Image

ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ലീലാ മാരേട്ട് മല്‍സരിക്കും (എ.എസ് ശ്രീകുമാര്‍)

exclusive Published on 04 April, 2017
ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ലീലാ മാരേട്ട് മല്‍സരിക്കും (എ.എസ് ശ്രീകുമാര്‍)
അമേരിക്കന്‍ മലയാളികളുടെ പ്രഥമ ഫെഡറേഷനും കരുത്തും ആര്‍ജവവും സാമൂഹിക പ്രതിബദ്ധതയും കൈമുതലായുള്ള ജനകീയ കൂട്ടായ്മയുമായ ഫൊക്കാനയുടെ അമരത്തേയ്ക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ് ലീലാ മാരേട്ട് എന്ന ഇച്ഛാശക്തിയുള്ള പൊതുപ്രവര്‍ത്തക. 36 വര്‍ഷത്തെ സഫലമായ അമേരിക്കന്‍ ജീവിതത്തിനിടയില്‍ സംഘടനാ രംഗത്ത് സവിശേഷവും മാതൃകാപരവുമായ ഒട്ടേറെ നേട്ടങ്ങളുടെ ഉടമയും ജനശബ്ദത്തിന്റെ അടയാളവുമായി മാറിക്കഴിഞ്ഞ ലീലാ മാരേട്ട് ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ജനഹിതമറിഞ്ഞുള്ള ഒരു പോരാട്ടത്തിന് കച്ച മുറുക്കുകയാണ്. എന്തുകൊണ്ടും ഈ സ്ഥാനത്തിന് സര്‍വഥാ യോഗ്യയാണെന്ന് ലീലാ മാരേട്ട് തന്റെ ഇതപര്യന്തമുള്ള പൊതു സേവനത്തിലൂടെയും ജനപക്ഷ ഇടപെടലുകളിലൂടെയുമെല്ലാം തെളിയിച്ചിട്ടുണ്ട്. 

ആഭിജാത്യവും അതിസമ്പന്നവുമായ ഒരു കോണ്‍ഗ്രസ് തറവാട്ടിലാണ് ലീലാ മാരേട്ട് ജനിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ എക്കാലത്തേക്കുമുള്ള ചങ്കൂറ്റത്തിന്റെ സ്ത്രീരൂപമായ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, ചടുല തീരുമാനങ്ങളുടെ കണിശതയും കാര്‍ക്കശ്യവും പിന്നെ ആശ്രിതവാത്സല്യവുമേറെയുള്ള ഒരേയൊരു കേരള മുഖ്യമന്ത്രി കെ. കരുണാകരന്‍ തുടങ്ങി ആദരങ്ങളേറെ ഏറ്റുവാങ്ങിയ, ഒരു സുന്ദര കാലഘട്ടത്തിലെ നേതൃനിരയുടെ ഇഷ്ടമായിരുന്ന പഴയകാല കോണ്‍ഗ്രസ് നേതാവ് എന്‍.കെ തോമസിന്റെ പുത്രിയാണ്. എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി തുടങ്ങിയ ഇന്നത്തെ നേതാക്കളുടെ രാഷ്ട്രീയ ഗുരുനാഥനാണ് ആലപ്പുഴ ഡി.സി.സി പ്രസിഡന്റായിരുന്ന എന്‍.കെ തോമസ്. ബോംബെ സെന്റ് സേവ്യേഴ്സ് കോളേജില്‍ നിന്ന് ഇക്കണോമിക്സിലും ഇംഗ്ലീഷ് ലിറ്ററേച്ചറിലും മാസ്റ്റര്‍ ബിരുദം നേടിയ അദ്ദേഹം 1953ല്‍ ആലപ്പുഴയില്‍ നാഷണല്‍ ട്യൂട്ടോറിയല്‍ കോളേജ് ആരംഭിച്ചു. ഈ വിദ്യാലയത്തിന്റെ പഠന, സംവാദങ്ങളുടെ വിശാല മുറികളിലെ അറിവില്‍ നിന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കെ.എസ്.യു രൂപീകരിക്കപ്പെട്ടത്. ഒരണ സമരം മുതലുള്ള, മേല്‍പ്പറഞ്ഞ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധ നിലപാടുകള്‍ക്ക് അഗ്‌നി പകര്‍ന്നത് എന്‍.കെ തോമസ് സാറിന്റെ ശിക്ഷണവും ശരിയുമായിരുന്നു. ആയതിനാല്‍ മൂല്യവത്തായ ഒരു രാഷ്ട്രീയ പാരമ്പര്യത്തിന്റെ ശക്തയായ പിന്‍ഗാമി കൂടിയാണ് ഈ മാതൃകാ വനിത. 

വിവാഹ ശേഷം 1981ല്‍ അമേരിക്കയിലെത്തിയ ലീലാ മാരേട്ട് ന്യൂയോര്‍ക്കില്‍ നാല് വര്‍ഷത്തോളം ഒരു ഇന്‍ഷുറല്‍സ് കമ്പനിയില്‍ ജോലി ചെയ്തു. അക്കാലത്ത് ഇവിടെ ജോലി ലഭിക്കുകയെന്നത് പ്രയാസകരമായിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി ന്യൂയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ സയന്റിസ്റ്റായി ജോലി ചെയ്യുന്നു. സയന്റിസ്റ്റ്, എഞ്ചിനീയര്‍, കെമിസ്റ്റ് എന്നിവരുടെ ന്യൂയോര്‍ക്ക് സിറ്റിയിലെ യൂണിയനായ ലോക്കല്‍-375ന്റെ റെക്കോഡിങ് സെക്രട്ടറിയും സിറ്റിയിലെ ഏറ്റവും വലിയ യൂണിയനായ ഡി.സി-37ന്റെ ഡെലിഗേറ്റുമാണ് ലീലാ മാരേട്ട്. ഒരു മലയാളി വനിത ഈ പദവിയിലെത്തുകയെന്നത് ശ്രമകരമാണ്, അപൂര്‍വമാണ്. അതുകൊണ്ടു തന്നെ മലയാളികള്‍ക്കഭിമാനവും. ബ്രോങ്കസ് കമ്മ്യൂണിറ്റി കോളേജില്‍ അഡ്ജംക്ട് പ്രൊഫസറായിരുന്ന ലീലാ മാരേട്ട് ഡെമോക്രാറ്റിക് പാര്‍ട്ടിയ്ക്കു വേണ്ടി ദിപശിഖയേന്തുന്ന അംഗമാണ്.  താമസിയാതെ ഔദ്യോഗിക രംഗത്തുനിന്ന് വിരമിക്കും. അതിനാല്‍ മുഴുവന്‍ സമയ സംഘടനാ പ്രവര്‍ത്തനത്തില്‍ മുഴുകാനാവും. ജോലിപരമായ. തിരക്കുകള്‍, ഫൊക്കാന പ്രസിഡന്റ് എന്ന നിലയില്‍ തന്റെ കൃത്യനിര്‍വഹണത്തെ ബാധിക്കരുതെന്ന നിര്‍ബന്ധം ലീലാ മാരേട്ടിനുണ്ട്. 

കര്‍മ ഭീമിയില്‍ കാലുകുത്തിയ സമയത്ത് മുത്തശ്ശി സംഘടനയായ കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ സജീവ പ്രവര്‍ത്തകയായി. സ്തുത്യര്‍ഹമായ പ്രവര്‍ത്തനം ലീലയെ സംഘടനയുടെ പ്രസിഡന്റ് പദം വരെയെത്തിച്ചു. ഇന്ത്യ കാത്തലിക് അസോസിയേഷന്റെ പ്രസിഡന്റ് പദവുമലങ്കരിച്ചു. 2004ലാണ് ഫൊക്കാനയിലെത്തുന്നത്. 2006 വരെ നാഷണല്‍ കമ്മിറ്റി മെംബറായി. ഇതിനിടെ ഫൊക്കാന പിളര്‍ന്ന് കേസുമായി മുന്നോട്ടു പോകുമ്പോഴും ലീലാ മാരേട്ട് സംഘടനാ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ട് തന്റെ പൊതു സേവന സന്നദ്ധതയറിയിച്ചു. പിന്നീട് ഫൊക്കാനയുടെ ന്യൂയോര്‍ക്ക് റീജിയന്‍ പ്രസിഡന്റായി.  2008 മാര്‍ച്ചിലാണ് കോടതി വിധിയുണ്ടാവുന്നത്. അതോടെ ഫൊക്കാനയില്‍ ലീല അടിയുറച്ചു നിന്നു. 2008 ഫൊക്കാനയുടെ രജതജൂബിലി വര്‍ഷമായിരുന്നു. മൂന്നു മാസം കഴിയുമ്പോള്‍ നാഷണല്‍ കണ്‍വന്‍ഷനാണ്.

ലീല മാരേട്ട് 2008ലെ ഫിലാഡല്‍ഫിയ കണ്‍വന്‍ഷന്റെയും 2010ലെ ആല്‍ബനി കണ്‍വന്‍ഷന്റെയും സുവനീറിന്റെ ഇന്‍ചാര്‍ജായിരുന്നു. സുവനീറിലേയ്ക്ക്, തന്റെ വിശാലമായ ബന്ധങ്ങളും ധനശേഖരണ മികവും ഉപയോഗിച്ച് ഒരുപാട് പരസ്യങ്ങള്‍ പിടിച്ച് സംഘടനയ്ക്ക് വന്‍ സാമ്പത്തിക അടിത്തറയുണ്ടാക്കിക്കൊടുത്തതോടെ ഫിലഡല്‍ഫിയ കണ്‍വന്‍ഷന്‍ നഷ്ടമില്ലാതെ പര്യവസാനിച്ചു. കണ്‍വന്‍ഷന് ശേഷമുള്ള ഇലക്ഷനില്‍ ലീല മാരേട്ട് ഫൊക്കാന ട്രഷററായി. സാമ്പത്തിക മാനേജ്‌മെന്റിനുള്ള മിടുക്കാണ് ലീലയെ ഈ സ്ഥാനത്തെത്തിച്ചത്. 2010ലെ ആല്‍ബനി കണ്‍വന്‍ഷനും നഷ്ടത്തില്‍ കലാശിക്കാതെ പോയതിനു പിന്നില്‍ ലീലാ മാരേട്ടിന്റെ സാമ്പത്തിക അച്ചടക്കവും നയസമീപനങ്ങവുമാണ്. പിന്നീടുള്ള കണ്‍വന്‍ഷനുകളെല്ലാം നഷ്ടത്തിലായിരുന്നുവെന്ന് ലീലാ മാരേട്ട് പറയുന്നു. 2010 മുതല്‍ 2012 വരെ ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി. 2012ല്‍ ബോര്‍ഡ് ഓഫ് ട്രസ്‌ററി മെമ്പറും തുടര്‍ന്ന് വനിതാ ഫോറം ചെയര്‍പേഴ്‌സണുമായി. ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാനുമാണിപ്പോള്‍.  ഏഷ്യന്‍ പബ്ലിക് ലേബര്‍ അലയന്‍സ് ഭരണ സമിതി അംഗം, സൗത്ത് ഏഷ്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പൊളിറ്റിക്കല്‍ പ്രോഗ്രസ്സ് ട്രഷറര്‍, അമേരിക്കന്‍ ഡെമോക്രാറ്റിക് ക്ലബിന്റെ മെമ്പര്‍ എന്നി നിലകളില്‍  തിളക്കമാര്‍ന്ന സേവനം കാഴ്ചവെച്ചിട്ടുണ്ട്. 

ലീലാ മാരേട്ടിന്റെ സേവനങ്ങള്‍ പഠനാര്‍ഹമാണ്. 2006 മുതല്‍ ന്യൂയോര്‍ക്ക് റീജിയണ്‍ പ്രസിഡന്റായിരിക്കുമ്പോള്‍ നാട്ടില്‍ നിര്‍ദ്ധനരായ പത്തു കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ ധനസഹായവും നേതൃപരമായ പിന്തുണയും കൊടുത്തുകൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ സജീവമായ പങ്കാളിത്തം വഹിച്ചു. കേരളത്തിന്റെ 50-ാം വാര്‍ഷിക പിറവി ദിനത്തില്‍ കോണ്‍സുലേറ്റില്‍ കേരളപ്പിറവി ആഘോഷമായി നടത്തി. അതിനു മുമ്പ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ മലയാളികളുടെ പരിപാടികള്‍ ഒന്നും നടന്നിരുന്നില്ല. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫൊക്കാനയുടെ പേരില്‍ കേരളത്തനിമയുള്ള ഫ്ളോട്ട് രണ്ടുവട്ടം ഒരുക്കി. ഇതിനായി ന്യൂയോര്‍ക്ക് സിറ്റി അധികൃതരില്‍ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കി. കോണ്‍സല്‍മാന്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള സൗഹൃദമാണ് പണം സ്വരൂപിക്കുന്നതിന് സഹായകരമായത്. യൂത്ത് ഫെസ്റ്റിവല്‍, മോഹന്‍ലാല്‍ ഷോ എന്നിവ വിഡയതരമായി നടത്തി. മലയാളി മങ്ക തുടങ്ങിയ മത്സര ഇനങ്ങള്‍ സംഘടിപ്പിച്ചു. ബ്രസ്റ്റ് ക്യാന്‍സര്‍ അവേര്‍നസ് നടത്തത്തില്‍ മുടങ്ങാതെ പങ്കെടുക്കുന്നുണ്ട്. അവയവദാനം മഹാദാനമാണെന്നാണല്ലോ. അതിനാല്‍ ഓര്‍ഗന്‍ ഡോണര്‍ രജിസ്റ്ററി ചെയ്തിട്ടുണ്ട്. സി.പി.ആര്‍ ട്രെയിനിങ്ങും നടത്തുന്നു. ഫാ. ഡേവിഡ് ചിറമ്മേലിന്റെ കിഡ്നി ഫെഡറേഷന് സംഭാവനയും നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വനിതാ ദിനാചരണത്തിന് ചുക്കാന്‍ പിടിച്ചു. 

''ഫൊക്കാനയുടെ ചിക്കാഗോയിലുള്ള വനിതാ ഫോറം ഒരു കാര്യം തുടങ്ങിവച്ചിരിക്കുന്നു. അതായത് പാവപ്പെട്ടവര്‍ക്കും അനാഥര്‍ക്കും അശരണര്‍ക്കും വന്ദ്യവയോധികര്‍ക്കും ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങിയവ വിതരണം ചെയ്യുന്ന ജീവകാരുണ്യ പരിപാടിയാണത്. മറ്റ് രാജ്യങ്ങളിലെ സമാനമായ ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടിയുള്ള ഈ സംരംഭം ഫൊക്കാന വനിതാ ഫോറത്തിന്റെ എല്ലാ ചാപ്റ്ററുകളിലേക്ക് വ്യാപിപ്പിക്കും. വനിതാ ഫോറത്തിന്റെ ചുമതലയേറ്റെടുത്ത ശേഷം പ്രധാനപ്പെട്ട സ്റ്റേറ്റുകളിലെല്ലാം ചാപ്റ്ററുകള്‍ രൂപീകരിച്ചിട്ടുണ്ട്. ആ പ്രക്രിയ എല്ലാ സ്റ്റേറ്റുകളിലേക്കും എത്തിക്കും. അതുപോലെ തന്നെ നാട്ടില്‍ സ്ത്രീ ശാക്തീകരണം സംബന്ധിച്ച സെമിനാറുകള്‍ മുന്‍കാലങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ട്. വനിതാ കമ്മീഷനുമായി കൈ കോര്‍ത്തുകൊണ്ടായിരുന്നു അത്. ബ്രെസ്റ്റ് ക്യാന്‍സര്‍ അവേര്‍നസ്, സെല്‍ഫ് ഡിഫന്‍സ്, ടൈം മാനേജ്മെന്റ്, തുടങ്ങിയ വിഷയങ്ങളില്‍ നടത്തി വന്നിരുന്ന സെമിനാറുകള്‍ പൂര്‍വാധികം ശക്തിയോടെ തുടരും. വനിതകളുടെ കഴിവുകള്‍ തെളിയിക്കുന്ന പാചകം, ഫ്ളവര്‍ അറേഞ്ച്മെന്റ്, പൂക്കളമിടീല്‍, ബേക്കിംഗ് തുടങ്ങിയ ഇനങ്ങളിലുള്ള മത്സരങ്ങളും സജീമാക്കും. വനിതകളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരികയാണ് ലക്ഷ്യം...'' ലീല മാരേട്ട് പറയുന്നു.

ഇന്ത്യന്‍ കോണ്‍സുലേററുമായി ലീലയ്ക്ക് നല്ല ബന്ധങ്ങളുണ്ട്. വിസ, പാസ്പോര്‍ട്ട്, പവര്‍ ഓഫ് അറ്റോര്‍ണി തുടങ്ങിയ സുപ്രധാന രേഖകള്‍ വേഗത്തില്‍ ശരിയാക്കി കൊടുക്കുന്ന ദൗത്യം ഏറ്റെടുത്തിട്ടുണ്ട്. നാട്ടിലേക്ക് മൃതശരീരങ്ങള്‍ കൊണ്ടുപോകാനുള്ള കാലതാമസം ഒഴിവാക്കാനും കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് സാധിക്കുന്നു. ഈയിടെ ലീലാ മാരേട്ടിനെ നാസ്സാ  കൗണ്ടി അവാര്‍ഡു നല്‍കി ആദരിച്ചു.  വനിതാ ദിനവുമായി ബന്ധപ്പെട്ടു ന്യൂ യോര്‍ക്ക് നാസാ കൗണ്ടി ഏര്‍പ്പെടുത്തിയ 'വുമണ്‍ ബ്രെയ്ക്കിങ്ങ് ഗ്രൗണ്ട്' വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചത്.  ചടങ്ങില്‍ നാസ്സാ കൗണ്ടി  കംപ്‌ട്രോളര്‍ ജോര്‍ജ് മാര്‍ഗോസ് അവാര്‍ഡ് സമ്മാനിച്ചു. ഈ അവാര്‍ഡ് മലയാളി സമൂഹത്തിനു ലഭിച്ച അംഗീകാരമാണെന്ന് ലീല മാരേട്ട് പറഞ്ഞു.

''ഫൊക്കാനയെ ശക്തിപ്പെടുത്തുക എന്ന കാര്യത്തിനാണ് എന്നും മുന്‍തൂക്കം നല്‍കുന്നത്. ഫൊക്കാനയുടെ പ്രസിന്റായിക്കൊണ്ട് ഈ ദൗത്യം നിര്‍വഹിക്കണമെന്നാണ് ആഗ്രഹം. ഫൊക്കാന മലയാളികളില്‍ ഒതുങ്ങാതെ മുഖ്യധാരയിലേയ്‌ക്കെത്തണം. കൂടുതല്‍ അംഗസംഘടനകളെയും ചേര്‍ക്കണം. അതുപോലെ അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് യുവതലമുറയെ കൈപിടിച്ചു കൊണ്ടുവരാന്‍ കൂട്ടായി ശ്രമിക്കുകയും അതിന് വേണ്ടിയുള്ള ബോധവത്ക്കരണം നടത്തുകയും വേണം. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മലയാളികളുടെ പ്രാധാന്യം വളരെ കുറവാണ്. ഇവിടെ നമ്മുടെ രാഷ്ട്രീയ പ്രബുദ്ധത തെളിയിക്കേണ്ടതുണ്ട്...'' അമേരിക്കയിലെ മലയാളി സുമനസുകളില്‍ പൊതുപ്രവര്‍ത്തനത്തിന്റെ ആത്മാര്‍ത്ഥതയും കാര്യശേഷിയും നിശ്ചയദാര്‍ഢ്യവും സ്നേഹസമീപനവും കര്‍മമുദ്രയാക്കി ചിരപ്രതിഷ്ഠ നേടിയ ലീലാ മാരേട്ട് നയം വ്യക്തമാക്കുന്നു. പൊതുപ്രവര്‍ത്തക എന്ന നിലയില്‍ പറയുന്ന കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയും അത് സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യുക എന്നതാണ് ലീലാ മാരേട്ടിന്റെ സവിശേഷ ഫോര്‍മുല. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെയും ആത്മാര്‍ത്ഥതയോടെയും അച്ചടക്കത്തോടെയും നിര്‍വഹിക്കുന്നതില്‍ ഈ വനിതയ്ക്ക് വിട്ടുവീഴ്ചയില്ല.

മഹാരഥനായ ഒരു കോണ്‍ഗ്രസ് നേതാവിന്റെ മകള്‍ തന്റെ കര്‍മഭൂമിയായ അമേരിക്കയില്‍ സാമൂഹിക സേവന രംഗത്ത് പ്രതിജ്ഞാബദ്ധതയുടെ ഉറച്ച ശബ്ദമായതില്‍ തെല്ലും അത്ഭുതപ്പെടേണ്ടതില്ല. ഉള്ളവരോ ഇല്ലാത്തവരോ, ആരുമായിക്കൊള്ളട്ടെ, ഒരു വ്യക്തിയുടെ കുടുംബ പശ്ചാത്തലത്തിന് സമൂഹത്തില്‍ വൈകാരികമായ, ഗുണപരമായ സ്വാധീനം സഹജീവികളുടെ ഇടയില്‍ ചെലുത്താനാവും. ലീലാ മാരേട്ടിന്റെ പിതാവിന്റെ പിതാവ് എന്‍.എക്സ് കുര്യന്‍ ബി.എ.ബി.എല്‍. ആലപ്പുഴ ജില്ലാ കോടതിയിലെ പ്രശസ്തനായ ക്രിമിനല്‍ അഭിഭാഷകനായിരുന്നു. കേരളത്തില്‍ അറിയപ്പെട്ട നീതി ശബ്ദം. ഇദ്ദേഹത്തിന്റെ ഭാര്യ പെരുമ അറിയിച്ച തരകന്‍മാരുടെ പാറായി കുടുംബാംഗമാണ്. ലീലാ മാരേട്ടിന്റെ അമ്മ റോസി തോമസിന്റെ പിതാവായ തൃശൂരിലെ എ.ഐ മാണി അക്കരപ്പെട്ടി പ്രമുഖ വ്യവസായിയും ശ്രീമൂലം പ്രജാസഭയിലെ അംഗവുമായിരുന്നു. കാത്തലിക് സിറിയന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധര്‍മോദയം ബാങ്ക് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുടെ സ്ഥാപകശില്പിയാണ് എ.ഐ മാണി അക്കരപ്പെട്ടി.

ഇപ്രകാരം മഹത്തായൊരു കുടുംബപാരമ്പര്യത്തിന്റെ ധവള പതാകയേന്തിക്കൊണ്ടാണ് ലീലാ മാരേട്ട് ഫൊക്കാന പ്രസിഡന്റ് പദത്തിലേയ്ക്ക് മല്‍സരിക്കാനൊരുങ്ങുന്നത്. ആലപ്പുഴ സെന്റ് ജോസഫ് കോളേജില്‍ നിന്ന് കെമിസ്ട്രിയില്‍ ബിരുദവും ചങ്ങനാശേരി എസ്.ബി കോളേജില്‍ നിന്ന് ഇതേ വിഷയത്തില്‍ എം.എസ്.സിയും നേടിയ ലീലാ മാരേട്ട് സെന്റ് ജോസഫ് കോളേജില്‍ കെമിസ്ട്രി ലക്ചററായി അധ്യാപനമാരംഭിച്ചു. അക്കാലത്തായിരുന്നു കല്യാണം. മുപ്പത്തിയാറ് വര്‍ഷമായി ആ വിവാഹം കഴിഞ്ഞിട്ട്. ലീലാ മാരേട്ടിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ശുഭാശംസകളും പിന്‍തുണയും നല്‍കിക്കൊണ്ട് ഭര്‍ത്താവ് രാജന്‍ മാരേട്ട് ഒപ്പം നില്‍ക്കുന്നു. ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റിയിലെ സൂപ്പര്‍വൈസറായിരുന്നു ഇദ്ദേഹം. ഇപ്പോള്‍ റിട്ടയര്‍ ആയി. ഈ അനുഗ്രഹീത ദമ്പതികള്‍ക്ക് രണ്ടു മക്കളാണുള്ളത്. മകന്‍ രാജീവ് മാരേട്ട് ഫിനാന്‍സ് കഴിഞ്ഞ് കമ്പനിയുടെ വൈസ് പ്രസിഡന്റായി ജോലി ചെയ്യുന്നു. മകള്‍ രജനി മാരേട്ട് ഡോക്ടറാണ്. ഇരുവരും വിവാഹിതര്‍.

ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ലീലാ മാരേട്ട് മല്‍സരിക്കും (എ.എസ് ശ്രീകുമാര്‍)
ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ലീലാ മാരേട്ട് മല്‍സരിക്കും (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
fokana lover 2017-04-05 07:06:37
Very good. Fokana needs people like you. Currently it is in the hands of 3-4 people from the Orthodox community. What kind of organization is it? It needs a change
fokana love 2017-04-05 07:13:19
Very good! But my humble suspicion is those 3-4 orthodox folks will control the strings and purse even with her in charge so that she can be a puppet for them.
റജിസ് നെടുങ്ങാടപ്പള്ളി 2017-04-05 14:13:42
എന്നിട്ടും അമേരിക്ക യിൽ  വരേണ്ടി വന്നല്ലോ
manu 2017-04-05 17:23:43
FOKANA leaders want to make AMERICAN MALAYALEES GREAT AGAIN.  That is why they came to america...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക