Image

ശബരിമല തീര്‍ത്ഥാടനം: ഏകോപനം വന്‍ വിജയം

അനില്‍ പെണ്ണുക്കര Published on 16 January, 2017
ശബരിമല തീര്‍ത്ഥാടനം: ഏകോപനം വന്‍ വിജയം
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായി ദേവസ്വം ബോര്‍ഡിനൊപ്പം വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഒരുമയോടെ പ്രവര്‍ത്തിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. കഴിഞ്ഞ ഏതു കാലത്തേക്കാളും ചിട്ടയോടെ തീര്‍ത്ഥാടനം സംഘടിപ്പിക്കാന്‍ സാധിച്ചത് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റേയും മികച്ച ഏകോപനം മൂലമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മൂന്ന് അവലോകന യോഗങ്ങളാണ് നടന്നത്. ദേവസ്വം മന്ത്രിയെന്ന നിലയില്‍ അഞ്ച് യോഗങ്ങള്‍ വേറേയും സംഘടിപ്പിക്കുകയുണ്ടായി. പിഴവുകളില്ലാതെ ശബരിമല മണ്ഡല മകരവിളക്ക് ഉത്‌സവം നടത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രവര്‍ത്തനം നടത്തിയത്. 
 
    ജില്ലാ ഭരണകൂടവും വിവിധ ഭക്തസംഘടനകളും ദേവസ്വം ബോര്‍ഡും മറ്റു വകുപ്പുകളും അയ്യപ്പന്റെ പൂങ്കാവനത്തെ വൃത്തിയായി സൂക്ഷിക്കാന്‍ മുന്നോട്ടു വന്നു. പുണ്യം പൂങ്കാവനം പദ്ധതി വിജയകരമായി നടപ്പാക്കി. ശബരിമലയെ പ്ലാസ്റ്റിക് മുക്തമാക്കണമെന്ന കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം പാലിക്കുന്നതിന് ശക്തമായ പ്രവര്‍ത്തനമാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടത്തിയത്. ഇതിന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ചുക്കാന്‍ പിടിച്ചു. ശബരിമലയിലെ പ്ലാസ്റ്റിക് മുക്ത പ്രവര്‍ത്തനം വലിയൊരു സന്ദേശമാണ് നല്‍കുന്നത്. ലക്ഷക്കണക്കിന് ഭക്തരെത്തുന്ന ശബരിമലയെ പ്ലാസ്റ്റിക് മുക്തമാക്കാമെങ്കില്‍ കേരളത്തിലെവിടെയും ഈ പദ്ധതി നടപ്പാക്കാനാവുമെന്ന് ബോധ്യമായി.

    പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള നിര്‍ദ്ദേശമുണ്ടായപ്പോള്‍ ഏറ്റവും വലിയ ആശങ്ക കുടിവെള്ളം നല്‍കുന്നത് സംബന്ധിച്ചായിരുന്നു. പ്ലാസ്റ്റിക് കുപ്പികളെ പടിക്കുപുറത്ത് നിറുത്തുമ്പോള്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം നല്‍കാന്‍ ബദല്‍ മാര്‍ഗം ആവിഷ്‌കരിക്കേണ്ടി വന്നു. വാട്ടര്‍ അതോറിറ്റിയും ദേവസ്വം ബോര്‍ഡും അയ്യപ്പസേവാസംഘം പോലെയുള്ള സംഘടനകളും ഇക്കാര്യത്തില്‍ മികവുറ്റ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. ശുദ്ധമായ കുടിവെള്ളം ആവശ്യാനുസരണം നല്‍കുന്നതിന് വാട്ടര്‍ കിയോസ്‌കുകള്‍ ശബരിമലയില്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചു. കൂടാതെ ഭക്ത സംഘടനകളുടെ നേതൃത്വത്തില്‍ ചുക്കുവെള്ളവും നല്‍കി. കുടിവെള്ള വിതരണം കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതില്‍ എല്ലാവരും സഹകരിച്ചു. മകരവിളക്കിന് സന്നിധാനത്തേക്കെത്തിയ ലക്ഷക്കണക്കിന് ഭക്തര്‍ക്ക് കുടിവെള്ളം നല്‍കാന്‍ സാധിച്ചത് ഇതിന്റെ വിജയമാണ് സൂചിപ്പിക്കുന്നത്.

    പോലീസിന്റെ പ്രവര്‍ത്തനം ശഌഘനീയമാണ്. ശബരിമലയിലേക്ക് തീര്‍ത്ഥാടകര്‍ ഒഴുകിയെത്തിയെങ്കിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനൊപ്പം അവരെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനും പോലീസിന് സാധിച്ചു. മറ്റു സുരക്ഷാ സേനകളുടെയും പ്രവര്‍ത്തനം അഭിനന്ദനീയമാണ്.

മാദ്ധ്യമപ്രവര്‍ത്തകരെ ദേവസ്വം മന്ത്രി അഭിനന്ദിച്ചു

മണ്ഡല മകരവിളക്ക് ഉത്‌സവകാലത്ത് സ്തുത്യഹര്‍മായ പ്രവര്‍ത്തനം നടത്തിയ എല്ലാ മാദ്ധ്യമപ്രവര്‍ത്തകരെയും ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ അഭിനന്ദിച്ചു. ഇക്കാലയളവില്‍ അച്ചടിദൃശ്യമാദ്ധ്യമങ്ങള്‍ ശബരിമലയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് മികച്ച പ്രചാരമാണ് നല്‍കിയത്. മകരവിളക്ക് ദിവസം തല്‍സമയം സംപ്രേഷണം നടത്തി ദൃശ്യമാദ്ധ്യമങ്ങള്‍ ലോകത്തെല്ലായിടത്തുമുളള ഭക്തര്‍ക്ക് മുന്നില്‍ ശബരിമലയുടെ കീര്‍ത്തി എത്തിച്ചു.

കമനീയമായ കലണ്ടര്‍, ഡയറക്ടറി എന്നിവ സമയബന്ധിതമായി പ്രസീദ്ധീകരിച്ചും വാട്ട്‌സ്ആപ് , ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍,പത്രകുറിപ്പുകള്‍, വീഡീയോ കഌപ്പുകള്‍ എന്നിവയിലൂടെ ഉത്സവകാലത്തെ വാര്‍ത്തകള്‍ തത്സമയം മാധ്യമങ്ങളെയും വിവിധ വകുപ്പുദ്യോഗസ്ഥരെയും അറിയിച്ചും ഐ ആന്റ് പി ആര്‍ ഡി വകുപ്പ് മാതൃകാപരമായ പ്രവര്‍ത്തനമാണ് ഇക്കാലയളവില്‍ കാഴ്ചവച്ചതെന്നും സന്ദേശത്തില്‍ മന്ത്രി പറഞ്ഞു.

        ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയേണ്ടതുണ്ട്. എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും മറ്റു സജ്ജീകരണങ്ങളുമായി തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ചികിത്‌സാ സംവിധാനം ഒരുക്കി. ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂലമുള്ള മരണം ശബരിമലയില്‍ കുറയ്ക്കാന്‍ കഴിഞ്ഞത് ആരോഗ്യവകുപ്പിന്റെ നേട്ടമാണ്. അലോപ്പോതിക്കൊപ്പം ഹോമിയോ, ആയുര്‍വേദ വകുപ്പുകളും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു. ഫയര്‍ഫോഴ്‌സ്, വനം, എക്‌സൈസ്, കെ. എസ്. ഇ. ബി, ഇറിഗേഷന്‍, റവന്യു തുടങ്ങി ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും തീര്‍ത്ഥാടനം വിജയിപ്പിക്കുന്നതിന് ആത്മാര്‍ത്ഥമായി സഹകരിച്ചു. സന്നിധാനത്ത് പ്രവര്‍ത്തിച്ച ശുചിത്വസേനയുടെ കാര്യവും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. കരാര്‍ അടിസ്ഥാനത്തിലും ദിവസവേതനത്തിലും പ്രവര്‍ത്തിക്കുന്ന തൊഴിലാളികളും തീര്‍ത്ഥാടനം വിജയിപ്പിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ഈ അവസരത്തില്‍ അഭിനന്ദനം അറിയിക്കുന്നു.


ശബരിമല തീര്‍ത്ഥാടനം: ഏകോപനം വന്‍ വിജയം
Join WhatsApp News
T tom 2017-01-16 13:37:39

ശബരിമല ദിവ്യാത്ഭുതം*::: ഊമയായ അയ്യപ്പഭക്തന്‌ സംസാര ശേഷി.........

"കഴിഞ്ഞ 36 വർഷമായി സ്ഥിരമായി ശബരിമലയിൽ ദർശനം നടത്തിവരുന്ന ജനിച്ച നാൾ മുതലേ സംസാരശേഷി ഇല്ലായിരുന്നു. അദ്ദേഹം മൂകനും ബധിരനും ആയിരുന്നു. ഇന്നലെ ഒരു ദിവ്യാൽ ഭുതം സംഭവിച്ചു. ശബരിമലയിൽ കർപ്പൂരാഴി സമയത്ത് ശബരിമലയിൽ വെച്ച് അത്യുച്ചത്തിൽ “ സ്വാമിയേ” എന്ന് ശരണം വിളിച്ചു.
മലപ്പുറം ജില്ലയിൽ പരപനങ്ങാടി താലൂക്കിൽ, എ.ആർ നഗർ പഞ്ചായത്തിൽ മമ്പറം എന്ന സ്ഥലത്തുള്ള സന്തോഷ് എന്ന അയ്യപ്പ ഭക്തനാണ്‌ ഇത്".

വാട്സ് ആപ്പും ഫേസ് ബൊക്കും മെസ്സഞ്ചറും അടക്കം സോഷ്യൽ മീഡിയയിൽ ആ വാർത്ത വൈറൽ ആയി.ശരണം വിളിക്കുന്നതടക്കം സാക്ഷ്യപ്പെടുത്തി വീഡിയോ തൽസമയ സം പ്രേഷണം നടത്തി.

കേരളാ യുക്തിവാദി സംഘത്തിന്റെ തീരുമാനപ്രകാരം ഞങ്ങൾ മമ്പുറത്തെ സന്തോഷിന്റ വീടു സന്ദർശിച്ചു .പലരും വരുന്നു, പോകുന്നു.
ഒരു കൊച്ചു വീട്ടിൽ അദ്ദേഹം ഭാര്യയും 2 കുട്ടികളുമായി കഴിയുന്നു. കെട്ടിട നിർമാണ തൊഴിലാളിയാണ്‌.
അദ്ദേഹത്തിന്റെ സഹോദരൻ രൂകേഷ് പറഞ്ഞത് മൂന്നു വയസ്സുള്ളപ്പോഴാണ്‌ സന്തോഷിന്‌ സംസാര ശേഷി നഷ്ടമായതെന്നാണ്‌. കഴുത്തിന്റെ ഒരു ഞരമ്പിന്‌ ക്ഷതം ഏറ്റതു കൊണ്ടാണ്‌ സംസാരശേഷി നഷ്ടപ്പെട്ടത്. അതിന്‌ വളരെക്കാലമായി ചികിൽസയിലാണ്‌. കോയമ്പത്തൂർ ആശുപത്രിയിലെ ചികിൽസയിൽ ആയിരുന്നു. സംസാര ശേഷി പൂർണമായി തിരിച്ച് കിട്ടാൻ ഒരു ശസ്ത്രക്രിയ വേണമെന്ന് നിർദേശിക്കപ്പെട്ടിട്ടുണ്ട്.ചികിൽസ തുടരുന്നുണ്ട്. 
തികഞ്ഞ ഒരു അയ്യപ്പ ഭക്തനാണ്‌ സന്തോഷ്. അദ്ദേഹത്തിന്‌ ഏതാണ്ട് മനസ്സിലാകുന്ന വിധത്തിൽ സംസാരിക്കാൻ കഴിയുന്ന ഒരു വാക്കാണ്‌ സ്വാമിയേ എന്ന വിളി. 
36 കൊല്ലമായി നിരന്തരം നടത്തുന്ന ഒരു ശബ്ദ വ്യായമം ആണത്. ഇക്കഴിഞ്ഞ ഒരുമാസക്കാലം പ്രത്യേകിച്ചും അത് നടന്നു. ശബരിമലയിൽ കൂടുതൽ ആവേശ ഭരിതമായ ഒരു ശ്രമം വേറെയും.

സന്തോഷിന്റെ കുടുംബ സുഹൃത്തായ പദ്മകുമാർ എന്നോട് പറഞ്ഞത് ഇത്ര പരോപകാരിയായ ഒരാളെ കാണാൻ കിട്ടില്ലാ എന്നാണ്‌.അദ്ദേഹം പറയുന്ന ചില വാക്കുകൾ കൃത്യമായുO മനസ്സിലാക്കാൻ കഴിയും എന്നാണ്‌.വിദഗ്ധമായ ചികിൽസ കിട്ടിയാൽ കുറേ ക്കൂടി ഭേദമാക്കാൻ കഴിയും എന്ന വിശ്വാസമാണ്‌ പദ്മ കുമാറിനുള്ളത്.
വാർഡ് മെംബർ സമീൽ കൊളക്കാട്ടിൽ പറയുന്നത് നല്ല പൊതു ബോധമുള്ള ഒരു ഇടതു പക്ഷ അനുഭാവിയാണ്‌ സന്തോഷ് എന്നാണ്‌.കെട്ടിട നിർമാണ പ്രവൃത്തിയിൽ ഡെഡിക്കേറ്റഡ് ആണെന്നാണ്‌. കൂടെ ജോലി ചെയ്യുന്ന ഷെരീഫിനെ ഒക്കെ പേര്‌ പറഞ്ഞ് വിളിക്കാറുണ്ട്.

ശബരിമലയിൽ വെച്ച് ഒരാൾ പത്ര സമ്മേളനത്തിലെന്ന പോലെ വിഷയത്തെ പർവതീകരിച്ച് പറഞ്ഞത് അദ്ദേഹത്തിന്‌ സംസാര ശേഷി തിരിച്ച് കിട്ടി എന്നണ്‌. നേരത്തെ ഉണ്ടായിരുന്നത് തന്നെയാണ്‌ ഇപ്പോഴും ഉള്ളത് എന്ന വസ്തുത അദ്ദേഹം മറച്ച് വെക്കുന്നു.

"അത്ഭുതം" നടന്ന ഉടനെ അവർ മേൽ ശാന്തിയോട് സംഭവം പറഞ്ഞുവത്രെ. മേൽ ശാന്തി ഉടനെ അദ്ദേഹത്തിന്‌ പരിചയം ഉള്ള ഒരു വിദഗ്ധ ഡോക്റ്ററുടെ ഫോൺ നമ്പർ കൊടുത്ത് വേഗം ചികിൽസ നടത്താൻ പറഞ്ഞുവത്രെ.

സംസാര ശേഷി പൂർണമായും തിരിച്ച് കിട്ടിയെന്നും ഫോണിൽ ഭാര്യയോട് വളരെയധികംനേരംസംസാരിച്ചുവെന്നും ഒക്കെയാണ്‌ ചില പോസ്റ്റിംഗുകൾ.
ശുദ്ധകളവായഅവകാശവാദങ്ങളാണിത്.

കാര്യമായ ഒരു പുരോഗതിയും സന്തോഷിന്റെ രോഗത്തിൽ ഉണ്ടായിട്ടില്ല. വിദഗ്ദ ചികിൽസ ലഭിച്ചാൽ വലിയ പുരോഗതിയുണ്ടാകും , അത്ര തന്നെ . ഇതാണ് വസ്തുത.
നാട്ടുകാർക്കും ഇതേ അഭിപ്രായമാണ് ഉള്ളത്.

അഡ്വ. കെ.കെ രാധാകൃഷ്ണൻ , മലപ്പുറം ജില്ലാ സെക്രട്ടറി, കേരളയുക്തിവാദി സംഘം.

onlooker 2017-01-16 20:35:11
There are so many people to  say bad things. But what happened to the devotes after the makaravilakku.  Where are these people who take about all matter is kerala like LDF/UDF/WRITERS/, etc. reg the worst thing done to the devotes by our own KSRTC. Where are the medias  always barking for anything. Anybody ever say a word for the stupid thing done by our KSTRC. Also look who was the special officer ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക