Image

തനിയാവര്‍ത്തനം (ജ്യോതിലക്ഷ്മി നമ്പ്യാര്‍)

Published on 31 December, 2016
തനിയാവര്‍ത്തനം (ജ്യോതിലക്ഷ്മി നമ്പ്യാര്‍)
“ഈ പുതുവര്ഷമെങ്കിലും കള്ളുകുടിയൊന്നുമാറ്റി ഈ മനുഷ്യനെ എനിയ്‌ക്കൊരു നല്ല മനുഷ്യനാക്കി തരുമോ ദൈവമേ? എത്രയോ കാലമായി ഞാന്‍ ഇതിനായി അങ്ങയോടു മുട്ടിപ്പായി പ്രാര്‍ത്ഥിയ്ക്കാന്‍ തുടങ്ങിയതാണ്. ഇനിയെങ്കിലും ഒന്ന് കണ്ണ് തുറക്കു ദൈവമേ. കള്ളുകുടി എന്ന ഒരു ചീത്ത സ്വഭാവം മാറ്റിയാല്‍ എത്രയോ നല്ല മനുഷ്യനാണ്! ഒരു പ്രേമവിവാഹത്തിലൂടെ ഗുജറാത്തിയും, അന്യമതക്കാരനുമായ പട്ടേലും ഞാനും ഒന്നിച്ചുവെങ്കിലും, എന്റെ കര്‍ത്താവിനോടു പ്രാര്‍ത്ഥിയ്ക്കുന്നതിനോ, പള്ളിയില്‍ പോകുന്നതിനോ പരിശുദ്ധമായ ബൈബിള്‍ കൊണ്ടുനടക്കുന്നതിനോ ഒന്നിനും അദ്ദേഹം എനിയ്‌ക്കൊരു തടസ്സമാകാറില്ല. വിവാഹത്തിന് ശേഷം ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിയാത്ത എന്നെ ഒരു തരത്തിലും അദ്ദേഹം കഷ്ടപ്പെടുത്തിയിട്ടില്ല. അതുമാത്രമല്ല അങ്ങിനെ ഒരു വിഷമത്തെക്കുറിച്ച് ഓര്‍ക്കാന്‍ എനിയ്‌ക്കൊരു അവസരം അദ്ദേഹം തന്നില്ല. ഇത്രയും നല്ല ഒരു മനുഷ്യനെ ഈ കള്ളുകുടി എന്ന സ്വഭാവം വേട്ടയാടുന്നു. കനിവുള്ള കര്‍ത്താവേ എന്റെ പ്രാര്‍ത്ഥന അങ്ങ് കൈക്കൊള്ളണം” എന്ന് പ്രാര്‍ത്ഥിച്ച് ബൈബിളില്‍ തൊട്ടു കുരിശുവരച്ച് ത്രേസ്യ കണ്ണുതുറന്നു. കണ്‍തടങ്ങളില്‍ അടര്‍ന്നുവീണ കണ്ണുനീര്‍ തുടച്ച് തിരിഞ്ഞുനടന്നു.

അടുക്കി ഒതുക്കി വച്ച, പട്ടേലിന്റെ മേശയ്ക്കുമേല്‍ മാറി കിടന്നിരുന്ന ഡയറി ത്രേസ്യയുടെ കണ്ണില്‍പ്പെട്ടു. ആകാംക്ഷയോടെ ഏടുകള്‍ മറിച്ചുനോക്കി. ആദ്യപേജില്‍ ഛിന്നഭിന്നമായി എഴുതിപിടിപ്പിച്ച വരികള്‍ വായിച്ചു. ഓരോ വരികള്‍ വായിച്ച് മുന്നേറുംതോറും ത്രേസ്യയുടെ മുഖം ഒരു പൂപോലെ വിടര്‍ന്നു. സന്തോഷം സഹിയ്ക്കാനാകാതെ കര്‍ത്താവിന്റെ രൂപത്തിനുനേരെ തിരിഞ്ഞു വീണ്ടും മൂന്നുപ്രാവശ്യം കുരിശുവരച്ചു. ഒരല്പനേരം തുടര്‍ന്ന ആ സന്തോഷം എന്ന വികാരത്തില്‍ ഒരു സംശയത്തിന്റെ നിഴല്‍ വീണു.

ഉയരം കുറഞ്ഞു, തടിച്ച പട്ടേലിന് താന്‍ പഴയകാല സിനിമയിലെ ദേവാനന്ദാണെന്നാണ് ഭാവം. പ്രകാശത്തില്‍ വെട്ടിത്തിളങ്ങുന്ന അദ്ദേഹത്തിന്റെ കഷണ്ടിത്തല, വെറും കഷണ്ടിയല്ല , ഒരു മുടിപോലും അവശേഷിയ്ക്കാത്ത പെട്ടത്തല കണ്ടാല്‍ കൈകാലുകളിലും, നെഞ്ചിലും വാരിക്കോരി മുടി നല്‍കിയ ഇദ്ദേഹത്തിന്റെ തലയില്‍ മുടിനല്‍കാന്‍ ഈശ്വരന്‍ പാടെ മറന്നുപോയോ എന്ന് തോന്നും. മദ്യത്തിന്റെ ഉപയോഗം കൊണ്ടാകാം കണ്ണുകളില്‍ രക്തവര്‍ണം കലര്‍ന്നിട്ടുണ്ട്. പറഞ്ഞതനുസരിയ്ക്കാതെ ഇടഞ്ഞു നില്‍ക്കുന്ന കുട്ടികളെപ്പോലെ രണ്ടുവശങ്ങളിലും നിരയില്‍ നിന്നും വിട്ടു നില്‍ക്കുന്ന പല്ലുകള്‍ ആ ചിരിയില്‍ തെളിഞ്ഞു കാണാം. ഇന്‍ ചെയ്ത ഷര്‍ട്ടിനുള്ളില്‍ പാടുപെട്ടു മറച്ചുവച്ച കുടവയര്‍, പട്ടേലിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കുടവയറല്ല, പണ കുംഭ. അതിനുതാഴെ വയറിനെ താങ്ങിപിടിച്ചതുപോലെ അണിഞ്ഞിരിയ്ക്കുന്ന ബെല്‍റ്റ്. മലമുകളില്‍നിന്നും കുത്തിയൊലിച്ച് വരുന്ന വെള്ളച്ചാട്ടം പോലെ കുടവയറിലൂടെ താഴെ കിടക്കുന്ന ടൈ. മുംബൈ നഗരത്തില്‍ സ്വന്തമായ ഒന്ന് രണ്ടു കടകളുള്ള ഒരു ബിസിനസുകാരനാണ് പട്ടേല്‍. അത്യാവശ്യം ജീവിച്ചുപോകാനുള്ള എഴുത്തും വായനയും മാത്രമേ കൈവശമായുള്ളുവെങ്കിലും , ബിസിനസ്സ് മാനേജ്‌മെന്റില്‍ ബിരുദം നേടിയവരെപ്പോലും ചിന്തിപ്പിച്ചിരുത്തുന്ന കച്ചവടതന്ത്രമാണ് പട്ടേലിന്റേത്. വലിയ വില കിഴിവ്, ആദായകച്ചവടം എന്നീ ഓരോ തരത്തില്‍ ജനങ്ങളെ ആകര്‍ഷിച്ച് മുന്തിയ വിലയില്‍ കച്ചവടം നടത്തി കൊള്ളലാഭമെടുക്കുക, ഗുണമേന്മയില്ലാത്ത സാധനങ്ങള്‍ കൊണ്ടുവന്ന ഇല്ലാത്ത മേന്മ വാചകകസറത്ത് ചേര്‍ത്ത് ഉപഭോക്താക്കളെ കണ്ണ് തള്ളിപ്പിയ്ക്കുക ഇതെല്ലാം ആ തന്ത്രങ്ങളില്‍ ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ കടയില്‍ വരുന്ന മിക്കവാറും ഉപഭേക്താക്കളെ കുറിച്ചും അവരുടെ കുടുംമ്പത്തെക്കുറിച്ചും പട്ടേലിന് നന്നായി അറിയാം. അതും കച്ചവടത്തിന്റെ ഒരു സൂത്രമാണ്. വാചകകസറത്തുകൊണ്ട് ആരെയും വശത്തിലാകും. പ്രതേകിച്ചും പെണ്ണുങ്ങളെ, അതാണ് പട്ടേലിന്റെ വാചാലത. ഏതു രീതിയിലും കച്ചവടത്തില്‍ പണമുണ്ടാക്കാന്‍ ഇയാള്‍ മിടുക്കനാണ്. താന്‍ കാണിയ്ക്കുന്ന തന്ത്രങ്ങളെല്ലാം ദൈവത്തിന്റെ പൂര്‍ണ്ണ സമ്മതത്തോടെയാണ് എന്നതാണ് പട്ടേലിന്റെ ഭാവം. അതിനാല്‍ പൂച്ച പാല് കുടിയ്ക്കുന്നതുപോലെയാണ് പട്ടേലിന്റെ തന്ത്രങ്ങള്‍. ഏതു രീതിയിലും പണമുണ്ടാക്കണം ഇതിനൊരല്പം കള്ളവും ചതിയുമെല്ലാം കൈമുതലായുണ്ട്.

വീട്ടിലെ ഇല്ലായ്മയില്‍ എങ്ങിനെയൊക്കെയോ പഠനം പൂര്‍ത്തിയാക്കിയ ത്രേസ്യ മുംബൈയില്‍ വന്നു ആദ്യമായി ജോലിയ്ക്കു കയറിയത് ഒരു ക്ലിയറിംഗ് കമ്പനിയില്‍ ആയിരുന്നു. അന്ന് സ്വന്തമായ ബിസിനസ്സൊന്നും ഇല്ലായിരിന്ന പട്ടേല്‍ ആരുടെയോ കമ്പനിയില്‍ ജോലിചെയ്തിരുന്നപ്പോള്‍ കമ്പനി ആവശ്യത്തിനായി ത്രേസ്യയുടെ ഓഫീസില്‍ വരുമായിരുന്നു. അങ്ങിനെ തുടങ്ങിയതാണീ ഇവരുടെ പരിചയം. പിന്നീട് ഈ പരിചയത്തില്‍ പ്രണയത്തിന്റെ ചുവന്ന റോസ്സാപ്പൂ വിടര്‍ന്നു. അന്നത്തെ കാലഘട്ടത്തില്‍ വ്യത്യസ്ഥ മതങ്ങള്‍ തമ്മില്‍ വിവാഹം നടത്തുന്നതിനെതിരെയുള്ള എതിര്‍പ്പുകളെയെല്ലാം തരണം ചെയ്ത് ത്രേസ്യയും പട്ടേലും ഒന്നായി. അതിനുശേഷമാണ് പട്ടേല്‍ ഈ ഉയര്‍ച്ചയുടെ പടി ചവിട്ടിക്കയറിയത്. ഇത്ര വലിയ ബിസിനസ്സുകാരനായാലും ത്രേസ്യയോട് ആ വാത്സല്യവും സ്‌നേഹവും ഇന്നും അദ്ദേഹത്തിനുണ്ട്. നല്ല ഒരു സംസ്കാരമുള്ള തറവാട്ടില്‍ ജനിച്ച പട്ടേലിന് അന്ന് കാലത്ത് ഒരു ദുസ്വഭാവവും ഇല്ലായിരുന്നു. പിന്നീട് തന്റെ ബിസിനസ്സ് ഇടപാടുകളില്‍ നിന്നുമുണ്ടായ പുതിയ കൂട്ടുകെട്ടില്‍ നിന്നുമാണ് കള്ളുകുടി എന്ന ഈ ദുസ്വഭാവം കിട്ടിയത്. ഒരല്‍പം ബിസിനസ്സ് കുതന്ത്രങ്ങള്‍ ഉണ്ട് എങ്കിലും ഒരു നല്ല മനുഷ്യനാണ് പട്ടേല്‍. കട അടച്ച കൃത്യനിഷ്ഠയോടെ ത്രേസ്യയുടെ ആവശ്യങ്ങള്‍ നിറവേറ്റി കൊണ്ട് വീട്ടില്‍ വരും. വന്നതിനുശേഷം കുറച്ചുനേരം വീട്ടില്‍ ചിലവഴിച്ച് കൂട്ടുകാരുമായി ഒന്ന് കാറ്റ് കൊള്ളാന്‍ പോകും. ഈ പോക്ക് ശരിയല്ല എന്ന് ത്രേസ്യയ്ക്കും അറിയാം. പിന്നെ കാറ്റുകൊണ്ടു വരുന്ന പട്ടേല്‍ കാറ്റിനു സുഗന്ധവുമായി കാറില്‍ നിന്നും ഉറയ്ക്കാത്ത കാലുമായാണ് വീട്ടില്‍ വന്നു കയറുന്നത്. കുടിയ്ക്കുന്നതിനു മുമ്പ് കണ്ട ത്രേസ്യയോന്നുമല്ല പട്ടേലിനിനവള്‍. ചെകുത്താന്‍ കുരിശുകണ്ടതുപോലെയാണിനി പ്രതികരണം. കുറച്ചുനേരം സഹിച്ച ത്രേസ്യ ചിലപ്പോള്‍ പ്രതികരിയ്ക്കും. പിന്നീട് അവിടെ എന്താണ് സംഭവിച്ചത് എന്ന് ത്രേസ്യയെക്കാള്‍ നന്നായി അയല്‍ക്കാര്‍ വിശദീകരിയ്ക്കും. ലഹരിയെല്ലാം ഒഴിഞ്ഞു, പിറ്റേ ദിവസം രാവിലെ ചിരിച്ച് ‘ഞാന്‍ ഒന്നും അറിഞ്ഞില്ല രാമനാരായണാ’ എന്ന മട്ടില്‍ പോയി അയല്‍ക്കാരോട് ഒരു ക്ഷമായാചനം ഉണ്ട്. ഈ രംഗം അയല്‍വാസികള്‍ക്കെല്ലാം മന:പാഠമാണ്.

"എനിക്കിതിയാനെ അത്ര കണ്ടങ്ങു വിശ്വാസമില്ല. ഇതൊക്കെ എന്നും ചെയ്യുന്ന വാഗ്ദാനങ്ങളല്ലേ . അതിനൊരിയ്ക്കലും ഇതുവരെ സാക്ഷാത്കാരം ഉണ്ടായിട്ടില്ല. പക്ഷെ എന്തായാലും ഈ ഡയറികുറിപ്പ് ഇതാദ്യമായാണ്". താന്‍ വായിച്ച വാചകങ്ങളൊന്നും ത്രേസ്യയ്ക്ക് വിശ്വസിയ്ക്കാനായില്ല. കര്‍ത്താവിന്റെ രൂപത്തിനൊന്നുനോക്കി കുരിശുവരച്ച് ത്രേസ്യ ആ ഡയറിയിലെ വാചകങ്ങള്‍ ഒന്ന് കൂടി വായിച്ചു.

"ജയ് ഗണേഷ് ഈ വര്ഷം ഒരു പുതിയ മനുഷ്യനാകാന്‍ തന്നെ പട്ടേല്‍ തീരുമാനിച്ചു. ഈ വര്ഷം ഞാന്‍ ഒരു മനുഷ്യനെയും പറ്റിയ്ക്കില്ല. കച്ചവടത്തില്‍ ഒരു തട്ടിപ്പും വെട്ടിപ്പും കാണിയ്ക്കില്ല. മാന്യമായി കച്ചവടം നടത്തുന്ന ഒരാളായിരിയ്ക്കും ഇനി മുതല്‍ ഞാന്‍. എന്റെ എല്ലാമായ ത്രേസ്യ അവളാനെന്റെ ഐശ്വര്യം. എല്ലാം ഉപേക്ഷിച്ച് എന്നെ വിശ്വസിച്ച് എന്റെ കൂടെ ഇറങ്ങിവന്ന ഇവളെ ഇനി ഞാന്‍ ഒരിയ്ക്കലും വേദനിപ്പിയ്ക്കില്ല, കരയിപ്പിയ്ക്കില്ല, ഉപദ്രവിയ്ക്കില്ല. ഈ പുതുവര്‍ഷം ഞാന്‍ ഒരു മാതൃകാ ഭര്‍ത്താവാകും അവള്‍ക്ക്. പിന്നെ കുറെ കാലമായി എന്നെ വേട്ടയാടുന്ന കള്ള്കുടി എന്ന, ഈ ത്രേസ്യയെ വിഷമിപ്പിയ്ക്കുന്ന സ്വഭാവം, ഞാന്‍ എന്നന്നേയ്ക്കുമായി ഉപേക്ഷിയ്ക്കും. ഈ സന്തോഷം ഒന്ന് കൊണ്ടാടുവാന്‍ ഡിസംബര്‍ 31നു ഞാന്‍ ഒന്ന് ആഘോഷിയ്ക്കും. ഇതെല്ലം ഭഗവാനോടുള്ള എന്റെ വാഗ്ദാനമായങ്ങു കണക്കാക്കണം. ഇനി ഒരപേക്ഷ, മധുരപ്രിയനായ എനിയ്ക്കു ഈ വര്ഷം മുതലായി തന്ന ഈ പ്രമേഹം എന്ന രോഗം പൂര്‍ണ്ണമായും മാറ്റി ത്രേസ്യയുടെ കൈകൊണ്ടുണ്ടാക്കുന്ന മധുരപലഹാരങ്ങള്‍ കഴിയ്ക്കാന്‍ അങ്ങെന്നെ അനുവദിയ്ക്കണം”. ആ വാചകങ്ങള്‍ മുഴുവന്‍ വായിച്ചിട്ടും വിശ്വാസം വരാതെ ഡയറി അടച്ചുവച്ച് ത്രേസ്യ കര്‍ത്താവിനോട് വീണ്ടും ചോദിച്ചു “കര്‍ത്താവേ ഇദ്ദേഹം ഈ എഴുതിയ വാചകങ്ങള്‍ക്ക് എന്തെങ്കിലും സാക്ഷാത്കാരമുണ്ടോ? അതോ ഈ പുതുവര്‍ഷ പ്രതിജ്ഞ വെറും തനിയാവര്‍ത്തനമാണോ? ഞങ്ങള്‍ക്ക് ഈ പുതുവര്‍ഷം ആനന്ദകരമാകുമോ? ഒരു കുഞ്ഞിനുവേണ്ടിയും, ഇദ്ദേഹത്തിന്റെ ചീത്ത സ്വഭാവം മാറാന്‍ വേണ്ടിയും കര്‍ത്താവിനോട് ഞാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. അതിനു മറുപടിയായി എല്ലാ നന്മകളുടെയും ശുഭ ശകുനമായാണ് അങ്ങ് ഈ ഡയറികുറിപ്പ് എന്നെ കാണിച്ചതെന്ന് ഞാന്‍ വിശ്വസിച്ചോട്ടെ! ഈ ശുഭശകുനം കണ്ട് ആരംഭിയ്ക്കുന്ന ഈ വര്ഷം മംഗളം തന്നെയായിരിയ്ക്കുമെന്ന് ത്രേസ്യ പ്രതീക്ഷിയ്ക്കുന്നു" തിരു രൂപത്തെ ഒന്ന് കൂടി നോക്കി കുരിശുവരച്ചു ത്രേസ്യ.

ജ്യോതിലക്ഷ്മി നമ്പ്യാര്‍
nambiarjyothy@gmail.com
തനിയാവര്‍ത്തനം (ജ്യോതിലക്ഷ്മി നമ്പ്യാര്‍)
Join WhatsApp News
PRG 2017-01-01 21:32:33
ഈയിടെ ഇമലയാളിയിൽ വായിച്ച ലേഖനങ്ങളിൽ ഏറ്റവും മികച്ചത് എന്ന് തോന്നുന്നു. കള്ളുകുടി ഒരുതരം  രോഗം ആണ്. അതുകൊണ്ട് തന്നെ അതിനു ചികിത്സയും ഇല്ല.  ഈ പുതുവർഷ പ്രതിജ്‌ജന വെറും തനിയാവർത്തനം ആകാതെ ശുഭ ശകുനം കണ്ടു ആരംഭിക്കുന്ന ഈ വര്ഷം ത്രേസിയാക്കു മംഗളം ആയിരിക്കട്ടെ എന്നും ആസംസിക്കുന്നു.

ജ്യോതിലക്ഷ്മി -- അഭിനന്ദനം,  ഈ വർഷം പേരും പ്രശസ്തിയും ഉണ്ടാകട്ടെ എന്നും ആസംസിക്കുന്നു.  ഇനിയും എഴുതണം. വളരണം.....

sasidharan 2017-01-04 00:22:33
Excellent & Timely article.
Happy New Year Jyothylaxmi and all readers of Emalayalee and Emalayalee team.
Jack Daniel 2017-01-04 07:06:16
വിശ്വാസം കൈവിടാതെ ജീവിക്കു ത്രേസ്യ. നിന്റെ ഭർത്താവിന്റെ പ്രമേഹ രോഗം മാറട്ടെ. നിനക്ക് ഒരു കുഞ്ഞിക്കാൽ ഉണ്ടാകാൻ ജഗദീശ്വരൻ സഹായിക്കട്ടെ. ജീവിക്കാനുള്ള 'സ്പിരിറ്റാണ് 'എല്ലാം. അത് കൈവിടരുത്. പട്ടേൽ നല്ല മനുഷ്യനാണ് ശ്രദ്ധിക്കണം! ഇപ്പോൾ ഉള്ള ബ്രാൻഡ് മാറി വേറെ ബ്രാൻണ്ടിലേക്ക് മാറാതെ നോക്കണം. ഞാനും ഇതുപോലെ ഔർ തീരുമാനം എടുത്തതാണ്. പിന്നെ ഞാൻ എന്റെ പേര് മാറ്റി. ഇപ്പോൾ എന്റെ പേര് ജാക്ക് ഡാനിയേൽ എന്നാണ്   
Johnny Walker 2017-01-04 11:46:22
ശിവന് പാർവതി എന്നപോലെ പട്ടേലിന് ത്രേസ്യാമയെ ഇഷ്ടമാണ് അതുകൊണ്ടു ഞങ്ങൾ സുഹൃത്തുക്കൾ അദ്ദേഹത്തെ വിളിക്കുന്നത് 'ശിവാശ്രീകൾ' എന്നാണ്    
Sch cast 2017-01-04 13:12:48
ഇന്ത്യയിലെ  ഗവണ്മെന്റ് ആശുപത്രിയില്‍  ബക്കെറ്റ് + ഒക്കെ കൊടുക്കുന്ന പരിപാടി  ഉണ്ടായിരുന്നു . ഇ  പട്ടേല്‍ എന്‍റെ മുന്നില്‍  നില്കുന്നത്  ഓര്‍മ വരുന്നു .ഇന്നു പട്ടേല്‍ വരുമ്പോള്‍ തെര്സിയമ ഒന്ന് തപ്പി നോക്കണം . സ്നേഹം കൊണ്ട് തപ്പി എന്നു പറഞ്ഞാല്‍ മതി.
 കള്ള്‍  കുടിക്കാന്‍ പോകുന്നത് കൂടുകാരുടെ  അടുത്തു  അല്ല . കടയുടെ  പുറകിലെ റോഡില്‍ താമസിക്കുന്ന  ഗുജറാത്തി  പെണ്ണിന്‍റെ   അടുത്താണ് . 2 പേരും കൂടി ഇ ഇടെ  ലികുര് സ്റ്റോറില്‍  നില്‍ക്കുന്നത്  കണ്ടു. പട്ടേലിന്റെ കൈയില്‍  വലിയ ഒരു ജാക്ക് ഡാനിഎല്‍  കുപ്പി  ഉണ്ടായിരുന്നു . ഓ  പിന്നെ അവളുടെ ഒരു കൊഞ്ചലും  കുഴ്ഞാട്ടവും . ഇനി പട്ടേല്‍  പോകുമ്പോള്‍  വേറെ കാറില്‍ ത്രെസിയമ്മ  പുറകെ പോകണം . എന്‍റെ കാറില്‍  ഫ്രീ  ആയി കൊണ്ട് പോകാം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക