Image

സ്വപ്‌ന സുന്ദരി

സുധീര്‍ പണിക്കവീട്ടില്‍ Published on 14 February, 2012
സ്വപ്‌ന സുന്ദരി
വാലന്റയിന്‍ ദിനം കൊണ്ടു വരുന്നതു
ഓര്‍മ്മകളൊ കുറെ നോവുകളോ
നിലാവു പോലൊരു കുമാരി വന്നെന്‍
കരളില്‍ കനവുകള്‍ നെയ്യുന്നു
കഴിഞ്ഞുപോയൊരു കൗമാരത്തിന്‍
സാക്ഷയൂരി പോകുന്നു
തുറന്ന വാതില്‍ക്കല്‍ മിഴി നട്ടു നിന്നു - ഞാന്‍
കാണുന്നു പൊയ്‌പോയ കാല ചിത്രം

പെരുവിരല്‍ കൊണ്ടൊരു പെണ്‍കുട്ടിയെഴുതിയ
പ്രണയം തുളുമ്പുന്ന, പ്രേമ കാവ്യം
കുറു നിര പാറുന്ന കവിളത്തനുരാഗ
സ്വപ്‌നങ്ങള്‍ ചാലിക്ല വര്‍ണ്ണങ്ങള്‍
മയ്യണികണ്ണിലൊരു കള്ള നാണത്തിന്‍
മിന്നും മിന്നാമിനുങ്ങ്‌ കൂട്ടം
പാവാട തുമ്പിലുരുമ്മി തരിക്കുന്ന
പാദസരത്തിന്‍ കിലു കിലുക്കം
പുഞ്ചിരി പാലാഴി തിരകള്‍ തിരയുന്ന
കരളിന്റെ ഏകാന്ത പ്രണയ തീരം
മഞ്ഞണി കുളിര്‍ നിലാവേറ്റു മയങ്ങും
നിശകളെ പുല്‍കിയ പൊന്‍ കിനാക്കള്‍
ചന്ദ്രകാന്ത കല്ലു കൊണ്ടു നിലാവില്‍
പണിയുന്ന മോഹത്തിന്‍ ടാജ്‌ മഹല്‍
മകരം വിറക്കുന്ന മാഞ്ചുവട്ടില്‍- വള
പൊട്ടുകള്‍ വീഴും നിഴല്‍ പായകള്‍
അവിടെ കഥകളി മുദ്രകളാടിയ
പൊന്‍ കളിതട്ടുകള്‍, ആട്ടവിളക്കുകള്‍
സാന്ദ്രമൗനങ്ങളില്‍ മുങ്ങി വന്നെത്തുന്ന
പൊന്മ തന്‍ പൂട്ടിയ ചെഞ്ചുണ്ടുകള്‍
പൊന്നണി കൈവിരല്‍ തുമ്പു മുക്കി
പൊട്ടു കുത്തും വെയില്‍ കന്യകമാര്‍
ശുഭ്ര മേഘങ്ങള്‍ ഞൊറിഞ്ഞുടുക്കും
മുഗ്‌ദധഭാവങ്ങള്‍ തന്‍ സുസ്‌മിതങ്ങള്‍
മനസ്സറിയാതെ നാം ചോദിച്ച ചോദ്യങ്ങള്‍
മൗനങ്ങള്‍ നല്‍കിയ മറുപടികള്‍

പൊട്ടി ചിതറിയടുക്കുന്നു കാലം
തട്ടി തെറുപ്പിച്ച സ്വ്‌പനപാത്രം
ഓര്‍മ്മകള്‍ ഒക്കത്തു വയ്‌ക്കുമാ- പാത്രം
തുള്ളി തുളുമ്പുന്നു ഈ ദിനത്തില്‍
ശുഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക