Image

9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-8 ബി.ജോണ്‍ കുന്തറ)

Published on 26 December, 2016
9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-8 ബി.ജോണ്‍ കുന്തറ)
മലയാളം വിവര്‍ത്തനം - എസ്. ജയേഷ്

അദ്ധ്യായം 8

മാത്യൂസിനെ കാണാതായതിന്റെ അഞ്ചാം ദിവസം…

നീല അതിരാവിലേ തന്നെയെത്തിച്ചേര്‍ന്നു. അവള്‍ എമിറേറ്റ്‌സ് എയര്‍ ലൈന്‍സില്‍ ആണ് വന്നത്. അത് ഞങ്ങള്‍ വന്ന ഖത്തര്‍ എയര്‍ വേയ്‌സിനേക്കാള്‍ മുമ്പെത്തും. ഞാന്‍ പ്ലാസിയുമായി അവളെ സ്വീകരിക്കാന്‍ പോയിരുന്നു. നീലയെ കണ്ടതും ആലിംഗനം ചെയ്തതും വലിയ ആശ്വാസം തന്നു. വൈകുന്നേരം ആന്‍ഡ്രൂവും എത്തിച്ചേരുമെന്നത് കൂടുതല്‍ ആശ്വാസം പകര്‍ന്നു.

എയര്‍പോര്‍ട്ടില്‍ നിന്നും ഫ്‌ലാറ്റിലേയ്ക്കുള്ള വഴിയില്‍ നീല അധികം ചോദ്യങ്ങളൊന്നും ചോദിച്ചില്ല. അത് അവള്‍ മന:പ്പൂര്‍വ്വം ചെയ്തതാണെന്ന് എനിക്കറിയാമായിരുന്നു. വിഷാദ ചിന്തകളില്‍ നിന്നും എന്റെ മനസ്സിനെ മാറ്റാന്‍ വേണ്ടി. ഞങ്ങള്‍ അമേരിക്കയില്‍ നിന്നും വന്നതിന് ശേഷം അവളുടെ ജോലിയിലുണ്ടായ എല്ലാ വിശേഷങ്ങളും അവള്‍ പങ്കുവച്ചു.

അന്ന് ഏതാണ്ട് ഉച്ച കഴിഞ്ഞപ്പോള്‍ എനിക്ക് പോലീസ് സ്‌റ്റേഷനില്‍ നിന്നും ഒരു വിളി വന്നു. ഒരു സ്‌പെഷ്യല്‍ ഓഫീസറെ കേസന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിക്കാനായിരുന്നു അത്. ആ ഓഫീസര്‍ അധികം വൈകാതെ എന്നെ കോണ്ടാക്റ്റ് ചെയ്യും. സ്‌പെഷ്യല്‍ ഓഫീസറുടെ വാര്‍ത്ത ഞാന്‍ പ്രതീക്ഷിക്കാത്തതായിരുന്നു. ഇത്ര പെട്ടെന്ന് ഇതെങ്ങിനെ സംഭവിച്ചെന്ന് എനിക്ക് മനസ്സിലായില്ല. യു എസ് എമ്പസ്സി ഈ കേസില്‍ എടുത്ത താല്പര്യം കാരണമായിരിക്കും. എന്തായാലും, അത് സ്വാഗതം ചെയ്യപ്പെടേണ്ട പുരോഗതിയാണ്.

രാത്രി ഒമ്പതരയോടടുത്ത് ആന്‍ഡ്രൂ എത്തിച്ചേര്‍ന്നു. ഞാനും നീലയും എയര്‍പോര്‍ട്ടിലേയ്ക്ക് പോയിരുന്നു. അവനെ കണ്ടതും ഞാന്‍ ആശ്ലേഷിച്ചു, എനിക്ക് കരച്ചില്‍ അടക്കാന്‍ പറ്റുന്നില്ലായിരുന്നു, അവനും.

അര്‍ദ്ധരാത്രിയ്ക്ക് മുമ്പ് ഞങ്ങള്‍ ഫ്‌ലാറ്റിലെത്തി. അവന്‍ നീലയെപ്പോലെയല്ലായിരുന്നു. അവന് കേസിലെ പുതിയ പുരോഗതിയെല്ലാം അറിയണമായിരുന്നു. എനിക്ക് എമ്പസ്സിയില്‍ നിന്ന് ഫോണ്‍ വിളി വന്നതും സ്‌പെഷ്യല്‍ ഓഫീസറെ കേരളാ പോലീസ് നിയമിച്ചതുമെല്ലാം അറിയിച്ചു. ആ ഓഫീസറേ നാളെ രാവിലെ കാണുന്നുണ്ടെന്നും പറഞ്ഞു. ആന്‍ഡ്രൂ കൂടി ഒപ്പമുണ്ടായിരുന്നതിനാല്‍ ഞാന്‍ കുറച്ച് കൂടി ആശ്വസിച്ചു.

ആറാം ദിവസം. തീരുമാനിച്ചത് പോലെ, രാവിലെ ഏതാണ്ട് ഒമ്പത് മണിയ്ക്ക്, ഞങ്ങള്‍ പോലീസ് സ്‌റ്റേഷനില്‍ ഓഫീസറെ കാണാന്‍ പുറപ്പെട്ടു. സ്‌റ്റേഷനിലേയ്ക്ക് കടന്നതും, റിസപ്ഷനിലുണ്ടായിരുന്ന ഓഫീസര്‍ക്ക് ഞങ്ങളെന്തിനാണ് വന്നതെന്ന് അറിയാമായിരുന്നു. അയാള്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞു, “ഓഫീസര്‍ നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങള്‍ വന്ന കാര്യം ഞാന്‍ അദ്ദേഹത്തെ അറിയിക്കാം.”

എന്നിട്ടയാള്‍ മറ്റൊരു മുറിയിലേയ്ക്ക് പോയി. ഏതാനും നിമിഷങ്ങള്‍ക്കകം, സാധാരണ വസ്ത്രങ്ങള്‍ ഇന്‍ ചെയ്ത മുഴുക്കൈയ്യന്‍ ഷര്‍ട്ടും പാന്റും ധരിച്ച് വൃത്തിയായ വേഷത്തില്‍ ഒരാള്‍ പുറത്ത് വന്നു. അയാള്‍ക്ക് ആന്‍ഡ്രൂവിനേക്കാള്‍ അഞ്ച് വയസ്സ് കൂടുതല്‍ കാണുമായിരിക്കും. നല്ല ആരോഗ്യമുള്ള ശരീരം. ആന്‍ഡ്രൂവിനേക്കാള്‍ ഒരിഞ്ച് ഉയരം കുറവായിരിക്കും. അയാള്‍ ഞങ്ങളുടെ അടുത്ത് വന്ന് ഞങ്ങളാദ്യം കണ്ട ഇന്‍സ്‌പെക്ടര്‍ ഇരുന്നിരുന്ന മുറിയ്ക്ക് അടുത്തുള്ള ഒരു മുറിയിലേയ്ക്ക് ഞങ്ങളെ ആനയിച്ചു. അവിടെയൊരു സ്റ്റീല്‍ മേശയും, കസേരയും, അതിഥികള്‍ക്കായുള്ള മൂന്ന് ചെറിയ കസേരകളും ഉണ്ടായിരുന്നു.

റോയ് ജോസഫ് എന്നായിരുന്നു അയാളുടെ പേര്. ന്യൂ ഡല്‍ഹിയിലെ സി ബി ഐ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നുമുള്ള ഓഫീസര്‍. എറണാകുളത്തെ റീജണന്‍ ഓഫീസില്‍ നിന്നുമാണ് അയാള്‍ എത്തിയിട്ടുള്ളത്.

സി ബി ഐ എന്ന് കേട്ടപ്പോള്‍ എനിക്കല്പം ഭയം തോന്നി. സി ബി ഐ എന്നാലെന്താണെന്ന് ആന്‍ഡ്രൂവിന് അറിയാന്‍ വഴിയില്ല. ആന്‍ഡ്രൂ എന്നേയും റോയ് ജോസഫിനേയും കൌതുകത്തോടെ നോക്കി. റോയിയ്ക്ക് അത് മനസ്സിലായെന്ന് തോന്നി. സിബിഐ എന്നാലെന്താണെന്നും അവര്‍ കേരളാ പോലീസിന്റെ ഭാഗമെല്ലങ്കിലും അവര്‍ക്ക് ഞങ്ങളെ സഹായിക്കാനാകുമെന്നും അയാള്‍ വിശദീകരിച്ചു.

സി ബി ഐ ഓഫീസര്‍മാരെ ഞാന്‍ മലയാളം സിനിമകളില്‍ കണ്ടിട്ടുണ്ട്. നേരിട്ട് ഒരാളെ കാണുന്നത് ആദ്യമായിട്ടാണ്. ഞാന്‍ അയാള്‍ക്ക് ആന്‍ഡ്രൂവിനെ പരിചയപ്പെടുത്തി. അമേരിക്കയിലെ വിശേഷങ്ങള്‍ അയാള്‍ തിരക്കി. യു എസ് നേവിയിലെ ഒരു വക്കീല്‍ ആണ് താനെന്ന് ആന്‍ഡ്രൂ പറഞ്ഞു. നേവിയില്‍ നിന്നാണെന്ന് അറിഞ്ഞപ്പോള്‍ റോയിയുടെ മുഖം തെളിഞ്ഞു. അയാളും സിബി ഐയില്‍ ചേരുന്നതിന് മുമ്പ് ഇന്ത്യന്‍ നേവിയിലായിരുന്നു. തന്റെ റോള്‍ എന്താണെന്ന് ആന്‍ഡ്രൂവിന് മനസ്സിലാക്കിക്കൊടുക്കാനായിരിക്കും അതെല്ലാം പറഞ്ഞത്. അമേരിക്കയിലെ എഫ് ബി ഐ പോലെ ഒരു കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സിയാണ് സി ബി ഐ എന്ന് വിശദീകരിച്ചു.

കുശലങ്ങള്‍ക്ക് ശേഷം റോയ് മാത്യൂസിനെക്കുറിച്ചും ഞങ്ങള്‍ കേരളത്തില്‍ എത്തിയതിന് ശേഷം നടന്ന സംഭവങ്ങളെക്കുറിച്ചും ആരാഞ്ഞു. ഞങ്ങള്‍ എത്ര ആളുകളെ കണ്ടുമുട്ടി, എവിടെയൊക്കെ പോയി, പ്ലാസിയെക്കൂടാതെ മാത്യൂസിന് ആ ബില്‍ഡിങ്ങിലോ വേറേയെവിടെയെങ്കിലുമോ ആരെയൊക്കെ അറിയാം എന്നൊക്കെ. ഞാന്‍ എല്ലാം പറഞ്ഞ് കൊടുത്തു. എന്റെ അറിവില്‍ ബാങ്കിലെ ഓഫീസര്‍ അല്ലാതെ ചേര്‍ത്തലയിലെ മാതാപിതാക്കളെ മാത്രമേ ഞങ്ങള്‍ കണ്ടിട്ടുള്ളൂ. മാത്യൂസ് അമേരിക്കയില്‍ എന്ത് ചെയ്യുകയാണെന്നും അവിടെ ശത്രുക്കള്‍ ഉണ്ടോയെന്നും അയാള്‍ ചോദിച്ചു. ഞങ്ങള്‍ക്ക് സാമ്പത്തികമോ കുടുംബപരമോ ആയ എന്തെങ്കിലും പ്രശ്‌നമുണ്ടോ, ഇന്ത്യയിലോ അമേരിക്കയിലോ ഞങ്ങള്‍ക്ക് കടം വല്ലതുമുണ്ടോ എന്നെല്ലാം ചോദിച്ചു. ഞങ്ങള്‍ എല്ലാത്തിനും മറുപടി കൊടുത്തു.

മുക്കാല്‍ മണിക്കൂറില്‍ കൂടുതല്‍ നേരം റോയ് ഞങ്ങളെ ചോദ്യം ചെയ്തു. “ശരി, തല്‍ക്കാലം കൂടുതല്‍ ചോദ്യങ്ങളൊന്നുമില്ല.” അയാള്‍ പറഞ്ഞു. എന്നിട്ട് ഞങ്ങളെ നോക്കി തുടര്‍ന്നു, “ ഞാനീ കേസ് ഒന്ന് പഠിക്കട്ടെ, എന്നിട്ട് നിങ്ങളുടെ ബില്‍ഡിങ്ങിലെ സെക്യൂരിറ്റിയുമായും അടുത്തുള്ള കടകളിലും എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്.”

അയാള്‍ എഴുന്നേറ്റു. ഞങ്ങള്‍ക്ക് പോകാം എന്നതിനുള്ള സൂചനയായിരുന്നു അത്. ഞങ്ങളും എഴുന്നേറ്റു. റോയ് വാതിലിന് നേരെ നടന്നു. ഞങ്ങളും പിന്തുടര്‍ന്നു. അയാള്‍ തിരിഞ്ഞ് നിന്ന് ആന്‍ഡ്രൂവിനോട് സംസാരിക്കണം എന്ന് പറഞ്ഞു. യു എസ് നേവിയിലെ ജീവിതത്തെക്കുറിച്ചായിരുന്നു അയാള്‍ക്ക് അറിയേണ്ടത്. കുറച്ച് നിമിഷങ്ങള്‍ കൂടി ആന്‍ഡ്രൂവും റോയിയും സംസാരിച്ചു. ഞാന്‍ എല്ലാം കേട്ട് നിന്നു. റോയ് അയാളുടെ സെല്‍ നമ്പര്‍ തന്നിട്ട് അതിലേയ്ക്ക് വിളിക്കാന്‍ പറഞ്ഞു.

ആന്‍ഡ്രൂ സുഹൃത്തുക്കളെ സമ്പാദിക്കുന്നതില്‍ മിടുക്കനായതില്‍ ഞാന്‍ സന്തോഷിച്ചു. ഈ സമയത്ത് ഇന്ത്യയിലെ നിയമപാലകരില്‍ നിന്നും ഒരു ചങ്ങാത്തം ആവശ്യമായിരുന്നു.

അന്ന് വൈകുന്നേരം, മാത്യൂസ് അപാര്‍ട്ട്‌മെന്റില്‍ നിന്നും നടക്കാന്‍ പോയ സമയമായപ്പോള്‍ ആന്‍ഡ്രൂ പുറത്ത് പോയി നോക്കണമെന്ന് പറഞ്ഞു. “ഞാനും കൂടെ വരാം” ഞാന്‍ പറഞ്ഞു. അവനെ ഒറ്റയ്ക്ക് വിടാന്‍ എനിക്ക് മനസ്സില്ലായിരുന്നു, മാത്രമല്ല വീട്ടില്‍ വെറുതേയിരിക്കാനും എനിക്ക് പറ്റില്ലായിരുന്നു. ഞങ്ങള്‍ സെക്യൂരിറ്റി ഓഫീസിന്റെ അരികിലെത്തി. പുറത്ത് ഇരുട്ട് പരക്കുന്നുണ്ടായിരുന്നു. ആരൊക്കെയോ അവരുടെ മക്കളെ കളി നിര്‍ത്തി വരാന്‍ വേണ്ടി വിളിക്കുന്നത് കേട്ടു. ജോലി കഴിഞ്ഞ് വരുന്നവരുടെ കാറുകള്‍ ബില്‍ഡിങ്ങിലേയ്ക്ക് പ്രവേശിക്കുന്നുണ്ടായിരുന്നു.

വഴിവിളക്കുകള്‍ തെളിയാന്‍ തുടങ്ങി. ആളുകള്‍ പുഴയെ ലക്ഷ്യമാക്കി പോകുന്നു. ആ ദിവസം വിടവാങ്ങും മുമ്പുള്ള അവസാന പ്രദര്‍ശനം കാണാനെന്ന പോലെ. ആന്‍ഡ്രൂ ആ കോമ്പൌണ്ട് മുഴുവന്‍ നടന്ന് കാണണമെന്ന് ആവശ്യപ്പെട്ടു. അവന്‍ പുറകുവശത്തേയ്ക്ക് നടക്കാന്‍ തുടങ്ങിയപ്പോള്‍ ഞാനും പിന്തുടര്‍ന്നു. അവനൊരു വക്കീല്‍ ആയതുകൊണ്ട് അവന്‍ ചെയ്യുന്നതെന്താണെന്ന് അവന് ഉറപ്പുണ്ടായിരിക്കും എന്ന് എനിക്കറിയാം. പ്രധാന ബില്‍ഡിങ്ങിന്റെ ചുറ്റുമുള്ള മതിലിന്റെ ഓരോ കോണും പരിശോധിച്ച് അവന്‍ പുറത്തേയ്ക് നോക്കി. പിന്നീട് ഗ്രൌണ്ട് ഫ്‌ലോറിലെ ഗരാജ് വഴി മുന്‍ ഭാഗത്തെത്തി.

ലിഫ്റ്റ് ഏതാണ്ട് 20 അടി അകലെയായിരുന്നു. ലിഫ്റ്റിന്റെ വാതില്‍ തുറന്ന് രണ്ട് പേര്‍ പുറത്തിറങ്ങി. അവര്‍ പ്രധാനഗേറ്റ് ലക്ഷ്യമാക്കി നടന്നു. പെട്ടെന്ന് ആന്‍ഡ്രൂവിന്റെ ശബ്ദം ഞാന്‍ കേട്ടു, “ഡാഡ്”.

ഞാന്‍ തിരിഞ്ഞ് നോക്കി കളിയായി ചോദിച്ചു, “ആന്‍ഡ്രൂ , നീ ഡാഡ് എന്നാണോ പറഞ്ഞത്?”

“അതേ മമ്മീ. വേഗം വരൂ. ആ ഗേറ്റിനടുത്തേയ്ക്ക് പോകുന്നയാളെ നോക്കൂ.”

ഞാന്‍ നോക്കിയപ്പോള്‍, അയാള്‍ തെരുവിലേയ്ക്ക് ഇറങ്ങുകയായിരുന്നു. ഞാന്‍ അതിശയിച്ചു പോയി; പിന്നില്‍ നിന്നും നോക്കുമ്പോള്‍ അയാളെ കണ്ടാല്‍ മാത്യൂസിനെപ്പോലെ തന്നെ ഉണ്ടായിരുന്നു അതേ ഉയരം, രൂപം, നടത്തം.

ഞാന്‍ ഒരിക്കല്‍ക്കൂടി മനസ്സില്‍ പറഞ്ഞു; പിന്നില്‍ നിന്നും നോക്കുമ്പോള്‍ മാത്യൂസിനെ ഒന്നോ രണ്ടോ പ്രാവശ്യം കണ്ടിട്ടുള്ളവര്‍ പോലും തെറ്റിദ്ധരിക്കും. ആന്‍ഡ്രൂ അങ്ങിനെ പറഞ്ഞതില്‍ ഒട്ടും അതിശയമില്ല.

“ദൈവമേ, അയാളെ കണ്ടാല്‍ ശരിക്കും ഡാഡ് തന്നെ.” ഞാന്‍ പറഞ്ഞു.

ഞങ്ങള്‍ സെക്യൂരിറ്റി ഓഫീസിലേയ്ക്ക് നീങ്ങി. ഞങ്ങളെ കണ്ടപ്പോള്‍ അലി പുറത്തേയ്ക്ക് വന്നു. ഞാന്‍ ആന്‍ഡ്രൂവിനെ അലിയ്ക്ക് പരിചയപ്പെടുത്തി. ആന്‍ഡ്രൂ ഹസ്തദാനം ചെയ്തപ്പോള്‍ അലി ചോദിച്ചു, “സാര്‍ എപ്പോഴാണ് എത്തിയത്?”

ആന്‍ഡ്രൂവിന് മലയാളം നന്നായി മനസ്സിലാകും, കുറച്ചൊക്കെ സംസാരിക്കാനും കഴിയും. കുറച്ച് മുമ്പ് കടന്ന് പോയ ആ രണ്ട് ആളുകള്‍ ആരാണെന്ന് അലിയോട് ചോദിക്കാന്‍ ആന്‍ഡ്രൂ പറഞ്ഞു.

“അത് തോമസ് സാറാണ്. നിങ്ങളുടെ അതേ ഫ്‌ലോറിലാണ് താമസം, 4 ഇ യില്‍.” അലി പറഞ്ഞു.

ഞങ്ങള്‍ 4 ഡി യിലാണ്. അലി തുടര്‍ന്നു, “തോമസ് സാറും അമേരിക്കയില്‍ നിന്നാണ്. ഈ അപ്പാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്തിരിക്കുന്നതാണ്.”

പിന്നെ ആന്‍ഡ്രൂവിന് അറിയേണ്ടിയിരുന്നത് അയാള്‍ എത്ര കാലമായി ഈ അപ്പാര്‍ട്ട്‌മെന്റില്‍ താമസമാണെന്നായിരുന്നു. “ആ സാര്‍ ആരോടും സംസാരിക്കാറില്ല. വരും പോകും എന്നേയുള്ളൂ. ആറ് മാസം മുമ്പ് വന്നതാണ്. ഒറ്റയ്ക്കാണ് താമസം.”

ആന്‍ഡ്രൂ പുഴയെ ലക്ഷ്യമാക്കി നടന്നു. ഞാനും പിന്തുടര്‍ന്നു. പാതയിലൂടെ നടക്കുമ്പോള്‍ ആന്‍ഡ്രൂ മൌനം പാലിച്ചു. ഞാനും ഒന്നും സംസാരിച്ചില്ല. പുഴക്കരയിലെത്തിയപ്പോള്‍, ആളുകള്‍ പുഴയില്‍ കുളിക്കുന്ന ശബ്ദവും കുറച്ച് ചെറുപ്പക്കാര്‍ പടികളിലിരുന്ന് സംസാരിക്കുന്നതും ചിരിക്കുന്നതും കേട്ടു. ആന്‍ഡ്രൂ മൌനം വെടിഞ്ഞു.

“മമ്മി, എനിക്കൊരു സംശയം. എനിക്ക് റോയിയുമായി ഒന്ന് സംസാരിക്കണം.”

“എന്താ നിന്റെ സംശയം?”

“ആ മനുഷ്യനെ കണ്ടപ്പോള്‍, ആര്‍ക്കും പറ്റുന്ന തെറ്റായിരിക്കും എനിക്കും പറ്റിയത്…” ആന്‍ഡ്രൂ ആ വാചകം മുഴുവനാക്കിയില്ല. അവന്‍ വിഷയം മാറ്റി എന്നെ നോക്കി. ഡാഡ് ഏത് വഴിയ്ക്കാണ് നടക്കാറുള്ളതെന്നായിരുന്നു അവനറിയേണ്ടത്. ഞാന്‍ ദിക്ക് കാണിച്ച് പറഞ്ഞു, “ഞാന്‍ ഒപ്പം നടക്കാന്‍ പോകുമ്പോള്‍ ആ വഴിയ്ക്കാണ് പോകാറുള്ളത്. ചിലപ്പോള്‍ ആശുപത്രിയുടേയോ പള്ളിയുടേയോ മുന്നിലുള്ള റോഡിലൂടെ. ആ വഴിയ്ക്കാണെങ്കില്‍ പമ്പ് ജംഗ്ഷന്‍ വരെ പോയി തിരിച്ച് വരും.”

പമ്പ് ജംഗ്ഷന്‍ എവിടെയാണെന്ന് ആന്‍ഡ്രൂവിന് അറിയാനിടയില്ല. അവന്‍ ചോദിച്ചതുമില്ല. ആലുവയിലെ പ്രശസ്തമായ കവലയാണ് പമ്പ് ജംഗ്ഷന്‍. തിരക്ക് പിടിച്ച ട്രാഫിക്, അത് മുറിച്ച് കടക്കാന്‍ ഞങ്ങള്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല.

ഞങ്ങള്‍ അപ്പാര്‍ട്ട്‌മെന്റില്‍ തിരിച്ചെത്തി. പുറത്ത് നല്ല ഇരുട്ടായിരുന്നു. സമയം ഒമ്പത് മണിയാകാറായി. രാവിലെ റോയ് കൈമാറിയ നമ്പറിലേയ്ക്ക് ആന്‍ഡ്രൂ വിളിച്ചു. സംഭാഷണം കഴിഞ്ഞ ശേഷം അവന്‍ പറഞ്ഞു, “നാളെ രാവിലെ സെക്യൂരിറ്റിയുമായി സംസാരിച്ച് ബില്‍ഡിങ്ങും പരിസരവും പരിശോധിക്കാനായി റോയ് വരും.”

അന്ന ഉണ്ടാക്കിയ ഭക്ഷണം ഞങ്ങള്‍ കഴിച്ചു. ആന്‍ഡ്രൂവിനും നീലയ്ക്കും കേരള ഭക്ഷണം നന്നായി ഇഷ്ടപ്പെട്ടു. അത്താഴത്തിന് ശേഷം, ഇച്ചാച്ചനും അമ്മച്ചിയും ആന്‍ഡ്രൂവും നീലയുമായി സംസാരിച്ചിരുന്നു. ഇംഗ്ലീഷും മലയാളവും കലര്‍ന്ന ഭാഷയായിരുന്നു അവര്‍ ഉപയോഗിച്ചത്, മംഗ്ലീഷ് എന്ന് തന്നെ പറയാം. അവര്‍ രസിച്ചിരിക്കുമ്പോള്‍ ഞാന്‍ കിടക്കാന്‍ പോയി.

(തുടരും.....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക