Image

കാലപ്രവാഹമേ..നില്‍ക്കൂ (പുതുവര്‍ഷ കുറിമാനം: സുധീര്‍ പണിക്കവീട്ടില്‍)

Published on 31 December, 2016
കാലപ്രവാഹമേ..നില്‍ക്കൂ (പുതുവര്‍ഷ കുറിമാനം: സുധീര്‍ പണിക്കവീട്ടില്‍)
എല്ലാ തുടക്കങ്ങള്‍ക്കും ഒരു അവസാനം ഉണ്ട്. ഈ വര്‍ഷം അവസാനിക്കാന്‍ പോകുന്നു.പോയ വര്‍ഷം പോലെ ഈ വര്‍ഷവും അടുത്ത വര്‍ഷം തീര്‍ന്നുപോകും. ഇങ്ങനെപുതു വര്‍ഷങ്ങള്‍ വന്നുംപോയും ഇരിക്കുന്നു. ഈ കാലപ്രവാഹിനിയുടെ തീരങ്ങളില്‍ അലയുന്ന മനുഷ്യര്‍അവര്‍ തന്നെ കണക്ക്കൂട്ടി നിശ്ചയിച്ചിട്ടുള്ള ദിവസങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു. ആ ദിവസം ആഘോഷിക്കുന്നു. എന്നാല്‍ പ്രക്രുതിയും അപ്പോള്‍ അവരോട് ചേരുന്നുണ്ടെന്നുള്ളത് മറഞ്ഞിരിക്കുന്ന സത്യമാണ്. മുറതെറ്റിക്കാതെ ഋതുക്കള്‍ ഓരോന്നും വന്ന് നമുക്ക് സന്തോഷം തരുന്നു. "ഒട്ടും ലജ്ജയില്ലാതെ മച്ചിന്റെ മേലിരുന്നു ഒളിഞ്ഞ്‌നോക്കിയ വ്രുശ്ചിക പൂനിലാവ് മാഞ്ഞു പോയി.മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ധനുമാസ ചന്ദ്രിക വന്നു."ഈ പ്രപഞ്ചവും ചരാചരങ്ങളും എത്രയോ മനോഹരമായി ദൈവം സ്രുഷ്ടിച്ചിരിക്കുന്നു. എന്നാല്‍ ദൈവം അവന്റെ ഛായയില്‍ സ്രുഷ്ടിച്ച മനുഷ്യരില്‍ വളരെ ചുരുക്കം പേര്‍ മാത്രമേ ആ മനോഹരിതയില്‍ അലിയുന്നുള്ളു; അതിനെ അവകാശപ്പെടുത്തുന്നുള്ളു. സൗമ്യതയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ഭൂമിയെ അവകാശമാക്കുമെന്ന് ബൈബിള്‍ പറയുന്നുണ്ട്.

മനുഷ്യമനസ്സുകള്‍ക്ക് ഹരം പകരുന്നവിധം ദൈവം ഈ ഭൂമിയെ ഒരുക്കിയിട്ടുണ്ടെങ്കിലും മനുഷ്യര്‍ അതു കാണുന്നില്ല. അതൊക്കെ കവികള്‍ക്കും എഴുത്തുകാര്‍ക്കും വിട്ടുകൊടുത്ത് ഭൗതിക നേട്ടങ്ങള്‍ക്ക് പുറകെ മനുഷ്യരാശി പ്രയാണം ചെയ്യുകയാണ്.ഒരു ഇംഗ്ലീഷ് ഗാനത്തിന്റെ ഏകദേശ പരിഭാഷ ഇങ്ങനെ: ഒരു കിളിയുടെ പാട്ടുകേള്‍ക്കുമ്പോഴൊക്കെ, നീലനീലമായ ആകാശം കാണുമ്പോഴൊക്കെ, മഴത്തുള്ളികള്‍ മുഖത്ത് തട്ടി ചിതറുമ്പോഴൊക്കെ, ഒരു കാറ്റു തഴുകി കടന്നുപോകുമ്പോഴൊക്കെ, ഒരു പനിനീര്‍ പുഷ്പത്തിന്റെ ഇതള്‍ തൊടുമ്പോഴൊക്കെ, ലില്ലിയാക്ക് മരത്തിനുസമീപം നടക്കുമ്പോഴൊക്കെ, എനിക്ക് സന്തോഷമാണു; ഞാന്‍ ഈ മനോഹര ഭൂമിയില്‍ ജീവിക്കുന്നു, സ്വര്‍ഗ്ഗത്തിലെ പിതാവ് എനിക്കായ് സ്രുഷ്ടിച്ചതാണീ ഈ ലോകം.ചിത്രശലഭങ്ങളുടെ വര്‍ണ്ണപ്പകിട്ട് കാണാന്‍ അവന്‍ എനിക്ക് കണ്ണുകള്‍ തന്നിരിക്കുന്നു. എല്ലാറ്റിന്റേയും മാന്ത്രിക സ്വരം കേള്‍ക്കാന്‍ അവന്‍ എനിക്ക് കാതുകള്‍ തന്നിരിക്കുന്നു.അവന്‍ എനിക്ക് ജീവിതം തന്നു, മനസ്സും, ഹ്രുദയവും തന്നു.ഞാന്‍ അവനോട്ന്ആദരപൂര്‍വം നന്ദിപറയുന്നു.കാരണം ഞാന്‍ അവന്റെ സ്രുഷ്ടിയുടെ ഒരു ഭാഗമാണ്.

കാലപ്രവാഹമേ ഒരു നിമിഷം നില്‍ക്കൂ! എന്നുവിളിച്ചു പറയാന്‍, കുറച്ച് കാലം കൂടി ഈ ഭൂമിയുടെ മനോഹാരിത നുകരാന്‍ നമ്മളില്‍ ചിലര്‍ക്കെങ്കിലും ആഗ്രഹമുണ്ടാകും. മലയാളത്തിന്റെ പ്രിയ കവി വയലാര്‍'' ഈ മനോഹരതീരത്ത് തരുമൊ ഇനിയൊരു ജന്മം കൂടി" എന്നു പാടുമ്പോള്‍ ഒരു പുനര്‍ജന്മത്തേക്കാള്‍ ഇവിടെ കുറേനാള്‍ കൂടി വര്‍ഷങ്ങള്‍ അനുവദിച്ച് തരുവെന്നുനമുക്ക് പാടാം.ഇംഗ്ലീഷ് കവി ആള്‍ ഫ്രെഡ് ടെന്നിസന്റെ റോബിന്‍ ഹുഡിനെ ആസ്പദമാക്കിയുള്ള വനപാലകര്‍ എന്ന നാടകത്തിന്റെ മൂന്നാമത്തെ രംഗത്തില്‍ റോബിന്‍ ഇങ്ങനെ പറയുന്നുണ്ട്. ജീവിതം ആനന്ദകരമായ ഒരു സംഭവമാണെങ്കില്‍ നാമെന്തിനു ജന്മദിനങ്ങള്‍ ആഘോഷിക്കണം.ഓരോ ജന്മദിനത്തിലും നമ്മുടെ സന്തോഷത്തിന്റെ ഒരു വര്‍ഷം കടന്നുപോകയല്ലേ. പിന്നെപറയുന്നവരികള്‍ വളരെപ്രസിദ്ധമാണ്. എന്നാല്‍ കാലത്തിന്റെ ഉമ്മറപ്പടിയില്‍ ഇരുന്ന് പ്രതീക്ഷമന്ത്രിക്കുന്നു;വരാന്‍പോകുന്ന വര്‍ഷം കൂടുതല്‍ സന്തോഷമുള്ളതായിരിക്കും. ഭാവിനമുക്ക് അപരിചിതമെങ്കിലും പ്രതീക്ഷനല്‍കുന്ന ഉറപ്പില്‍ നമ്മള്‍ ഭാവിയെസ്വാഗതം ചെയ്യുന്നു. വാസ്തവത്തില്‍ പുതുവര്‍ഷാരംഭത്തില്‍ എല്ലാവരും പ്രതീക്ഷഭരിതരാണ്. ഒരു വര്‍ഷം കഴിഞ്ഞ് പോയതില്‍ അവര്‍ ദുഃഖിക്കുന്നില്ല. വരാന്‍പോകുന്ന വര്‍ഷം മനോഹരമാകുമെന്ന സുപ്രതീക്ഷയാണ് അവര്‍ക്കുള്ളത്..
കീറ്റ്‌സിന്റെ കവിതപോലെ,കേട്ടപാട്ടുകള്‍ മധുരമുള്ളത്, കേള്‍ക്കാത്തത് അതിനേക്കാള്‍ മാധുര്യമേറിയത്. നമ്മള്‍ കടന്നുവന്ന വര്‍ഷം പലര്‍ക്കും പലവിധമായിരുന്നു എങ്കിലും എക്ലാവരും ആകാംക്ഷയോടെ പുതുവര്‍ഷത്തെ കാത്തിരിക്കുന്നു. പുതുവര്‍ഷത്തെക്കുറിച്ചുള്ളസങ്കല്‍പ്പങ്ങളിലും വ്യത്യാസങ്ങള്‍ ഉണ്ടു. ഒരു സുന്ദരിയും, ഒരു കുംഭം നിറയെവീഞ്ഞും, ഒരു അപ്പകഷ്ണവും വന്യതെയസ്വര്‍ഗ്ഗമാക്കുമെന്നു ഒമര്‍ ഖയ്യാം പറഞ്ഞത് എല്ലാവര്‍ക്കും സ്വീകാര്യമല്ല. പെണ്ണിന്റെ കാര്യം വരുമ്പോള്‍ ഷണ്ഡന്മാര്‍ കൂട്ടത്തോടെ അതിനെ എതിര്‍ക്കും.എന്നാല്‍ വളയിട്ട കൈകള്‍ നീട്ടുന്നപാനപ്പാത്രത്തിലെ മുന്തിരിനീരു് ഒറ്റവലിക്ക് കുടിച്ച് തീര്‍ക്കാന്‍ മോഹിക്കുന്നു ചിലര്‍. വികാര ജീവികളായ എഴുത്തുകാര്‍ മാത്രം അത് ഓര്‍ത്തും, ആവര്‍ത്തിച്ചും നടക്കുന്നു. നിലാവില്‍ സൂര്യകാന്തിപൂക്കള്‍ മയങ്ങികിടക്കുമ്പോള്‍, നിശാഗന്ധി അതിന്റെ മാദകസൗരഭ്യം പരത്തി വിലാസവതിയാകുമ്പോള്‍, കവികളും എഴുത്തുകാരും ആകര്‍ഷിതരാകുന്നു. എന്നാല്‍ സുരപാനം ചെയ്ത് സമനിലതെറ്റിയവന്‍ അതൊന്നും കാണുന്നില്ല. മുമ്പ്പറഞ്ഞവരുടെ കരളുകള്‍ ആനന്ദിക്കുമ്പോള്‍രണ്ടാമത് പറഞ്ഞവരുടെ കരള്‍ കാലപുരിക്ക് പോകാന്‍ തയ്യാറാകുന്നു.ജീവിതം എങ്ങനെ ആഘോഷിക്കണമെന്ന് ഓരൊരുത്തരും തീരുമാനിക്കുന്നു. മഹാന്മാര്‍പറഞ്ഞതൊക്കെ അക്ഷരം പ്രതിവിശ്വസിക്കുന്നതും അതിനായി കലഹിക്കുന്നതും വ്യര്‍ത്ഥമത്രെ. അസാദ്ധ്യമെന്ന പദം വിഢ്ഢികളുടെ നിഘണ്ടുവിലേ കാണുകയുള്ളുവെന്നുപറഞ്ഞ നെപ്പോളിയന്‍ ബ്രിട്ടിഷ്കാരുടെ തടവുകാരനായി കിടന്നുമരിച്ചു.

പുതുവത്സരത്തെയാണു എതിരേല്‍ക്കേണ്ടത് അല്ലാതെ അത് ആരംഭിക്കുന്നദിവസം മാത്രം പരസ്പരം ആശംസിച്ചും, ആശ്ശേഷിച്ചും, നേരമ്പോക്കുകള്‍ കൈമാറിയും, ലഹരിനുണഞ്ഞും സമയം ചിലവഴിച്ചിട്ട് എന്തു കാര്യം. വരാന്‍പോകുന്ന മുന്നൂറ്റിഅറുപത്തിയഞ്ചേകാല്‍ ദിവസങ്ങള്‍ അടിച്ചുപൊളിക്കാന്‍ തയ്യാറാകണം.ഓരോ നിമിഷവും നഷ്ടപ്പെടുത്താതെ ആസ്വദിക്കുക. നഷ്ടപ്പെടുത്തുന്ന നിമിഷങ്ങള്‍തിരിച്ച് കിട്ടുന്നില്ല. ഇംഗ്ലീഷില്‍ Carpe Diem എന്ന വാക്കിന്റെ അര്‍ത്ഥം നാളെയെക്കുറിച്ച് വേവലാതിപ്പെടാതെ ഇന്നു ജീവിക്കുകയെന്നാണു. അതുകൊണ്ട് ഇപ്പോള്‍ നമുക്ക് ലഭിച്ചിരിക്കുന്ന നിമിഷം പാഴാക്കാതെ അതിനെ ആസ്വദിക്കുക.കാരണം ജീവിതം ക്ഷണികമാണ്.കാമുകിമാര്‍ ഒഴികെ ആരും കാത്ത്‌നില്‍ക്കുന്നില്ല.യുവത്വം മങ്ങിപോകും, പൂക്കള്‍കൊഴിഞ്ഞ്‌പോകും എല്ലാം ക്ഷണനേരത്തേക്ക് മിന്നിതിളങ്ങിനിത്യമായ വിസ്മ്രുതിയിലേക്ക് ആണ്ടുപോകുന്നു.ഹെഡോണിസവും, എപ്പ്പ്പിക്യൂരിയനിസവും കാര്‍പ്പെഡൈമുമായി പലരും ബന്ധപ്പെടുത്തുന്നുണ്ട്. പക്ഷെ അതുമൂന്നും വ്യത്യസ്ഥമായ സിദ്ധാന്തങ്ങാളാണെന്ന് മൂന്നുവിഷയത്തെക്കുറിച്ച് മനസ്സിലാക്കുമ്പോള്‍ ബോദ്ധ്യമാകും.
ബബിബിളില്‍ (മത്തായി 6:33) ഇങ്ങനെപറയുന്നു. "അതുകൊണ്ട്‌നാളെക്കായിവിചാരപ്പെടരുതു, നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതുദിവസത്തിന്നു അന്നന്നത്തെ ദോഷം മതി.''.ഈ നിമിഷം നമ്മളുടേതാണു. അതിനെ ഫലവത്തായി ഉപയോഗിക്കുക. അപ്പോള്‍ ഇന്നും നാളേയും നഷ്ടപ്പെടുന്നില്ല. ഇന്നാണു നിങ്ങള്‍ നാളെയെന്നു പറഞ്ഞ് ഇന്നലെ വേവലാതിപൂണ്ട ദിവസം എന്നു ഒരു മഹാന്‍ പറഞ്ഞിട്ടുണ്ട്.പുതുവര്‍ഷം എന്ന പുതിയപാഠപുസ്തകം ഇതാ എത്തി. അതിലെ ഓരോ പുറങ്ങള്‍ഒന്നൊന്നായി മറച്ചുകൊണ്ട്മുന്നോട്ട്‌നീങ്ങാം. എല്ലാവര്‍ക്കും ഐശ്വര്യസമ്രുദ്ധമായ നവവത്സരാശംസകള്‍നേരുന്നു.

നാമോരോന്നു നിനച്ചിരിയ്‌ക്കെ വെറുതേനീങ്ങുന്നു നാളീവിധം
നാള്‍തോറും വിടരുന്നുമോഹകുസുമം വീണ്ടും നിലാവെന്ന പോല്‍
നാളേനന്മവിതയ്ക്കുവാന്‍ സുനിയതം നിങ്ങള്‍ക്ക് സാധിയ്ക്കുവാ-
നാമോദം നവവത്സരപ്പുലരിയില്‍ നേരുന്നിതാശംശകള്‍ !!
(പി.സി.സി.രാജ, മാങ്കാവ്)

അനുബന്ധം

അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്ക് എടുക്കാവുന്ന ചിലപുതുവത്സരതീരുമാനങ്ങള്‍.(വെറുതെ ചിരിക്കാനും ആനന്ദിക്കാനും വേണ്ടിമാത്രം തയ്യാറാക്കിയത്. പുതുവര്‍ഷത്തെ ചിരിച്ചു കൊണ്ട് എതിരേല്‍ക്കുക) കഴിഞ്ഞവര്‍ഷത്തെസന്ദേശത്തിന്റെ കൂടെ കൊടുത്തതാണു. വായിക്കത്തവര്‍ക്ക് വായിക്കാം വായിച്ചവര്‍ക്ക്‌വീണ്ടും വായിക്കാം.ചിരി ആരോഗ്യത്തിനുള്ളനക്ലഔഷധമാണത്രെ. ചിരിക്ലും കരഞ്ഞും തലമുറകള്‍ ചവിട്ടിക്കുഴച്ചിട്ട വീഥികളിലൂടെ പുതിയ വര്‍ഷത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ മുന്നോട്ടുള്ളപ്രയാണത്തിനു ആരോഗ്യം സഹായകമാകും.

* ധാരാളം വായിക്കണം, അത് അവനവന്‍ എഴുതിയതായാല്‍ ഉത്തമം.

* വായിക്കാന്‍ആളിക്ലെങ്കിലും എഴുതികൊണ്ടേയിരിക്കണം.

* അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ടെങ്കില്‍, കിട്ടാന്‍ അര്‍ഹതയുണ്ടെങ്കില്‍പുറത്ത്പറയാതിരിക്കണം. കാരണം അത് കാശ്‌കൊടുത്ത്‌വാങ്ങിയതാണന്നേ ജനം പറയൂ. പ്രത്യേകിച്ച് സമ്പന്നനായ അമേരിക്കന്‍ മലയാളി എഴുത്തുകാരന്റേതാകുമ്പോള്‍.

* അക്ബര്‍ കക്കട്ടില്‍ പറഞ്ഞപോലെ എഴുതാന്‍ ശ്രമിക്കണം.

* യൗവ്വനകാലത്തെ പടങ്ങള്‍ രചനക്കൊപ്പം കൊടുക്കണം.

* എഴുതുന്നത് എല്ലാപ്രസിദ്ധീകരണങ്ങള്‍ക്കും അയക്കണം

* സ്വയം എഴുതാന്‍ അറിയില്ലെങ്കില്‍ ആരെങ്കിലും എഴുതുന്നത് നോക്കി ആ ശൈലിയില്‍ എഴുതണം. ഇത്‌കൊണ്ട് ഒരു ഗുണമുള്ളത്മൗലികമായി എഴുതുന്ന (കോപ്പി അടിക്കപ്പെടുന്ന) ഒരാളുടെ വഴിമുടക്കാമെന്നാണു്. അനുകരിക്കാന്‍ ഏറ്റവും എളുപ്പമായിനിരൂപണത്തെ കാണണം. അതിനുവായനകാരില്ലാത്തത്‌കൊണ്ട് പിടിക്കപ്പെടില്ലെന്ന ഉറപ്പില്‍വിശ്വസിക്കണം.

* കഴിയുന്നതും വായനകാര്‍ക്ക്മനസ്സിലാകാത്തത് എഴുതണം. മനസ്സിലാകാത്തതൊക്കെ മഹത്വരമാണെന്ന്പാമരന്മാര്‍ കരുതുന്നു.

* അവാര്‍ഡുകളക്ലാതെപ്രതിഫലമായി പണം ഒരിക്കലും പ്രതീക്ഷിക്കാത്ത എഴുത്തുകാര്‍ എന്ന് ചരിത്രം രേഖപ്പെടുത്തുന്ന എഴുത്തുകാരായി ഇഹലോകവാസം വെടിയണം.

* വിദ്യാധരന്‍ ആരാണെന്ന് അന്വേഷിച്ച് സമയം കളയാതെ അദ്ദേഹം എഴുതുന്നത് എന്താണെന്ന് ശ്രദ്ധിക്കണം.

* ഏതെങ്കിലും എഴുത്തുകാരന്‍ ഒരു പുതിയശൈലിയോ, രചനയോനടത്തിയാല്‍ അത് ഞങ്ങള്‍ക്കും സാധിക്കുമെന്ന്പറഞ്ഞ് അതേപോലെ ഉടനെ എഴുതണം. അങ്ങനെ അനുകരണം നടത്തി അമേരിക്കന്‍ മലയാളസാഹിത്യത്തിന്റെമൂല്യം കുറയ്ക്കണം.,

* ഒരാളുടെ രചന നന്നായാല്‍ അയാളെ അഭിനന്ദിക്കുന്നതിനുപകരം അത് കാശ്‌കൊടുത്ത് എഴുതിച്ചതാണെന്ന്പറഞ്ഞ് ആത്മനിര്‍വുര്‍തിയടയണം.

* എഴുത്തുകാരിസുന്ദരിയും ചെറുപ്പക്കാരിയും (ചെറുപ്പം പടത്തില്‍ കണ്ടാല്‍ മതി, വയസ്സ് എത്രതന്നെയായികൊള്ളട്ടെ) ആണെങ്കില്‍ അവരുടെ രചനനന്നായാലും മോശമായാലും മൂരിക്കുട്ടന്മാരെപോലെ മുക്രയിട്ട് ഓടി ചെല്ലണം.

* ആരുടേയും കാല്‍ വന്ദിക്കാതെസ്വന്തം വ്യക്തിത്വം രചനകളിലും ജീവിതത്തിലും പുലര്‍ത്തുന്നുവരെ പരദൂഷണം പറഞ്ഞ് ഒതുക്കാന്‍ ശ്രമിക്കണം. അതിനുപറ്റിയഒരുപരദൂഷണവീരനെ അന്വേഷിക്ല് കണ്ടെത്തി അയാളെ പൂജിച്ചുകൊണ്ടിരിക്കണം.

* മതപരമായോ, വ്യക്തിപരമായോകാരണങ്ങളാല്‍ കുറേപേര്‍ ഇഷ്ടപ്പെടുന്നു എന്ന യോഗ്യതകണക്കിലെടുത്ത് ആരെയെങ്കിലും സര്‍വ്വജ്ഞപീഠത്തില്‍ കയറ്റിയിരുത്തി അവര്‍ പറയുന്നത്,പ്രത്യേകിച്ച് സാഹിത്യപരമായ കാര്യങ്ങള്‍, വേദവാക്യമായി കരുതി അവരെ പൂജിക്കണം.

* നാട്ടിലെപ്രസിദ്ധീകരണങ്ങള്‍ക്ക്‌രചനകള്‍ അയച്ച് കൊടുക്കണം.

* എല്ലാ എഴുത്തുകാരും ഒരു കുടക്കീഴില്‍നിന്നാല്‍ നനഞ്ഞ്‌പോകുമെന്നും അതിനേക്കാള്‍നല്ലത് എഴുത്തുകാര്‍ക്കൊക്കെ കൂടി ഒരു കുട കമ്പനി തുടങ്ങുകയാണെന്നും അഭിപ്രായം പറയണം. കുടകള്‍ നന്നാക്കാന്‍ കാരൂര്‍ നീലകണ്ഠപിള്ളയെ ഓര്‍ക്കുന്നത് പഴയ മലയാള ക്രുതികള്‍ പുതിയതലമുറക്ക് പരിചയപ്പെടുത്താന്‍ ഉപകരിക്കുമെന്നും അറിയിക്കാന്‍ ഒരു സമ്മേളനം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം.ഒരു കുടയും കുഞ്ഞുപെങ്ങളുമായി എഴുത്തുകാര്‍പോകുന്നത്‌സങ്കല്‍പ്പിക്കണം. ഒന്നില്‍ കൂടുതല്‍പെങ്ങള്‍മാര്‍ ഉള്ളവര്‍ ഒപ്പോളും, കുട്ട്യേടത്തിയും ഒക്കെയുള്ള നാലുകെട്ടും, പണിതീരാത്തവീടും, മയിലാടുംകുന്നും, ഏണിപ്പടികളും, മഞ്ഞും, വേരുകളും, അയല്‍ക്കാരും, അന്വേഷിച്ച് കണ്ടെത്താന്‍പോകണം.

* ഇവിടെ എഴുത്തുകാര്‍ ഇല്ലെന്നും, അങ്ങനെ അറിയപ്പെടുന്നവര്‍ എഴുതുന്നതൊന്നും സാഹിത്യമേന്മയില്ലാത്തതാണെന്നും വേദികളില്‍പ്രസംഗിക്ലും, പത്രങ്ങളില്‍ എഴുതിയും സ്വയം വലിയവനാണെന്നബോധം ആളുകളില്‍ ഉണ്ടാക്കണം. പിന്നീട ്മൂന്നാംകിട സാഹിത്യരചനകള്‍നടത്തിവിവരമില്ലാത്തവരുടെ കയ്യടിനേടണം.

* മറ്റ് എഴുത്തുകാരുമായി പരമാവുധി സ്പര്‍ദ്ധപുലര്‍ത്തണം. എന്നാല്‍ കാണുമ്പോഴും, കേള്‍ക്കുമ്പോഴും അവരെ സ്‌നേഹം കൊണ്ട്‌പൊതിയണം. സ്പര്‍ദ്ധമനസ്സ് കവിഞ്ഞ്പുറത്ത് ചാടുമ്പോള്‍ അവരെകൊല്ലുമെന്ന് ഭീഷണിമുഴക്കണം.

ശുഭം
കാലപ്രവാഹമേ..നില്‍ക്കൂ (പുതുവര്‍ഷ കുറിമാനം: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
PRG 2016-12-31 20:44:03
Excellent. 
Good advise for all writers as well as readers.

Thanks Sudheer Sir
A.C.George 2016-12-31 22:37:16
Excellent & Timely article covering the everyday life of everybody. Happy New Year Sudhir Sir, publisher Sir and the reading public 
andrew 2017-01-01 05:20:13
Nothing: die,born, goes or comes time is eternal, in fact there is no time in eternity. New, old, beginning, end, past- all are human concepts it is all present, Now; ie it; all are in present tense. Let your mind arise above the earth, travel beyond the Solar system To the Milkyways to different Universes.< font-family: Helvetica, Arial, sans-serif; font-size: 14px; background-color: rgb(204, 51, 102);">Then we can see, there is no time, no yesterday, no tomorrow All are Now. The Present is real. Great thoughts, words and anex brings joy. Let your blessed thoughts enrich the readers. when you go for a walk, you can hear dogs barking at you if you stop to bark at them, you are crazy ? keep going on your way.
James Mathew, Chicago 2017-01-01 13:47:14
സുധീറേ, ലേഖനവും അതിലെ സന്ദേശവും നന്നായിരുന്നു. നല്ല സുന്ദരൻ ഭാഷാ ശൈലി.
അനുമോദനങ്ങൾ. ലേഖകനും, ഇ മലയാളിക്കും
വായനക്കാർക്കും പുതു വർഷ ആശംസകൾ
വിദ്യാധരൻ 2017-01-01 22:10:16
പോയല്ലോ പതിനാറെ നീ ഇത്രവേഗം 
മോഹങ്ങൾ ഇപ്പോഴും ബാക്കിയുണ്ട് 
മോഹങ്ങൾ അവസാനം ചുടലവരെ 
എന്നോ ആരോ പാടിയതോർമ്മയുണ്ട് 
പോയതുപോട്ടെ പറഞ്ഞിട്ടെന്തുകാര്യം 
പതിനേഴുകാരി മാടി വിളിച്ചിടുന്നു 
മുഗ്ദ്ധ മനോഹരി സുന്ദരി കോമളാംഗി 
ഒളികണ്ണിട്ടു നോക്കുന്നു ഇടയ്ക്കിടക്ക്
പലവട്ടം നീ എന്നെ മോഹിപ്പിച്ചു 
പലവിധ അബദ്ധത്തിൽ ചെന്നു ചാടി 
വേണ്ട നീ എന്നെ വിളിച്ചിടേണ്ട
ഇനി എന്നെ ചതിയ്ക്കാൻ  നോക്കിടേണ്ട 
ചാരായം ഞാനിനി മോന്തുകില്ല 
കഞ്ചാവ് ഇനിമേലിൽ പുകയ്ക്കുകില്ല 
ചുറ്റില്ല ഡെൻവർ കോളിറാഡോ 
ടിക്കെറ്റ് ചീപ്പാണേലും  മേലിലിനി
വ്യഭിചാരം ചീട്ടുകളി മദ്യപാനം 
രണ്ടായിരത്തി പതിനേഴിൽ ഇല്ലേഇല്ല 
കുറുപ്പിന്റെ ഉറപ്പല്ല സത്യമാണേ 
കുറയ്ക്കും ഞാൻ തൂക്കം തീർച്ച തന്നെ 
ഇനിയുള്ള ദിനങ്ങൾ എത്രയെന്ന് 
പിടിയില്ല അത്രയ്ക്ക് വയസ്സായി വ്യദ്ധനായി 
നല്ലൊരു  മനുഷ്യനായി ശിഷ്ടകാലം 
ഇവിടെ ജീവിച്ചു മരിച്ചിടേണം
'കാലപ്രവാഹമേ നില്ക്കു' നില്ക്കു 
പോവല്ലേ നീ ഇത്ര വേഗമെങ്ങും
നീട്ടി തരുക നീ ആയുസ്സല്പം 
ജീവിയ്ക്കാൻ തുടങ്ങിയതെയുള്ളൂ ഞങ്ങൾ    

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക