Image

കേരളത്തിനു വേണ്ടത് അഴിമതി രഹിത ഭരണം: ക്യാപ്റ്റന്‍ രാജു ഫിലിപ്പ്

ക്യാപ്റ്റന്‍ രാജു ഫിലിപ്പ് Published on 14 May, 2016
കേരളത്തിനു വേണ്ടത് അഴിമതി രഹിത ഭരണം: ക്യാപ്റ്റന്‍ രാജു ഫിലിപ്പ്
ന്യൂയോര്‍ക്ക്: അടുത്ത അഞ്ചുവര്‍ഷം ഭരണം നടത്താനുള്ള നിയമസഭാ സാമാജികരെ തെരഞ്ഞെടുക്കാന്‍ കേരളം ഒരുങ്ങിക്കഴിഞ്ഞു. പരസ്യപ്രചാരണങ്ങളുടെ കൊട്ടിക്കലാശം അവസാനിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളും, മുന്നണികളും, സ്ഥാനാര്‍ത്ഥികളും വലിയ പ്രതീക്ഷയിലാണ്. തുടര്‍ഭരണത്തിന് ഒരു വോട്ടെന്ന് ഭരണമുന്നണിയായ യു.ഡി.എഫും ഘടകകക്ഷി നേതാക്കളും അഭ്യര്‍ത്ഥിക്കുമ്പോള്‍, ഇടതു മുന്നണി വരും എല്ലാം ശരിയാകുമെന്ന് എല്‍.ഡി.എഫും, വഴിമുട്ടിയ കേരളത്തിന് വഴികാട്ടാന്‍ ബി.ജെ.പി എന്നു മൂന്നാം മുന്നണിയും അവകാശപ്പെടുന്നു. ഇടതു വലതു മുന്നണികളുടെ ബലാബല പരീക്ഷണത്തിന് ഇക്കുറി ബി.ജെ.പി- ബി.ഡി.ജെ.എസ് സഖ്യം കനത്ത വെല്ലുവിളി ഉയര്‍ത്തുന്നു.

ജനാധിപത്യകേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ കാണാത്തയത്ര അഴിമതി നടത്തിയെന്ന കുപ്രസിദ്ധിയോടെയാണ് ഭരണം നടത്തുന്ന യു.ഡി.എഫ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തീകരിക്കുന്നത്. അതിവേഗം ബഹുദൂരമെന്നും, പുരോഗതിയെന്നും വികസനമെന്നും തുടരെത്തുടരെ ഉരുവിട്ടുകൊണ്ട് വന്‍ അഴിമതിയും, കുംഭകോണവും നടത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഏറെ നാള്‍ മുമ്പേ രാജിവെച്ച് ജനവിധി തേടേണ്ടതായിരുന്നു. സോളാറിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ദുരുപയോഗം ചെയ്യാനും, തന്റെ പിണിയാളുകള്‍ക്ക് അഴിഞ്ഞാടാനും അവസരമുണ്ടാക്കിയത് ഉമ്മന്‍ചാണ്ടിയുടെ പിടിപ്പുകേട് തന്നെ. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാദേശിക തവലന്‍ സുധീരനുമായുള്ള തര്‍ക്കത്തില്‍ തിടുക്കത്തില്‍ എടുത്ത അപ്രായോഗിക മദ്യനിരോധനം ജനസേവനമല്ല, മറിച്ച് അഴിമതിക്കുള്ള പുകമറയാണെന്ന് പിന്നീട് വന്ന വെളിപ്പെടുത്തലുകളും ധനമന്ത്രിയുടെ രാജിയും വെളിവാക്കി. സര്‍ക്കാര്‍ ഭൂമികള്‍ വന്‍ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കാനുള്ള തീരുമാനങ്ങള്‍ എന്തു വികസനം കൊണ്ടുവരാനായിരുന്നുവെന്ന് ആര്‍ക്കറിയാം. നല്ല ഭരണകര്‍ത്താവ് എന്ന നിലയില്‍ വിവിധ വകുപ്പുകളും ഉദ്യോഗസ്ഥരും, ജനസേവനവും തങ്ങളുടെ ഉത്തരവാദിത്വങ്ങളും നടത്തുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനു പകരം ജനസമ്പര്‍ക്ക പരിപാടി എന്ന മാമാങ്കങ്ങള്‍ നടത്തി കോപ്രായങ്ങള്‍ കാട്ടിയ ഉമ്മന്‍ചാണ്ടി അഴിമതിക്കുനേരേ കണ്ണടയ്ക്കുകയും, ആരോപണ വിധേയരായ സഹമന്ത്രിമാരെ സംരക്ഷിക്കുകയുമാണ് ചെയ്തത്. എന്നും അഴിമതിക്കെതിരേ നിലകൊണ്ട ഗണേഷ് കുമാറിന്റെ വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി മന്ത്രിസ്ഥാനത്തുനിന്ന് ഇറക്കിവിട്ട മുഖ്യന് അന്നു തുണയായിരുന്ന പി.സി. ജോര്‍ജ് തന്നെ പിന്നീട് വിനയായി. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ പ്രധാനിയായ കെ. കരുണാകരനെ കോണ്‍ഗ്രസ് ഗ്രൂപ്പുകളിയുടെ പേരില്‍ അന്നുയര്‍ന്നുവന്ന ഐ.എസ്.ആര്‍.ഒ ചാരക്കേസ് എന്ന വ്യാജ കേസിന്റെ പേരില്‍ ഭരണത്തിന്റെ മുഖച്ഛായ രക്ഷിക്കുക എന്ന മുറവിളി കൂട്ടി രാജിവെയ്പിച്ച ഉമ്മന്‍ചാണ്ടി എന്തു വൃത്തികേടു കാട്ടിയും ഭരണത്തില്‍ കടിച്ചുതൂങ്ങാനുള്ള ഞണിന്മേല്‍ കളിയാണ് ഇക്കഴിഞ്ഞ അഞ്ചുവര്‍ഷവും നടത്തിയത്. കടത്തില്‍ മുങ്ങിയ ധനകാര്യവും, അദ്ധ്യയന വര്‍ഷത്തില്‍ പുസ്തകം പോലും കിട്ടാത്ത വിദ്യാഭ്യാസ വകുപ്പും, ക്ഷേമം നടത്താത്ത പട്ടികജാതി ക്ഷേമ വകുപ്പും, ഭൂമിവില്പന തൊഴിലാക്കിയ റവന്യൂ വകുപ്പും എന്തു പുരോഗതിയാണ് കേരളത്തില്‍ ഉണ്ടാക്കിയതെന്ന് ഈ തെരഞ്ഞെടുപ്പ് വിധിയെഴുതട്ടെ.

ഭരണകക്ഷിയുടെ പിടിപ്പുകേടും പോരായ്മകളും തുറന്നുകാട്ടി ആഞ്ഞടിക്കാന്‍ പലപ്പോഴും പ്രതിപക്ഷത്തിന് കഴിയാതെ പോയതാണ് എല്‍.ഡി.എഫിന്റെ പരാജയം. സി.പി.എമ്മിന്റെ ഗ്രൂപ്പുവഴക്കും, പിണറായി- വി.എസ് തര്‍ക്കവും, രാഷ്ട്രീയ കൊലപാതകങ്ങളും അവസാനിക്കാത്തിടത്തോളം കാലം ജനഹൃദയങ്ങളില്‍ നിന്ന് ഇടതു പാര്‍ട്ടികളും, എല്‍.ഡി.എഫും അകലുമെന്ന് നേതാക്കള്‍ തിരിച്ചറിഞ്ഞാല്‍ നന്ന്. ജനതാദള്‍- ആര്‍..എസ്.പി പോലുള്ള ഇടതു പ്രസ്ഥാനങ്ങളെ ഇടതുകേന്ദ്രങ്ങളിലേക്കുതന്നെ തിരികെ കൊണ്ടുവരേണ്ടതാണ്. രാഷ്ട്രീയ എതിരാളികളേയും, പാര്‍ട്ടിയുടെ അനഭിമതരേയും ഇല്ലാതാക്കുക എന്ന കൊലപാതക രാഷ്ട്രീയം പൂര്‍ണ്ണമായി ഒഴിവാക്കാന്‍ സി.പി.എം തയാറായില്ലെങ്കില്‍ വരുംനാളുകളില്‍ പാര്‍ട്ടിയുടെ അടിത്തറതന്നെ ഇളകുമെന്ന കാര്യത്തില്‍ സംശയംവേണ്ട. കേരളത്തിന്റെ പുരോഗതി ലക്ഷ്യമിട്ടുകൊണ്ട് വിപ്ലവാത്മകമായ കേരള സംസ്ഥാനത്തിന്റെ പുരോഗതി ലക്ഷ്യമിട്ടുകൊണ്ട് വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് കഴിയുമെന്ന് കഴിഞ്ഞകാലങ്ങളില്‍ അവര്‍ തെളിയിച്ചിട്ടുണ്ട്. ഗ്രൂപ്പുകളികള്‍പ്പുറം കഴിവുള്ള- കാഴ്ചപ്പാടുള്ള നേതാക്കളെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ പാര്‍ട്ടി മുന്‍കൈ എടുക്കേണ്ടതാണ്.

നരേന്ദ്രമോഡിയുടെ പ്രഭാവത്തില്‍ കേന്ദ്ര ഭരണത്തിന്റെ കീഴില്‍ കേരളത്തില്‍ ബി.ജെ.പി ത്വരിതമായ വളര്‍ച്ച നേടിയിട്ടുണ്ട്. കാലാകാലങ്ങളില്‍ ഇടതു-വലതു പ്രസ്ഥാനങ്ങള്‍ക്ക് വോട്ട് മറിച്ചു നല്‍കി എന്നു കുപ്രസിദ്ധി നേടിയിട്ടുള്ള ബി.ജെ.പി അത്തരം വിലകുറഞ്ഞ നടപടികള്‍ക്ക് മുതിരാതിരുന്നാല്‍ നന്ന്. വര്‍ഗ്ഗീയത മാത്രം ലക്ഷ്യമാക്കിയ വെള്ളാപ്പള്ളിയേയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയേയും കൂടെ കൂട്ടിയത് എത്രമാത്രം പ്രയോജനകരമാണെന്നത് കണ്ടറിയണം. ഏതെങ്കിലും മുന്നണിക്ക് ഓശാന പാടുന്നതിനായി ഇടയലേഖനങ്ങളും കല്‍പ്പനകളും പുറത്തിറക്കുന്ന പതിവ് ഇക്കുറി ക്രൈസ്തവ മത നേതാക്കള്‍ ഒഴിവാക്കിയത് നല്ല ചുവടുവെയ്പാണ്. സംസ്ഥാനം മുഴുവനും മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്ന് മുറവിളി കൂട്ടുന്നവര്‍ തങ്ങളുടെ മതത്തില്‍പ്പെട്ട തങ്ങളുടെ സ്വന്തം അനുയായികളെ മദ്യവിമുക്തമാക്കുകയല്ലേ ആദ്യം വേണ്ടത്. നിരോധനമല്ല മറിച്ച് മദ്യത്തിന്റെ ഉപയോഗം കുറയ്ക്കാനുള്ള ബോധവത്കരണമാണ് വേണ്ടത്.

ഡല്‍ഹി ഭരിക്കുന്ന ആദരണീയനായ കേജ്‌രിവാളിനെപ്പോലെ, ആന്ധ്രാപ്രദേശിനെ വലിയ പുരോഗതിയിലേക്ക് നയിച്ച മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെപ്പോലെ ഉന്നത വിദ്യാഭ്യാസവും, വികസന കാഴ്ചപ്പാടും, സാമൂഹ്യ പുരോഗതിയും, വിദ്യാഭ്യാസ നിലവാര വളര്‍ച്ചയും എല്ലാറ്റിനുമുപരി അഴിമതി രഹിത സംശുദ്ധ ഭരണം നടത്താന്‍ കെല്‍പ്പുള്ള ജനനേതാക്കളെ രാഷ്ട്രീയ- ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കുപരിയായി തെരഞ്ഞെടുക്കാന്‍ നമുക്കാവട്ടെ. മാറ്റത്തിന്റെ ശംഖൊലി മുഴങ്ങുന്ന ഈ തെരഞ്ഞെടുപ്പ് അഴിമതിക്കെതിരേയുള്ള വിധിയെഴുത്താവട്ടെ എന്ന് ആശംസിക്കുന്നു.

ക്യാപ്റ്റന്‍ രാജു ഫിലിപ്പ് (ന്യൂയോര്‍ക്ക്).
കേരളത്തിനു വേണ്ടത് അഴിമതി രഹിത ഭരണം: ക്യാപ്റ്റന്‍ രാജു ഫിലിപ്പ്കേരളത്തിനു വേണ്ടത് അഴിമതി രഹിത ഭരണം: ക്യാപ്റ്റന്‍ രാജു ഫിലിപ്പ്കേരളത്തിനു വേണ്ടത് അഴിമതി രഹിത ഭരണം: ക്യാപ്റ്റന്‍ രാജു ഫിലിപ്പ്കേരളത്തിനു വേണ്ടത് അഴിമതി രഹിത ഭരണം: ക്യാപ്റ്റന്‍ രാജു ഫിലിപ്പ്
Join WhatsApp News
varughese Philip 2016-05-15 03:55:08
Raju Philip, Thank you for a truthful observation. Well done.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക