Image

സര്‍ഗവേദി: ഒരു സാഗര ഗര്‍ജ്‌നത്തിന്റെ ഓര്‍മ്മയ്ക്ക്

മനോഹര്‍ തോമസ്‌ Published on 25 February, 2012
സര്‍ഗവേദി: ഒരു സാഗര ഗര്‍ജ്‌നത്തിന്റെ ഓര്‍മ്മയ്ക്ക്
ഒരു തികഞ്ഞ ഭാഷാസ്‌നേഹിയും വേദിയുടെ സഹയാത്രികനുമായ ജോസ് കാടാപുറത്തിനെ പ്രസ് ക്ലബ്ബ് ഓഫ് അമേരിക്കയുടെ ന്യൂയോര്‍ക്ക് റീജിയന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തതില്‍ അനുമോദനം അര്‍പ്പിച്ചുകൊണ്ടാണ് ഈ മാസത്തെ സര്‍ഗവേദി തുടങ്ങിയത്. സദസിനെ സ്വാഗതം ചെയ്ത മനേഹര്‍ തോമസ്, ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലും, മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലും ജോസ് ചെയ്തുകൊണ്ടിരുന്ന ഭാഷാ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി.

കാലത്തിന് കീഴടങ്ങി, മരണതീര്‍ത്ഥത്തില്‍ മുങ്ങിയ അഴീക്കോട് സാറിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് കൊണ്ട് തുടങ്ങിയ വേദിയില്‍ , വിവിധ വ്യക്തികള്‍ അദ്ദേഹത്തിന്റെ ബഹുമുഖ പ്രതിഭയെ പറ്റിയും, വ്യത്യസ്ത ജീവിത വ്യാപാരത്തെ പറ്റിയും, രാഷ്ട്രീയ സാമൂഹ്യ നിലപാടുകളെ പറ്റിയും വ്യക്തമാക്കി.

പത്രപ്രവര്‍ത്തകനായ ജോര്‍ജ് ജോസഫ് വേദിയെ അഭിസംബോധന ചെയ്തു സംസാരിച്ചു.

"മൗനത്തിന്റെ നിലവിളിയാണ് വാക്കുകള്‍" എന്ന് നമ്മെ പഠിപ്പിച്ചത് അഴീക്കോട് സാറാണ്. പ്രസംഗകലയുടെ ആചാര്യനായ അദ്ദേഹം അനീതിയും സാമൂഹ്യ നീതിക്കും വേണ്ടിയുള്ള പോരാട്ടത്തില്‍ വാക്കുകള്‍ പടവാളാക്കുകയായിരുന്നു എന്ന് ജേക്കബ് തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

മലയാള വിമര്‍ശന സാഹിത്യത്തിന് അഴീക്കോടു നല്‍കിയ സംഭാവനകളെ ആസ്പദമാക്കിയാണ് ഡോ. ജോയ് കുഞ്ഞാപ്പു സംസാരിച്ചത്. ഖണ്ഡന, മുണ്ഡന രീതിയില്‍ ഒരു പുനര്‍ചിന്തനത്തിനും പഴുതു തരാതെ, നിശിതമായ വിമര്‍ശനം കാഴ്ചവച്ചതിലൂടെ, കൃതിയുടെ ആത്മാവിലേയ്ക്ക് ശരവേഗത്തില്‍ കടക്കാന്‍ അനുവാചകന് സാധ്യമായി എന്നതാണ് യാഥാര്‍ത്ഥ്യം.

'അഴീക്കോട്-മനുഷ്യന്‍ , സാഹിത്യകാരന്‍ , വിപ്ലവകാരി' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ച പ്രൊഫ. എം.ടി ആന്റണി, ഒരു മനുഷ്യന്‍ എന്ന നിലയില്‍ കേരളീയന്‍ എങ്ങിനെ ചിന്തിക്കണം, എങ്ങിനെ പെരുമാറണം എന്നതിന്റെ നിര്‍വചനം ശരാശരി മലയാളിയെ പഠിപ്പിക്കുയായിരുന്നു എന്ന് വ്യക്തമാക്കി.

അഴീക്കോടിന്റെ രാഷ്ട്രീയ നിലപാടുകളാണ്, അദ്ദേഹത്തിന്റെ ജീവിതത്തെ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് പാത്രീഭൂതനാക്കിയത്. പലപ്പോഴും അദേഹത്തെപ്പറ്റി പറയുമ്പോള്‍; ഗാന്ധീയനായി തുടങ്ങി, കോണ്‍ഗ്രസുകാരനായി മാറി; ഇടതുപക്ഷ ചായ്‌വ് പ്രകടിപ്പിച്ച്, അവസാനം നിഷ്പക്ഷത കൈകൊണ്ട് എന്നൊക്കെയാണ് കാഴ്ചപ്പാടുകള്‍. ജെ. മാത്യൂ സാറിന്റെ അഭിപ്രായത്തില്‍ അദ്ദേഹം തുടക്കം മുതല്‍ അവസാനം വരെ ഒരു ഗാന്ധീയനായിരുന്നു എന്നും, ബാക്കി തൊപ്പികളെല്ലാം അവസരവാദികള്‍ അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തതാണെന്നും വ്യക്തമാക്കി.

സാറിന്റെ സാമൂഹ്യ ഇടപെടലുകള്‍ -എന്ന വിഷയത്തെ ആസ്പദമക്കി കെ.കെ. ജോണ്‍സണ്‍ സംസാരിച്ചു. കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, ശ്രീ പത്മനാഭസ്വാമിക ക്ഷേത്ര എഡ്വോവ്‌മെന്റ് അവാര്‍ഡ്. പ്‌ളാച്ചിമട സംഭവം, അമ്മ വിഷയം, വെമാപ്പിള്ളി നടേശന്‍ പ്രശ്‌നം, ബാബറി മസ്ജിത് പൊളിച്ച പ്രശ്‌നം, മോഹന്‍ലാല്‍ വിഷയം എന്നു തുടങ്ങി ഒരു ശരാശരി പച്ച മലയാളിയെ സ്പര്‍ശിച്ചതെല്ലാം, അദേഹത്തിന് ഇടപെടാനുള്ള വിഷയങ്ങളായിരുന്നു.

വിമര്‍ശന സാഹിത്യത്തിലായാലും, സാമൂഹ്യ നിലപാടുകളിലായാലും, പലപ്പോഴും കാലം ആവശ്യപ്പെടുന്ന മാറ്റത്തിന് അദ്ദേഹം വിധേയനായിരുന്നു പല തെളിവുകള്‍ നിരത്തിക്കൊണ്ടാണ് മാമ്മന്‍ മാത്യൂ ഇക്കാര്യം വ്യക്തമാക്കിയത്. അടിയന്തിരാവസ്ഥക്കാലത്ത് നമ്മുടെ നാട്ടിലെ പല ബുദ്ധിജീവികളും മിണ്ടാപ്പൂച്ച കളായിരുന്ന എന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രയോഗം സാറുമായി വളരെ നീണ്ട സ്പര്‍ദ്ധയ്ക്കാണ് വഴിതെളിച്ചത്.

അഴീക്കോടു സാറിന്റെ വ്യക്തി ജീവിതത്തെപ്പറ്റി പലരും പ്രതിപാദിച്ചെങ്കിലും, അനന്യ സാധാരണമായ വ്യക്തിത്വമുള്ള സാറിന്റെ ധന്യമായ ജീവിതത്തിനു മുമ്പില്‍ അതെല്ലാം നിഷ്പ്രഭമാകുകയായിരുന്നു.

പോള്‍ സാറിനും, മുണ്ടശ്ശേരിക്കും, മാരാര്‍ക്കും ശേഷം കേരളം കണ്ട ഏറ്റവും പ്രഗത്ഭമായ സാഹിത്യ വിമര്‍ശകനും അഴീക്കോടിന്റെതായിരുന്നു. "മലയാള സാഹിത്യ വിമര്‍ശനം" എന്ന പുസ്തകത്തെ ആസ്പതമാക്കി ഡോ.നന്ദകുമാര്‍ അവതരിപ്പിച്ച പ്രസംഗം ഇതിന് അടിവരയിടുന്നു.
വാസുദേവ് പുളിക്കല്‍ , രാജു മൈലപ്ര, പീറ്റര്‍ നീണ്ടൂര്‍ , ത്രേസ്യാമ്മ നാടാവള്ളില്‍ , ഡോ. എന്‍.പി. ഷീല, എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ജോണ്‍ വേറ്റം, രാജു തോമസ്, എന്നിവര്‍ സുകുമാര്‍ അഴീക്കോടിന്റെ സംഭവബഹുലമായ കര്‍മ്മകാണ്ഡത്തിന്റെ നേര്‍ചിത്രം വരച്ചുകാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക