Image

പരം (കവിത: ഗീത. വി)

Published on 23 October, 2016
പരം (കവിത: ഗീത. വി)
ഒരിടത്തൊരിക്കലൊരു മലര്‍മിഴിയാള്‍
പരംപൊരുളിനെത്തേടിയിറങ്ങി
വഴിയറിയാമെന്ന് പറഞ്ഞവരോടെല്ലാം
വഴിയന്വേഷിച്ചവള്‍ ചെന്നു
പല പല വഴികള്‍ പലരോതി
ലക്ഷ്യം കണ്ടില്ലൊരു വഴിയും
''പരംപൊരുളെന്നാലെന്തെന്ന് നിനക്കറിയാമോ
ജന്മം പലതുകടക്കേണം
നിനക്കാനാമം പോലുമുരിയാടാന്‍
പരംപൊരുളിനെയറിഞ്ഞീടാന്‍
പരാവിദ്യയറിയേണം
ഉപാസനാവിധികളറിയാത്ത നിനക്ക്
ഉപാസനാമൂര്‍ത്തിയെങ്ങനെ ദര്‍ശനമേകും?
അക്ഷരമാലപഠിക്കുന്നൊരു നീ
വിശ്വവിദ്യാലയത്തിലെങ്ങനെയെത്തും?''
ചില പണ്ഡിതരവളോടുകയര്‍ത്തു.
''പ്രേമമാണെന്‍ സാധന
സത്യമാണെന്‍ മാര്‍ഗ്ഗം
മൗനമാണെന്‍ പരമേശ്വരസ്തുതി
ശുഷ്കപാണ്ഡിത്യത്താലെന്തുഫലം''
അവളാത്മഗതം ചെയ്തു.
കാറ്റിനോടവള്‍ ചോദിച്ചു
പരംപൊരുളെവിടെയെന്നറിയാമോ?
അവനെന്‍ പ്രാണനെന്നോതി
യവനോടിയകന്നു.
പുഴയോടവള്‍ ചോദിച്ചു
പരംപൊരുളെവിടെയെന്നറിയാമോ?
അവനെന്‍ കുളിര്‍മ്മയെന്നോതി
യവളുമൊഴുകിയകന്നു
മലര്‍വാടിയോടവള്‍ ചോദിച്ചു
പൂക്കള്‍ക്കിടയില്‍ പരംപൊരുളുണ്ടോ?
അവനെന്‍ സുഗന്ധമെന്നവള്‍ചൊല്ലി മൗനംഭജിച്ചു
കുയിലിനോടവള്‍ ചോദിച്ചനേരം
അവനെന്‍ നാദമെന്നുപറഞ്ഞവന്‍ പറന്നകന്നു
സൂര്യനോടവള്‍ ചോദിച്ചു
മാനത്തെങ്ങാനും പരംപൊരുളുണ്ടോ?
അവനെന്‍ പ്രകാശമെന്നോതി സരസിജവല്ലഭന്‍
അവളോടേറ്റം പ്രിയം തോന്നിയതിനാല്‍
സൂര്യനവള്‍ക്കൊരു മഴവില്‍പ്പാലം തീര്‍ത്തുകൊടുത്തു
വെണ്‍മുകിലിന്‍ കരംപിടിച്ചവള്‍
മാനത്തെല്ലാം തേടിനടന്നു
ജ്യോതിര്‍മണ്ഡലത്തിലെത്തിയവള്‍
നക്ഷത്രങ്ങള്‍ക്കിടയില്‍ പരംപൊരുളിനെത്തേടിനടന്നു
നക്ഷത്രക്കൂട്ടത്തോടവള്‍ ചോദിച്ചു
പരംപൊരുളിവിടുണ്ടോ?
അവളുടെ ചോദ്യത്തിനുത്തരമായി
നക്ഷത്രങ്ങള്‍ കണ്ണുചിമ്മി
ചന്ദ്രനോടവള്‍ ചോദിച്ചു
പരംപൊരുളിവിടുണ്ടോ?
എന്നിലെയമൃതായി ഞാനവനെ
അറിയുന്നുവെന്നോതി ഹിമാംശു
നീലാകാശത്തും ജ്യോതിര്‍ലോകത്തും
മലമുകളിലും പുല്‍മേടുകളിലും
പരംപൊരുളിനെയവള്‍ തേടി
തന്നെപ്രേമിക്കുന്നവളോടൊരുനാള്‍
പരംപൊരുള്‍ സ്വപ്നത്തിലരുള്‍ചെയ്തു
""എന്നെത്തേടി അലയേണ്ടെങ്ങും നീ
പുറത്തൊരിടത്തും നിനക്കെന്നെക്കാണാനാവില്ല
നിന്നിലെ പ്രാണനും പ്രജ്ഞയും ഞാനാകുന്നു
എന്നെ നീ നിന്റെ ഉള്ളില്‍ത്തേടൂ
അവിടെ നിനക്കെന്നെക്കാണാം
അന്തര്‍ജ്യോതിസ്സായി.''
Join WhatsApp News
വിദ്യാധരൻ 2016-10-23 11:05:29
കറക്കുകയാണ് മനുഷ്യൻ മനുഷ്യനെ 
പരംപൊരുളിനെ തേടി 
കയറുന്നവർ ഗിരികൾ
അല്ല കയറ്റുകയാണ് മലകൾ 
മലയാറ്റൂർ മല 
ശബരിമല 
പോകുന്നു ചിലർ മക്കയിൽ 
അഹത്തിൽ ബ്രഹ്മത്തെ തേടാതെ 
ശുദ്ധഹൃദയത്തിൽ ദൈവത്തെ തേടാതെ 
അന്തരംഗങ്ങളിൽ അള്ളായെ തിരയാതെ 
അലഞ്ഞുതിരിയുന്നു മനുഷ്യർ അജ്ഞതയിൽ
കരുണയും ദയയും വെടിഞ് 
പടവെട്ടി മരിക്കുന്നു മർത്ത്യർ 
അവർതന്നെ അടിച്ചു പുറത്താ-
ക്കിയ  പരംപൊരുളിനായി  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക