Image

മതസഹിഷ്ണുതയുള്ള യുവ നേതൃത്വം വരണം; മോഡിയെ എഴുതിതള്ളാനാവില്ല: അലക്‌സ് കോശി വിളനിലം (എന്റെ പക്ഷം 4- അനില്‍ പെണ്ണുക്കര)

Published on 11 May, 2016
മതസഹിഷ്ണുതയുള്ള യുവ നേതൃത്വം വരണം; മോഡിയെ എഴുതിതള്ളാനാവില്ല: അലക്‌സ് കോശി വിളനിലം  (എന്റെ പക്ഷം 4- അനില്‍ പെണ്ണുക്കര)
ലോകത്തിന്റെ ഏതു കോണില്‍ ചെന്നാലും മലയാളിയും അവന്റെ പ്രശ്‌നങ്ങളും ഒന്ന് തന്നെ. രാഷ്ട്രീയത്തിലായാലും മലയാളി വിഹരിക്കുന്ന ഏതു മണ്ഡലങ്ങളിലും അങ്ങനെ തന്നെ. കേരളത്തില്‍ തെരഞ്ഞെടുപ്പു കൊടുമ്പിരികൊണ്ടിരിക്കുംപോഴും മലയാളി നേരിടുന്നത് പുതിയ പുതിയ പ്രശ്‌നങ്ങള്‍ ആണ്. ഇതിനെല്ലാം പരിഹാരം കാണുന്ന ഒരു മികച്ച ഭരണ സംവിധാനം സ്വപ്നം കാണുകയാണ് അമേരിക്കന്‍ മലയാളി സാംസ്‌കാരിക രംഗത്തെ 40 വര്‍ഷത്തെ സജീവ സാന്നിധ്യവും വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ സ്ഥാപക നേതാവും വിവിധ മലയാളി സംഘടനകളുടെ പദവികള്‍ അലങ്കരിച്ചിട്ടുള്ള അലക്‌സ് കോശി വിളനിലം.
ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് കേരളത്തില്‍ സുസ്ഥിര ജീവിതത്തിനു തയ്യാറെടുക്കുമ്പോള്‍ കേരളം കടന്നു വന്ന രാഷ്ട്രീയ വഴികളെ കുറിച്ചും ഇനി വരാന്‍ പോകുന്ന ഭരണം എങ്ങനെ ആയിരിക്കണമെന്നും അദ്ദേഹം വിലയിരുത്തുന്നു .

മതസഹിഷ്ണുതയുള്ള യുവ നേതൃത്വം വരണം
.........................................................................................
കേരളത്തിന്റെ സമഗ്ര വികസനത്തിന് പുതിയ നേതൃത്വത്തിന്റെ കടന്നു വരവ് അത്യാവശ്യമാണ്. ഏതു മുന്നണി വന്നാലും കേരളത്തെ കുറിച്ച് സമഗ്ര കാഴ്ചപ്പാടുള്ള യുവാക്കള്‍ക്ക് ഭരിക്കാന്‍ അവസരം ഉണ്ടാകണം. മത സഹിഷ്ണുതയുള്ള, വ്യക്തിസ്വാതന്ത്ര്യമുള്ള, സാമൂഹ്യപ്രബുദ്ധതയുള്ള, ജനങ്ങളുടെ പ്രശ്‌നങ്ങള്ക്ക് പ്രാധാന്യം നല്‍കുന്ന ഭരണം ഉണ്ടാകണം. അത്തരത്തിലുള്ള എം എല് എ മാര്‍ വരാന്‍ പോകുന്ന നിയമ സഭയില്‍ ഉണ്ടാകും എന്ന് എനിക്ക് ഉറപ്പുണ്ട്. അത്തരം ഒരു ട്രെന്റ് കേരളത്തിനു ഇപ്പോള്‍ ഉണ്ട്. കക്ഷിരാഷ്ട്രീയം നോക്കാതെ വിവിധ പാര്‍ട്ടികളിലെ പുതിയ തലമുറയെ കേരളം സമ്മാനിക്കുന്ന ഒരു തെരഞ്ഞെടുപ്പാണ് ഈ പതിനാറാം തീയതി നടക്കുക
പോകുന്ന പ്രതിപക്ഷവും വരാന്‍ പോകുന്ന പ്രതിപക്ഷവും
................................................................................................................
അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ഭരണ തുടക്കത്തില്‍ സജീവമായിരുന്നുവെങ്കിലും പിന്നീട് ദുര്ബലമാകുന്ന കാഴ്ചയാണ് മലയാളികള്‍ കണ്ടത്. അദ്ദേഹത്തെ പോലെയുള്ള ഒരാള് നേതൃത്വം നല്‍കുന്ന പ്രതിപക്ഷത്തില്‍ നിന്നും ജനം പ്രതീക്ഷിച്ചത് കുന്നോളമാണ്. പക്ഷെ അദേഹത്തിന് ഒരു കടുകുമണിയോളം പോലും ജനങ്ങള്‍ക്ക് തിരിച്ചു നല്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം . അതിനു കാരണങ്ങള്‍ പലതാണ്. അദ്ദേഹത്തിന് പാര്ട്ടിയ്ല്‍ നിന്നും ഉണ്ടായ പ്രശ്‌നങ്ങള്‍, ഏറ്റെടുത്ത വിഷയങ്ങല്ക്ക് ശുഭകരമല്ലാത്ത സമാപ്തി പ്രത്യേകിച്ച് സോളാര്‍ പോലെ ഉള്ള വിഷയങ്ങള്‍. പ്രതിപക്ഷ നേതാവ് ഒരു വഴിയും അദേഹത്തിന്റെ പാര്‍ട്ടി ഒരേ വിഷയത്തില്‍ രണ്ടു വഴിയും സ്വീകരിച്ചത് കേരളത്തില്‍ പ്രതിപക്ഷം എന്ന ജനാധിപത്യ സാന്നിധ്യത്തിന്റെ സ്വീകാര്യതയ്ക്കും മങ്ങലേല്‍പ്പിച്ചു. അത് അഴിമതി നടത്തിയവര്‍ക്ക് വലിയ ഗുണം ലഭിച്ചതായി ജനം വിശ്വസിച്ചു.
ഇനി വരാന്‍ പോകുന്ന പ്രതിപക്ഷം മികച്ച പ്രതിപക്ഷമാകും. കാരണം ഗവന്മെന്റു തന്നെ ഒരു പരിധിവരെ മികച്ച തൂക്കു മന്ത്രിസഭ ആയിരിക്കും. അപ്പോള്‍ പ്രതിപക്ഷവും അങ്ങനെ തന്നെ ആയിരിക്കും. ഈ വിഷയത്തില്‍ എന്‍ ഡി എ മുന്നണിയുടെ സാന്നിധ്യം വളരെ പ്രസക്തമാണ്. അവര്‍ ഭരണത്തില്‍ പങ്കാളി ആയാലും ഇല്ലങ്കിലും കേന്ദ്രം ഭരിക്കുന്ന ഒരു മുന്നണിക്ക് കേരളത്തില്‍ ഒരു എം എല്‍ എ ഉണ്ടാകുന്നത് രാഷ്ട്രീയപരമായി ചെറിയ കാര്യമല്ല. ഒരു പക്ഷെ കേന്ദ്ര സ്വാധീനമുള്ള ഒരു മണ്ഡലം എന്ന നിലയില്‍ ഒരു പക്ഷെ വികസനത്തിന്റെ കുതിച്ചുച്ചാട്ടം തന്നെ ഉണ്ടാകുവാന്‍ ഉള്ള സ്വാധീനവും തള്ളിക്കളയുവാന്‍ ആകില്ല

മോഡിയെ എഴുതിതള്ളാനാവില്ല
..............................................................
ലോകം കാണാന്‍ പോകുന്ന മികച്ച പ്രധാന മന്ത്രിമാരില്‍ ഒരാളാകും മോഡി. ഈ യാഥാര്‍ത്ഥ്യം നാമെല്ലാം മനസിലാക്കിയെ പറ്റു. അദേഹത്തിന് ലഭിക്കുന്ന ആഗോള സ്വീകാര്യതയെ രാഷ്ട്രീയത്തിന്റെ പേരില്‍ ഇല്ലാതാക്കരുത്. അദ്ദേഹം നമ്മുടെ പ്രധാന മന്ത്രിയാണ്. വിമര്‍ശനം ഉന്നയിക്കുന്നവര്‍ ഇത്തരം കാര്യങ്ങളില്‍ എന്തെല്ലാം ചെയ്തു എന്ന് കുടി വ്യകതമാക്കണം. വിദേശകാര്യമന്ത്രാലയം മുന്‍ വര്‍ഷങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായി കാര്യക്ഷമമായി പ്രവര്ത്തിക്കുവാന്‍ തുടങ്ങി. ഈ കാര്യത്തില്‍ വയലാര് രവി കാട്ടിക്കൂട്ടിയതു പ്രവാസികള്‍ മറക്കില്ല. ഓ സി ഐ കാര്‍ഡ് വിഷയത്തില്‍ അല്പം കൂടി സുതാര്യത വന്നു എന്നാണു എന്റെ കണക്കുകൂട്ടല്‍. ഉദാഹരണത്തിന് ഫോറിന്‍ പൌരത്വം ഉള്ള ഒരാള്‍ ഓ സി ഐ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ പഴയ പാസ്‌പോര്‍ട്ട് ഹാജരാക്കണം എന്ന നിയമം ഉണ്ടായിരുന്നു. അത് നഷ്ടപ്പെട്ടു എങ്കില്‍ 250 ഡോളര്‍ മുതല്‍ എംബസി ചോദിക്കുന്ന പണം നല്‍കണമായിരുന്നു. ഇപ്പോള്‍ ഒരു അഫിടവിറ്റ് നല്‍കിയാല്‍ മതി. കൂടി വന്നാല്‍ 25 ഡോളറിന്റെ മുടക്കും. പ്രവാസി വോട്ടിന്റെ കാര്യത്തില്‍ കൂടി മോഡി ഗവന്മേന്റ്‌റ് ഉചിതമായ നടപടികള്‍ എടുക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത്തരം കാര്യത്തില്‍ ഏറെ കാര്യങ്ങള്‍ ചെയ്യാമായിരുന്ന ഭരണം തന്നെ ആയിരുന്നു കഴിഞ്ഞ യു പി എ. പക്ഷെ ഒരു വിഷയത്തിന്റെയും ഗ്രാസ്‌രൂട്ടിലേക്ക് ഇറങ്ങി ചെല്ലാന്‍ ആ ഗവണ്മെന്റിനു കഴിഞ്ഞില്ല. അതായിരുന്നു യു പി എ ഭരണത്തിന്റെ ന്യുനത. അത് തന്നെ ഉമ്മന്‍ ചാണ്ടിക്കും സംഭവിക്കുന്നു

യു ഡി എഫ് ഭരണത്തിന് വികസനങ്ങള്‍ ജനങ്ങളിലെത്തിക്കുവാന്‍ കഴിഞ്ഞില്ല
....................................................................................................................
സ്‌നേഹം പ്രകടിപ്പിക്കുവാനുള്ളത് എന്ന് പറയുമ്പോലെ വികസനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുവാന്‍ ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കുന്ന ഭരണത്തിന് കഴിഞ്ഞില്ല. അതൊരു പ്രധാന ന്യുനത തന്നെ ആണ്. ആരോപണമായി ഉന്നയിക്കപ്പെട്ട വിഷയങ്ങളില്‍ സത്യം ഉണ്ടെന്നു വിശ്വസിക്കുവാനുള്ള ആര്‍ജവവും ജനങ്ങള്‍ കാട്ടി. ഇതെല്ലാം നേരിടുവാന്‍ വേണ്ട താല്പര്യവും ഉമ്മന്‍ ചാണ്ടിയും സംഘവും കാട്ടിയില്ല. ഭൂമി കുംഭകോണം മുതല്‍ നിരവധി കഥകള്‍ ഇനി കേരളത്തിലെ ജനങ്ങള്‍ കാണുവാനും, കേള്‍ക്കുവാനും ഉണ്ട് എന്ന അവസ്ഥയിലായി കാര്യങ്ങള്‍. ഭരണത്തിന്റെ അവസാന ഘട്ടത്തില്‍ പോലും അഴിമതിക്കഥകള്‍ കടന്നു വന്നു. പ്രത്യേകിച്ച് പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന തരത്തില്‍ ഭൂമി കച്ചവടവും നെല്‍വയല്‍ നികത്തലും കായല്‍ സംരക്ഷണവുമൊക്കെ വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചു. ഇത്തരം കാര്യങ്ങളില്‍ ഉമ്മന്‍ ചാണ്ടിയെങ്കിലും നല്ല നിലപാടുകള്‍ സ്വീകരിച്ചിരുന്നു എങ്കില്‍ യു ഡി എഫ് തന്നെ ഭരണത്തില്‍ വരണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കാമായിരുന്നു.

എന്‍ ഡി എ യുടെ സ്വാധീനം
.......................................................
ബി ജെ പി എന്ന പാര്‍ട്ടിയെ മതത്തിന്റെ കണ്ണില്‍കൂടി മാത്രം നോക്കി കാണുന്ന സാഹചര്യം മാറി ഇപ്പോള്‍. പ്രത്യേകിച്ച് വെള്ളാപ്പള്ളി നടേശന്റെ ബി ഡി ജെ എസ് കൂടി ചേര്‍ന്ന് ഒരു മുന്നണി ആയി എന്‍ ഡി എ മുന്നണി എന്ന നിലയില്‍ മത്സരിക്കുമ്പോള്‍ രാഷ്ട്രീയമായി കാണുന്ന ഒരു ജന വിഭാഗം കേരളത്തില്‍ വളര്ന്നു വരുന്നു എന്നത് നാം തള്ളിക്കളയരുത്. ഇടതുവലതു സര്‍ക്കാരുകളെ മാറ്റി ഒരു പുതിയ ഭരണത്തെ കുറിച്ച് ജനങ്ങള്‍ ചിന്തിക്കുന്നത്തില്‍ അത്ഭുതമൊന്നും കാണേണ്ടതില്ല. പക്ഷെ ആര്‍ എസ് എസ് പോലെയുള്ള സംഘടനകളുടെ നിലപാടുകള്‍ എന്തായിരിക്കും എന്ന് ചിന്തിക്കുമ്പോള്‍ കേരളം സമീപ ഭാവിയില്‍ വര്‍ഗീയതയുടെ കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്ന് ലോകം തന്നെ വിലയിരുത്തുന്ന അവസ്ഥ കടന്നു വരും. അതുകൊണ്ട് ഇടതായാലും വലതായാലും ഇന്ന് വരെ ഒളിഞ്ഞും തെളിഞ്ഞും വര്‍ഗീയതയുടെ കാര്യത്തില്‍ എടുത്തിട്ടുള്ള നിലപാടുകളില്‍ വളരെ വ്യക്തമായ കാഴ്ചപ്പാടുകള്‍ സ്വീകരിചില്ലങ്കില്‍ മതനിരപേക്ഷ കേരളം എന്ന വലിയ കാഴ്ചപ്പാട് മണ്ണിട്ട് മൂടേണ്ട അവസ്ഥ ഉണ്ടാകും. കേരളത്തില്‍ തഴച്ചു വളരുന്ന എല്ലാ വര്‍ഗീയ്തയുടെയും കാരണക്കാര്‍ ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ അല്ല എന്ന് നെഞ്ചില്‍ കൈവച്ച് ആര്‍ക്കെങ്കിലും പറയുവാനാകുമോ ?

പ്രവാസി സംഘടനകളെ ബലിയാടുകളാക്കിയ സര്‍ക്കാരുകള്‍
......................................................................................................................
ഫോട്ടോയെടുപ്പ് രാഷ്ട്രീയമാണ് ഇന്ന് പലപ്പോഴും പ്രവാസി സംഘടനകളില്‍ കാണുന്നത് എന്ന് വളരെ വേദനയോടെ തന്നെ പറയട്ടെ. പലപ്പോഴും ഒരു പ്രവാസി സംഘടന രൂപം കൊള്ളുന്നത് പലരുടെയും വ്യക്തിപരമായ ആഗ്രഹം കൂടി കണക്കിലെടുത്തായിരിക്കും. ഇത് രാഷ്ട്രീയക്കാര്‍ തിരിച്ചറിഞ്ഞതോടെ പ്രവാസി സംഘ്ടനകളുടെ പതനവും തുടങ്ങി. പക്ഷെ ഇപ്പോള്‍ അതില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് രാഷ്ട്രീയക്കാര്‍ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. അതിനു ഉദാഹരണം വേണ്ട തരത്തില്‍ പ്രവാസിലോകത്തില്‍ വോട്ടു പ്രചരണം ഉണ്ടായില്ല എന്നത് തന്നെ. പ്രവാസികള്‍ അത്ര സജീവമല്ലാല്ലോ എന്ന് പല നേതാക്കളും പറയുകയുണ്ടായി. ഇത് പ്രവാസികള്‍ക്ക് വീണ്ടും ആഗോള തലത്തില്‍ ഒന്നിക്കുവാനും കേരള രാഷ്ട്രീയത്തില്‍ ഇടപെടുവാനും വഴി തുറന്നിടും എന്ന് വിശ്വസിക്കുന്നു.
..........................................................................................................................................
1968 ല്‍ എഞ്ചിനീയറിംഗ് കഴിഞ്ഞു  
ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌ല്‍ ജോലി തുടങ്ങിയ അലക്‌സ് കോശി വിളനിലം എപ്പോഴും സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന വ്യക്തിയാണ്. ഒരു പുഞ്ചിരിയോടു കൂടി മാത്രം എല്ലാ വിഷയങ്ങളെയും നോക്കികാണുന്ന അദ്ദേഹം 1995 മുതല്‍ സജീവമായി പ്രവാസി വിഷയങ്ങളില്‍ ഇടപെടുന്നു. കേരളത്തിന്റെ കുടിവെള്ള പ്രശനത്തില്‍ നടന്‍ മമ്മുട്ടിയോടൊപ്പം തുടങ്ങിയ കൂട്ടായ്മ വരെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.

കേരളത്തിന്റെ ഇലക്ട്രോണിക് വിപ്ലവ നായകന് കെ പി പി നമ്പ്യാര്‍ പ്രസിടന്റായും കേരളത്തിന്റെ അഭിമാനമായ ടി എന്‍ ശേഷന്‍ ചെയര്‍മാന്‍ ആയും അലക്‌സ് കോശി വിളനിലം സെക്രട്ടറിയും ആയി 1995 98 ല്‍ വേള്‍ഡ് മലയാളി കൌന്‌സിലിനു രൂപം നല്കി. ഈ കൌണ്‍സിലിന്റെ ആദ്യ നിവേദനം ആയിരുന്നു പ്രവാസികള്‍ക്കായി കേരളാ ഗവന്മേന്റ്‌റ് ഒരു ഡിപ്പാര്‍ട്ടുമെന്റ് രൂപികരിക്കണം എന്നത്. നായനാര്‍ ഗവന്മേന്റ്‌റ് അതിനു വേണ്ട സഹായം ചെയ്തു. അങ്ങനെ പ്രവാസികള്‍ക്കായി സെക്രട്ടേറിയറ്റില്‍ ഒരു ഡിപ്പാര്‍ട്ടുമെന്റ് തുടങ്ങി. കവടിയാറില്‍ വകുപ്പിനായി സ്ഥലവും അനുവദിച്ചു.

പ്രവാസികളുടെ നാട്ടിലെ സ്വത്തുവകകള്‍ സംരക്ഷിക്കുന്നതിനായി പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ മുവ്‌മെന്റ്‌റ് മായി പിന്നീട് പ്രവത്തനം. 2000 ല്‍ പ്രവാസികളുടെ സ്വത്ത് സംരക്ഷണവുമായി ബന്ധപ്പെട്ടു 1000 കേസുകള്‍ ഉണ്ടായിരുന്നു. പല കേസുകളും ഇന്നും നടക്കുന്നു. ഇത് ഒരു ഇഷ്യു ആയി പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ അല്‍ഫോന്‍സ് കണ്ണന്താനം ശ്രമം നടത്തിയിരുന്നു. പക്ഷെ ഇതിനു ഫലം ഉണ്ടായത് ഗുജറാത്തിലും പഞാബിലും ആയിരുന്നു. പഞ്ചാബ്, ഗുജറാത്ത് ഗവര്‍ണ്മെന്റുകള്‍ പ്രവാസി കമ്മിഷനെ വച്ച് ഇത്തരം കേസുകള്‍ അന്വേഷിക്കുവാന്‍ തുടങ്ങി .

ഇത്തരം നടപടികള്ക്ക് തുടക്കമിടാന്‍ സാധിച്ചതില്‍ അലക്‌സ് കോശി വിളനിലത്തിനു അതിയായ ചാരിതാര്‍ത്ഥ്യം ഉണ്ട്. ഇപ്പോള്‍ കേരളത്തില്‍ വളര്‍ന്നു വരുന്ന പ്രവാസികള്‍ക്ക് നേരെയുള്ള ഫ്‌ലാറ്റ് തട്ടിപ്പുകള്‍ക്കെതിരെ സജീവമായി രംഗത്തിറങ്ങാന്‍ തയ്യാറെടുക്കുകയാണ് അലക്‌സ് കോശി. തിരിച്ചെത്തി സെറ്റില്‍ ചെയുന്ന പ്രവാസികള്‍ക്കായി 'പുനര്‍വാസി'എന്ന പേരില്‍ ഒരു കൂട്ടായ്മയ്ക്കു കൂടി തയ്യാറെടുക്കുകയാണ് അദ്ദേഹം.

അലക്‌സ് കോശി അങ്ങനെ ആണ്. അനീതി കണ്ടാല്‍ എതിര്‍ക്കും. അതിനു ഫലവും ഉണ്ടാകും. അത്‌കൊണ്ട് തന്നെ ഇത്തരം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ട്. ഭാര്യയുടെയും മക്കളുടെയും പരിപൂര്‍ണ്ണ പിന്തുണയാണ് 40 വര്‍ഷത്തെ പൊതു ജീവിതത്തിന്റെ വിജയത്തിന് ആധാരമെന്ന് ഏതു സമയവും അലക്‌സ് കോശി വിളനിലം പറയും. അവിടെയാണ് ഒരു പ്രവാസിയുടെ വിജയം തുടങ്ങുന്നതും 
മതസഹിഷ്ണുതയുള്ള യുവ നേതൃത്വം വരണം; മോഡിയെ എഴുതിതള്ളാനാവില്ല: അലക്‌സ് കോശി വിളനിലം  (എന്റെ പക്ഷം 4- അനില്‍ പെണ്ണുക്കര)
Join WhatsApp News
പ്രതിപക്ഷം 2016-05-14 19:58:40
മോഡിയെ എഴുതി തള്ളണ്ട കഴുത്തിനു പിടിച്ചു തള്ളിയാൽ മതി.  മോഡിയെ എഴുതി തള്ളണ്ട കഴുത്തിനു പിടിച്ചു തള്ളിയാൽ മതി. വിളച്ചിൽ കയ്യിൽ  ഇരിക്കട്ടെ അത് ഈ നിലത്ത് വിളയില്ല 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക