Image

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വിലങ്ങുകള്‍ (ലേഖനം- മീട്ടു റഹ്മത്ത് കലാം)

മീട്ടു റഹ്മത്ത് കലാം Published on 20 February, 2017
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വിലങ്ങുകള്‍ (ലേഖനം- മീട്ടു റഹ്മത്ത് കലാം)
ജാതിയുടെ ഒളിയുദ്ധങ്ങളില്‍ ആക്രമിക്കപ്പെടുന്ന ആവിഷ്‌ക്കാര സ്വതന്ത്ര്യത്തെ കുറിച്ചുള്ള എന്റെ വ്യക്തിപരമായ കാഴിചപ്പാടാണ് ഈ ലേഖനം. പ്രത്യേക പാര്‍ട്ടിയോടോ മതത്തോടോ വ്യക്തികളോടോ എന്റെ വാക്കുകള്‍ക്ക് അനുഭാവമില്ല. ഇങ്ങനെയൊരു മുഖവുരയോടെ എഴുതുമ്പോള്‍ ഞാനും എന്തിനെയൊക്കെയോ ഭയക്കുന്നതുപോലെ... വേണ്ട, ഭരണഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ എഴുതാം.

കഴിഞ്ഞ ദിവസം വാര്‍ത്താചാനലുകളില്‍ മിന്നിമറഞ്ഞ ചില തലക്കെട്ടുകളാണ് പ്രതികരിക്കേണ്ടെന്ന് കരുതിയ വിഷയങ്ങളെക്കൂടി മനസ്സിലിട്ട് കുലുക്കി പുറത്തുകൊണ്ടുവന്നത്. മത്സ്യത്തൊഴിലാളികളെ അധിക്ഷേപിക്കുന്ന സിനിമയാണ് ചെമ്മീനെന്നുള്ള ധീവരസഭയുടെ പ്രസ്താവനയും 'ആമി' എന്ന സിനിമയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളുമാണ് സാക്ഷരകേരളത്തിന്റെ ആസ്വാദനത്തകര്‍ച്ചയെക്കുറിച്ച് ചിന്തിക്കാന്‍ വഴിവെച്ചത്.

രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ നേടുകയും സിനിമാചരിത്രത്തിലെ നാഴികക്കല്ലാക്കുകയും ചെയ്ത മലയാളികളുടെ എക്കാലത്തെയും അഭിമാനമായ 'ചെമ്മീന്‍' വിദേശികള്‍പോലും ആദരവോടെ നോക്കിക്കാണുന്ന ചലച്ചിത്രമാണ്. അങ്ങനൊരു സിനിമയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷം ആവേശത്തോടെ ഏറ്റെടുത്ത് നടത്തേണ്ടവര്‍ തന്നെ അത് തടയുമെന്ന് അലമുറയിടുന്നത് നാണക്കേടാണ്.

പഴയ ചലച്ചിത്രങ്ങള്‍പോലെ കാമ്പുള്ള പാത്രസൃഷ്ടികള്‍ ഉണ്ടാകുന്നില്ലെന്ന് കുറ്റപ്പെടുത്തുന്നവര്‍ അതിനുള്ള സാഹചര്യം ഇന്നുണ്ടോ എന്നും പരിശോധിക്കണം. 1973ല്‍ പുറത്തിറങ്ങിയ നിര്‍മ്മാല്യം എന്ന ചിത്രത്തില്‍ അന്ധവിശ്വാസം പ്രചരിപ്പിച്ച് ജീവിച്ച കേന്ദ്രകഥാപാത്രമായ വെളിച്ചപ്പാട്, ജീവിതക്ലേശങ്ങളില്‍ മനമടുത്ത് ഉറഞ്ഞുതുള്ളി സ്വയം തലയില്‍ വെട്ടി ഒഴുകിയ ചോരയും തുപ്പലും കൂട്ടിച്ചേര്‍ത്ത് ഭഗവതിയുടെ മുഖത്തേയ്ക്ക് കാര്‍ക്കിച്ചു തുപ്പുകയും മരിച്ചു വീഴുകയും ചെയ്യുന്ന രംഗമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ ആ ചിത്രം ഇന്നായിരുന്നെങ്കില്‍, സെന്‍സര്‍ കത്രികയ്ക്കിടയില്‍പ്പെട്ട് പിടയുമായിരുന്നു.

1930ല്‍ പുറത്തിറങ്ങിയ വിഗതകുമാരനില്‍ നായികയായി ദളിത യുവതി പി.കെ റോസി വേഷമിട്ടപ്പോള്‍ ജാതിച്ചിന്തകൊണ്ട് സ്‌ക്രീന്‍ വലിച്ചുകീറിയ സാമുഹിക വ്യവസ്ഥിതിയ്ക്ക് ഇന്നും കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല.

പ്രേംനസീര്‍ - സത്യന്‍, മമ്മൂട്ടി - മോഹന്‍ലാല്‍ എന്നൊക്കെ മലയാളികള്‍ താരങ്ങളെ നെഞ്ചോട് ചേര്‍ത്തത് മതം നോക്കിയല്ല. നസീറിനെ അബ്ദുല്‍ ഖാദറെന്നൊ മമ്മൂട്ടിയെ മുഹമ്മദ്കുട്ടു എന്നോ മറ്റ് താരങ്ങളുടെ ആരാധകര്‍ വിളിച്ചു കേട്ടിട്ടില്ല. ദിലീപ് കുമാര്‍ 'മുഹമ്മദ് യൂസുഫ് ഖാന്‍' ആണെന്ന് വിക്കീപ്പീഡിയ പറഞ്ഞാലേ ആളുകള്‍ വിശ്വസിക്കൂ. അങ്ങനെ ഉള്ളപ്പോള്‍, കമല്‍ എന്ന സംവിധായകനെ കമാലുദ്ദീന്‍ എന്ന് വിളിക്കുന്നതിനു പിന്നിലെ ചേതൊവികാരമാണ് പിടികിട്ടാത്തത്. ഒരുപക്ഷേ, യഥാര്‍ത്ഥ പേര് മതത്തോട് കുറച്ചുകൂടി ചേര്‍ന്ന് കിടക്കുന്നതുകൊണ്ട് മതവാദി എന്ന ആരോപണം ശക്തിപ്പെടുമെന്ന വിരോധികളുടെ തോന്നലാകാം കാരണം. 35 വര്‍ഷങ്ങള്‍ക്കുമേലുള്ള സിനിമാസപര്യയില്‍, കമലിന് വര്‍ഗ്ഗീയതയുണ്ടെന്ന് അടിവരയിടാവുന്ന ചിത്രങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നതും കമാലുദ്ദീന്‍ എന്ന് വിളിച്ചുതുടങ്ങിയപ്പോള്‍ മാത്രമാണ് പലരും അദ്ദേഹം മുസ്ലീമാണെന്ന് തിരിച്ചറിയുന്നതു തന്നെ എന്നും സിനിമയെ സിനിമയായി കാണുന്ന പ്രേക്ഷക സമൂഹം സമ്മതിക്കും.

ഈ പ്രശ്‌നങ്ങളൊന്നും ഹിന്ദുക്കള്‍ക്കല്ല, ഹിന്ദുത്വവാദികള്‍ക്കാണ്. മതാന്ധത ബാധിച്ച ഇക്കൂട്ടര്‍ 'ആമി' എന്ന സിനിമയെ എതിര്‍ക്കുന്നതിന് രണ്ട് കാരണങ്ങളുണ്ട്.

ഒന്ന് - കമല്‍ എന്ന സംവിധായകന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയിരുന്നുകൊണ്ട് ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേല്‍ക്കാതിരുന്ന ഡെലിഗേറ്റ്‌സിനെ തന്റെ അനുവാദം കൂടാതെ അകത്തുകടന്ന് അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്തതിലുള്ള പ്രതിഷേദം. മറ്റൊന്ന - മാധവിക്കുട്ടു എന്ന എഴുത്തുകാരി കമലാ സുരയ്യ ആയതിനെ മുസ്ലീമായ സംവിധായകന്‍ എങ്ങനെ ആവഷ്‌ക്കരിക്കും എന്നുള്ള തരംതാഴ്ന്ന ആശങ്ക.

നീര്‍മാതളത്തിന്റെ സുഗന്ധവും നഷ്ടപ്പെട്ട നീലാംബരിയുടെ നോവും തണുത്തുറത്തെ നെയ്പ്പായസത്തിലെ മാതൃവാത്സല്യവും മലയാളികള്‍ക്ക് നല്‍കിയ എഴുത്തുകാരിയെ വേണ്ട വിധത്തില്‍ നമ്മള്‍ മനസ്സിലാക്കിയിട്ടില്ല. മാധവിക്കുട്ടിയെന്നൊ കമലാ സുരയ്യ എന്നോ പേരുമാറുമ്പോഴും, വറ്റാത്ത സ്‌നേഹത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും ഉറവയായിരുന്നു ആ ഹൃദയം. നാലപ്പാട്ടെ തന്റെ തറവാട് കേരള സാഹിത്യ അക്കാദമിയ്ക്ക് ഇഷ്ടദാനം നല്‍കിയ പ്രിയകഥാകാരിയുടെ ജീവിതത്തിന്റെ ക്യാന്‍വാസ് മതംമാറി ജീവിച്ച അവസാനത്തെ പത്തുവര്‍ഷങ്ങള്‍ മാത്രം ആയിരുന്നില്ലെന്ന് ചിന്തിക്കാനുള്ള വിവേകമോ പക്വതയോ ഇല്ലാത്തതാണ് അനാവശ്യ ആശങ്കകള്‍ക്ക് തിരികൊളുത്തിയത്. ചരിത്രവും ഭാവനയും ഇടകലര്‍ത്തി തയ്യാറാക്കുന്ന തിരക്കഥ, അവരുടെ കുടുംബാംഗങ്ങളുടെ അനുമതിയോടെ ആവിഷ്‌ക്കരിക്കാന്‍ ഒരുങ്ങുമ്പോള്‍ മറ്റാര്‍ക്കും എതിര്‍ക്കാനോ ചോദ്യം ചെയ്യാനോ അവകാശമില്ല.

മഞ്ചു വാര്യര്‍ ആമിയുടെ വേഷം വേണ്ടെന്ന് വയ്ക്കണമെന്ന അഭിപ്രായ പ്രകടനങ്ങള്‍ തികച്ചും ബാലിശമാണ്. ഒരു അഭിനേത്രിയ്ക്ക് തന്റെ രാഷ്ട്രീയ നയങ്ങളും വിശ്വാസങ്ങളും പ്രസ്താവിക്കേണ്ടി വരുന്നത് പ്രേക്ഷകരോടുള്ള പ്രതിബദ്ധതയില്‍ നിന്നുമാറി ഭീഷണികളോടുള്ള പ്രതികരണമായി മാറുമ്പോള്‍ പ്രേക്ഷക സമൂഹത്തിന്റെ മനോനിലയിലെ വൈകൃതമാണ് വെളിവാകുന്നത്. തിരക്കഥ വായിക്കുന്നതിനപ്പുറം പ്രത്യേക മാനദണ്ഡം കഥാപാത്രം തെരഞ്ഞെടുക്കുന്നതില്‍ അഭിനേതാവിനുമേല്‍ ചുമത്തുന്നത് യുക്തിരഹിതമാണ്. പ്രേത ബാധയില്‍ വിശ്വസിക്കുന്നവര്‍ക്കേ പ്രേതമായി അഭിനയിക്കാന്‍ കഴിയൂ എന്നതുപോലെ സ്വന്തം വിശ്വാസ പ്രമാണങ്ങളും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മാനസിക വ്യാപാരവുമായി താരതമ്യം ചെയ്യാനുള്ള അവകാശം പൊതുജനത്തിനില്ല.

മുപ്പത് പതിപ്പുകള്‍ക്കുമേല്‍ പുറത്തിറങ്ങുകയും. പുതുതലമുറ വായനക്കാകര്‍ക്കുപോലും പ്രയപ്പെട്ടതുമായ എം ടിയുടെ രണ്ടാമൂഴം സിനിമയാക്കുന്നതിനെ കുറിച്ചും ചില ചര്‍ച്ചകള്‍ തലപൊക്കിയിരുന്നു. മഹാഭാരതത്തിന്റെ വ്യാഖ്യാനമായ നോവല്‍, എവിടെയും രണ്ടാം സ്ഥാനക്കാരനായ ഭീമസേനന്റെ മാനസിക സംഘര്‍ഷണമാണ് വിവരിക്കുന്നത്. വായു പുത്രനെന്ന് അഭിമാനം കൊണ്ടിരുന്ന ഭീമന്‍, കാട്ടാള പുത്രനാണെന്ന് പറയുന്ന രംഗം നോവല്‍ സിനിമയാകുമ്പോള്‍ കാണുമോ എന്ന ചോദ്യം വിരല്‍ ചൂണ്ടുന്നത് എഴുത്തിനും വായനക്കും കല്‍പ്പിക്കാത്ത എന്ത് അലിഖിത നിയമമാണ് സിനിമ ആവിഷ്‌ക്കരി്കുമ്പോള്‍ വിലക്കുകള്‍ തീര്‍ക്കുന്നത് എന്നതിലേക്കാണ്. ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും രണ്ടാമൂഴത്തെ നോവലായി കണ്ട് ആസ്വദിച്ച് വായിച്ചവരാണ്. അത് സിനിമയാകുമ്പോള്‍ മാത്രം ഉണ്ടായേക്കാവുന്നത കോലാഹലങ്ങളാണ് മനസ്സിലാകാത്തത്. നമ്മുടെ അഭിരുചിയുമായി ചേര്‍ന്നു പോകുന്നില്ലെന്നു തോന്നുന്ന പുസ്തകങ്ങള്‍ വാങ്ങി വായിക്കാതിരിക്കാം എന്നതുപോലെ അത്തരം സിനിമകള്‍ കാണാതിരിക്കാനും നമുക്ക് സ്വാതന്ത്ര്യമുണ്ട്. തൊട്ടാല്‍ ഉടന്‍ വ്രണപ്പെടുന്ന തരത്തില്‍ നേര്‍ക്കാത്തതാണ് മതവികാരം എന്ന് കരുതുന്നവരുടെ വിശ്വാസത്തിന്റെ കനക്കുറവാണ് ചിന്തിക്കേണ്ടത്. സിനിമയിലെ ഒരു രംഗം കൊണ്ടോ സംഭാഷണം കൊണ്ടോ നഷ്ടം സംഭവിക്കുന്ന തരത്തില്‍ ദുര്‍ബലമാകരുത് വിശ്വാസങ്ങള്‍

വിശ്വരൂപത്തിന്റെ റിലീസിങ്ങ് ഇസ്ലാമിക മതസംഘടനകള്‍ മുസ്ലീം വിരുദ്ധ സിനിമയെന്ന് ആരോപിച്ച് തടഞ്ഞത് നമ്മള്‍ കണ്ടതാണ്. 90 കോടി രുപ മുടക്കിയെടുത്ത ചിത്രം പിന്നീട് 200 കോടിയിലധികം ബോക്സ് ഓഫീസില്‍ നേടുകയും രണ്ടാം ഭാഗത്തിന്റെ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തത് പ്രശ്നത്തിന്റെ നിസ്സാരത വ്യക്തമാക്കുന്നു.

നാനാത്ത്വത്തില്‍ ഏകത്വം എന്ന ആശയത്തിലെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചരട് ചെറിയ കാരണങ്ങളുടെ പേരില്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണം. എല്ലാ വിഭാഗത്തില്‍പ്പെട്ടവരെയും തൃപ്തിപ്പെടുത്തി ആരും വ്രണിതരായില്ലെന്ന് ഉറപ്പുവരുത്തി നടത്താന്‍ സിനിമാ വ്യവസായം തീര്‍ത്ഥാടനമല്ല. അരികുകളും അതിരുകളും കല്പിക്കാതെ സര്‍ഗ്ഗാത്മകതയെ തുറന്നുവിടാന്‍ കലാകാരന്മാര്‍ക്ക് പിന്‍തുണ നല്‍കി, ക്ലാസ്സിക്കുകള്‍ക്കൊപ്പം ഇടംനേടാന്‍ കെല്പുള്ള സൃഷ്ടികള്‍ നമ്മുടെ മണ്ണില്‍ നിന്ന് പിറവികൊള്ളാന്‍ സാഹചര്യം ഒരുക്കുകയാണ് രാഷ്ട്രത്തോടുള്ള ആദരസൂചകമായി നമ്മള്‍ ചെയ്യേണ്ടത്.


Join WhatsApp News
anti-RSS 2017-02-20 11:05:17
ആര്‍.എസ്.എസുകാരോടു പോയി പണി നോക്കാന്‍ പറ. കേരലത്തിലെ ഏറ്റവും മഹാനായ സംവിധായകനാണ് കമല്‍. ഒരു ചിത്രത്തിലും ഇന്നേ വരെ മതമോ വര്‍ഗീയതയോ ഒന്നും അദ്ദേഹം ചിത്രീകരിച്ചിട്ടില്ല.
മാധവിക്കുട്ടി മതം മാറിയെങ്കില്‍ അതവരുടെ ഇഷ്ടം. ലവ് ജിഹാദ് എന്നു പറഞ്ഞു പ്രലോഭിപ്പിക്കാന്‍ അവര്‍ 14 വയസുള്ള കുട്ടി ആയിരുന്നില്ല. ലോക പ്രശസ്തയായ അവര്‍ മതം മാറുകയോ മാറാതിരിക്കുകയോ ചെയ്തതിനു ആര്‍ക്കെന്തു ചേതം?
എന്നല്ല, ഈ മതം മാറ്റം എന്തോ ആനക്കാര്യമാണോ? മതം മാറിയാല്‍ ദേശീയത മാറുമെന്നും മറ്റും ഫണ്ണി ആയിട്ടുള്ള സിദ്ധന്തങ്ങളാണു ആര്‍.എസ്.എസ്. അവതരിപ്പിക്കുന്നത്. അപ്പോള്‍ ലോകം മുഴുവന്‍ ദേശീയത മതത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമല്ലോ. പക്ഷെ അങ്ങനെ അല്ലെന്നാണെന്നതല്ലേ സത്യം? 
Dr. No 2017-02-20 14:47:37
ഡോ. ശശിക്ക് ആരോടാണ് എതിർപ്പ്? സിനിമാ ആവിഷ്ക്കാരത്തോടോ, അതിൽ അഭിനിയിക്കുന്നവരുടെ വ്യക്തിത്തത്തോടൊ, കമലിനോടോ, മാധവിയോടോ, കമലാ സൂരയ്യയോടോ, മിട്ടു റഹ്‌മത്ത് കലാമിനോട്, മാധവി എന്ന ഹിന്ദു മുസ്ലിം ആയതിലോ? എന്താണ് എന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നേനെ.  സിനിമ മാദ്യമം ഇന്നും ഇന്നലെയും ഉണ്ടായതല്ല. ആ മാധ്യമത്തിലൂടെ പല സാമൂഹ്യം പ്രശനങ്ങളെയും ജന ശ്രദ്ധയിൽ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. സിനാമാ ലോകത്ത് വളരെ വിദ്യാസമ്പന്നരായ വ്യക്തികളും പ്രവർത്തിക്കുന്നുണ്ട്. ഇങ്ങനെ കാടടച്ചു വെടി വൈയ്ക്കുന്നത് ശരിയല്ല. കാരണം പല പാവങ്ങളും ഇതിലൂടെ ഉപജീവനം കഴച്ചുപോകുന്നുണ്ട്. അവർക്ക് വെടിയേറ്റാൽ അവരുടെ കുടുംബം വഴിയാധാരമാകും.  അതുകൊണ്ടു ഒരേ സമയത്ത് ഒരാളെ ഉന്നം വച്ച് വെടി വയ്ക്കുക
Dr.Sasi 2017-02-20 10:57:49

സിനിമയിൽ നിന്നും ഒന്നും പഠിക്കാനില്ല!!അത് ഒരു വിനോദം മാത്രം !! റഹ്‌മത്തിനെ പോലെയുള്ള എഴുത്തുകാർ സിനിമ മാതൃകയാക്കരുത് ജീവിതത്തെ പഠിക്കാൻ ! നമ്മുടെ ചിന്താസരണികൾ അതിനപ്പുറത്താണ് ! പല ലേഖനങ്ങളിലൂലും ലേഖിക സിനിമ മാതൃകയാക്കി കാണുബോൾ വളരെ ദുഃഖം തോന്നാറുണ്ട് (മുൻ ലേഖനം :പ്രേമം സിനിമ ).ഇത്രയും അധാർമ്മികമായ ഒരു മേഖല വേറെയില്ല !!അതിന്റെ അസ്തമയ  കാഴ്ചയുടെ പ്രതിഫലനമാണ് ഇന്ന്  രാവിലെ പത്രം തുറക്കുമ്പോൾ കാണുന്നത് .ഭാവനക്ക്  എന്താണ് സംഭവിച്ചത് ?നന്നായി ഒന്ന് അനുസന്ധാനം ചെയ്യുക .മാധവികുട്ടി ജീവിച്ചിരിക്കുമ്പോൾ നമ്മുടെ സമാജത്തിൽ നിന്നും അവർ അനുഭവിച്ച ദുഃഖം  അകറ്റാൻ അന്ന് ഈ കമൽ എവിടെയായിരിന്നു ?

മാധവിക്കുട്ടിയെ  പരിചയപ്പെടേണ്ടത് അവരുടെ എഴുതുകളിലൂടെയാണ്  .അല്ലാതെ കമലിനെ പോലെയുള്ള  മൂന്നാം കിട   സിനിമകാരന്റെ മഞ്ഞ   സിനിമയായ ആമിയിലൂടെയല്ല !! ആണ് എന്ന്‌ പറയുന്നവരോട്‌ സന്തോഷം !അല്ല എന്ന്‌ പറയുന്നവരോട് കൂടുതൽ സന്തോഷം !!കൂലി പണിചെയ്ത് സ്വന്തം കുട്ടിയെ  നൊന്തു പെറ്റു പോറ്റി വളർത്തുന്ന ഒരു അമ്മയോടുള്ള ബഹുമാനം എനിക്കു ഈ സിനിമകരോടില്ല!


James Mathew, Chicago 2017-02-20 17:00:07
പേര് വയ്ക്കാൻ ധൈര്യമില്ലാത്തവരുടെ കമന്റുകൾക്ക് ഡോക്ടർ ശശി താങ്കൾ മറുപടി എഴുതരുത് ദയവായി.  റഹ്മത്തിന്റെയോ, കമലിന്റെയോ കൂലി എഴുത്തുകാരനായിരിക്കാം.പാവം. ആവിഷ്ക്കാര സ്വാതന്ത്രത്തെ പറ്റി റഹ്‌മത് എഴുതിയത് അവരുടെ സ്വാതന്ത്ര്യം. ഖുർആനെ പറ്റിയോ നബിയോ പറ്റിയോ
എഴുതിയാൽ കൈ വെട്ടുമല്ലോ. അവർ ആ സമുദായത്തിൽ പെട്ടയാളാകയാൽ മറ്റു സമുദായക്കാരെ ആരെങ്കിലും ആക്ഷേപിക്കുന്നതിൽ അവർക്ക് ഒന്നുമില്ല.  ( പാവം ആ കോളേജ് പ്രൊഫസ്സർ) ധീവര സമുധായകർക്ക് സമാധാനപരമായി
അവരുടെ ആചാര വിശ്വാസങ്ങളെ എതിർക്കാമെന്നത് അവരുടെ ആവിഷ്ക്കാര സ്വാതന്ത്ര്യം അവർ കൈ വെട്ടുകയോ കൊല്ലുകയോ ഇല്ല.
വ്യാജൻ, വാഷിങ്ടൺ 2017-02-20 18:34:44
നിങ്ങടെ കെട്ടും മട്ടും കണ്ടാൽ അറിയാം നിങ്ങളും ഞങ്ങളെപ്പോലെ ഒരു വ്യാജൻ ആണെന്ന്.  ജെയിംസ് മാത്യു ചിക്കാഗോ എന്ന് വയ്ക്കണോ ജെയിംസ് മാത്യു എന്ന് വച്ചാൽ പോരെ. ഇവിടെ വ്യാജന്മാരുടെ ഒരു പട സൃഷ്ടിച്ചത് വിദ്യാധരനാണ്. 
വിദ്യാധരൻ 2017-02-20 19:05:48
ഇനി എന്റെ പേര് ഉപയോഗിക്കാതെ നിങ്ങളുടെ വാഷിങ്ടണിൽ വന്നിട്ടുള്ള ട്രമ്പ് എന്ന വ്യാജന്റെ പേര് ഉപയോഗിച്ചാൽ പോരെ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക