Image

സര്‍ഗവേദി

Published on 09 February, 2012
സര്‍ഗവേദി
മലയാള ഭാഷയിലെ അതി പ്രഗല്‍ഭരും പ്രസിദ്ധരുമായ എഴുത്തുകാരില്‍ പലരും ഓരോരുത്തരായി കാലത്തിന് കീഴടങ്ങുന്ന സമയം. കാക്കനാടനും, സുകുമാര്‍ അഴീക്കോടു സാറും ഏതാനും നാളുകള്‍ക്കുള്ളില്‍ യാത്രയായി. ഇരുപതു വര്‍ഷമായി മലയാള ഭാഷയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഈ സംഘടന അവരുടെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം അവരുടെ മലയാള ഭാഷയ്ക്കു വേണ്ടിയുള്ള സംഭാവനകളെ പ്പറ്റി വിലയിരുത്താന്‍ ഒരു ശ്രമവും നടത്തുന്നുണ്ട്.

കഴിഞ്ഞ സര്‍ഗവേദിയില്‍ വാസുദേവ് പുളിക്കല്‍ അവതരിപ്പിച്ച ജീവിതം എന്ന കവിത മനുഷ്യ ജീവിതത്തിന്റെ ഉദയാസ്തമനങ്ങള്‍ക്കിടയിലൂടെ, ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം, വാനപ്രസ്ഥം തുടങ്ങിയ ദശാസന്ധികളുടെ നേര്‍ക്കാഴ്ചകള്‍ , അത് വ്യക്തിയില്‍ അനുഭവിപ്പിക്കുന്ന വൈകാരിക, താളങ്ങളുടെ തീക്ഷണതയോടെ വിവരിക്കുന്നു. പുനര്‍ജനിയുടെ പ്രതീക്ഷയിലേക്ക്, മരണത്തില്‍ ഒടുങ്ങാത്ത ജീവിതത്തെ, പ്രതിഷ്ഠിച്ചുകൊണ്ട് കവി വിടവാങ്ങുന്നു.

"ബുദ്ധം! ശരണം! ഗച്ഛാമി!" എന്ന ചെറുകഥ പ്രൊഫ. എം.ടി. ആന്റണി വേദിയില്‍ വായിച്ചു. വ്യാസ മൗനങ്ങളില്‍ നിന്നാണ് എം.ടി വാസുദേവന്‍ നായര്‍ "രണ്ടാമൂഴം" എന്ന സൃഷ്ടി, ഉണ്ടാക്കിയത് എന്നു പറയാറുണ്ട്. അതു പോലെ ഗൗതമ ബുദ്ധനെ പറ്റി ഇതിന് മുമ്പ് എഴുതിയവര്‍ പറയാതെ പോയ കാര്യങ്ങളെ ആസ്പദമാക്കിയാണ് ഈ കഥ രചിച്ചിരിക്കുന്നത്. ശുദ്ധോദരന്‍ എന്ന രാജാവിന്റെ മകനായി ജനിക്കുന്ന ഗൗതമ സിദ്ധാര്‍ത്ഥന്‍ സൗഭാഗ്യങ്ങളുടെ നടുവിലാണ് പിറന്നു വീണതെങ്കിലും, ലോകയാതനകള്‍ കണ്ട് മനസ്സുരുകി, ഗൗതമന്‍ ഒരു നാള്‍ സന്യാസിയാകുമെന്നും, ബുദ്ധമതം സ്ഥാപിക്കുമെന്നും കോതണ്ണന്‍ എന്ന ജ്യോത്സ്യന്‍ ശൂദ്ധോദരന്റെ രാജധാനിയില്‍ പ്രവചിക്കുന്നു. അതിനുശേഷം അച്ഛന്‍ ഗൗതമനെ കൊട്ടാരത്തിനു പുറത്തു വിടാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നു. എന്നിട്ടും ഗൗതമന്‍ പുറം ലോകത്തിന്റെ ചെയ്തികള്‍ മനസിലാക്കുന്നു. ഗൗതമന്റെ ഭാര്യ യശോദരയും അദ്ദേഹത്തെ സന്യാസ ജീവിതത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കുന്നു. കാര്യങ്ങള്‍ മാറിമറിയുന്നു. അവസാനം മഗധയിലെ ബോധിവൃക്ഷത്തിന്റെ ചുവട്ടില്‍ ധ്യാന നിമഗ്മ്‌നമായിരിക്കുന്ന ഗൗതമനെ കാണാന്‍ യശോധരയെത്തുന്നു. അവളുടെ ചുണ്ടില്‍ നിന്നും അിറയാതെ ആ മന്ത്രം ഉരുക്കഴിയുന്നു.
"ബുദ്ധം! ശരണം! ഗച്ഛാമി!".

ചില കവികള്‍ പ്രകൃതി നിയമങ്ങളെയും ജീവിത മൂല്യങ്ങളെയും, നിയമ ബന്ധിതമായ എല്ലാത്തിനേയും നിരാകരിക്കുന്നു. കടമ്മനിട്ടയെപ്പോലെ Establishmentനെതിരായുള്ള സന്ധിയില്ലാത്ത സമരം:-
"അക്കളം തീര്‍ക്കുഞാനത്തലിന്‍ വോതാള-
നൃത്തം ചവിട്ടി അലറി നില്‍ക്കും"

"തീ" എന്ന കവിത അവതരിപ്പിച്ചുകൊണ്ട് രജീസ് നെടുങ്ങാടപ്പള്ളി എന്ന കവിയും ചെയ്യാന്‍ ശ്രമിക്കുന്നത് അതു തന്നെയാണ്. കവി ജീവതത്തോട് ആക്രോശിക്കുകയാണ് നിന്റെ വീടിനു തീപിടിക്കുന്നു എന്ന യാഥാര്‍ത്ഥ്യം. ഉറക്കം തൂങ്ങിയിരിക്കാതെ, പഴുതുകളുണ്ടെങ്കില്‍ രക്ഷപ്പെടാന്‍ കവി ജീവിതത്തോട് ആഹ്വാനം ചെയ്യുന്നു.

ഫെബ്രുവരി 19-ാം തീയതി കൂടുന്ന സര്‍ഗവേദി സമ്മേളനത്തില്‍ പ്രസ്സ് ക്ലബ്ബ് ഓഫ് അമേരിക്കയുടെ നാഷ്ണല്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത ജോസ് കാടാംപുറത്തിന് വേദി ഒരു സ്വീകരണം കൊടുക്കുന്നതാണ്. മാത്രമല്ല ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കാലത്തിന് കീഴടങ്ങിയ ബഹുമുഖ പ്രതിഭയായ സുകുമാര്‍ അഴീക്കോട് സാറിന് വേദിയുടെ ബാഷ്പാജ്ഞലി അര്‍പ്പിക്കുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ വൈരുദ്ധ്യ പൂര്‍ണ്ണമായ ജീവിത വ്യാപാരത്തെപ്പറ്റി പ്രമുഖ വ്യക്തികള്‍ സംസാരിക്കുന്നു.

"അഴീക്കോടിന്റെ മലയാള വിമര്‍ശന സാഹിത്യം"- പ്രൊഫ. ജോയി കുഞ്ഞാപ്പൂ.
"സുകുമാര്‍ അഴീക്കോട്- മനുഷ്യന്‍ , സാഹിത്യക്കാരന്‍ , വിപ്ലവകാരി" - പ്രൊഫ. എം.ടി. ആന്റണി
"രാഷ്ട്രീയ നിലപാടുകള്‍ "- ജെ. മാത്യൂ.
"സാമൂഹ്യ ഇടപെടലുകള്‍ "-കെ.കെ. ജോണ്‍സണ്‍ .
"അഴീക്കോട് എന്ന സാംസ്‌കാരിക നായകന്‍ "- രാജു തോമസ്
"സാഹിത്യ വിമര്‍ശനം"- ഡോ. നന്ദകുമാര്‍
"അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍ "- വാസുദേവ് പുളിക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക