Image

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ‘അഴീക്കോട് എന്ന അക്ഷരപ്രതിഭ - മണ്ണിക്കരോട്ട്

Published on 27 February, 2012
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ‘അഴീക്കോട് എന്ന അക്ഷരപ്രതിഭ - മണ്ണിക്കരോട്ട്
ഹ്യൂസ്റ്റന്‍ : മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്റെ ഈ വര്‍ഷത്തെ (2012) രണ്ടാമത്തെ സമ്മേളനം ഫെബ്രുവരി 19-ന് വൈകീട്ട് 4 മണിയ്ക്ക് സ്റ്റാഫൊര്‍ഡ് ഡിസ്‌ക്കൗന്‍ട് ഗ്രോസേഴ്‌സിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ സമ്മേളിച്ചു. ജനുവരി 24-ന് അന്തരിച്ച മലയാളത്തിന്റെ മഹാരഥനായ സുകുമാര്‍ അഴീക്കോടിന്റെ സാഹിത്യ ജീവിതത്തെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു പ്രധാന വിഷയം.

മലയാളം സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അദ്ധ്യക്ഷതവഹിച്ച സമ്മേളനം ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. അതോടൊപ്പം അഴീക്കോടിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. മണ്ണിക്കരോട്ടിന്റെ സ്വാഗതപ്രസംഗത്തില്‍, അഴീക്കോട് അക്ഷരങ്ങളെ ആഗ്നേയാസ്ത്രങ്ങളാക്കിയ അക്ഷരപ്രതിഭയായിരുന്നു എന്ന് വിശേഷിപ്പിച്ചു.

“മലയാളസാഹിത്യ വിഹായസിലെ ഒരു സുവിഖ്യാത നക്ഷത്രം പൊലിഞ്ഞു. “ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങിടാത്ത പൊന്‍പേനയും വാണിക്കായ് തനിയെയുഴിഞ്ഞു”വച്ച് മണ്‍മറഞ്ഞ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ ഗണത്തില്‍ മലയാള സാഹിത്യത്തില്‍ അധുനിക യുഗത്തിന്റെ സൃഷ്ടാക്കളില്‍ ഒരാളായി ഡോ. സുകുമാര്‍ അഴീക്കോട് ഉണ്ടായിരിക്കും.” ജി. പുത്തന്‍കുരിശ് അഭിപ്രായപ്പെട്ടു. മതേതരത്വത്തിലും ജനാധി പത്യത്തിലും അധിഷ്ഠിതമായ സാമൂഹ്യകാന്തരീക്ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ സന്ദേശങ്ങളായിരുന്നു, കേരളത്തിന്റെ സാമൂഹ്യ, സാംസ്‌ക്കാരിക, രാഷ്ട്രീയ ഭൂമികയിലെ അനന്തമായ യാത്രകളിലെല്ലാം സുകുമാര്‍ അഴീക്കോട് പാഥേയമായി കൊണ്ടുനടന്നിരുന്നത്”. ജോളിവില്ലിയുടെ പ്രഭാഷണത്തില്‍ എടുത്തു പറഞ്ഞു.

“സമൂഹത്തിലെ രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാന്‍ ധൈര്യപ്പെട്ട വിമര്‍ശനത്തിന്റെ ഭീഷ്മാചാര്യ നായിരുന്നു സുകുമാര്‍ അഴിക്കോട്. സാഹിത്യവും സാമൂഹ്യവും ഒരുപോലെ അദ്ദേഹം വിമര്‍ശിച്ചിരുന്നു.” ജോണ്‍ മാത്യുവിന്റെ പ്രസംഗത്തില്‍ അറിയിച്ചു. ഗാന്ധിജിയെപ്പോലെ ചിലപ്പോള്‍ ക്ഷിപ്രകോപിയും അതുപോലെ സന്തോഷവാനും ആയിരുന്നു അഴീക്കോടെന്ന് തോമസ് മാത്യു പറഞ്ഞു. അഴീക്കോടിന്റെ പല മീറ്റിംഗുകളില്‍ പങ്കെടുക്കുകയും അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കുകയും ചെയ്തിട്ടുള്ള ജോസഫ് കരിപ്പായില്‍ തന്റെ അനുഭവം പങ്കുവച്ചു. സമചിത്തതയോട് കാര്യങ്ങള്‍ വീക്ഷിച്ച് സ്വന്ത അറിവിനും മനസ്സാക്ഷിയ്ക്കുമനുസരിച്ച് അഭിപ്രായം പറയുന്ന ശീലമായിരുന്നു അഴീക്കോടിന്റേതെന്ന് കരിപ്പായില്‍ ഉദാഹരണങ്ങള്‍ നിരത്തി വെളിപ്പെടുത്തി.

സാക്ഷാല്‍ സാഗരഗര്‍ജ്ജനം തന്നെയായിരുന്നു അഴീക്കോടിന്റെ പ്രസംഗം. അദ്ദേഹം വിമര്‍ശിക്കാത്ത മേഖലയില്ല. അതും മുഖം നോക്കാതെയുള്ള വിമര്‍ശനങ്ങള്‍ കൊണ്ട് പലരുടെ അതൃപ്തിയ്ക്കും കാരണമായിട്ടുണ്ടെന്ന് എ.സി. ജോര്‍ജ് അഭിപ്രായപ്പെട്ടു. നാട്ടില്‍ അധ്യാപകനായിരുന്ന ഫിലിപ്പ് തെക്കേല്‍ തന്റെ അഴീക്കോടുമായിട്ടുള്ള അനുഭവം പങ്കിട്ടു. അദ്ദേഹത്തിന്റെ വാക്ചാതുര്യം ആരായാലും കേട്ടിരുന്നുപോകുമെന്ന് ഫിലിപ്പ് തെക്കേല്‍ പറഞ്ഞു.
സാഹിത്യ-സാമൂഹ്യനഭസില്‍ ഒരു മഹാസൗധം പടിത്തുയര്‍ത്തിയ മഹാനായിരുന്നു സുകുമാര്‍ അഴീക്കോടെന്ന് നൈനാന്‍ മാത്തുള്ള അറിയിച്ചു. ജേക്കബ് പാലത്തിങ്കലും അദ്ദേഹത്തിന്റെ അഴിക്കോടുമായുള്ള അനുഭവം പങ്കിട്ടു. എന്തും ധൈര്യമായി പറയാന്‍ അഴീക്കോടിനെപ്പോലെ ധൈര്യം കാട്ടുന്നവര്‍ ചുരുക്കമാണെന്ന് ജേക്കബ് എടുത്തു പറഞ്ഞു.

ഈശോ ജേക്കബ് അഴീക്കോടിന്റെ പുസ്തകങ്ങളെക്കുറിച്ച് ചുരുക്കമായി വിവരിച്ചു. കൂടാതെ തോമസ് വൈക്കത്തുശ്ശേരില്‍, ജോസഫ് തച്ചാറ, ടോണി പാലത്തിങ്കല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് ജോസഫ് തച്ചാറ ‘മായമോഹിനി’ എന്ന സ്വന്തം കവിത അവതരിപ്പിച്ചു. ഈ കവിതയെ ജോണ്‍ മാത്യു നിശിതമായി വിമര്‍ശിച്ചുകൊണ്ടു പറഞ്ഞു, സുകുമാര്‍ അഴീക്കോടിനെക്കുറിച്ചുള്ള ഒരുചര്‍ച്ചാവേദിയില്‍ ഈ കവിതയെ ഇത്രയെങ്കിലും വിമര്‍ശിച്ചില്ലെങ്കില്‍ അത് അഴീക്കോടിനോടു കാണിക്കുന്ന ഒരു വലിയ അപരാധമായിരിക്കുമെന്ന്.

മലയാളം സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് ജോളി വില്ലിയുടെ നന്ദി പ്രസംഗത്തിനുശേഷം സമ്മേളനം സമാപിച്ചു.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net)ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917,
ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ‘അഴീക്കോട് എന്ന അക്ഷരപ്രതിഭ - മണ്ണിക്കരോട്ട്മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ‘അഴീക്കോട് എന്ന അക്ഷരപ്രതിഭ - മണ്ണിക്കരോട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക