Image

എം ടി യെ ഞാഞ്ഞൂലുകള്‍ പേടിപ്പിക്കുന്നോ?

അനില്‍ പെണ്ണുക്കര Published on 30 December, 2016
എം ടി യെ ഞാഞ്ഞൂലുകള്‍ പേടിപ്പിക്കുന്നോ?
അമേരിക്കന്‍ സെനറ്റിനെ അഭിസംബോധനം ചെയ്തു സംസാരിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെക്കുറിച്ച് സെനറ്റ് സ്പീക്കര്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്-- 'യാഥാസ്ഥിതിക കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്ന
വ്യക്തിയാണെങ്കിലും സ്വന്തം രാഷ്ട്രത്തെകുറിച്ച് വേറിട്ട നിലയില്‍ ചിന്തിക്കുന്നു'.

ഈ വാക്കുകളെ മലയാളത്തിന്റെ പ്രിയപ്പെട്ട
സാഹിത്യകാരന്‍ ഒന്ന് തിരുത്തി 'കാഴ്ചപ്പാടുകളും നോട്ടുനിരോധനവും തുക്ലക് പരിഷ്‌കാരമായിപ്പോയി' എന്നാണ് അദ്ദേഹം പറഞ്ഞത്. രാഷ്ട്രീയം രക്തത്തില്‍
അലിഞ്ഞ മലയാളി ആണെങ്കിലും എം ടിക്കെതിരെ ഒരു കുറിപ്പ് തയ്യാറാക്കുവാന്‍ ആരും തയാറാവില്ല. പക്ഷെ രണ്ടു ദിവസങ്ങളിലായി കേരളം കണ്ടത് മലയാള ഭാഷയെ നാണിപ്പിക്കുന്ന തരത്തിലുള്ള വാക്കുകള്‍ കൊണ്ട് ഒരു വലിയ മനുഷ്യനെ
അവഹേളിക്കുന്നതായിരുന്നു.

മോദി വിരുദ്ധരും കേന്ദ്രസര്‍ക്കാരിന്റെ വിമര്‍ശകരുമായ പ്രശസ്തര്‍ക്കെതിരേ
വ്യക്തിഹത്യ നടത്തി ഇകഴ്ത്തിക്കാണിക്കാന്‍ സോഷ്യല്‍ മീഡിയയെ ദുരുപയോഗപ്പെടുത്താനായി ഒരു സംഘംതന്നെ ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നു
എന്ന് കേരള ജനതയ്ക്കു മനസിലായി. ആറു പതിറ്റാണ്ടിലേറെക്കാലം ഒരു നാടിന്റെ
സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ, മാദ്ധ്യമ മണ്ഡലങ്ങളില്‍ സൂര്യശോഭയോടെ തിളങ്ങി നില്‍ക്കുവാന്‍ ഭാഗ്യമുണ്ടാവുന്നവര്‍ അപൂര്‍വ്വമാണു്. 

ആരംഭകാലത്തെ പ്രഭാതസമാനമായ സജീവതയും സാമൂഹികാംഗീകാരവും അതേ അളവിലോ അതിനേക്കാളേറെയായോ പിന്നീടു് നിലനിര്‍ത്താന്‍ കഴിയുന്നവര്‍ അത്യപൂര്‍വ്വരും.

അത്തരം അത്യപൂര്‍വ്വതകള്‍ നിറഞ്ഞ ഒരു ധന്യ ജീവിതമാണു് എം.ടി. എന്ന ചുരുക്കപ്പേരില്‍ തലമുറകള്‍ അറിയുന്ന ശ്രീ എം.ടി. വാസുദേവന്‍ നായരുടേതു .
അറുപതു മുതല്‍ക്കുള്ള തീക്ഷ്ണയൗവനങ്ങളുടെ നിര്‍ഭാഗ്യങ്ങള്‍ ഇത്രയും ഭാവതീവ്രമായി പകര്‍ത്തിയ മറ്റൊരു എഴുത്തുകാരന്‍ ഇന്ത്യന്‍ സാഹിത്യ നഭോമണ്ഡലത്തില്‍ വേറെയില്ല. മലയാളിയുടെ ഭാവുകത്വത്തെ മാറ്റിപ്പണിതുവെന്ന നന്മയും എം.ടിയുടെ സുകൃതജന്മം കൈരളിക്കു നല്‍കി.

മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ പ്രതീകമായി എം.ടി അവരില്‍ നിറഞ്ഞു. എം.ടി നല്‍കിയ ബിംബ കല്‍പനകളിലൂടെയും ഭാഷാപ്രയോഗത്തിലൂടെയുമാണു  മലയാളി അവന്റെ
ഓര്‍മകളെ വീണ്ടെടുത്തത്. തന്റെ സാഹിത്യ ജീവിതത്തിന്റെ തുടക്കം മുതലിന്നോളം
നക്ഷത്ര സമാനമായ വാക്കുകളുടെ തിളക്കത്തില്‍ തലമുറകള്‍ക്കു മുന്‍പില്‍ ജ്വലിച്ചു നില്‍ക്കുന്ന ഒരു ജീവിതം--അതാണു് എം.ടി. മലയാളികള്‍ക്കു്.

തന്റെ കര്‍മ്മമണ്ഡലങ്ങളിലെ സജീവ സംഭാവനകള്‍ കൊണ്ടു് കടന്നു പോയ തലമുറയുടെ സ്‌നേഹ വാത്സല്യങ്ങളും തന്നെ പിന്തുടര്‍ന്നു വന്ന തലമുറകളുടെ സ്‌നേഹാദരങ്ങളും ഒരേ അളവില്‍ പിടിച്ചു വാങ്ങിയ, അതുല്യനായ  പ്രതിഭ. കേരളത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിനു സുവര്‍ണപദങ്ങളാല്‍ ആലേഖനം ചെയ്ത അധ്യായം തീര്‍ത്ത പ്രതിഭാധനനാണ് എം.ടി വാസുദേവന്‍ നായര്‍.

ഓരോ മലയാളിയും അവന്റെ സ്വകാര്യ അഹങ്കാരമായി താലോലിക്കുന്ന പ്രതിഭയുടെ
അര്‍ക്കദീപ്തി. അത്തരമൊരു പ്രകാശഗോപുരത്തെ ഇന്നത്തെ ഇന്ത്യന്‍ ഗ്രഹണകാലത്ത് ഞാഞ്ഞൂലുകള്‍ക്കു കൊത്തി വിഷമേല്‍പ്പിക്കാനാകില്ല.

എഴുത്തുകാര്‍ സ്വപ്നങ്ങളാല്‍ വനകല്ലോനികളും പ്രേമസ്വര്‍ഗങ്ങളും തീര്‍ത്തുകൊണ്ടിരുന്ന അറുപതുകളില്‍ വിറകൊള്ളുന്ന അക്ഷരങ്ങളുമായി പുതിയ ഭാവുകത്വം സൃഷ്ടിച്ച എഴുത്തുകാരനാണ് എം.ടി.  തിരസ്‌കൃതന്റെ നെടുവീര്‍പ്പുകളും നിശ്ശബ്ദ നിലവിളികളും ആത്മനിന്ദയുടെ കയ്പ്പും മലയാളി
ആദ്യമായി അറിഞ്ഞത് എം.ടി തീര്‍ത്ത കഥാപാത്രങ്ങളിലൂടെയായിരുന്നു.
കനലെരിയുന്ന നെഞ്ചുമായി വന്ന കഥാപാത്രങ്ങള്‍ മലയാളിയുടെ രാവുകളെ നിദ്രാവിഹീനങ്ങളാക്കി.

ഏകാന്തപഥികരായ നിസ്സഹായരുടെ ആത്മ നൊമ്പരങ്ങള്‍ മലയാളി അവന്റെ കരള്‍ കുമ്പിളാക്കിയാണ് എം.ടിയില്‍ നിന്ന് ഏറ്റുവാങ്ങിയത്. മലയാളിയുടെ എക്കാലത്തെയും സ്വകാര്യ അഹങ്കാരമായി മാറിയ ഒരു വലിയ മനുഷ്യനെ സോഷ്യല്‍ മീഡിയയില്‍ മൂന്നാംകിട ട്രോളുകള്‍ കൊണ്ട് അവഹേളിച്ചു രണ്ടാം ദിവസമാണ്
കുമ്മനത്തിനു ബോധം ഉദിച്ചത് . എം ടി യെ ക്കുറിച്ചു ഒരു അഭിപ്രായവും ബി ജെ പി പറഞ്ഞിട്ടില്ല എന്ന്. 

എം.ടിയുടെ ഓരോ രചനയും. തുഞ്ചന്‍സ്മാരകത്തെ കാവി പൂശാനനുവദിക്കാതെ എല്ലാവര്‍ക്കും നിര്‍ഭയരായി കടന്നുവരാവുന്ന കലയുടെ
ദേവാലയമാക്കി അതിന്റെ കാവല്‍ക്കാരനായി നിലകൊള്ളുന്ന അഗ്‌നിദേവനാണ് എം.ടിയെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. അവിടെ നിത്യവും വിളക്കു വയ്ക്കണമെന്ന ജ്വരബാധിതരുടെ ആവശ്യം നിരാകരിച്ചതിന്റെ അരിശം തീര്‍ക്കുകയാണ് ഇപ്പോള്‍ അദ്ദേഹത്തിനു നേരേ.

സാഗര ഗര്‍ജ വിമര്‍ശനങ്ങളെ പോലും എം.ടി നേരിട്ടത് എഴുതിയ വാക്കുകളേക്കാള്‍ പ്രഹര ശേഷിയുള്ള മൗനംകൊണ്ടായിരുന്നു.

ഇന്നലെ പെയ്ത മഴയ്ക്ക് ഇന്നു മുളച്ച ഒരു തകര അടുത്ത വെയിലിനു വാടും. കാലം മായ്ക്കാത്ത വാചകമോ വാക്കോ ഇത്തരം മുഖസ്തുതിക്കാര്‍ക്ക്
ഒരിക്കലെങ്കിലും എഴുതാനാകുമോ.  
ഉരിയാടാനാകുമോ. 

കാലത്തിന്റെ കാതലില്‍ തീര്‍ത്ത മോഹന കൊത്തു പണിയാണ് എം.ടി വാസുദേവന്‍നായരെന്നു തലമുറകള്‍ ഏറ്റുപാടുന്ന ഒരു കാലം വരും. അന്ന് വിസ്മൃതിയുടെ മണ്ണില്‍ അമര്‍ന്നിട്ടുണ്ടാകും ഇന്നത്തെ ട്രോളന്മാര്‍
എം ടി യെ ഞാഞ്ഞൂലുകള്‍ പേടിപ്പിക്കുന്നോ?
Join WhatsApp News
saseedaran 2016-12-30 22:00:41
He is just an ordinary human being !!
Yes , he  contributed some creative work  and   that does not mean he is   great!
Greatness coming from karma and not from writings !!
(Dr.Sasi)
വിദ്യാധരൻ 2016-12-31 14:18:09
 സാമൂഹ്യ പ്രതിബദ്ധതയുള്ള ഓരോ കലാകാരന്മാരും സാഹിത്യകാരന്മാരും  സാമൂഹത്തിലെ ചലനങ്ങളെയും മാറ്റങ്ങളെയും  സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കകുകയും അതിനെക്കുറിച്ചു എഴുതുകയും ചോദിക്കുകയും ചെയ്യതെന്നിരിക്കും. അതാണ് അവരുടെ കർമ്മം.  നാണയമൂല്യം ഇല്ലാതെയാക്കിയപ്പോൾ അത് സാധാരണ ജനങ്ങളെ എങ്ങനെ ബാധിച്ചിരിക്കും എന്നതിനെക്കുറിച്ച്‌ സാമൂഹ്യ പ്രതിബദ്ധതയുള്ള ഈ സാഹിത്യകാരൻ ചിന്തിച്ചിരിക്കും. ആവശ്യത്തിലധികം പേരും പ്രശസ്തിയുമുള്ള ഈ 83 കാരന് അതിലുപരി  ഒരു മഹാനാകാൻ മോഹമുണ്ടോ എന്ന് സംശയിക്കുന്നു.  

അടികൊണ്ടു തലപൊട്ടിച്ചോരാ  പൊടിഞ്ഞിട്ടും 
ചൊടികളിൽ മാഞ്ഞില്ല മന്ദഹാസം
നവമൊരു ജീവിതം കതിർചൂടും നാടിന്റെ 
കവിതകൾ പൂക്കുമാ കണ്ണുകളിൽ 
ചതയുന്ന സാമൂഹ്യ സത്യങ്ങൾതൻനേർക്ക് 
കുതികൊള്ളും ചലനങ്ങൾ തങ്ങിനിന്നു 
തെറിപ്പാടും സർക്കാരിൻ പട്ടാളക്കാരുടെ 
നെറികേടിൽ അദ്ദേഹം വേദനിച്ചു 

          ജനതതൻ ജീവനാമക്കലാകാരനെ 
           ജയിലറപോലും പകച്ചു നോക്കി (വയലാർ )   


അമേരിക്കൻ സാഹിത്യകാരന്മാരോട് 

"കരൾഞെട്ടുമാ വാർത്ത കേട്ടില്ലേ? നിങ്ങൾ തൻ 
സിരകളിൽ തുള്ളിയും ചോറായില്ലേ?
ഇവിടുത്തെസ്സാഹിത്യകാരന്റെ പേനയു-
മിടിവാളു വീശട്ടെ നാലുപാടും!
കലയുടെ മെയ്യഴകിന്നാഭരണ പ്പെട്ടികളും 
തലയിൽ ചുമന്നു നടക്കുവോരെ
ഇത് നിങ്ങൾ കേട്ടില്ലേ നിർമ്മാണസ്വാതന്ത്ര്യ-
മിനി നമുക്കെല്ലാമപകടത്തിൽ 
പൊരുതിമുന്നേറുന്ന ജനതയിലണിചേർന്ന് 
പൊരുതുവാൻ നിങ്ങൾക്ക് പേടിയാണോ ?
കൊലമരച്ചോട്ടിലാണിനിയത്തെ നമ്മൾതൻ 
വിലയറ്റ സേവനപ്രതിഫലങ്ങൾ  (വയലാർ )    

കലയുടെ മെയ്യഴകിന്നാഭരണ പ്പെട്ടികൾ (അമേരിക്കയിൽ )=പൊന്നാടയും, അവാർഡും 
 
Sudhir Panikkaveetil 2016-12-31 15:07:53
I agree with Dr. Sasi.
Simon 2017-01-01 08:13:59
സിനിമയ്ക്കുവേണ്ടി കുറെ കഥകളെഴുതിയ ശ്രീ എം.ടി. വാസുദേവൻ നായരെ ഇത്രമാത്രം ആരാധിക്കേണ്ട ആവശ്യമുണ്ടോ? കോൺഗ്രസ് സർക്കാറിന്റെ കാലത്ത് സ്വാധീനമുണ്ടായിരുന്നതുകൊണ്ട് വളരെയേറെ സാമ്പത്തിക നേട്ടങ്ങളും അവാർഡുകളും ഈ മനുഷ്യൻ നേടിയിട്ടുണ്ടെന്നുള്ളത് ശരി തന്നെ. അദ്ദേഹത്തെ വിമർശിക്കാൻ പാടില്ലെന്നാണ് ലേഖന കർത്താവിന്റെ ഭാഷ്യം. ലോകത്തിലെ ഏറ്റവും വലിയ പൊലീസുകാരനായ അമേരിക്കൻ പ്രസിഡണ്ടിനെ വിമർശിക്കാം. സിനിമാകൊട്ടകൾ നടത്തുന്ന ഫാസിസ്റ്റുകളുടെ ആരാധകനായ എം.ടി.യെ വിമർശിക്കാൻ പാടില്ല. വിമർശിക്കുന്നവരെ ഞാഞ്ഞൂലെന്നു വിളിക്കും. എം.ടി. യുടെ പുസ്തകങ്ങൾ ഒന്നും ഞാൻ വായിച്ചിട്ടില്ല. ലേഖന കർത്താവിനെപ്പോലുള്ള ആരാധകരാണ് എം.ടി. യ്ക്കുള്ളതെന്നറിയുമ്പോൾ ഈ വാഴ്ത്തപ്പെട്ടവനായ എം.ടി. യുടെ മഹത്വവും മനസിലാക്കുന്നു.  

ഒരു പ്രധാനമന്ത്രിയെ വിമർശിക്കാൻ തീർച്ചയായും എം.ടി.യ്ക്ക് അവകാശമുണ്ട്. അതുപോലെ അയാളെയും വിമർശിക്കാൻ പൊതുജനത്തിനവകാശമുണ്ട്. ചിലർ സഭ്യമായി സംസാരിക്കും. മറ്റു ചിലർ അസഭ്യമായും. അവരെയെല്ലാം ഒരു ലേഖനം വഴി അടച്ചാക്ഷേപിക്കുന്നതു വിവരക്കേടെന്നേ പറയാൻ സാധിക്കുള്ളൂ. ധിക്കാരികളായ ചില തീയറ്ററുടമകളുടെയും കള്ളക്കടത്തുകാരുടെയും നേതാവാണ് എം.ടി. എന്നൊക്കെ ഞാനും ഫേസ് ബുക്കിൽ വായിച്ചിരുന്നു. അതേ നിലവാരത്തിലുള്ള  മറുപടികളാണ് ഇവിടെ ലേഖകനും ഈ ലേഖനത്തിൽ കുറിച്ചുവെച്ചിരിക്കുന്നത്. ലേഖകനെപ്പോലെ ഇത്രമാത്രം ആരാധിക്കാനുള്ള മഹത്വമൊന്നും എം.ടി. യ്ക്കില്ല. അക്ഷര വൈരിയും നേരെ ചൊവ്വേ സംസാരിക്കാൻ അറിയാൻ പാടില്ലാത്ത ഒരു ധിക്കാരിയുമെന്നാണ് ഫേസ്ബുക്കിൽ ഒരാൾ എഴുതിയിരിക്കുന്നത്. അത് സത്യമാണെന്നു ഈ ലേഖനം വായിച്ച ശേഷം തോന്നിപോയി. സോഷ്യൽ മീഡിയാകളെ നിലയ്ക്ക് നിർത്താൻ എം.ടി. യുടെ ഗുണ്ടാകൾക്ക് സാധ്യമല്ലെന്നും ശ്രീ ലേഖകൻ മനസിലാക്കണം. 
Aniyankunju 2017-01-01 19:19:53
FWD: Excerpts from the statement by Sugathakumari on the subject: ".....എം ടി ക്ക് സ്വന്തം അഭിപ്രായം പറയാന്‍ പാടില്ലെങ്കില്‍ പിന്നെ ഈ നാട്ടില്‍ ആര്‍ക്കാണ് പറയാന്‍ അധികാരമുള്ളതെന്ന് സുഗതകുമാരി ചോദിച്ചു. എം ടി വാക്കുകളുടെ കുലപതിയാണ്. അദ്ദേഹത്തെപ്പോലുള്ള ഒരാള്‍ക്ക് മാത്രമല്ല, ഈ നാട്ടിലെ ഏതു പൌരനും സ്വന്തം അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്ന് സുഗതകുമാരി പറഞ്ഞു. ...................... കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സാമ്പത്തികപരിപാടി കാരണം സാധാരണക്കാരന്‍ ബുദ്ധിമുട്ടുന്നുവെന്ന് പറയുന്നത് എങ്ങനെയാണ് എതിര്‍ക്കപ്പെടേണ്ടതാകുന്നതെന്ന് മനസ്സിലാകുന്നില്ല. ഭരിക്കുന്നത് ആരാണെന്ന് ഞങ്ങള്‍ എഴുത്തുകാര്‍ക്ക് നോക്കേണ്ട ആവശ്യമില്ല. യോജിക്കാനും വിയോജിക്കാനും ഞങ്ങള്‍ക്ക് അവകാശമുണ്ട്. നിന്ദയാകരുത് അതിനുള്ള മറുപടി. ഇന്ത്യ സ്വാതന്ത്യ്രം നേടിയത് എത്രയോ ദശവര്‍ഷങ്ങളുടെ പ്രയത്നത്തിലൂടെയും കഠിനമായ ത്യാഗങ്ങള്‍ക്കു ശേഷവുമാണ്. സ്വാതന്ത്യ്രമെന്ന വാക്കിന്റെ അടിസ്ഥാനതത്വം അഭിപ്രായ സ്വാതന്ത്യ്രമെന്നു കൂടിയാണെ......"

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക