Image

`വെള്ളരിപ്രാവിന്റെ ചങ്ങാതി' പെട്ടിതുറന്ന്‌ റീല്‍ തിരിച്ചപ്പോള്‍

എം.കെ.ആരിഫ്‌ Published on 21 February, 2012
`വെള്ളരിപ്രാവിന്റെ ചങ്ങാതി' പെട്ടിതുറന്ന്‌ റീല്‍ തിരിച്ചപ്പോള്‍
ദോഹ: `സിനിമാ കൊട്ടയിലേക്ക്‌ ഒളിച്ചോടി സിനിമകള്‍ കണ്‌ട്‌ കൂട്ടുമ്പോള്‍ ഒരു സിനിമാക്കാരനാവുമെന്ന്‌ വിചാരിച്ചിട്ടില്ല. അമ്മാവന്റെ മൂവി ക്യാമറക്ക്‌ പിന്നാലെ കൂടിയപ്പോഴും ഒരു സംവിധായകനാവുമെന്ന്‌ സ്വപ്‌നത്തില്‍ പോലും കരുതിയതുമല്ല'. താനൊരു പത്താം ക്ലാസുകാരനാണെന്ന്‌ പറഞ്ഞ `വെള്ളരിപ്രാവിന്റെ ചങ്ങാതി' സിനിമയുടെ റീല്‍ തിരിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ തികവുറ്റ ഒരു സംവിധായകന്റെ അനുഭവപാഠങ്ങളില്‍നിന്നും ഏടുകള്‍ മറിക്കുകയായിരുന്നു. പ്രശസ്‌ത സംവിധായകന്‍ അക്കു അക്‌ബറുമായി എഫ്‌.സി.സിയില്‍ നടന്ന മുഖാമുഖത്തിലാണ്‌ തീക്ഷണമായ സിനിമാനുഭവത്തിന്റെ പെട്ടിപൊട്ടിച്ച്‌ ശ്രോദ്ധാക്കളെ നവ്യാനുഭവത്തിലേക്ക്‌ കൂട്ടിക്കൊണ്‌ടുപോയത്‌. തന്റെ ശരികളെയാണ്‌ താന്‍ ശരിയായിട്ടെടുക്കുന്നത്‌. പ്രഗത്ഭരായ സംവിധായകരും തിരക്കഥാകൃത്തുക്കളും നിരുത്സാഹപ്പെടുത്തിയപ്പോള്‍ തനിക്ക്‌ ശരിയെന്നു തോന്നുന്നതുമായി മുന്നോട്ടു പോവുകയായിരുന്നുവെന്നും അതില്‍ വിജയിച്ചതായാണ്‌ അനുഭവമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ എടുത്ത സിനിമകളാണ്‌ ജീവിതത്തില്‍ തനിക്ക്‌ അഡ്രസുണ്‌ടാക്കിതന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും കൂടുതല്‍ അന്ധവിശ്വാസം നടക്കുന്നത്‌ സിനിമാ മേഖലയിലാണ്‌. സിനിമയില്‍ കഥയേക്കാളധികം ജാതകപ്പൊരുത്തവും ഗ്രഹനിലയുമാണ്‌ പരിഗണിക്കുന്നത്‌. ഷൂട്ടിംഗ്‌ മുതല്‍ റിലീസ്‌ വരെ പൂജാധികര്‍മങ്ങളുടെ പരമ്പരയാണ്‌. കപടഭക്തിയും ഭക്തി പ്രകടനവുമാണ്‌ ഇതില്‍ അധികമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പണം മുടക്കുന്നതിനാല്‍ എല്ലാ മതങ്ങളുടേയും ചിഹ്നങ്ങളെ വെച്ചാണ്‌ പൂജകളെന്നും ഇതിനാല്‍ തന്നെ മതസൗഹാര്‍ദവും ഈ മേഖലയില്‍ വളരുന്നുണെ്‌ടന്നും അദ്ദേഹം പറഞ്ഞു. താന്‍ എല്ലാ അന്ധവിശ്വാസങ്ങള്‍ക്കുമെതിരാണ്‌. അമിത ഭക്തി സമൂഹത്തിന്‌ ദോഷമാണ്‌ വരുത്തിവെക്കുന്നത്‌. ഒരു പൂജയും നടത്താത്ത ഹോളിവുഡ്‌ സിനിമകള്‍ ലോകത്ത്‌ തകര്‍ത്ത്‌ ഓടുന്നുണെ്‌ടന്നും അദ്ധേഹം ചൂണ്‌ടിക്കാട്ടി.

മനുഷ്യത്വമുള്ള സിനിമ ഉണ്‌ടാവണം. കോടികള്‍ ചെലവഴിക്കുന്ന സിനിമകള്‍ക്കിടയില്‍ മനുഷ്യത്വം തിരിച്ചു പിടിക്കുകയും നിര്‍മാതാവ്‌ മുടക്കുന്ന പണമുപയോഗിച്ച്‌ ജനങ്ങളെ ഉണര്‍ത്തുകയും പോസിറ്റീവ്‌ ആയി ചിന്തിപ്പിക്കുകയും ചെയ്യുന്നതിനാണ്‌ തന്റെ ശ്രമമെന്നും ഒരു ചോദ്യത്തിന്‌ ഉത്തരമായി അദ്ധേഹം പറഞ്ഞു. അവാര്‍ഡുകള്‍ വാരിക്കൂട്ടുന്നതിനേക്കാള്‍ താല്‍പര്യം ജനങ്ങള്‍ക്ക്‌ എന്തെങ്കിലും സന്ദേശം നല്‍കുന്നതിലാണെന്നും തന്റെ ഓരോ സിനിമയിലും അത്തരത്തിലുള്ള സന്ദേശം കാണാമെന്നും അദ്ദേഹം പറഞ്ഞു. ഗര്‍ഭസ്ഥ ശിശുക്കളെ കൊല്ലുന്ന മാതാപിതാക്കള്‍ക്കുള്ള ബോധ്യപ്പെടുത്തലായിരുന്നു തന്റെ അദ്യ സിനിമയെങ്കില്‍ കൂട്ടുകാരന്റയും കാമുകന്റെയുമിടയിലുള്ള സംഘര്‍ഷമാണ്‌ വെള്ളരിപ്രാവിന്റെ ചങ്ങാതിയിലൂടെ താന്‍ പറയാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ പിന്നാമ്പുറത്താണ്‌ പുറത്തു വരുന്നതിനേക്കാളധികം കഥകളുള്ളതെന്നും പശ്ചാത്തലത്തിലെത്തുന്നത്‌ വളരെ വിരളമാണെന്നും മാറി മറിയലുകള്‍ക്കും അഡ്‌ജസ്റ്റുമെന്റുകള്‍ക്കും വിധേയമായാണ്‌ പലരും സ്‌ക്രീനിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂല്യമുള്ള സിനിമകള്‍ കാണാന്‍ 25 ശതമാനം പേര്‍ക്കേ താല്‍പര്യമുള്ളൂവെന്നതിനാലാണ്‌ നിര്‍മാതാക്കള്‍ മുന്നോട്ടു വരാതിരിക്കുന്നത്‌. പ്രേക്ഷകനെ രസിപ്പിക്കുകയും അവര്‍ക്ക്‌ സന്തോഷത്തിന്‌ വക നല്‍കുകയും ചെയ്യുന്നിടത്ത്‌ സിനിമകള്‍ വിജയിക്കുന്നു. വിനോദത്തിനിടക്ക്‌ അപ്രതീക്ഷിതമായി വരുന്ന ചില സന്ദര്‍ഭങ്ങള്‍ മാത്രമാണ്‌ സിനിമയിലെ നന്മ - അദ്ദേഹം പറഞ്ഞു.

അന്യരുടെ തുണിയഴിച്ച്‌ സ്വന്തം വീട്ടില്‍ കാശുണ്‌ടാക്കുന്ന ജോലിയാണ്‌ `രതിനിര്‍വേദം' കാഴ്‌ചവെച്ചത്‌. പത്മരാജനോടോ മറ്റേതെങ്കിലുമാളുകളോടോ ഉള്ള സ്‌നേഹം കൊണ്‌ടല്ല വെറും കച്ചവടവും പണം വാരിക്കൂട്ടലുമാത്രമാണതിന്‌ പിന്നിലെന്നും അദ്ദേഹം പറഞ്ഞു. പുതുമുഖങ്ങളേയും പുതിയ പ്രമേയങ്ങളേയും പ്രേക്ഷകര്‍ സ്വീകരിക്കുന്നുവെന്നത്‌ മലയാള സിനിമയുടെ നല്ല മാറ്റമായാണ്‌ കാണുന്നത്‌. സിനിമ തുടങ്ങിയ കാലം മുതല്‍ ഈ രംഗത്ത്‌ പ്രതിസന്ധികളുണ്‌ട്‌. കൂടുതല്‍ സിനിമകള്‍ ഇറങ്ങുന്നതുകൊണ്‌ടാണ്‌ പരാജയങ്ങളുമുണ്‌ടാവുന്നത്‌. പ്രതിഭാ ദാരിദ്രമാണ്‌ നല്ല പ്രമേയങ്ങള്‍ വരുന്നതിന്‌ തടസ്സമാവുന്നതെന്നും തിരക്കഥാകൃത്തും സംവിധായകനും തമ്മിലുള്ള ആന്തരിക ഇണക്കമാണ്‌ സിനിമയെ വിജയത്തിലെത്തിക്കുന്നത്‌ അക്‌ബര്‍ പറഞ്ഞു.

സിനിമയോട്‌ തനിക്കുള്ളത്‌ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ബന്ധമാണെന്നും കുടുംബത്തില്‍ നിന്നു വേണ്‌ടത്ര പ്രോത്സാഹനവുമുണ്‌ടായിരുന്നതായി അദ്ദേഹം പറഞ്ഞു. ഭാര്യാ ഭര്‍ത്താക്കളുടെ സ്വരചേര്‍ച്ചയില്ലായ്‌മയാണ്‌ തന്റെ പുതിയ പ്രൊജക്ടിന്റെ വിഷയമെന്ന്‌ സൂചിപ്പിച്ച അദ്ദേഹം പ്രവാസികളെക്കുറിച്ചും ഒരു ചൂടുള്ള വിഷയം തന്റെ പരിഗണനയിലുണെ്‌ടന്നും അദ്ദേഹം അറിയിച്ചു.
എഫ്‌.സി.സി കാഴ്‌ച അസിസ്റ്റന്റ്‌ കണ്‍വീനര്‍ അന്‍വര്‍ ബാബു അദ്ധ്യക്ഷത വഹിച്ചു. എഫ്‌.സി.സി കലാസാഹിത്യവേദി എക്‌സിക്യുട്ടീവ്‌ കമ്മിറ്റി അംഗം രാജന്‍ ജോസഫ്‌ സ്വാഗതവും എക്‌സിക്യുട്ടീവ്‌ ഡയറക്ടര്‍ ഹബീബുര്‍റഹ്‌്‌മാന്‍ കിഴിശ്ശേരി സമാപന പ്രഭാഷണവും നിര്‍വഹിച്ചു. എഫ്‌.സി.സി ഹാളില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സിനിമാതല്‍പരരായ ഒട്ടേറെ പേര്‍ ചലച്ചിത്രമേഖലയിലെ പുതിയ വിശേഷങ്ങള്‍ ചോദിച്ചറിയാനെത്തിയിരുന്നു.
`വെള്ളരിപ്രാവിന്റെ ചങ്ങാതി' പെട്ടിതുറന്ന്‌ റീല്‍ തിരിച്ചപ്പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക