Image

അമേരിക്ക (നോവല്‍-32) മണ്ണിക്കരോട്ട്

മണ്ണിക്കരോട്ട് Published on 15 October, 2016
അമേരിക്ക (നോവല്‍-32) മണ്ണിക്കരോട്ട്
ഫിലിപ്പ് മകന്റെ മുറിയുടെ വാതില്‍ ചവിട്ടിത്തുറന്നു.

അകത്ത് അരണ്ട വെളിച്ചം, റോക്ക് മ്യൂസിക്ക് തകര്‍ക്കുന്നു. മുറിയെല്ലാം പുക കൊണ്ട് നിറഞ്ഞിരിക്കുന്നു. 

ലിജുമോന്‍ കസേരയിലിരുന്ന ആടുന്നു. ഒരു കയ്യില്‍ കത്തുന്ന സിഗരറ്റ്, മറുകയ്യില്‍ മദ്യം നിറച്ച ഗ്ലാസ്. മേശപ്പുറത്ത് ഫിലിപ്പിന്റെ കാണാതെപോയ കള്ളുകുപ്പി. ബര്‍ബന്‍.

ഫിലിപ്പിന്റെ അരിശം ആയിരം ഇരട്ടിയായി.

എന്താടാ ഇവിടെ അതൊരലര്‍ച്ചയായിരുന്നു.

മകന്‍ അതു ശ്രദ്ധിച്ചതേയില്ല. അവന്‍ കയ്യിലിരുന്ന മദ്യം നുകര്‍ന്ന് സിഗരറ്റ് വലിച്ചു പുകവിട്ടു രസിച്ചു.

ഇവിടെ എന്താണെന്നാടാ ചോദിച്ചത്...?

ഫിലിപ്പ് വീണ്ടും തൊണ്ട പിളര്‍ന്നു. സാധാരണ രീതിയില്‍ അടിവീഴേണ്ടതാണ്. അടിക്കണമെന്ന് ഉള്ളിലുണ്ടെങ്കിലും ഏതോ നല്ല ബുദ്ധി തോന്നി. അറച്ചു നിന്നു.

കണ്ടില്ലിയോ? 

മകന്‍ മറുപടി കൊടുത്തു. അപ്പോഴും അവന് യാതൊരു കൂസലുമില്ല. സമാധാനം. ശാന്തി. എല്ലാം നിസ്സാരമട്ട്. പക്ഷേ, അല്പം കുലുക്കമുണ്ട്. പാട്ടിന്റെ താളത്തിനൊത്ത് അവന്റെ ഉടലാകെ കുലുങ്ങുന്നു.

എന്താടാ നിന്റപ്പനോട് മര്യാദയില്ലാതാണോടോ സംസാരിക്കുന്നത്. റോസിയാണ് അത് പറഞ്ഞത്.

ആദ്യം ഡാഡി മര്യാദ എന്താണെന്ന് മനസ്സിലാക്കണം. അതിനു ശേഷം വേണം മക്കളെ പഠിപ്പിക്കാന്‍. കതകില്‍ കൊട്ടാതെ ഡായി എന്തിന് എന്റെ മുറിയില്‍ വന്നു?

ഫിലിപ്പിന് കലിയടങ്ങുന്നില്ല.

നീ കുടിക്കാനും തുടങ്ങി അല്ലേടാ?

യാ, കണ്ടില്ലിയൊ? മകന് എല്ലാം വളരെ നിസ്സാരം..

എവിടുന്നാടാ ഈ കുപ്പി?

ഇന്നലെ ഡാഡി വാങ്ങിച്ചുവെച്ചിരുന്നത്.

അവന്‍ വീണ്ടും മദ്യമൊഴിച്ചു. സിഗരറ്റ് വലിച്ചു വിട്ടു.

നിന്നെയൊക്കെ ഞാന്‍ ശരിയാക്കുന്നുണ്ടെടാ. ഇപ്പോഴെ നീ കുടിയ്ക്കാനും വലിയ്ക്കാനും തുടങ്ങിക്കഴിഞ്ഞു. അല്ലേടാ...

അക്കളോട് അധികം കയര്‍ക്കുന്നത് നല്ലതല്ലെന്ന്ഫിലിപ്പ് മനസ്സിലാക്കിക്കഴിഞ്ഞു.

എന്തൊ ശരിയാക്കാനാ? ദിവസവും ഇവിടെ ഇതല്ലിയോ കാണുന്നത്. കള്ളുകുടിയും കലഹവും. എന്നിട്ടു വെറുതെ മമ്മിയെ എടുത്തിട്ടടിക്കും.

എടാ ഡാഡിയോട് അങ്ങനൊന്നും പറയാതെടാ.

അവിടെയും ഭാര്യ ഭര്‍ത്താവിന് കൂട്ടുനിന്നു.

ശ്ശൊ, ദൈവമേ, വല്ലോരും അറിഞ്ഞാല്‍ എന്തു മോശമാ.

റോസി ആരോടെന്നില്ലാതെ പറഞ്ഞു.

മറ്റുള്ളവര്‍ അറിഞ്ഞിട്ട് എന്താകാനാ മമ്മീ? ഈ അറിയുന്നവരൊക്കെ ആരാ? ഇവിടെ കുറെ അങ്കിളുമാരുണ്ട്. അവരല്ലിയോ അറിയുന്നത്. സംസ്‌കാരമില്ല. സംസാരിക്കാനറിയില്ല. ആരെങ്കിലും എന്തെങ്കിലും ഒരു വിഡ്ഢിത്തം ഇറക്കിവിടും. പിന്നെ വാദപ്രതിവാദമായി. ഓരോരുത്തരും മറ്റവരെക്കാള്‍ വലിയവരെന്ന ഭാവത്തിലാണ് വിഡ്ഢിത്തരങ്ങള്‍ പറയുന്നതും കാട്ടിക്കൂട്ടുന്നതും.

മലയാളികള്‍ കൂടുന്നിടത്തെല്ലാം ബഹളം. പള്ളികളില്‍പോലും ഗ്രൂപ്പിസവും പൊളിറ്റിക്‌സും. ഓറോരുത്തര്‍ക്കും മറ്റുളളവരുടെ കാര്യത്തിലാണ് ശ്രദ്ധ. ആന്റിമാരും പരദൂഷണം പറയാന്‍ മോശമല്ല.

ജാക്കി വെച്ചുള്ള പൊക്കല്‍ വേറെ. ആന്റണിയങ്കിള്‍ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന പലതിനും ശ്രമിച്ചില്ലേ. സ്‌നേഹിതനെന്നു പറയുന്ന ഈ ഡാഡിയും മറ്റു പലരും ചേര്‍ന്ന് ആ അങ്കിളിന്റെ കുതികാല്‍ വെട്ടി.

നിര്‍ത്തെടാ നിന്റെ പ്രസംഗം.

ഡാഡി ഒന്നു ചുമ്മാതിരി. ഇത്രയും നാള്‍ നിങ്ങല്‍ പ്രസംഗിച്ചു. ഇനി എനിക്ക് പ്രസംഗിക്കാനുള്ള സമയമാണ്.

ജോലിയില്ലാത്ത ഡാഡി രാവിലെ പോയിട്ട് പാതിരായ്ക്കല്ലേ മടങ്ങി വരുന്നത്. വീട്ടില്‍ വന്നാല്‍ കള്ളുകുടിയും ചീത്ത പറച്ചിലും ബഹളവും. പിന്നെ കിട്ടുന്ന സമയം മുഴുവന്‍ ഫോണില്‍. എന്താണ് ഇത്രയും മറ്റുളളവരുമായി ഡിസ്‌കസ് ചെയ്യാനുളളത്? പരദൂഷണം അല്ലേ? ആര്‍ക്കിട്ട് എങ്ങനെ ജാക്കി വയ്ക്കാമെന്നുള്ള ആലോചന. വിഡ്ഢിത്തരങ്ങള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നത് കേള്‍ക്കാം.

ഇതൊക്കെയല്ലേ ഈ ഡാഡിയുടെയും ഇവിടുത്തെ അങ്കിളുമാരുടെയും മഹിമ. മറ്റു ചിലര്‍ പാര്‍ക്കിംഗ് ലോട്ടില്‍ വെച്ചാണ് കള്ളുകുടിയും ബഹളങ്ങളും. പലപ്പോഴും പോലീസ് ഇടപെടുന്നതുകാണാം. ഇങ്ങനെ എവിടെയുണ്ട്? നാട്ടില്‍ ഇങ്ങനെയൊക്കെയാണോ മമ്മീ?

വേറെ ചില അങ്കിളുമാരുണ്ട്. അമേരിക്കനൈസ്ഡാകാനുള്ള ശ്രമം ആണെന്നു തോന്നും. ഡിവോഴ്‌സും എക്‌സ്ട്രാ മാരിറ്റല്‍ സെക്‌സും ഒക്കെ. ഡാഡിയും അതുപോലല്ലിയോ. ഈ മമ്മി ആയതുകൊണ്ട് ഇങ്ങനെ കഴിയുന്നു.

ഇങ്ങനെയുള്ളവരൊക്കെ ഞങ്ങളെ പഠിപ്പിക്കാന്‍ വരുന്നു. എനിക്ക് ഇവരെയൊക്കെ വെറുപ്പാണ്. പുച്ഛമാണ്.

എല്ലാ പിള്ളാരും ഇങ്ങനെയൊന്നും അല്ലെടാ. റോസി പറഞ്ഞു.

മമ്മിക്ക് എന്തോ അറിയാം. ലിജുമോന്‍ വിട്ടുകൊടുത്തില്ല. ഓരോ കുട്ടികള്‍ വീട്ടിലെ വിശേഷങ്ങള്‍ പറയുന്നതു കേള്‍ക്കണം. പിന്നെ എല്ലാ കുട്ടികളും ഇതുപോലല്ലായിരിക്കും. എല്ലാ മാതാപിതാക്കളും ഇതുപോലെയല്ലല്ലോ.

ഇവരൊക്കെ അമേരിക്കനൈസ്ഡായിട്ട്, അമേരിക്കയിലെ നല്ല സംസ്‌കാരം ആദ്യം പഠിക്കട്ടെ. മമ്മീം ഡാഡീം കൂടുതലൊന്നും എന്നെ പഠിപ്പിക്കണ്ടാ. 

മകന്‍ വീണ്ടും അപ്പന്റെ കുപ്പിയില്‍നിന്ന് പകര്‍ന്നു കുടിച്ചു.

സിഗരറ്റ് വലിച്ചു. സംഗീതത്തിനൊത്ത് ആടി.

ഫിലിപ്പിന്റെ വായടഞ്ഞുപോയി. ഉയര്‍ന്ന ഫണം താണു. പതുക്കെ മകന്റെ മുറിയില്‍ നിന്ന് പുറത്തിറങ്ങി.

പുറത്ത് വന്ന് കുത്തിയിരുന്നു. കഴുത്തു വളഞ്ഞു തല ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നു. കുനിഞ്ഞുവീണ ശിരസ്സിനെ ഇടതു കരം താങ്ങി നിര്‍ത്തി.

റോസി  പുറകെ ചെന്നു. അയാളോടു ചേര്‍ന്നിരുന്നു.

രണ്ടുപേരും ശബ്ദിച്ചില്ല.

നിമിഷങ്ങള്‍ കടന്നുപോയി. അവസാനം റോസി തന്നെ മൗനം ഭഞ്ജിച്ചു.

ആരൊക്കെ നിങ്ങളോടെതിര്‍ത്താലും ആരൊക്കെ ഉപേക്ഷിച്ചാലും ഞാന്‍ നിങ്ങളുടെ കൂടെ കാണും.

റോസിയുടെ കരം ഫിലിപ്പിന്റെ തോളിനെ തഴുകിക്കൊണ്ടിരുന്നു. 

റോസീ....

ഫിലിപ്പിന്റെ കണ്ണുകള്‍ നിറഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷം അയാള്‍ ഭാര്യയെ സ്‌നേഹത്തോടെ കെട്ടിപ്പുണര്‍ന്നു.

എന്റെ റോസീ, നീ പറഞ്ഞതൊക്കെയാണ് ശരി. എനിക്കിപ്പോള്‍ എല്ലാം മനസ്സിലാകുന്നു.

ആന്റണി തിരികെ നാട്ടില്‍ പോകാന്‍തന്നെ തീരുമാനിച്ചു.

അയാള്‍ മലയാളികളെപ്പറ്റി പൊതുവെ ഓര്‍ത്തുപോയി.

എട്ട് ഡോളറും കാലിപ്പെട്ടിയുമായി കടന്നു വന്നവര്‍. എട്ടില്‍ നിന്നും പട്ടിണിയില്‍ നിന്നും സമൃദ്ധിയുടെ പരമകോടിയിലെത്തി. പതിനായിരങ്ങളും ലക്ഷങ്ങളും ഉണ്ടാക്കി. കാലിപ്പെട്ടിയില്‍നിന്ന് കപ്പല്‍ നിറയാനുള്ള സാധനങ്ങളായി.

എന്നിട്ടും ജീവിതമില്ല. ഇതുവരെ ആരും ജിവിച്ചിട്ടുമില്ല. പണം തേടി ഓടി. ഇന്നും ഓട്ടം തന്നെ. ഒരിക്കലും ഒടുങ്ങാത്ത ഓട്ടം.

ഈ ഓട്ടത്തിനിടയില്‍ മനുഷ്യര്‍ മറ്റൊന്നും ചിന്തിക്കുന്നില്ല. സമയം ഓടി മറയുന്നു. വര്‍ഷങ്ങള്‍ ഞെട്ടറ്റ് വീഴുന്നു. ആയുസ്സിന് അരിവാള്‍ വീഴുന്നു. പകുതിയിലേറെ മുറിഞ്ഞു കഴിഞ്ഞു.  എപ്പോഴാണ് നിലം പതിക്കുന്നതെന്നറിയില്ല.

എത്രയോപേര്‍ നിന്ന നില്‍പില്‍ നിലംപതിച്ചു കഴിഞ്ഞു. എത്രയോ പേര്‍ പകുതി മാത്രമായ ചങ്കും കരളും ശ്വാസകോശങ്ങളുമായി ജീവിക്കുന്നു. എല്ലാം കണ്ടിട്ടും ആരോഗ്യമുള്ള കാലത്ത് മനസ്സിലാക്കുന്നില്ല.

പലര്‍ക്കും അമേരിക്കന്‍ ജീവിതം ഒരു ലഹരിപോലെ പടര്‍ന്ന് പിടിച്ചിരിക്കുന്നു. ദിവസങ്ങള്‍ കഴിയുമതോറും അമേരിക്കന്‍ ലഹരിക്ക് അടിമയായി മാറുന്നു.

മയക്കുമരുന്ന് കഴിയ്ക്കുന്നതുപോലെയാണ് അമേരിക്കന്‍ ലഹരി. പിടിച്ചുപോയാല്‍ വിട്ടുകിട്ടാന്‍ പ്രയാസം. ആഡംബരങ്ങള്‍ അനുഭവിച്ചില്ലെങ്കിലും അതിന്റെ ആകര്‍ഷണത്തില്‍പെട്ടുപോകുന്നു.

പണത്തിന്റെ ആര്‍ത്തിയും ആകര്‍ഷണവും അടങ്ങുന്നില്ല.

അടുത്തവര്‍ഷം പ്രമോഷനുണ്ട്. ശമ്പളം കൂടും. വീടിന്റെ വില കൂടിക്കൊണ്ടിരിക്കുന്നു. ഡോളറിന്റെ വിലയാണെങ്കില്‍ ഓരോ വര്‍ഷവും കൂടുകയാണ്.

ഇതെല്ലാം കളഞ്ഞിട്ട് പോകാനോ? നാട്ടില്‍ ഇതുപോലെ സൗകര്യങ്ങളുണ്ടോ? പലരുടേയും ചിന്ത പല വിധത്തിലായി. 

ആന്റണിയും അമ്മിണിയും കൂടി ഒരുപാട് ആലോചിച്ചു.

നാട്ടിലേക്ക് മടങ്ങുക എന്ന തീരുമാനത്തില്‍ തന്നെ ഉറച്ചു.

നമ്മള്‍ കേരളത്തില്‍ നിന്ന് തുടങ്ങി. അവിടേക്കു തന്നെ മടങ്ങിപ്പോകാം. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും നമ്മള്‍ ജന്മനാടിന്റെ ഒരു ഭാഗം തന്നെ. അവിടുത്തെ പ്രശ്‌നങ്ങളില്‍ നമുക്കും പങ്കുചേരാം. അതില്‍ അന്തസുണ്ട്. അഭിമാനമുണ്ട്. ഉണ്ടാക്കിയ പണത്തിന് വിലയുണ്ട്. അനേകര്‍ക്ക് പ്രയോജനപ്പെടും. നാടിന് സഹായകമാകും.

കുട്ടികള്‍ ഇപ്പോള്‍ അനുസരണയുള്ളവരാണ്. സ്വരം നല്ലതായിരിക്കുമ്പോഴേ പാട്ടുനിര്‍ത്താം. കുട്ടികള്‍ നാട്ടില്‍ പഠിക്കട്ടെ. അവരെ നാട്ടില്‍ പല പ്രാവശ്യം കൊണ്ടുപോയിട്ടുള്ളതുകൊണ്ട് നാടുമായി പരിചയമുണ്ട്. പഠിത്തം കഴിഞ്ഞ് അമേരിക്കയില്‍ തിരികെ വരണമെങ്കചന്റ അവരവരുടെ ഇഷ്ടം..

ആന്റണിയും കുടുബവും പതിവുപോലെ അത്താഴത്തിനു മുന്‍പ് അന്നും ഡൈനിംഗ്‌റൂമില്‍ ഒന്നിച്ചുകൂടി.

അവര്‍ ഹൃദയം തുറന്ന് സംസാരിക്കും. ആശയങ്ങള്‍ കൈമാറും. തമാശകള്‍ പറയും. പൊട്ടിച്ചിരിക്കും. ഒരുമിച്ച് ഭക്ഷണം കഴിക്കും. ഉറങ്ങുന്നതിനുമുമ്പായി ഒരുമിച്ച് പ്രാര്‍ത്ഥിക്കാം.

ആന്റണി തന്റെ തീരുമാനങ്ങള്‍ കുട്ടികളെ അറിയിച്ചു. മുമ്പ് പലപ്പോഴും സൂചിപ്പിച്ചിട്ടുള്ളതുതന്നെ.

കുട്ടികള്‍ ശ്രദ്ധിച്ചുകേട്ടു. ആരും എതിര് പറഞ്ഞില്ല. അവരുടെ മമ്മിയും ഡാഡിയും ചെയ്യുന്നതിന് എല്ലാം ചിന്തിച്ച്  നല്ലതിന് മാത്രമാണെന്ന് അവര്‍ക്കറിയാം.

അമേരിക്കയില്‍ സ്‌കൂളടച്ചു. അവര്‍ നാട്ടിലേക്ക് തിരിച്ചു.

ഘൂസ്‌ററണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക്. ന്യൂയോര്‍ക്കില്‍ ജോണ്‍ എഫ്.കെന്നഡി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്ത്യയുടെ കനിഷ്‌ക തയ്യാറായിരിക്കുന്നു.

ആന്റണിയെയും കുടുംബത്തെയും യാത്ര അയയ്ക്കാന്‍ ആന്റണിയുടെ ന്യൂയോര്‍ക്കിലുള്ള പല സ്‌നേഹിതരും എയര്‍പോര്‍ട്ടില്‍ എത്തിയിട്ടുണ്ട്. പ്രത്യേകിച്ച് മധുസൂദനന്‍പിള്ള.

അറ്റു ധാരാളം മലയാളികളും യാത്രക്കെത്തിയിട്ടുണ്ട്. അല്പം അകലെ മാറി ഒറ്റയ്ക്കുനില്‍ക്കുന്ന ഒരാളെ കാട്ടിക്കൊടുത്തുകൊണ്ട് പിള്ള, ആന്റണിയോട് ചോദിച്ചു.

അയാളെ ആന്റണിക്ക് അറിയാമോ?

ഇല്ലല്ലോ. ആന്റണി പറഞ്ഞു.
അതാണ് പോള്‍ പനവേലി.

പേര് കേട്ടപ്പോള്‍ അമ്മിണി ഞെട്ടിപ്പോയി. അവളും നോക്കി. ആളിനെ കണ്ടിട്ട് തിരിച്ചറിയാന്‍ പ്രയാസം.

പണ്ടത്തെ സൗന്ദര്യമൊന്നും ഇപ്പോഴില്ല. മുഖത്തെ ചുളിവുകള്‍ മറയ്ക്കാനായിരിക്കും താടി വളര്‍ത്തിയിട്ടുണ്ട്. പ്രാകൃതവേഷം. കണ്ടാല്‍ കഷ്ടം തോന്നും. പിള്ള തുടര്‍ന്നു...

അയാള്‍ ഒരു സമയത്ത് നേഴ്‌സുമാരെ നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന ഏജന്റായിരുന്നു. ഒരു മോറല്‍ ഇല്ലാത്ത ജീവിതമായിരുന്നുവെന്ന് പറയുന്നു. ധാരാളം കള്ള ബിസിനസ്സുകളും ഉണ്ടായിരുന്നത്രേ. ഏതായാലും ലക്ഷക്കണക്കിന് ഡോളര്‍ ഉണ്ടാക്കി.

എപ്പോഴും നാടിനെ കുറ്റം പറയുമായിരുന്നു. അവസാനം കേസും വഴക്കുമായി എല്ലാം കളഞ്ഞു. ഭാര്യയും മക്കളും എവിടെയോ? നാട്ടിലുണ്ടെന്ന് പറയുന്നു. ഇപ്പോള്‍ ഇവിടെയെങ്ങും നിവര്‍ത്തിയില്ലാതായപ്പോള്‍ നാട്ടില്‍ തിരികെ പോകാന്‍ വന്നിരിക്കുകയാണ്.

കാലം മനുഷ്യജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളോര്‍ത്ത് അമ്മിണി ചിന്താധീനയായി.

യാത്രക്കാര്‍ക്ക് ബോര്‍ഡിംഗിനുള്ള അനൗണ്‍സ്‌മെന്റ് മൂന്നാമതും കേട്ടു. ആന്റണിയും കുടുംബവും എല്ലാവരോടും യാത്ര പറഞ്ഞു.

അവര്‍ വിമാനത്തില്‍ കയറി. വിമാനം ഇരച്ചു നീങ്ങി ആകാശത്തേയ്ക്കുയര്‍ന്നു.

അറബിക്കടലിന് മുകളില്‍. കടലിന് കരയില്‍ പച്ചപ്പരപ്പ് മാത്രം. ഒിമാനം താണുപറക്കുന്നു. കടലില്‍ തിരമാലകള്‍ പതഞ്ഞു പൊങ്ങുന്നു. പച്ചപ്പരപ്പ് കേരളത്തിന്റെ കല്പവൃക്ഷമായ കേരത്തോപ്പുകളായി മാറുന്നു. നീണ്ട തെങ്ങോലകള്‍ കടലില്‍ നിന്നടിച്ചുവരുന്ന ഇളംകാറ്റില്‍ ഇളകിക്കളിക്കുന്നു.

വിമാനം വീണ്ടും താണുപറക്കുന്നു. അതാ തിരുവനന്തപുരം വിമാനത്താവളം തൊട്ടുമുന്‍പില്‍.

ചായം തേച്ച്, വൈദ്യുതവിളക്കുകളുടെ പ്രകാശത്തില്‍ മിന്നിത്തിളങ്ങുന്ന അമേരിക്കയിലെ പട്ടണത്തില്‍നിന്ന്. ഹരിതപ്പട്ടുപുതച്ച് ആദിത്യശോഭയില്‍ പ്രകാശിക്കുന്ന കേരളക്കരയിലേക്ക്. സമൃദ്ധിയുടെ ഭണ്ഡാരത്തില്‍ നിന്ന്, ഗ്രാമീണതയുടെ ശാലീനതയിലേക്ക്. അംബരചുംബികളായ മഹാസൗധങ്ങളുടെ മദ്ധ്യത്തില്‍ നിന്ന് അംബരചുംബികളായ കല്പവൃക്ഷങ്ങളുടെ മദ്ധ്യത്തിലേക്ക്. എന്റെ ജന്മനാട്ടിലേക്ക്!

 (ഈ നോവല്‍ ഇവിടെ അവസാനിക്കുന്നു.)

നന്ദി, ജോര്‍ജ്ജ് മണ്ണിക്കരോട്ട്







അമേരിക്ക (നോവല്‍-32) മണ്ണിക്കരോട്ട്
Join WhatsApp News
texan2 2016-10-18 14:30:40
Dear Mannikkarott,
Thank you for your time thinking and writing a novel like this. Even though it is written 20-25 years ago, a lot of things still relevant for the community. Let it be an eye opener.
Please write a second part relevant to the new internet age realities.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക