Image

റിയാദില്‍ മോഷ്‌ടാക്കള്‍ പോലീസ്‌ വേഷത്തിലെത്തി മോഷണം; പ്രതികള്‍ പിടിയില്‍

Published on 24 February, 2012
റിയാദില്‍ മോഷ്‌ടാക്കള്‍ പോലീസ്‌ വേഷത്തിലെത്തി മോഷണം; പ്രതികള്‍ പിടിയില്‍
റിയാദ്‌: ഹാര അമല്‍ ക്ലിനിക്കിന്‌ സമീപം ടൊയോട്ട ഫോര്‍ച്ചൂണര്‍ വാഹനത്തിലെത്തി മലയാളികളേയും അവരുടെ വാഹനങ്ങളേയും പോലീസ്‌ മോഡലില്‍ പരിശോധിച്ച്‌ പണവും രേഖകളും അപഹരിച്ച്‌ കടന്നുകളഞ്ഞ വ്യാജ പോലീസിനെ സിഐഡികള്‍ അറസ്റ്റ്‌ ചെയ്‌തു.

ഏതാനും ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ റിയാദ്‌ ഹാരയിലാണ്‌ പോലീസ്‌ വേഷധാരിയും സുഹൃത്തും റിയാദ്‌ നവോദയ കേന്ദ്ര കമ്മിറ്റി അംഗം അഷറഫ്‌ നിലമ്പൂര്‍, അബ്ദുള്‍ സലാം വാണിയമ്പലം, അബ്ദുല്‍ റസാഖ്‌ നിലമ്പൂര്‍(കുഞ്ഞിമാനു) എന്നിവര്‍ സഞ്ചരിച്ചിരുന്ന വാഹനം പോലീസ്‌ മോഡല്‍ പരിശോധന നടത്തിയത്‌. അഷറഫിന്റെ പക്കലുണ്‌ടായിരുന്ന 5,811 റിയാലും കാറിന്റെ ഇസ്‌തിമാറ, ലൈസന്‍സ്‌ തുടങ്ങിയ രേഖകളും മൊബൈലും കവര്‍ന്ന്‌ കടന്നു കളയുകയായിരുന്നു.

ഇക്കാമ വലിച്ചെറിഞ്ഞ ശേഷം വാഹനം ചീറിപ്പാഞ്ഞുപോയപ്പോള്‍ മാത്രമാണ്‌ തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം ഇരകള്‍ അറിയുന്നത്‌. ഉടനടി വണ്‌ടിയുടെ നമ്പര്‍ നോട്ട്‌ ചെയ്‌ത്‌ പോലീസിനെ അറിയിച്ചു. ഉടന്‍ തന്നെ പോലീസ്‌ സ്ഥലത്തെത്തിയെങ്കിലും കൊള്ളക്കാര്‍ സ്ഥലം വിട്ടിരുന്നു. പോലീസ്‌ ആവശ്യപ്പെട്ടതനുസരിച്ച്‌ മുറബ പോലീസ്‌ സ്‌റ്റേഷനില്‍ രേഖാമൂലം പരാതി നല്‌കുകയും പോലീസ്‌ തുടരന്വേഷണം നടത്തുകയും ചെയ്‌തു.

കഴിഞ്ഞ ദിവസം വാഹനം പിടിച്ചെടുത്ത പോലീസ്‌ സിഐഡി വിഭാഗം അഷറഫിനെ ബന്ധപ്പെട്ട്‌ പ്രതികളെ കസ്റ്റഡിയിലെടുത്ത വിവരം അറിയിച്ചു. തുടര്‍ന്ന്‌ അഷറഫും സുഹൃത്തുക്കളും എക്‌സിറ്റ്‌ 6 ലെ ഓഫീസിലെത്തി വ്യാജ പോലീസ്‌ വേഷത്തിലെത്തിയ പ്രതിയേയും വാഹനത്തേയും തിരിച്ചറിഞ്ഞു. ഇയാളുടെ പക്കല്‍ നിന്നും നഷ്ടപ്പെട്ട മൊബൈലും തിരിച്ചുകിട്ടി.

പലപ്പോഴും ആക്രമത്തിനിരയാവുന്ന പ്രവാസികള്‍ പരാതി നല്‍കാറില്ലെന്നും നല്‍കിയാല്‍ തന്നെ പ്രതികളെ പിടിക്കാന്‍ കഴിയുന്ന രീതിയില്‍ വാഹന നമ്പരുകളോ മറ്റോ നല്‍കി പോലീസുമായി സഹകരിക്കാറില്ലന്നും പോലീസ്‌ അധികാരികള്‍ ചൂണ്‌ടിക്കാട്ടി.

ഫോര്‍ച്ചൂണര്‍ വാഹനത്തില്‍ പോലീസ്‌ വേഷത്തില്‍ ഒട്ടനവധി കവര്‍ച്ചകള്‍ പിടിക്കപ്പെട്ട പ്രതികള്‍ നടത്തിയതായി കരുതുന്നു. ആരെങ്കിലും ഇത്തരം കവര്‍ച്ചക്കിരയാവുകയോ, സാധനങ്ങള്‍ നഷ്ടപ്പെടുകയോ ചെയ്‌തിട്ടുണെ്‌ടങ്കില്‍ എക്‌സിറ്റ്‌ 6 ലെ സിഐഡി ഓഫീസുമായി ബന്ധപ്പെട്ട്‌ പരാതി നല്‍കണമെന്ന്‌ അഷറഫ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക