Image

മൂവന്തിതാഴ്‌വരയില്‍ മുന്നാഴി ചെങ്കനലായ് കാക്കത്തുരുത്ത്; അവിടെ മുന്നൂറ് കുടുംബം, വെന്തുരുകും ജീവിതം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 23 October, 2016
മൂവന്തിതാഴ്‌വരയില്‍ മുന്നാഴി ചെങ്കനലായ് കാക്കത്തുരുത്ത്; അവിടെ മുന്നൂറ് കുടുംബം, വെന്തുരുകും ജീവിതം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല, എറണാകുളം നഗരവാരിധികളുടെ ഒത്ത നടുവില്‍ വേമ്പനാട്ട് കായലില്‍ ശയിക്കുന്ന കാക്കത്തുരുത്ത് ആഗോളപ്രശസ്തമായിരിക്കുന്നു. കാക്ക ചേക്കേറുന്നൊരു തുരുത്തു മാത്രമല്ലിത്; ലോകസഞ്ചാരികള്‍ അവശ്യം കണ്ടിരിക്കേണ്ട 24 സുന്ദരസുരഭിലമായ കേന്ദ്രങ്ങളില്‍ ഒന്നായി നാഷണല്‍ ജ്യോഗ്രാഫിക് മാഗസിന്‍ കാക്കത്തുരുത്തിനെ കണ്ടെത്തിയതാണ് കാരണം. രണ്ടായിരാമാണ്ടില്‍ ജ്യോഗ്രാഫിക് ട്രാവലര്‍ മാസിക കേരളവും താജ്മഹലും ലോകം കണ്ടിരിക്കേണ്ട കേന്ദ്രങ്ങളായി തെരഞ്ഞെടുത്തിരുന്നു.

ഇളംനീല ധാവണിയണിഞ്ഞ ആകാശത്തിനു കീഴില്‍ മരതകപ്പട്ടണിഞ്ഞു കിടക്കുന്ന കാക്കത്തുരുത്തില്‍, സൂര്യന്‍ പടിഞ്ഞാറ് ചായുമ്പോള്‍ വവ്വാലുകള്‍ ചിറകടിച്ചുയരുന്നു. ആകാശത്തിന് ചുവപ്പും മഞ്ഞയും നീലയും ഇടകലര്‍ന്ന നിറംമാറ്റം. ലോകത്തില്‍ ഇത്ര മനോഹരമായൊരു ദൃശ്യം കാണണെങ്കില്‍ വൈകുന്നേരം ആറുമണിക്ക് ഈ ദ്വീപിലുണ്ടായിരിക്കുക - ജ്യോഗ്രാഫിക് ലേഖകന്‍ ജോര്‍ജ് ഡബ്ല്യു. സ്റ്റോണ്‍ എഴുതി. ഒപ്പം, എം. അമൃതം പകര്‍ത്തിയ അസ്തമന ചിത്രവും.

എഴുപുന്ന തരകന്‍മാരുടെ നാടെന്ന നിലയില്‍ പ്രസിദ്ധമായ എഴുപുന്ന പഞ്ചായത്തിലാണ് കാക്കത്തുരുത്ത്. വേമ്പനാട്ടു കായലില്‍ തന്നെ മുഹമ്മ പഞ്ചായത്തില്‍പെട്ട പാതിരാമണല്‍ ദ്വീപിന്റെ ആറിരട്ടി വലുപ്പം. കരിമീന്‍ പിടിച്ചും പടിഞ്ഞാറേ കരയില്‍ നിരന്നിരിക്കുന്ന ചെമ്മീന്‍ പീലിംഗ് ഷെഡ്ഡുകളില്‍ പണിയെടുത്തും ജീവിക്കുന്ന 300 കുടുംബങ്ങളില്‍പ്പെട്ട 1143 വോട്ടര്‍മാരുണ്ട് അവിടെ. ഒരൊറ്റ മനുഷ്യജീവിപോലുമില്ലാത്ത പാതിരാമണലിനുള്ള പേരും പ്രശസ്തിയും കാക്കത്തുരുത്തിന് കിട്ടിയിട്ടില്ല. പക്ഷേ, ഇനിയതു മാറും.

നാഷണല്‍ ഹൈവേ 47ഉം പടിഞ്ഞാറ് സമാന്തരമായി കിടക്കുന്ന റെയില്‍പ്പാതയും ഉള്‍ക്കൊള്ളുന്ന എഴുപുന്ന പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലാണ് കാക്കത്തുരുത്ത്. എന്‍.എച്ചിലെ എരമല്ലൂരില്‍ ഇറങ്ങി രണ്ടു കിലോമീറ്റര്‍ കിഴക്കോട്ടു വച്ചുപിടിച്ചാല്‍ ദ്വീപ് കാണാം. രണ്ടു കടത്തുകളുണ്ട്; തെക്കേ കടത്തും വടക്കേ കടത്തും. രണ്ടിടത്തും യമഹ ഘടിപ്പിച്ച വള്ളങ്ങളില്‍ ഒരു മിനിറ്റ്; ദ്വീപായി. സുരയും ശശിയുമാണ് കടത്തുകാര്‍.

തെക്കേ കടത്ത് കടന്നെത്തിയാല്‍ ആദ്യം ശ്രദ്ധയില്‍ പെടുന്നത് പാറായി തരകന്മാരുടെ കൂട്ടത്തില്‍ ഏറെ പ്രശസ്തനായ ഡോ. മൈക്കിള്‍ തരകന്റെ വീട്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമാണ് മൈക്കിള്‍. കോളജ് പ്രൊഫസറായിരുന്ന ഭാര്യ സോഫിയുമൊത്ത്, 2004ല്‍ നിര്‍മിച്ച ഓടിട്ട വീട്ടില്‍ വായനയും എഴുത്തും യാത്രയുമായി കഴിയുന്നു. തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍, ബംഗളൂര്‍ എന്നിവിടങ്ങളിലെ ഔദ്യോഗിക ജീവിതത്തിനു ശേഷമാണ് സ്വസ്ഥമായത്. തൃശൂര്‍ സെന്റ് മേരീസിലും തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സിലും ഇംഗ്ലീഷ് അധ്യാപകയായിരുന്നു സോഫി.

പൈതൃകമായി കിട്ടിയ പന്ത്രണ്ടേക്കറില്‍ നെല്‍കൃഷി ഉള്‍പ്പെടെ എല്ലാം ചെയ്ത് പ്രകൃതിയോടിണങ്ങി കഴിയുന്നു ദ്വീപിലെ ഏറ്റം വിദ്യാസമ്പന്നരായ ഈ ദമ്പതികള്‍. ദ്വീപിലെത്തുന്ന എട്ടു പത്രങ്ങളില്‍ മൂന്നും അവരുടേതാണ്. രാവിലെ ആറിന് കടത്തിനക്കരെ എത്തുന്ന പത്രം എഴുമണിയോടെ വീട്ടിലെത്തും. പൂമുഖത്തെ ചാരുപടിക്കടുത്തുള്ള ടീപ്പോയിക്കു മുകളില്‍ മാത്രം മുട്ടയിടുന്ന ചുവന്നൊരു പിട മുട്ടയിട്ട് കാഹളം മുഴക്കുമ്പോഴേക്കും ചായകുടിയും ദ്ഹിന്ദു വായനയും കഴിഞ്ഞിരിക്കും.

""ഇന്നലെ രാത്രി ഓലമടല്‍ വീണ് ഞങ്ങളുടെ കറണ്ട് കണക്ഷന്‍ പോയി. ഇനി എന്നു വരുമെന്ന് ദൈവത്തിനറിയാം'' -തെല്ലൊരു ക്ഷമാപണത്തോടെ മൈക്കിള്‍ പറഞ്ഞു. ഇടിയപ്പവും പുഴുങ്ങിയ മുട്ടയും ചായയും പൈനാപ്പിള്‍ സ്ലൈസും അടങ്ങിയ ബ്രേക്ഫാസ്റ്റിനു ശേഷം സോഫി മനസു തുറന്നു. ""എന്നെ കൊച്ചമ്മയെന്നോ പ്രൊഫസറെന്നോ ഒക്കെയാണ് നാട്ടുകാര്‍ വിളിച്ചിരുന്നത്. ഞാനതു നിരോധിച്ചു. അവരുടെ ടീച്ചര്‍ മാത്രമാണു ഞാനിന്ന്. കൂടിപ്പോയാല്‍ ടീച്ചറമ്മ'' -നാട്ടുകാരെ പരിസ്ഥിതിയും ശുചിത്വവും ആത്മാഭിമാനവും പഠിപ്പിക്കുന്നതാണ് ടീച്ചറുടെ പ്രിയപ്പെട്ട ദൗത്യം.

ഇടുക്കിയിലെ മൂലമറ്റത്ത് കര്‍ഷകകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന സോഫിയുടെ തൊടിയില്‍ ഇല്ലാത്തതൊന്നുമില്ല. മാവും പ്ലാവും കുടംപുളിയും ഇലുമ്പപ്പുളിയും പാവലും പടവലുമെല്ലാം... പശുവും കോഴിയും താറാവും. പറമ്പില്‍ മീന്‍കുളവുമുണ്ട്. മകള്‍ രോഹിണി സിഡ്‌നിയിലാണ്. മകന്‍ ജോസ്ഡല്‍ഹിയില്‍ മിന്റ് പത്രത്തില്‍ എഡിറ്റര്‍. മൂന്നാമന്‍ ഏബ്രഹാം കൊച്ചിയില്‍ ഇംഗ്ലീഷ് മാസിക നടത്തുന്നു. ഓക്‌സ്ഫഡിലും ബ്രസല്‍സിലും സിഡ്‌നിയിലുമൊക്കെ പോയി താമസിക്കാരുണ്ട് മൈക്കിളും പ്രിയതമയും.

ബെല്‍ജിയത്തിലെ ലുവൈന്‍ സര്‍വ്വകലാശാലയില്‍ ദീര്‍ഘകകാലം പഠിപ്പിച്ച ജ്യേഷ്ഠന്‍ പി.കെ. മാത്യു തരകന്‍ രചിച്ച് 2014ല്‍ ബ്ലൂംസ്‌ബെറി പ്രസിദ്ധീകരിച്ച "പ്രൊഫൈല്‍സ് ഓഫ് പാറായില്‍ തരകന്‍സ്' എന്ന കനപ്പെട്ട പുസ്തകം മൈക്കിള്‍ എന്നെ കാണിച്ചു. 50 വര്‍ഷത്തെ ഗവേഷണപഠനത്തിനു ശേഷം എഴുതിയതാണത്.

പതിനൊന്നായപ്പോഴേക്കും കാക്കത്തുരുത്ത് ഉള്‍പ്പെടുന്ന കോവിലകം എന്ന ഒന്‍പതാം വാര്‍ഡിലെ മെംബര്‍ എ.പി ബിനുമോള്‍ എത്തി. പ്രീഡിഗ്രി പാസായ, ചുറുചുറുക്കും വാചാലതയുമുള്ള ഇടതുപക്ഷ ജനപ്രതിനിധിയാണ്. ദീര്‍ഘവൃത്തത്തില്‍ മൂന്നു കിലോമീറ്റര്‍ നീളവും ഒരു കിലോമീറ്റര്‍ വീതിയുമുള്ള ദ്വീപിന്റെ ചെമ്മണ്‍പാതയിലൂടെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ഞങ്ങള്‍ നടന്നു. ദ്വീപില്‍ ഒരൊറ്റ മോട്ടോര്‍ വാഹനം പോലുമില്ല. സൈക്കിളുകള്‍ മാത്രം. കാറും ബൈക്കുമുള്ളവര്‍ അക്കരെ ഇട്ടിട്ട് തോണി കയറി വരും. പത്തു സെന്റില്‍ മനോഹരമായി പണിത വീടും കാട്ടിത്തന്നു ബിനുമോള്‍. ഭര്‍ത്താവ് നിര്‍മാണത്തൊഴിലാളിയായ സുഭഗനെയും കണ്ടു.

ദ്വീപില്‍ തരകന്‍ ദമ്പതികള്‍ കഴിഞ്ഞാല്‍ ഇംഗ്ലീഷ് പത്രം വരുത്തുന്ന ഒരേയൊരാള്‍ ഇടതുപക്ഷ സാമൂഹ്യപ്രവര്‍ത്തകനായ ഡി. സതീശനാണ്. പത്രം വായിച്ചിരിക്കുന്നു. ദ്വീപിലേക്ക് പാലം വരാന്‍ അത്യധ്വാനം ചെയ്യുന്നവരുടെ നായകനാണ്. നൂറ്റിപ്പത്തു മീറ്റര്‍ നീളം വരുന്ന പാലത്തിന്റെ തൂണുകള്‍ മാത്രം ചോദ്യചിഹ്നംപോലെ കായലില്‍ തലനീട്ടി നില്‍ക്കുന്നു. പാലം തുരുത്തുമായി ചേരുന്ന സ്ഥലത്തിന്റെ ഉടമ കേസ് കൊടുത്തിരിക്കുകയാണ്,. അരൂര്‍ എംഎല്‍എ ആരിഫും ബിനുമോളും സതീശനും ഉള്‍പ്പെടെ നിരവധി പേര്‍ എതിര്‍കക്ഷികളാണ്. ഇവരെല്ലാം നവംബര്‍ ഏഴിന് ഹൈക്കോടതിയില്‍ ഹാജരാകണമെന്ന് നോട്ടീസ് വന്നിരിക്കുന്നു!

ദ്വീപുനിവാസികളില്‍ നൂറു കുടുംബങ്ങള്‍ പട്ടികവര്‍ഗക്കാരാണ്. ശുചിമുറികളില്ലാത്ത എണ്‍പതു കുടുംബങ്ങള്‍ക്ക് 30,000 രൂപ വീതം മുടക്കുള്ള സംവിധാനം ഏര്‍പ്പെടുത്തിക്കൊടുത്തു. ബാക്കിയുള്ള 20 കുടുംബങ്ങള്‍ക്ക് കായലുണ്ടല്ലോ!

എരമല്ലൂര്‍ പോസ്റ്റ് ഓഫീസില്‍നിന്ന് കത്തുകളുമായി പോസ്റ്റ്മാന്‍ തങ്കച്ചന്‍ സൈക്കിളില്‍ എതിരേ വന്നു. ശരാശരി വിതരണം ചെയ്യുന്ന 250 ഉരുപ്പടികളില്‍ 25 എങ്കിലും ദ്വീപിലേക്കാണ്. കടത്തുതോണിയില്‍ സൈക്കിള്‍ കയറ്റിയിറക്കി വരുന്നതിനാല്‍ അര മണിക്കൂര്‍ കൊണ്ട് വിതരണം പൂര്‍ത്തിയാക്കി മടങ്ങാനാവും. ദ്വീപില്‍ ആകെയുള്ള പൊതുസ്ഥാപനങ്ങള്‍ രണ്ടേ രണ്ട്. ആദ്യത്തേത് പഞ്ചായത്ത് കെട്ടിക്കൊടുത്ത പുതിയ കെട്ടിടത്തില്‍ ആയുര്‍വേദ ആശുപത്രി. മറ്റൊന്ന് അംഗന്‍വാടി. ആശുപത്രിയിലെ ഡോക്ടര്‍ കെ.ജെ. യേശുദാസ്; പാട്ടു പാടുന്നില്ലെന്നു മാത്രം.

കടത്തു കടന്നെത്തിയപ്പോള്‍ ആദ്യം കണ്ടത് റിട്ട.അധ്യാപകന്‍ സദാനന്ദനെ. അക്കരെ എരമല്ലൂരില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ ജില്ലാതിര്‍ത്തിയായ അരൂരില്‍ ഭാര്യ വിജയലത നടത്തുന്ന ടെയ്‌ലറിംഗ് സ്കൂളിലേക്കു പോകുകയാണ്. സ്ഥാപനത്തിന് മനോഹരമായൊരു പേര് - പുടവ. ഏകമകള്‍ ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്നു.

സദാനന്ദന്റെ അമ്മാവന്റെ മകന്‍ എന്‍.കെ. വേലായുധനാണ് കാക്കത്തുരുത്തില്‍ ജനിച്ചുവളര്‍ന്ന ഏക ഡോക്ടര്‍. കോട്ടയത്ത് എം.എസ് ചെയ്ത അദ്ദേഹം ആലപ്പുഴ ഡി.എം.ഒ ആയി റിട്ടയര്‍ ചെയ്ത് അവിടെ തുമ്പോളിയില്‍ വീടുവച്ചു താമസിക്കുന്നു. തുരുത്തിലെ ഏക എന്‍ജിനീയര്‍ കെ.കെ. കമലാസനന്‍ എറണാകുളത്ത് വാട്ടര്‍ അഥോറിറ്റി അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണ്. വീട് അക്കരെ എരമല്ലൂരില്‍. തുരുത്തിലെ ഏക പോലീസുകാരന്‍ മനീഷിന് എറണാകുളത്താണു ജോലി.

കാക്കത്തുരുത്തിന് അപൂര്‍വ ബഹുമതി നേടിയെടുത്തതിന്റെ ക്രെഡിറ്റ് മുഴുവന്‍ നല്‌കേണ്ടത് ദ്വീപിന്റെ കിഴക്കേ കോണില്‍ വെറും 36 സെന്റില്‍ കായല്‍ ഐലന്‍ഡ് റിട്രീറ്റ് എന്ന സ്ഥാപനം നടത്തുന്ന മനീഷ പണിക്കര്‍ക്കാണ്. തണ്ണീര്‍മുക്കംകാരനും 20 വര്‍ഷം എ.ഐ.സി.സി സെക്രട്ടറിയും രാജ്യസഭാംഗവുമായിരുന്ന കെ. വാസുദേവ പണിക്കരുടെ മകളാണ്. അച്ഛന്‍ മരിച്ചു, അമ്മ ശാന്തയുമൊത്ത് റിട്രീറ്റില്‍ തന്നെ താമസം. രണ്ടു മുറികള്‍ വാടകയ്ക്ക് കൊടുക്കുന്നു. ന്യൂയോര്‍ക്കില്‍നിന്ന് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിംഗില്‍ എം.എസ് എടുത്ത് ഒരു പാക്കേജിംഗ് കമ്പനിയില്‍ മാനേജരായിരുന്നു 37 എത്തിയ മനീഷ. അതെല്ലാം ഇട്ടെറിഞ്ഞ് ജന്മനാട്ടിലേക്കു മടങ്ങി, കാക്കത്തുരുത്തിന്റെയും കായലിന്റെയും കേരളത്തിന്റെയും ബ്രാന്‍ഡ് അംബാസഡറായി.

കോണ്ടിനാസ്റ്റ്, എല്‍, വെര്‍വ്, മാസികകളുടെ പ്രശംസ പിടിച്ചുപറ്റാന്‍ കാരണം മനിഷയുടെ ഭാവനാപൂര്‍ണമായ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളാണ്. റിട്രീറ്റില്‍ കായലിലേക്ക് മിഴിനട്ടിരുന്നാല്‍ ഉദയാമസ്തമനങ്ങളുടെ സൗന്ദര്യവും കായലിലൂടെ കൊതുമ്പുവള്ളങ്ങളില്‍ തുഴഞ്ഞുപോകുന്ന കടമിഴിയാളുകളെയും കാണാം. പൊക്കാളി അരിയൂടെ ചോറും കരിമീന്‍ കറിയും മധുരക്കള്ളും പുറമെ.

ദ്വീപിനക്കരെ വ്യവസായശാലകളുടെ പെരുമഴയാണ്. അവിടെനിന്നുള്ള ചെമ്മീന്‍ അവശിഷ്ടങ്ങള്‍ കുഴല്‍ വഴി കായലിലേക്ക് ഒഴുക്കുന്നതാണ് ഏറ്റം വലിയ തലവേദന. ദ്വീപിലേക്കുള്ള വഴി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. കണ്ടെയ്‌നര്‍ ലോറികള്‍ എത്തുന്നതുകൊണ്ടാണെന്നു നാട്ടുകാര്‍. പാത നന്നാക്കാന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും പ്രശസ്ത ഗായികയുമായ ദെലീമ മുന്‍കൈയെടുത്ത് 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ദെലീമയുടെ മുമ്പില്‍ പാട്ടു പാടി പ്രശംസ നേടിയ അനഹയുടെ അച്ഛനാണ് നിര്‍ദിഷ്ട പാലത്തിനോടു തൊട്ടുചേര്‍ന്ന തോട്ടപ്പള്ളിയിലെ കടത്തുകാരന്‍ പി.കെ. ശശി.

""ഞങ്ങള്‍ എത്ര കാലമാണ് ഇങ്ങനെ കഴിയുക...?'' -ദ്വീപില്‍ ജനിച്ചു വളര്‍ന്നവരുടെ രോഷം ഇങ്ങനെ അണപൊട്ടിയൊഴുകുന്നു. സൗജന്യ റേഷന്‍ വാങ്ങാന്‍ അക്കരെ എരമല്ലൂരില്‍ പോകണം. പക്ഷേ, കടത്തുകൂലി പത്തു രൂപയാകും. ഓട്ടോയ്ക്ക് ഏറ്റം കുറഞ്ഞത് മുപ്പതും. ""മഴക്കാലത്ത് കാറ്റും കോളും വരുമ്പോള്‍ മക്കളെ കടത്തുവള്ളത്തില്‍ കയറ്റി അക്കരെയെത്തും വരെ ചങ്കുപൊട്ടി ഞങ്ങള്‍ കാത്തുനില്‍ക്കും'' -കാര്‍മല്‍ ഹൗസിലെ കാരണവത്തി കാര്‍മിലിയും മകന്‍ ഫ്രാന്‍സിസും ഭാര്യ റോസിയും പരിതപിച്ചു.

""എല്‍ദോ, നിന്നെ സിനിമേലെടുത്തെടാ...'' എന്ന് മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്ന ചിത്രത്തില്‍ ഗര്‍വാസീസ് ആശാന്‍ (ജനാര്‍ദനന്‍) വിളിച്ചുപറയുന്ന അവസ്ഥയിലാണ് ദ്വീപ് നിവാസികള്‍. അമേരിക്കയിലെ ഏതോ, ആരോ തങ്ങളുടെ തുരുത്തിനെ ആകാശത്തോളം പാടിപ്പുകഴ്ത്തിയെന്നു കേള്‍ക്കുന്നു. അതുകൊണ്ട് ഗുണമോദോഷമോ എന്നറിയില്ല. പാലവും ടെലിഫോണും ഇല്ലാത്ത തുരുത്തില്‍ സ്വസ്ഥമായി കഴിയാന്‍ എല്ലാ സൗഭാഗ്യങ്ങളും വിട്ടുപോന്ന തരകന്‍ ദമ്പതിമാര്‍ ഇനിയെന്തു ചെയ്യും?

""തുരുത്തിലേക്ക് പെണ്‍കുട്ടികളെ കെട്ടിച്ചയയ്ക്കാന്‍ ആളുകള്‍ മടിക്കുന്നു. സൗകര്യം കിട്ടുന്നവരൊക്കെ തുരുത്തില്‍നിന്നു രക്ഷപ്പെടുകയാണ്. ഇവിടെ ഇപ്പോള്‍ കെട്ടുപ്രായം കഴിഞ്ഞ പതിനേഴു ചെറുപ്പക്കാര്‍ തലങ്ങും വിലങ്ങും നടക്കുന്നതായി എനിക്കു നേരിട്ടറിയാം'' -ബിനുമോള്‍ പറഞ്ഞുനിര്‍ത്തി.
മൂവന്തിതാഴ്‌വരയില്‍ മുന്നാഴി ചെങ്കനലായ് കാക്കത്തുരുത്ത്; അവിടെ മുന്നൂറ് കുടുംബം, വെന്തുരുകും ജീവിതം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മൂവന്തിതാഴ്‌വരയില്‍ മുന്നാഴി ചെങ്കനലായ് കാക്കത്തുരുത്ത്; അവിടെ മുന്നൂറ് കുടുംബം, വെന്തുരുകും ജീവിതം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മൂവന്തിതാഴ്‌വരയില്‍ മുന്നാഴി ചെങ്കനലായ് കാക്കത്തുരുത്ത്; അവിടെ മുന്നൂറ് കുടുംബം, വെന്തുരുകും ജീവിതം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മൂവന്തിതാഴ്‌വരയില്‍ മുന്നാഴി ചെങ്കനലായ് കാക്കത്തുരുത്ത്; അവിടെ മുന്നൂറ് കുടുംബം, വെന്തുരുകും ജീവിതം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മൂവന്തിതാഴ്‌വരയില്‍ മുന്നാഴി ചെങ്കനലായ് കാക്കത്തുരുത്ത്; അവിടെ മുന്നൂറ് കുടുംബം, വെന്തുരുകും ജീവിതം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മൂവന്തിതാഴ്‌വരയില്‍ മുന്നാഴി ചെങ്കനലായ് കാക്കത്തുരുത്ത്; അവിടെ മുന്നൂറ് കുടുംബം, വെന്തുരുകും ജീവിതം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മൂവന്തിതാഴ്‌വരയില്‍ മുന്നാഴി ചെങ്കനലായ് കാക്കത്തുരുത്ത്; അവിടെ മുന്നൂറ് കുടുംബം, വെന്തുരുകും ജീവിതം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മൂവന്തിതാഴ്‌വരയില്‍ മുന്നാഴി ചെങ്കനലായ് കാക്കത്തുരുത്ത്; അവിടെ മുന്നൂറ് കുടുംബം, വെന്തുരുകും ജീവിതം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മൂവന്തിതാഴ്‌വരയില്‍ മുന്നാഴി ചെങ്കനലായ് കാക്കത്തുരുത്ത്; അവിടെ മുന്നൂറ് കുടുംബം, വെന്തുരുകും ജീവിതം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മൂവന്തിതാഴ്‌വരയില്‍ മുന്നാഴി ചെങ്കനലായ് കാക്കത്തുരുത്ത്; അവിടെ മുന്നൂറ് കുടുംബം, വെന്തുരുകും ജീവിതം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
c j jose 2016-10-23 19:37:23
An exquisite narrative about kakkathuruth. Congrats Sir.
Ponmelil Abraham 2016-10-25 04:53:00
Very informative report about "Kakkathuruth", a tiny island in Kerala that found prominence on the tourist map.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക