Image

കഴിഞ്ഞവര്‍ഷം 35 നഴ്‌സുമാരെ കരിമ്പട്ടികയില്‍പ്പെടുത്തി: സുപ്രീം ആരോഗ്യ കൗണ്‍സില്‍

Published on 25 February, 2012
കഴിഞ്ഞവര്‍ഷം 35 നഴ്‌സുമാരെ കരിമ്പട്ടികയില്‍പ്പെടുത്തി: സുപ്രീം ആരോഗ്യ കൗണ്‍സില്‍
ദോഹ: നിയമലംഘനം കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ കഴിഞ്ഞ വര്‍ഷം രാജ്യത്തെ 35 നഴ്‌സുമാരടക്കം ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 41 പേരെ സുപ്രീം ആരോഗ്യ കൗണ്‍സില്‍ (എസ്‌.സി.എച്ച്‌) കരിമ്പട്ടികയില്‍പ്പെടുത്തി. ഇതേ കാലയളവില്‍ സ്വകാര്യ ക്‌ളിനിക്കുകളടക്കം 22 ആരോഗ്യസ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തതായും എസ്‌.സി.എച്ചിലെ ഹെല്‍ത്ത്‌ ക്വാളിറ്റി മാനേജ്‌മെന്റ്‌ വകുപ്പ്‌ ഡയറക്ടര്‍ ഡോ. ജമാല്‍ റാഷിദ്‌ അല്‍ ഖന്‍ജിയെ ഉദ്ധരിച്ച്‌ പ്രാദേശിക പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു.

കരിമ്പട്ടികയില്‍പ്പെടുത്തിയവരില്‍ 35 നഴ്‌സുമാര്‍ക്ക്‌ പുറമെ രണ്ട്‌ ഫിസിഷ്യന്‍മാരും ഒരു ഡന്റിസ്റ്റും ഉള്‍പ്പെടുന്നു. ഖത്തറില്‍ പ്രാക്ടീസ്‌ നടത്തുന്നതിനുള്ള ലൈസന്‍സ്‌ സമ്പാദിക്കുന്നതിന്‌ വ്യാജരേഖകള്‍ ചമച്ചിതിനാണ്‌ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കുമെതിരെ നടപടിയെടുത്തതെന്ന്‌ അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ആരോഗ്യമേഖലയില്‍ ജോലി തേടുന്നവരില്‍ നല്ലൊരു ശതമാനവും നഴ്‌സുമാരായതാണ്‌ നടപടിക്കിരയായവരില്‍ നഴ്‌സുമാരുടെ എണ്ണം കൂടാന്‍ കാരണം. എസ്‌.സി.എച്ച്‌ കരിമ്പട്ടികയില്‍പ്പെടുത്തുന്നവര്‍ക്ക്‌ പിന്നീട്‌ ഗള്‍ഫില്‍ ഒരിടത്തും ജോലി ചെയ്യാനാവില്ല. മാത്രമല്ല. ഇവരുടെ പേര്വിവരങ്ങള്‍ എല്ലാ രാജ്യങ്ങളിലുമുള്ള ആരോഗ്യവകുപ്പ്‌ അധികൃതര്‍ക്ക്‌ കൈമാറുകയും ചെയ്യും.

20 ക്‌ളിനിക്കുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയപ്പോള്‍ രണ്ടെണ്ണം സ്ഥിരമായാണ്‌ അടപ്പിച്ചിരിക്കുന്നത്‌. ഗുരുതരമായ നിയമലംഘനം നടത്തുകയോ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച്‌ നിയമലംഘനം ആവര്‍ത്തിക്കുകയോ ചെയ്‌ത ക്‌ളിനിക്കുകളാണ്‌ സ്ഥിരമായി അടപ്പിച്ചത്‌. ലൈസന്‍സ്‌ പുതുക്കുന്നതില്‍ വീഴ്‌ചവരുത്തിയതും കെട്ടിടമടക്കമുള്ള സൗകര്യങ്ങളിലെ അപര്യാപ്‌തതയും കണക്കിലെടുത്താണ്‌ 20 ക്‌ളിനിക്കുകള്‍ താല്‍ക്കാലികമായി അടപ്പിച്ചത്‌. ഇവയില്‍ പത്ത്‌ പോളിക്‌ളി നിക്കുകളും മൂന്ന്‌ ഡന്റല്‍ ക്‌ളിനിക്കുകളും മൂന്ന്‌ സോളോ ക്‌ളിനിക്കുകളും രണ്ട്‌ ലബോറട്ടറികളും ഒരു ഹോം കെയര്‍ സെന്ററും ഒരു എക്‌സ്‌റെ യൂണിറ്റും ഉള്‍പ്പെടുന്നു. വീഴ്‌ചകള്‍ നിയമാനുസൃതം പരിഹരിക്കുന്ന പക്ഷം ഇവക്ക്‌ ഏതാനും മാസങ്ങള്‍ക്കകം പ്രവര്‍ത്തനം പുന:രാരംഭിക്കാനാകും.

കഴിഞ്ഞവര്‍ഷം ഫിസിഷ്യന്‍മാര്‍, ഡന്റിസ്റ്റുകള്‍, നഴ്‌സുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട 25 പരാതികളില്‍ ക്വാളിറ്റി മാനേജ്‌മെന്റ്‌ വകുപ്പ്‌ നടപടിയെടുത്തു. ഡോക്ടര്‍മാരുടെയും നഴ്‌സുമാരടെയും മോശം പെരുമാറ്റം, തെറ്റായ രോഗനിര്‍ണയം, അംഗീകാമില്ലാത്ത ഡോക്ടര്‍മാരുടെ ചികില്‍സ എന്നിവയുമായി ബന്ധപ്പെട്ടതാണ്‌ പരാതികളില്‍ ഏറെയും. ഈ പരാതികളില്‍ ഒരു ഡോക്ടറുടെ ലൈസന്‍സ്‌ ഒരു വര്‍ഷത്തേക്ക്‌ സസ്‌പെന്റ്‌ ചെയ്യുകയും മറ്റ്‌ രണ്ട്‌ പേരുടേത്‌ റദ്ദാക്കുകയും ചെയ്‌തു.
സ്വകാര്യ ക്‌ളിനിക്കുകളെയും ഡോക്ടര്‍മാരടക്കം അവിടെയുള്ള ജീവനക്കാരെയും കൃത്യമായി നിരീക്ഷിച്ചുവരുന്നുണ്ടെന്ന്‌ അല്‍ ഖന്‍ജി പറഞ്ഞു. വകുപ്പിലെ ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയ പതിവ്‌ പരിശോധനകളിലാണ്‌ നിയമലംഘനം കണ്ടെത്തിയത്‌. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും കരിമ്പട്ടികയില്‍പ്പെടുത്തുന്നതുസംബന്ധിച്ചും ആരോഗ്യകേന്ദ്രങ്ങള്‍ സ്ഥിരമായി അടച്ചുപൂട്ടുന്നതുസംബന്ധിച്ചും തീരുമാനമെടുക്കുന്നത്‌ എസ്‌.സി.എച്ചിലെ സ്ഥിരം ലൈസന്‍സിംഗ്‌ കമ്മിറ്റിയാണ്‌. ആവര്‍ത്തിച്ചുള്ള താക്കീതുകളും ആവശ്യത്തിന്‌ സമയവും നല്‍കിയിട്ടും വീഴ്‌ചകള്‍ പരിഹരിക്കാത്ത കേന്ദ്രങ്ങള്‍ക്കെതിരെയാണ്‌ അധികൃതര്‍ നടപടിയെടുക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക