Image

ചരിത്രം ആവര്‍ത്തിക്കുന്നു (ചെറുകഥ: റീനി മമ്പലം)

Published on 30 December, 2016
ചരിത്രം ആവര്‍ത്തിക്കുന്നു (ചെറുകഥ: റീനി മമ്പലം)
രേണുക മകളുടെ മുറിയില്‍ മുട്ടി. പ്രതീകരണം കിട്ടിയില്ല. ഭാഗ്യത്തിന് കതക് കുറ്റിയിട്ടിട്ടില്ല. മുറി തുറന്ന് അകത്തുകയറി. മായ കട്ടിലില്‍ കമഴ്ന്ന് കിടന്ന് കരയുകയാണ്. അവള്‍ തല ഉയര്‍ത്തിനോക്കി. കരഞ്ഞ് കലങ്ങിയ കണ്ണുകള്‍! രേണുക പേടിച്ചുതാന്‍ എന്തെങ്കിലും പറഞ്ഞുവോ, അറിയാതെ എന്തെങ്കിലും ചെയ്തുവോ? ഇതുവരെ അവളുടെ ആഗ്രഹങ്ങള്‍ ഒക്കെ സാധിച്ചു കൊടുത്തിട്ടേയുള്ളു. അടുത്തനിമിഷത്തില്‍ സമാധാനിച്ചു. സ്‌കൂളില്‍ നിന്ന് വന്നപ്പോള്‍തന്നെ അവളുടെ മൂഡ് തെറ്റിയിരുന്നു.

ചോദിച്ചപ്പോളാണ് സംഗതിയെന്താണന്ന് മനസ്സിലായത്. മൈക്ക് അവളെ ഉപേക്ഷിച്ചു പോലും. അവര്‍ രണ്ടുപേരും ഹൈസ്‌കൂളില്‍ സീനിയേര്‍സാണ്. അവന്‍ അമേരിക്കയുടെ പടിഞ്ഞാറുള്ള കോളജിലാണു പോകുവാന്‍ നിശ്ചയിച്ചിരിക്കുന്നത്.'ലോങ്ങ് ഡിസ്റ്റന്‍സ് പ്രേമം വര്‍ക്ക് ചെയ്യില്ല, അതിനാല്‍ നമുക്ക് പിരിയാം' എന്ന് അവന്‍ പറഞ്ഞുവത്രെ. പോയാല്‍പ്പിന്നെ തമ്മില്‍ കാണുക അത്ര എളുപ്പമല്ല. സമയം വെറുതെ കളയുന്നതെന്തിനാണന്നായിരിക്കണം.

മായയോട് സഹതാപം തോന്നി. 'പാവം കുട്ടി' മനസ്സില്‍ പറഞ്ഞു. അടുത്ത് ചെന്ന് കട്ടിലില്‍ ഇരുന്ന് അവളെ ഗഢമായി പുണര്‍ന്നു. ഏതൊരമ്മക്കും മക്കള്‍ കരയുന്നത് കണ്ടാല്‍ മനസ്സലിയും. 'വീടെത്താറായെന്ന് ഡാഡി വിളിച്ച് പറഞ്ഞിരുന്നു, ഊണു് കഴിക്കാന്‍ വരു' രേണുക പറഞ്ഞു.

'എനിക്കൊന്നും വേണ്ട' മായയുടെ മറുപടി കിട്ടി.

സ്‌കൂളില്‍ നിന്ന് വന്നാല്‍ വിശന്ന് മലപോലും തിന്നുവാന്‍ തയ്യാറായി വരുന്നയാളാണിപ്പോള്‍ ഒന്നും വേണ്ട എന്ന് പറയുന്നത്.

ഇങ്ങനെ എത്ര തവണ കരഞ്ഞാലാണ് വിവാഹം കഴിക്കുന്നയാളെ കണ്ടെത്താനാവുക? രേണുകക്ക് ഉറക്കെ പറയാന്‍ തോന്നി. പക്ഷെ അടക്കിവെച്ച് മനസ്സില്‍ പറഞ്ഞു.


'കേരളത്തില്‍ വളര്‍ന്ന അമ്മക്കിതെങ്ങനെ അറിയാം' പറഞ്ഞാല്‍ മായയുടെ മറുപടി ഇങ്ങനെ വല്ലതും ആയിരിക്കും.

'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്' ഒന്നും ഇവിടെയില്ല. എല്ലാം ശരിയായി വന്നങ്കിലെ വിവാഹം കഴിക്കു. പുരുഷന്‍ പ്രോപ്പോസ് ചെയ്യുംവരെ കാത്തിരിക്കണം. അതാണ് ഇവിടത്തെ രീതി.

അവളുടെലോകം അവസാനിച്ചു എന്ന് അവള്‍ക്ക് തോന്നുന്നുണ്ടാവും.

'എങ്കിലും അവന് ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തുവാന്‍ എങ്ങനെ കഴിഞ്ഞു?' മായക്ക് സംശയം

രേണുക തന്റെ യൗവ്വനത്തിലൂടെ കടന്നുപോയി. മായ ഭാഗ്യവതിയാണ്. കഷ്ടപ്പാട് എന്താണന്നവള്‍ അറിഞ്ഞിട്ടില്ല.

ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരുന്ന കാലം. മറ്റ് കൂട്ടുകാരികളെപ്പോലെ രേണുകയും സ്വപ്നങ്ങള്‍ നൈയ്തുകൂട്ടി. ഭാവി വരനെക്കുറിച്ച് വ്യക്തമായ ചിത്രങ്ങള്‍ മനസ്സില്‍ കൊണ്ടുനടന്നു. കൂട്ടുകാരികളുടെ മാതാപിതാക്കള്‍ പണം കൊടുത്ത് അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കി. അവളുടെ അഛന്‍ നിര്‍ദ്ധനനായിരുന്നു. അമേരിക്കയില്‍ നിന്ന് അവളെക്കാള്‍ പ്രായക്കൂടുതലുള്ള ഒരു രണ്ടാം വിവാഹക്കാരന്റെ ആലോചന വന്നപ്പോള്‍ അയാള്‍ക്ക് തള്ളിക്കളയാനായില്ല. അവര്‍ പണമോ സ്വര്‍ണ്ണമോ ചോദിച്ചില്ല. പകരം അവളുടെ സ്വപ്നങ്ങള്‍ക്കാണ് വില പറഞ്ഞത്. ആരും അവളോട് അഭിപ്രായം ചോദിച്ചില്ല. മകള്‍ക്ക് ആമേരിക്കന്‍ജീവിതം ആഗ്രഹിച്ച അഛന്‍ സമ്മതം മൂളുകയായിരുന്നു. അവള്‍ക്ക് സമ്മതിക്കേണ്ടി വന്നു. ഭാവിഭര്‍ത്താവിന്റെ ഫോട്ടോയില്‍ അവളുടെ കണ്ണീര്‍ പുരണ്ടു. അവള്‍ അനുജത്തിമാര്‍ക്ക് വഴിമാറിക്കൊടുത്ത് ശേഖറിന്റെ രണ്ടാം ഭാര്യയായി.

സ്വന്തം കാലില്‍ നില്‍ക്കണമെന്ന് ശേഖറിന് നിര്‍ബന്ധമായതിനാല്‍ അവള്‍ കോളജില്‍ ചേര്‍ന്നു. എത്തിയിട്ട് അധികം ആയിട്ടില്ലാത്തതിനാല്‍ അവള്‍ക്ക് ഡ്രൈവിങ്ങ് അറിഞ്ഞുകൂട. ഭര്‍ത്താവിന് അതിനുള്ള സൗകര്യവും സമയവും കണ്ടെത്തുവാന്‍ വിഷമം. അയാള്‍ തന്നെ അതിനൊരു പരിഹാരം കണ്ടെത്തി.

സമീര്‍ താമസിച്ചിരുന്നത് അവരുടെ അടുത്തായിരുന്നതിനാല്‍ ശേഖര്‍ സമീറിനെ രേണുകയെ കൊണ്ടുവരാനും കൊണ്ടുവിടാനും ഏര്‍പ്പാടാക്കി. സമീര്‍ മാസ്റ്റേര്‍സിന് പഠിക്കുവാന്‍ കേരളത്തില്‍ നിന്ന് അതേ കോളജില്‍ വന്നിരിക്കയാണ്.

അവര്‍ക്കിടയില്‍ അനേകം സമാനതകള്‍. മലയാളം സിനിമയോടും അതിന്റെ അഭിനേതാക്കളോടും ഇരുവര്‍ക്കും കഠിനമായ കമ്പം. മലയാളസിനിമ കുറച്ചു തവണ കാണുവാന്‍ പോയത് സമീറിനൊപ്പം. ശേഖറിന് ജോലി സംബന്ധമായ തിരക്കുകളായിരുന്നു. അത്യാവശ്യമായി ഒരു പ്രോജെക്റ്റ് തീര്‍ക്കേണ്ടതിനാല്‍ ശേഖറിന് ശനിയാഴ്ചയും ജോലിക്ക് പോകേണ്ടിവന്നു. രേണുക ശനിയാഴ്ച തനിച്ചിരിക്കേണ്ടന്നും സമീറിനൊപ്പം സിനിമക്ക് പോകുവാനും ശേഖറാണ് നിര്‍ബന്ധിച്ച്തത്. അവരെ പലപ്പോഴായി ഒന്നിച്ചുകണ്ടപ്പോള്‍ മറ്റുമലയാളികള്‍ തമ്മില്‍ തമ്മില്‍ നോക്കി. അവരെക്കുറിച്ച് കഥകള്‍ പറഞ്ഞുണ്ടാക്കി. ആ കഥകള്‍ രേണുകയുടെ ചെവിയിലും എത്തി. അതില്‍ അവള്‍ ഗൂഡമായ ഒരു ആനന്ദം കണ്ടെത്തി. രേണുക കോളജില്‍ പോകുവാന്‍ ശുഷ്‌കാന്തി കാട്ടി. അത് പഠനത്തിനോടുള്ള അഭിനിവേശം കൊണ്ടായിരുന്നില്ല. അവള്‍ ശേഖറിനേക്കാള്‍ കൂടുതല്‍ സമയം സമീറിനൊപ്പം ചെലവാക്കി. കോളജ് വിട്ടുവന്നാല്‍ പഠിക്കുവാനുണ്ടെന്ന വ്യാജേന മുറിയില്‍ അടച്ചിരുന്നു സ്വപ്നം കണ്ടു. അവളുടെ സൗഹൃദം പ്രേമമായി വളരുകയായിരുന്നു. തന്റെ വികാരങ്ങള്‍ സമീര്‍ മനസ്സിലാക്കുന്നില്ല എന്നുകണ്ടപ്പോള്‍ അവള്‍ക്ക് തന്റെ പ്രേമം വെളിപ്പെടുത്തേണ്ടിവന്നു.

'രേണുക എന്ത് അബദ്ധമാണ് പറയുന്നത്? നീ വിവാഹിതയാണ്' സമീറിന്റെ പ്രതീകരണം ഇതായിരുന്നു.
'
വിവാഹിതയാണ് എന്ന കാരണത്താല്‍ തന്റെ സ്‌നേഹം തിരസ്‌കരിക്കുന്നു. അവള്‍ക്ക് താലി പൊട്ടിച്ചെറിയണമെന്നും ശേഖറിനെ വിട്ട് പോകണമെന്നും തോന്നി.

സമീറിന്റെ സംഭാഷണത്തില്‍ നിന്നും അയാളൊരു സമ്പന്ന കുടുംബത്തിലെ അംഗമാണന്നും അയാള്‍ക്ക് വിവാഹാലോചനകള്‍ വരുന്നുണ്ടെന്നും മനസിലായി. അവര്‍ സമൂഹത്തില്‍ ഉന്നതനിലയില്‍ ജീവിക്കുന്നവരാണന്ന് വ്യക്തമായിരുന്നു.

ദിവസങ്ങള്‍ കഴിയുമ്പോള്‍ സമീറിന്റെ മനസ് മാറുമെന്ന് രേണുക പ്രതീക്ഷിച്ചു.

തിരിച്ചുകിട്ടാത്ത സ്‌നേഹം ഭിക്ഷാപാത്രത്തിലേക്കെറിയുന്ന നാണയങ്ങളാണ്.

അവളുടെ ഉണര്‍വ്വും ഉത്സാഹവും നഷ്ടപ്പെട്ടു. ഭക്ഷണത്തിന് ഒന്നിനും രുചിയില്ലെന്നു തോന്നി. ഊണിനിരിക്കുമ്പോള്‍ വിരലുകള്‍ പ്ലേറ്റില്‍ ചിത്രങ്ങള്‍ വരച്ചു. അവളില്‍ വന്ന മാറ്റങ്ങള്‍ ശേഖറും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

'നിനക്കെന്തു പറ്റി? അസുഖം വല്ലതും? ഡോക്ടറെ കണ്ടാലോ?' ശേഖര്‍ അവളുടെ നെറ്റിയില്‍ കൈ വെച്ച് അന്വേഷിച്ചു.

തനിക്കൊന്നുമില്ലെന്ന് അവള്‍ തലയാട്ടി.

സമീറിന്റെ പരീക്ഷയടുത്തു. അതുകഴിഞ്ഞാലുടന്‍ സമീര്‍ മടങ്ങിപ്പോവും. കുടുംബബിസ്സിനെസ്സ് ഏറ്റെടുത്ത് നടത്തും.ഏതെങ്കിലും സമ്പന്നയായപെണ്‍കുട്ടിയെ വിവാഹം ചെയ്യും.

രേണുകക്ക് ചിന്തിച്ചപ്പോള്‍ സഹിക്കാനായില്ല.

അവളാകെ തകര്‍ന്നു. ജീവിതത്തിന് അര്‍ഥവും ലക്ഷ്യവും ഇല്ലെന്നു തോന്നി. സമീര്‍ ഉടന്‍ മടങ്ങുകയാണ് അവള്‍ ഒരുവിധത്തില്‍ ഡിന്നര്‍ പാചകപ്പെടുത്തി ശേഖറിനൊപ്പം കഴിച്ചെന്ന് വരുത്തി. ഊണു കഴിച്ചപ്പോള്‍ രേണുക അസാധാരണമായി മൗനമായിരുന്നു. അവരുടെ വളര്‍ത്തുകിളികള്‍ ഭക്ഷണത്തിനായി ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. അവള്‍ കേട്ട ഭാവമേയില്ല. രേണുക ബാത്ത്രൂമിലെ മെഡിസിന്‍ ക്യാബിനെറ്റില്‍ നിന്നും തലവേദനക്കുള്ള ഒരു കുപ്പി ഗുളികകളെടുത്തു. കുറെ ഗുളികകളും ഒരു ഗ്‌ളാസ് വെള്ളവുമുണ്ടെങ്കില്‍ എല്ലാമവസാനിച്ചു കിട്ടും. വേദനകളറിയാതെ ദുഃഖങ്ങളില്ലാത്തൊരു ലോകത്തിലേക്ക് യാത്രയാവാംരേണുകചിന്തിച്ചു. അവള്‍ വെള്ളമെടുക്കാനായി അടുക്കളയിലേക്ക് ചെന്നു. ശേഖര്‍ അടുക്കളയില്‍ കിളികള്‍ക്ക് ഭക്ഷണം കൊടുത്തു. അതിലൊന്നിനെ കൂടിനു പുറത്തെടുത്ത് കളിപ്പിക്കയാണ്. അവള്‍ വെള്ളമെടുക്കാനെന്നമട്ടില്‍ അടുക്കളയില്‍ നിന്നു പരുങ്ങി. അവള്‍ അവസാനം വെള്ളമെടുത്ത് ഗുളികയും കഴിച്ച് കിടക്കമുറിയിലേക്ക് നടന്നു. കട്ടിലില്‍ കയറിക്കിടന്നു. ശേഖര്‍ അവളുടെപുറകെ മുറിയിലേക്ക് വന്ന് അവിടെയെല്ലാം പരതി നടന്നു. അയാള്‍ ഗുളികക്കുപ്പി കണ്ടെടുത്ത് ബാത്ത്രൂമിലേക്ക് നടന്നു. അല്‍പസമയത്തിനുള്ളില്‍ ടോയ്‌ലെറ്റ് ഫ്‌ലഷ് ചെയ്യുന്നതു കേട്ടു. ഗുളികകള്‍ വെള്ളത്തില്‍ ഒഴുക്കിക്കാണും. എന്താണ് ശേഖറില്‍നിന്ന് പ്രതീക്ഷിക്കേണ്ടതെന്നറിയാതെ രേണുക കണ്ണുകള്‍ ഇറുക്കി കിടന്നു.

നെറ്റിയില്‍ കരസ്പര്‍ശം ഏറ്റപ്പോള്‍ കണ്ണുതുറന്നു.

'എന്ത് അബദ്ധമാണ് രേണുകേ നീ കാട്ടുവാന്‍ പോയത്? നിനക്ക് ജീവന്‍ കളയേണ്ട കാര്യമൊന്നുമില്ലല്ലോ! ഈ വിവാഹബന്ധം ഇഷ്ടമില്ലങ്കില്‍ ഡിവോര്‍സിന് അപേക്ഷിക്കാമായിരുന്നു. ഞാന്‍ സമ്മതിക്കുമായിരുന്നല്ലോ. കുറെ നാളുകളായി ഞാന്‍ ശ്രദ്ധിക്കുന്നു, നിനക്കു മറ്റാരെയോ ആണ് ഇഷ്ടം. അത് ആരന്ന് എനിക്കറിയില്ല.അറിയുകയും വേണ്ട. ഞാന്‍ മാറിത്തരുവാന്‍ ഒരുക്കമാണ്. എനിക്കും കുറവുകള്‍ ഉണ്ടെന്നറിയാം. ഒരു രണ്ടാം വിവാഹത്തിന് ഞാന്‍ ഒരുങ്ങരുതായിരുന്നു. നിനക്ക് ഈ ബന്ധം തുടര്‍ന്നുകൊണ്ട് പോവണമെങ്കില്‍ അങ്ങനെയും ആവാം. നീ സന്തോഷമായിരുന്നാല്‍ മതി.' അയാള്‍ മുറി വിട്ടിറങ്ങി.

ശേഖര്‍ സ്വീകരണമുറിയില്‍ ലക്ഷ്യമില്ലാതെ നടക്കുന്നത് രേണുകക്ക് കാണാമായിരുന്നു. അയാള്‍ വല്ലാതെ വിഷമിക്കുണ്ടാവും.

ഒരു കുട്ടിയുണ്ടെങ്കില്‍ സ്‌നേഹിക്കുവാന്‍ ഒരാളാവുമല്ലോ! സ്വന്തമെന്ന് പറയുവാനും അവള്‍ ചിന്തിച്ചു. 'എനിക്കൊരു കുട്ടിവേണം'. അയാളുടെ നരകയറിയ നെറ്റിത്തടത്തിലേക്ക് നോക്കി അവള്‍ പറഞ്ഞു. 'ഈ വയസുകാലത്ത് ഇത്തരം ഉത്തരവാദിത്വം വേണോ?. രണ്ടു കുട്ടികള്‍ ഉള്ളതു പോരെ?' എന്നായിരുന്നു അയാളുടെ മറുപടി. രണ്ടുകുട്ടികള്‍ ആദ്യത്തെ വിവാഹബന്ധത്തില്‍ ഉള്ളവരാണെന്നും അവര്‍ ദൂരെ കോളജില്‍ ആണെന്നും അയാള്‍ മറക്കുന്നു. അമ്മയാകുക എന്നത് ഒരു സ്ത്രീയുടെ മൗലികാവകാശമാണ്. ഒരു കുട്ടിക്കുവേണ്ടി അവള്‍ ദാഹിച്ചു.

'ശേഖറിന്റെ സൗകര്യങ്ങള്‍ അനുസരിച്ച് കഴിച്ചുകൂട്ടാനുള്ളതല്ല തന്റെ ജീവിതം.' രേണുക മനസ്സില്‍ പറഞ്ഞു.

അവരുടെയിടയില്‍ അകല്‍ച്ചയുടെ കുതിരക്കുളമ്പടി ശക്തമായി. രാത്രിയും പകലുമെന്നപോലെ, സൂര്യനും ചന്ദ്രനും എന്നവണ്ണം വ്യത്യസ്ഥ ജിവിതം. രേണുക ജോലിയന്വേഷിച്ചുതുടങ്ങി, വീട്ടില്‍ വെറുതെ ഇരിക്കുമ്പോളാണ് ചിന്തകള്‍ കടിഞ്ഞാണ്‍പൊട്ടിച്ച് പായുക. ശേഖറിനെ സ്‌നേഹിക്കുവാന്‍ കഴിയാതെ കൂടെത്താമസിക്കുന്നത് ഉചിതമല്ലാത്തതിനാല്‍ വിവാഹമോചനം ആവശ്യപ്പെട്ടു. ശേഖര്‍ മടികാട്ടിയില്ല, അവളെ സ്വതന്ത്രയായി വിടുന്നുതാണ് നല്ലതെന്ന് തോന്നിയിരുന്നു.

ലഭിക്കാത്ത സ്‌നേഹം പിടിച്ചുപറിക്കുവാന്‍ സാധ്യമല്ലല്ലോ!


വിവരമറിഞ്ഞപ്പോള്‍ അഛനും അമ്മയും നിരാശരായി. രേണുക ആവിടെ സുഖമായി കഴിയുകയാണ് എന്നായിരുന്നു അവരുടെ ധാരണ.

ഇന്ത്യന്‍ സമൂഹത്തില്‍ പലകിംവദന്തികളും പടര്‍ന്നതിനാല്‍ അവള്‍ ദൂരെയുള്ളൊരു പട്ടണത്തിലേക്ക് മാറിത്താമസിച്ചു. അവിടെയാവുമ്പോള്‍ അവളെയും അവളുടെകഥകളും ആര്‍ക്കും അറിയില്ലല്ലോ! രേണുക കിട്ടിയജോലി സ്വീകരിച്ചു. ശമ്പളംകൊണ്ട് കഷ്ടപ്പെട്ട് ജീവിച്ചു. ഈസമയമെല്ലാം അഛനുമമ്മയും അവള്‍ തിരികെച്ചെല്ലുവാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. രേണുക പിടിച്ചുനിന്നു. അവര്‍ക്കൊരു ഭാരമായിത്തീരുവാന്‍ അവള്‍ ആഗ്രഹിച്ചില്ല. ഏകദേശം ഒരുവര്‍ഷം എടുത്തു ഭേദപ്പെട്ട ജോലി കിട്ടുവാന്‍.

രേണുക ജോലിയെ സ്‌നേഹിച്ചു. സഹപ്രവര്‍ത്തരെ ഇഷ്ടമായി. അവരുടെയിടയില്‍ ഒരു ഇന്ത്യക്കാരനും ഉണ്ടെന്ന് ശ്രദ്ധിച്ചു, സച്ചന്‍. പലപ്പോഴും അവളോട് അടുക്കുവാന്‍ ശ്രമിക്കുന്നു. അവരുടെ കണ്ണുകള്‍ കൂട്ടിമുട്ടിയപ്പോള്‍ രേണുക വീണുപോകാതെ പിടിച്ചുനിന്നു. വീണ്ടും വേദനിക്കുവാന്‍ അവള്‍ തയ്യാറല്ലായിരുന്നു.


അവള്‍ക്കു അതുവരെ നിര്‍ഭാഗ്യമെ സംഭവിച്ചിട്ടുള്ളു. അവള്‍ സമീറിനെ ഓര്‍ത്തു. അയാള്‍ ഇപ്പോള്‍ എവിടെ ആയിരിക്കും?.

'സച്ചനും നിന്നെപ്പോലെ തന്നെ' സഹപ്രവര്‍ത്തക ഡിപ്പാര്‍ട്ടുമെന്റില്‍ ഉള്ളവരുടെ വിശേഷങ്ങള്‍ പറഞ്ഞുകൊടുക്കുകയായിരുന്നു. രേണുക അവരെ ചോദ്യരൂപേണ നോക്കി.

'സച്ചനും ഈയിടെയാണ് ഡിവോര്‍സിലൂടെ കടന്നുപോയത്.'

അധികദിവങ്ങള്‍ കഴിഞ്ഞില്ല. സ്റ്റാര്‍ട്ട്‌ചെയ്യുവാന്‍ വിസമ്മതിക്കുന്ന കാറും അതിന്റെ ഡ്രൈവര്‍സീറ്റില്‍ ഇരിക്കുന്ന രേണുകയെയുമാണ് ഓഫീസില്‍നിന്നിറങ്ങുമ്പോള്‍ സച്ചന്‍ കണ്ടത്. ശേഖറിനൊപ്പം താമസിക്കുന്നകാലത്ത് കാറിന്റെ കാര്യങ്ങളൊന്നും ശ്രദ്ധിച്ചിട്ടതേയില്ല.

അതൊരു പ്രണയബന്ധത്തിന്റെ തുടക്കമായിരുന്നെന്നറിയാതെ രേണുക അയാളോടു സംസാരിച്ചു. അന്ന് സച്ചനാണ് സഹായിച്ചത്. വൈകി കണ്ടെത്തിയ രണ്ടാത്മക്കള്‍. അവരുടെബന്ധം വളര്‍ന്നുപടര്‍ന്നു. വൃക്ഷങ്ങളില്‍ തളിരിലകള്‍ വരികയും ചെടികള്‍ പൂക്കുകയും ചെയ്‌തൊരു വസന്തകാലത്ത് സച്ചന്‍ തന്റെ വീട്ടിലേക്ക് വിളിച്ച് രേണുകയെ വിവാഹം ചെയ്യുന്ന വിഷയം അവതരിപ്പിച്ചു. അവര്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല , എതിര്‍ത്താലും വിവാഹം ചെയ്യും, മകനെയും നഷ്ടപ്പെടും എന്ന് വിചാരിച്ചിട്ടാവണം.

അവരുടെ ജീവിതത്തിലേക്ക് നറുമണവുമായി വന്ന കുളിര്‍കാറ്റാണ് മായ. അവളുടെ കണ്ണുകള്‍ നിറയുന്നത് കാണുവാന്‍ കഴിയില്ല.. ഒരു പക്ഷെ തന്റെ ഇന്നു വരെയുള്ള ജീവിതകഥകള്‍ പറഞ്ഞാല്‍ അവള്‍ക്ക് ആശ്വാസം കണ്ടെത്തുവാന്‍ കഴിഞ്ഞേക്കും. അമ്മയുടെ ജീവിതം എത്ര കാറ്റും കോളും നിറഞ്ഞതായിരുന്നു എന്നവള്‍ക്ക് മനസ്സിലാവും. ഒരിക്കല്‍ താന്‍ ശേഖറുമായി വിവാഹിതയായിരുന്നുവെന്ന് മായക്കറിയാം. അവസാനം ഇഷ്ടപ്പെട്ട ഇണയെ കണ്ടെത്തിയത് സച്ചനിലാണ്. ഓരോ വള്ളിക്കും ചുറ്റുവാന്‍ ഒരു താങ്ങുണ്ടാവും. ചിലപ്പോള്‍ താങ്ങ് കണ്ടെത്തുവാന്‍ സമയമെടുക്കും. തന്റെ അനുഭവങ്ങള്‍ മായയോട് പറഞ്ഞാല്‍ ചെറുപ്രായത്തില്‍ അവള്‍ക്കെല്ലാം ശരിയായിമനസ്സിലാവാതെ അമ്മയെക്കുറിച്ചുള്ള ധാരണ മാറാനും വഴിയുണ്ട്. അതിനെക്കുറിച്ചാലോചിച്ചപ്പോള്‍ രേണുകക്ക് നെഞ്ചുപൊട്ടി. അമ്മമാര്‍ മക്കള്‍ക്ക് ദൈവമാണ്, പെണ്‍വേഷമണിഞ്ഞ ദൈവങ്ങള്‍.

ഫോണ്‍ അടിച്ചു, രേണുക എടുത്തപ്പോള്‍ അങ്ങേത്തലയ്ക്കല്‍ മായയോട് സംസാരിക്കണമെന്നാവശ്യപ്പെട്ട ഒരു പുരുഷ ശബ്ദമായിരുന്നു. ഫോണ്‍ മായയുടെ നെരേനീട്ടി. അവള്‍ 'ഹലൊ' പറഞ്ഞു. പിന്നീട് കുറച്ചു നിമിഷത്തേക്ക് സംസാരിച്ചില്ല, ശ്രദ്ധിച്ച് കേള്‍ക്കുകയായിരുന്നു. രേണുകയുടെ ഹൃദയമിടിച്ചു.

'മൈക്ക്, നിനക്കു തോന്നുമ്പോള്‍ പ്രേമിക്കാനും പ്രേമിക്കാതിരിക്കാനും എനിക്കാവില്ല. തുടച്ചുമാറ്റാവുന്ന ഒന്നാണോ സ്‌നേഹം? ഇനി ഇങ്ങനെ സംഭവിക്കില്ലെന്ന് ആരറിഞ്ഞു? നമ്മള്‍ കാണാതിരിക്കുന്നതാണ് നല്ലത്. ഞാന്‍ നിമിത്തം നീ കോളേജ് മാറാനൊന്നും പോവേണ്ട.' രേണുകയെ അമ്പരപ്പിച്ച് മായ പറഞ്ഞു. അവളുടെ ശബ്ദത്തില്‍ നിശ്ചയദാര്‍ഢ്യം ഉണ്ടായിരുന്നു. മായ ഫോണ്‍ താഴെ വെച്ചു.'വരു അമ്മേ, എനിക്ക് വിശക്കുന്നു, നമുക്കു വല്ലതും കഴിക്കാം'

രേണുകയുടെ മനസ്സില്‍ ആശ്വാസത്തിന്റെ തിരി കത്തി. വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടിയതില്‍ ലജ്ജ തോന്നി. മായ താന്‍ ഭയന്നതു പോലെയല്ല. തീരുമാനങ്ങളെടുക്കുവാനും അതില്‍ ഉറച്ചു നില്‍ക്കുവാനുമറിയാം. ആദ്യം കാണുന്ന പൂവിന്റെ മാത്രമേ തേന്‍ നുകരു എന്നു വാശിപിടിക്കുന്നില്ല. അപ്പോള്‍ സച്ചന്റെ കാറിന്റെ ലൈറ്റ് ജനാലവഴി മുറിയിലടിച്ചു . അതിന്റെ വെളിച്ചത്തില്‍ മായയുടെ നിറമിഴികള്‍ രേണുക കണ്ടു.

റീനി മമ്പലം

ചരിത്രം ആവര്‍ത്തിക്കുന്നു (ചെറുകഥ: റീനി മമ്പലം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക