Image

എന്റെ നാടിന് ഇത് എന്തു പറ്റി?(പകല്‍ക്കിനാവ്-44 : ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 19 March, 2017
എന്റെ നാടിന് ഇത് എന്തു പറ്റി?(പകല്‍ക്കിനാവ്-44 : ജോര്‍ജ് തുമ്പയില്‍)
2017 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങള്‍ കേട്ടു മലയാളിയായ ഒരു പ്രവാസി എന്ന നിലയില്‍ ഞെട്ടിത്തരിച്ചു പോയി. ഇങ്ങനെയുള്ള കേരളത്തിലേക്ക് എങ്ങനെ പോകാന്‍ കഴിയും എന്നു ഒരു നിമിഷം ചിന്തിച്ചു പോയി. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ ഇനം തിരിച്ചുള്ള കണക്കാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മാനഭംഗം: 200, പീഡനം: 608, തട്ടിക്കൊണ്ടു പോകല്‍: 13, പെണ്‍കുട്ടികള്‍ക്കെതിരെ മാനഭംഗം: 100, പീഡനം: 25. കുട്ടികള്‍ക്കെതിരായ അതിക്രമം പ്രകാരമുള്ള കേസുകള്‍: 125. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയ കേസുകള്‍ 3218. അന്വേഷണം പൂര്‍ത്തിയാകാനുള്ള കേസുകള്‍
131. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ ആരൊക്കെ, അതിന് ഉത്തരമില്ല. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ടു നിയമസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. (അവലംബം: ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ, നിയമസഭാ ചോദ്യോത്തരം)

നടിയെ ആക്രമിച്ച കേസ്, വാളയാറില്‍ മരിച്ച സഹോദരിമാരുടെ കേസ്, കുണ്ടറയിലെ പെണ്‍കുട്ടിയുടെ കേസ്, അനാഥാലയത്തിലെ പീഡനം തുടങ്ങി നിര നീളുകയാണ്. ഇത് എന്താണ് ഇങ്ങനെ. കേരളം ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന നിലയില്‍ നിന്നു കാമഭ്രാന്തന്മാരുടെ കോലാഹലങ്ങള്‍ തിമിര്‍ത്താടുന്ന തെരുവുനാടായി മാറുകയാണോ? ഇക്കാര്യങ്ങള്‍ ഒക്കെയും പണ്ട് കേരളത്തിലെ സാദാ പത്രങ്ങളില്‍ വന്നിരുന്ന വാര്‍ത്തയാണെങ്കില്‍ ഇന്നിത് അമേരിക്കയിലടക്കം ലോകത്തിന്റെ ഏതു കോണിലിരുന്നാലും മലയാളിക്ക് വായിക്കാന്‍ കഴിയുന്നു. ഒപ്പം ബിബിസി അടക്കമുള്ള മുഖ്യധാര ഇംഗ്ലീഷ് മാധ്യമങ്ങളും ലോകത്തിന്റെ മുന്നിലേക്ക് കേരളത്തിന്റെ ഈ സ്വഭാവ വിശേഷങ്ങള്‍ വിളമ്പുന്നു. കേരളീയന്‍, അഥവാ മലയാളി എന്ന നിലയ്ക്ക് നാണം കൊണ്ട് തല താഴ്ത്താന്‍ വിധിക്കപ്പെടുകയാണ് പ്രവാസികള്‍ എന്നു പറയണം. കാരണം, ഇതെന്താണ് നിങ്ങളുടെ നാട്ടില്‍ മാത്രം ഇങ്ങനെ എന്നു ചോദിച്ചാല്‍ പറയാന്‍ ഉത്തരമില്ല. ഇവിടെ പീഡിപ്പിക്കപ്പെടുന്നത് മകളും സഹോദരിയും ഒക്കെയാണ്. കുടുംബബന്ധങ്ങളുടെ വിശ്വാസ്യത തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

സൗമ്യയില്‍ നിന്നും ജിഷയിലേക്കും അവിടെനിന്നു വിമലയിലേക്കും..ഇപ്പോള്‍ അത് നടിയിലേക്കും പീഡന വാര്‍ത്തകള്‍ എത്തുമ്പോള്‍ കാമത്തിന്റെ കത്തുന്ന കണ്ണുകളെയാണ് നാം ഭയപ്പെടുന്നത്. അതു ശരീരത്തിലേക്കുള്ള അഭിനിവേശത്തിന്റെ ആക്രമണമല്ല, ഇരയുടെ മേലേക്ക് ആര്‍ത്തിയോടെ ചാടിവീഴുകയും പിന്നെ കൊന്നൊടുക്കുകയും ചെയ്യുന്ന കൊടും ക്രൂരതയായി ഇവിടം മാറിയിരിക്കുന്നു. ഇവിടെ സ്ത്രീ എന്നത് കാമപൂരണത്തിന്റെ ഉപകരണമായി മാറുമ്പോള്‍ അമ്മയാര്, പെങ്ങളാര് എന്നതൊന്നും ഒരു വിഷയമല്ലാതെയാവുന്നു. അത്തരത്തിലാണ് കേരളം അടഞ്ഞ അധ്യായമായി സ്ത്രീകള്‍ക്ക് മുന്നില്‍ മാറുന്നത്. എനിക്ക് മുന്നില്‍ കാണുന്ന ഏതൊരു പെണ്ണിനോടും ഒന്നേ പറയാനുള്ളു, അടുത്തതു നിങ്ങളാവാം. അല്ലെന്നെന്താണുറപ്പ്? മലയാളത്തിലെ പ്രമുഖ നടിയുടെ അമ്മയുടെ പ്രാര്‍ത്ഥന കൊണ്ടാവാം സൗമ്യക്കും ജിഷക്കും ഉണ്ടായ ഗതി ആ കുട്ടിക്ക് വരാതിരുന്നത്. അതിനു നമുക്ക് സര്‍വേശ്വരനോട് നന്ദി പറയാം. ഭാഗ്യലക്ഷ്മിയെയും പാര്‍വതിയെയും പോലുള്ള കേരളത്തിലെ ശക്തരായ സ്ത്രീകള്‍ പരാതി നല്‍കിയ കേസിനു പോലും എന്ത് സംഭവിച്ചു എന്ന് നാം കണ്ടതാണ്. കേരളത്തിലെ സ്ത്രീകള്‍ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാഷ്ട്രീയ ഭേദമന്യേ നമ്മള്‍ സ്ത്രീകള്‍ നമ്മുടെ തന്നെ കവചമാകേണ്ടിയിരിക്കുന്നു. കേരളത്തില്‍ ഇനി ഒരു രാഷ്ട്രീയ കൊലപാതകം മൂലം ഒരു വിധവ ഉണ്ടാവാതിരിക്കാനും, കേരളത്തില്‍ സ്ത്രീകളുടെ പൂര്‍ണ സുരക്ഷ ഉറപ്പു വരുത്തുന്നതിനും സ്ത്രീകള്‍ തന്നെയിറങ്ങണം.

ഉന്നത സാക്ഷരരുടെയും സംസ്‌ക്കാര സമ്പന്നരുടേയും നാടെന്നാണ് കേരളത്തെക്കുറിച്ച് വിലയിരുത്തലെങ്കിലും സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ അയല്‍ സംസ്ഥാനമായ തമിഴ്‌നാടിനു ഏറെ പിന്നിലാണ് നമ്മുടെ കേരളമെന്നതാണ് അടുത്തിടെ കണ്ട ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ബലാത്സംഗം, ശാരീരിക പീഡനം പോലെയുള്ള കുറ്റകൃത്യങ്ങളില്‍ കേരളം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളോട് ഏറെക്കുറെ സമതുലനത്തിലാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നതു കാണുമ്പോള്‍, പ്രിയപ്പെട്ടവരെ ഓര്‍ത്തു നോക്കൂ, ഒരു പത്തു വര്‍ഷം മുന്‍പ് ഇങ്ങനെയൊന്ന് നിങ്ങള്‍ കേട്ടിരുന്നോ, അറിഞ്ഞിരുന്നോ, ഈ അരക്ഷിതാവസ്ഥ അനുഭവിച്ചിരുന്നോ?
ലക്ഷത്തിന് 63 എന്ന കണക്കിലാണ് കേരളത്തിലെ സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍. ദേശീയ ശരാശരിയായ 56.3 നേക്കാള്‍ ഏറെ മുകളില്‍. ഇതാകട്ടെ തമിഴ്‌നാടിനേക്കാള്‍ മൂന്ന് മടങ്ങ് കൂടുതലാണ്. തമിഴ്‌നാട്ടില്‍ ബലാത്സംഗവും പീഡനവും ഉള്‍പ്പെടെ ലക്ഷത്തിന് 18.4 ആണ് സ്ത്രീപീഡനത്തിന്റെ ശരാശരി.

സ്ത്രീ കൂട്ടായ്മയുടെ കാര്യത്തില്‍ ഏറ്റവും വലിയ നെറ്റ് വര്‍ക്കുള്ള കേരളത്തില്‍ പകുതിയില്‍ കൂടുതല്‍ സ്ത്രീകള്‍ സമ്മതിദാനം രേഖപ്പെടുത്തുകയും വിവിധ രീതിയില്‍ സംഘടിക്കുകയും ചെയ്യുന്നുണ്ട്. 41 ലക്ഷം കുടുംബശ്രീ അംഗങ്ങളാണ് കേരളത്തിലുള്ളത്. ഇതിന് പുറമേ സ്ത്രീ സാക്ഷരത (92 ശതമാനം) ലിംഗാനുപാത ജനനം (1000 ആണുങ്ങള്‍ക്ക് 966 സ്ത്രീകള്‍), ഗര്‍ഭസ്ഥമരണ നിരക്ക് ഏറെ താഴ്ന്നതുമായ ഇന്ത്യയിലെ സ്ത്രീകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നവരാണ് മലയാളി സ്ത്രീകള്‍.

എന്നിട്ടും തമിഴ്‌നാടിനേക്കാള്‍ അരക്ഷിതരാണ് കേരളത്തിലെ സ്ത്രീകള്‍. കേരളത്തെ അപേക്ഷിച്ച് ബലാത്സംഗം തമിഴ്‌നാട്ടില്‍ ആറു മടങ്ങും ശാരീരിക പീഡനം എട്ടു മടങ്ങും കുടുംബ കലഹങ്ങള്‍ മൂന്ന് മടങ്ങും കുറവാണ്. സ്ത്രീകള്‍ക്കെതിരേയുള്ള പീഡനം തമിഴ്‌നാടിനെ അപേക്ഷിച്ച് അതിവേഗമാണ് കേരളത്തില്‍ കൂടിക്കൊണ്ടിരിക്കുന്നത്. 2005 നും 2014 നും ഇടയില്‍ അത് ഗതിവേഗം കൂടുകയും ചെയ്തു. ബലാത്സംഗം 436 ശതമാനം ഈ കാലയളവില്‍ കൂടിയപ്പോള്‍ ശാരീരിക പീഡനം 246 ശതമാനവും ലൈംഗിക പീഡനങ്ങള്‍ 980 ശതമാനവും കൂടി. ഭര്‍ത്തൃപീഡനം 82 തെമാനമാണ് ഉയര്‍ന്നത്. മൊത്തം സ്ത്രീപീഡന കാര്യത്തില്‍ 299 ശതമാനം കൂടിയതാണ് ദേശീയ ശരാശരി. തമിഴ്‌നാട്ടില്‍ ഇത് 38 ശതമാനമാകുമ്പോള്‍ കേരളത്തില്‍ 210 ശതമാനമായിട്ടാണ് വര്‍ദ്ധിച്ചത്. സ്ത്രീകള്‍ക്കെതിരേയുള്ള പീഡനം തടയുന്നതിനായി കേരളസര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഫലപ്രദമായിട്ടില്ലെന്നാണ് ദേശീയ കുറ്റകൃത്യ റെക്കോഡ് ബ്യൂറോയുടെ കണക്കുകള്‍. ഇതൊക്കെയും കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ അറിയാതെ സ്വയം ചോദിച്ചു പോകുന്നു, എന്റെ നാടിന് ഇത് എന്തു പറ്റി?

എന്റെ നാടിന് ഇത് എന്തു പറ്റി?(പകല്‍ക്കിനാവ്-44 : ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
Dr.Sasi 2017-03-21 11:00:09
വൈയക്തികമായ വൈചാരികതയോടുകൂടി ശുദ്ദമായ ആത്മചിന്തയോടും അങ്ങേയറ്റത്തെ മാനസിക വ്യഥയോടുകൂടിയാണ് ശ്രീ ജോർജ് "എന്റെ നാടിന്   ഇതു എന്തുപറ്റി" എന്ന ശീര്ഷകത്തോടു കൂടി ഈ ലേഖനം എഴുതിയിരിക്കുന്നത് .കുടുംബബന്ധങ്ങളുടെ വിശ്വാസ്യത തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് എന്ന ചിന്തനം കൂടുതൽ വിചിന്തനം ചെയ്യപ്പെടേണ്ട വസ്തുതയുമാണ് .ഒരു കുട്ടിക്ക് കളിയ്ക്കാൻ തീപന്തം കൊടുത്തു സകല  നാശത്തിനും കാരണമായപ്പോൾ  കുട്ടിയുടെ കുഴപ്പമാണോ അതോ പന്തം കൊടുത്ത ആളുടെ കുഴപ്പമാണോ എന്നതിന്റെ ഉത്തരം നമുക്ക് അനുമാനിക്കാവുന്നതാണ്.
അതുകൊണ്ടു കൂട്ടി വളർന്നു വരുന്ന കുടുംബത്തിന് നേരെ തന്നെയാണ്  നാം ആദ്യത്തെ വിരൽ ചൂണ്ടേണ്ടത് .ഒരു കുടുംബത്തിലെ എല്ലാവരും അടുത്ത് അടുത്ത് ഇരുന്നു ഭക്ഷണം കഴിക്കുന്ന സ്ഥലം എന്നതിൽ നിന്നായിരിക്കാം അടുക്കള എന്ന പദം തന്നെ ഉണ്ടായിട്ടുള്ളത് . ഇവിടെ നിന്നാണ് അച്ഛനിൽ നിന്നും അമ്മയിൽ നിന്നും ആദ്യത്തെ സംസ്കാരം ആരംഭിക്കുന്നത് .സ്തന്യം തന്നു വളർത്തിയ അമ്മതന്നെയാണ് നമ്മുടെ പ്രഥമ ദൈവം .
ഇന്നത്തെ സമുഹത്തിന്റെ ഗതി നിരീക്ഷിച്ചു കഴിഞ്ഞാൽ ആപത്‌കരമാണ്. ഒരു സെൽഫോൺ ,ലാപ്‌ടോപ്‌,അല്ലെങ്കിൽ ഒരു കമ്പ്യൂട്ടർ വാങ്ങിച്ചാൽ അതിനോടൊപ്പം ലഭിക്കുന്ന  ഇൻസ്‌ട്രുക്ഷൻ മാന്വൽ  മുഴുവൻ  മണിക്കൂറുകളോളം വായിച്ചു മനസിലാക്കി അത് പൂർണമായും ഉപയോഗിക്കാൻ നമ്മൾ പഠിക്കുന്നു.എന്നാൽ നമ്മുടെ ജീവിതം സത്യവും സുന്ദരവും ശിവവുമായ രീതിയിൽ മുന്നോട്ടു നയിക്കാൻ  നിർദേശിക്കുന്നു ധർമ്മോപദേശങ്ങൾ  ഉള്ള ബൈബിൾ അല്ലെങ്കിൽ ഗീത വായിക്കാൻ പത്തു മിനിറ്റ് പോലും നമുക്കില്ല.മാത്രമല്ല ഒരു അച്ചൻ അല്ലെങ്കിൽ ഒരു ബിഷപ്പ് പള്ളിയിൽ ആത്മപ്രഭാഷണം നടത്തുന്നത് അഞ്ചു മിനിറ്റിൽ കൂടാൻ പാടില്ലായെന്ന  ഉത്തമരെന്നു സ്വയം മാനിച്ചു നിർദേശം കൊടുക്കുന്ന അധമന്മാരുടെ വൈകാരികമായ ശാസനകൾ നിറഞ്ഞ ലോകവും.
നൂറിൽ നൂറു മാർക്ക് വാങ്ങിച്ച എം.സ് .സിക്കു അല്ലെങ്കിൽ എം.എ ക്കു റാങ്ക്  മേടിച്ച കുട്ടികൾ ഇൻറർനെറ്റിൽ ചാറ്റ് ചെയ്തു കണ്ടോന്റെ കൂടെയല്ല  ഒരിക്കലും കാണാത്തോന്റെ   കൂടെ ഓടിപ്പോകുന്ന കാലം .തന്റേടമുള്ളവരായി  ,ധര്മബോധമുള്ളവരായി നമ്മുടെ കുട്ടികളെ നമ്മുടെ വീട്ടിൽ വളർത്തണം .ഒരാൾ അകാരണമായി ഒരുപാടു സഹായം അടിച്ചേല്പിക്കുബോഴും , കൂടുതൽ അടുപ്പം കാണിക്കുബോഴും ,ആവശ്യത്തിലധികം  സ്നേഹം കാണിക്കുബോളും അല്പം ശ്ശ്രദ്ദിക്കണമെന്നു നാം പലപ്പോളും കുട്ടികളോട് പറയാൻ മറക്കുന്നു .ഒരു ബ്രിസ്‌കറ്റ് അല്ലെങ്കിൽ ഒരു മിട്ടായി ഒരാൾ കൊടുക്കുമ്പോൾ താങ്കയു  എന്ന് പറയു  മോളെ എന്ന് പഠിപ്പിക്കും .പക്ഷെ ധര്മശാസ്ത്രം പഠിപ്പിക്കുന്നില്ല. അതിനു തീർച്ചയായും പള്ളികളും അമ്പലങ്ങളും  നല്ല അച്ചന്മാരും , ബിഷപ്പുമാരും മാതാപിതാക്കളോടപ്പം സമാജത്തിൽ പ്രവർത്തിക്കുന്നത്  നല്ലതു തന്നെയാരിക്കും .ഈ ചിട്ടപ്പെടുത്തൽ വ്യക്തിതലത്തിൽ ,കുടുംബത്തലത്തിൽ നമ്മൾ ചെയ്യുബോഴേ സമൂഹത്തിൽ ക്രമമായി  പുരോഗമനമുണ്ടാകു .
(Dr.Sasi)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക