക്കുന്ന നല്ല ബുക്കുകള്‍ അമ്മച്ചിയെ സ്വാധീനിച്ചിരുന്നു.ഞങ്ങളുടെ ഉടുപ്പുകളില്‍ പൂക്കള്‍ തയിച്ചും റേന്ത തുന്നിചേര്‍ത്തും മോടി പിടിപ്പിക്കാന്‍ അമ്മച്ചി സമയം കണ്ടെത്തിയിരുന്നു.

        കിഴക്കു വെള്ള കീറുമ്പോള്‍ തുടങ്ങുന്ന അമ്മച്ചിയുടെ ജോലികള്‍ സന്ധ്യയുടെ വരവോടെ പ്രാര്‍ത്ഥനയുടെ ഒരുക്കങ്ങളിലും പിന്നെ അത്താഴം തന്നു തൃപ്തിപ്പെടുത്തുന്നതു വരെയും നീളും.ക്ലോക്കുകളില്ലാതിരുന്ന ആദ്യകാലങ്ങളില്‍  നിഴല്‍ നോക്കിയാണു അമ്മച്ചി സമയം അറിഞ്ഞിരുന്നത്. അമ്മച്ചി പറയുന്ന സമയവും അപ്പച്ചന്റെ വാച്ചിലെ സമയവും കൃത്യമായിരുന്നു. ഒരു നല്ല അധ്യാപകനും ഒരു നല്ല കര്‍ഷകനുമായിരുന്ന അപ്പച്ചനു ഞങ്ങളോടൊപ്പം ചെലവഴിക്കന്‍ കുറച്ചു സമയമെ കിട്ടിയിരുന്നുള്ളു.

ഒരു വിളിപ്പാടകലെപ്പോലും വീടുകളില്ലാതിരുന്ന ആശ്രമം പോലെ പരിശുദ്ധമായിരുന്ന ആ അന്തരീക്ഷത്തില്‍ ജീവിക്കാന്‍ സാധിച്ചതു ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു.ഞങ്ങളുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ മണ്‍തരികള്‍ ഇന്നും ആ വീടിന്റെ പരിസരത്തും പറമ്പിലും ഉണ്ടായിരിക്കും. ആ മണ്‍തരികള്‍ക്കു ശബ്ദമുണ്ടായാല്‍ എന്തെന്തു സുന്ദരമായ ഓര്‍മ്മകളായിരിക്കം അവയ്ക്കു പങ്കുവയ്ക്കാനുണ്ടാവുക? ഒരു നല്ല കാലത്തിന് അകമ്പടി സേവിച്ച പട്ടിയും പൂച്ചയും ആടും മാടും എല്ലാം ഞങ്ങളെ മറന്നു പോയോ എന്നു ചോദിക്കും പോലെ. വീട്ടിലും പറമ്പിലും ജോലി ചെയ്തിരുന്നവരെയും എനിക്കീയവസരത്തില്‍ മറക്കാനാവുന്നില്ല. അവരില്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്രമെല്‍ ഭംഗിയായി നടക്കുമായിരുന്നില്ല എന്നെനിക്കുറപ്പുണ്ട്. ഞങ്ങളുടെയെല്ലാം കളിചിരികള്‍ നിറഞ്ഞ, ജീവിതത്തിന്റെ ആദ്യപാഠങ്ങള്‍ പഠിക്കാന്‍ വേദിയായ ആ വീടും പറമ്പും ഞങ്ങളുടെ വരവും കാത്ത് ഇപ്പോഴും അവിടെത്തന്നെ ഉണ്ട്.
ആണ്ടിലൊരിക്കല്‍ നാട്ടില്‍ പോകുമ്പോള്‍ ഞങ്ങളെല്ലാവരും അവിടെ പോകാറുണ്ട്. നഷ്ട സ്വര്‍ഗ്ഗങ്ങളെ അയവിറക്കാറുമുണ്ട്. തൊണ്ണൂറ്റിമൂന്നാം വയസ്സില്‍ കഴിഞ്ഞ വര്‍ഷം ഞങ്ങളെ വിട്ടു പിരിയും വരെ അപ്പച്ചനും കൂടെ ഉണ്ടാകുമായിരുന്നു.. ഇനി അടുത്ത യാത്ര അപ്പച്ചനും അമ്മച്ചിയും ഇല്ലാത്ത ആദ്യത്തെ യത്രയായിരിക്കും . 

    ഇനി ഒരു ജന്മമുണ്ടെങ്കില്‍ ഈ അമ്മച്ചിയുടെയും അപ്പചന്റെയും മകളായി ഈ അഞ്ചു സഹോദരങ്ങളുടെയും സഹോദരിയായി.കൊച്ചേച്ചിയായി, ആ കൊച്ചു ഗ്രാമത്തില്‍ അതേവീട്ടില്‍, ആ നന്മയില്‍ ആ വിശുദ്ധിയില്‍ ആ സ്‌നേഹത്തില്‍ ജീവിക്കാനാവണെ എന്ന പ്രാര്‍ത്ഥനയാണുള്ളത്.

      ഇന്ന് ഈ മാതൃദിനത്തില്‍ എന്റെ അമ്മയ്ക്കു മുന്‍പില്‍ ഇതു സമര്‍പ്പിക്കുന്നു.അപ്പച്ചനു ഒരു പ്രണാമവും.

മാതൃദിനത്തിന്റെ ഓര്‍മ്മയ്ക്ക് -ത്രേസ്യാമ്മ തോമസ് നാടാവള്ളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക