Image

മാര്‍ച്ച്‌ 14ന്‌ ഹജ്ജ്‌ കരാര്‍ ഒപ്പുവെക്കും

Published on 28 February, 2012
മാര്‍ച്ച്‌ 14ന്‌ ഹജ്ജ്‌ കരാര്‍ ഒപ്പുവെക്കും
ജിദ്ദ: അടുത്ത ഹജ്ജിനുള്ള ഇന്ത്യയും സൗദിയും തമ്മിലുള്ള കരാര്‍ മാര്‍ച്ച്‌ 14ന്‌ ഒപ്പുവെക്കും. കഴിഞ്ഞ വര്‍ഷം വിദേശകാര്യമന്ത്രി എസ്‌.എം കൃഷ്‌ണയാണ്‌ ജിദ്ദയിലെത്തി കരാര്‍ ഒപ്പുവെച്ചതെങ്കില്‍ ഇത്തവണ വിദേശകാര്യസഹമന്ത്രി ഇ.അഹമ്മദ്‌ എത്തുമെന്നാണറിയുന്നത്‌. പാകിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇതിനകം കരാര്‍ ഒപ്പുവെച്ച്‌ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

കഴിഞ്ഞ രണ്ടുവര്‍ഷമായി ഇന്ത്യയുടെ മൊത്തം ഹജ്ജ്‌ ക്വോട്ടയില്‍ വര്‍ധനയുണ്ടായിട്ടില്ല. പിന്നീട്‌ അനുവദിച്ച അധിക ക്വോട്ട ഉള്‍പ്പെടെ 1,70, 491പേര്‍ക്കാണ്‌ കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയത്‌. ഇതില്‍ 1,25,000പേര്‍ ഹജ്ജ്‌ കമ്മിറ്റി മുഖേനയും 45,491പേര്‍ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയും എത്തി. കഴിഞ്ഞ വര്‍ഷം 40,000പേര്‍ക്കെങ്കിലും അധികമായി അവസരം നല്‍കണമെന്ന ഇന്ത്യയുടെ അപേക്ഷയുടെമേലാണ്‌ 10,000പേര്‍ക്ക്‌ അനുമതി നല്‍കിയത്‌.

ഓരോ രാജ്യത്തെയും മുസ്ലിം ജനസംഖ്യക്ക്‌ ആനുപാതികമായാണ്‌ ഹജ്ജ്‌ ക്വോട്ട സൗദി സര്‍ക്കാര്‍ അനുവദിക്കുന്നതെന്നിരിക്കെ അര്‍ഹതപ്പെട്ടത്‌ ചോദിച്ചുവാങ്ങുന്നതില്‍ നാം പരാജയപ്പെടുന്നു എന്നാണ്‌ ചൂണ്ടിക്കാട്ടപ്പെടുന്നത്‌. ഇന്ത്യയിലെ മുസ്ലിംകളുടെ യഥാര്‍ഥ കണക്ക്‌ സൗദി അധികൃതരുടെ മുമ്പാകെ വെക്കാനുള്ള ബന്ധപ്പെട്ടവരുടെ വൈമുഖ്യമാണ്‌ നമ്മുടെ ക്വോട്ട വര്‍ധിക്കാതിരിക്കാന്‍ ഇടവരുത്തുന്നതത്രെ. രണ്ടുവര്‍ഷം മുമ്പ്‌ വരെ ഇന്തോനേഷ്യ കഴിഞ്ഞാല്‍ ഇന്ത്യയാണ്‌ തീര്‍ഥാടകരെ അയക്കുന്ന കാര്യത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്‌. എന്നാല്‍ രണ്ടാം സ്ഥാനം പാകിസ്ഥാന്‍ പിടിച്ചെടുത്തുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷം 180,000 തീര്‍ഥാടകരാണ്‌ പാകിസ്‌താനില്‍നിന്ന്‌ എത്തിയത്‌. ഇത്തവണ ആ രാജ്യത്തിന്റെ ക്വോട്ടയില്‍ 10,000ത്തിന്റെ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ടുണ്ട്‌. ഏറ്റവും കൂടുതല്‍ ഹജ്ജിന്‌ അപേക്ഷകരുള്ള ഇന്ത്യയുടെ കാര്യത്തില്‍ അതീവ ശുഷ്‌ക്കാന്തിയോടെ വിഷയം കൈകാര്യം ചെയ്‌താല്‍ കൂടുതല്‍ പേര്‍ക്ക്‌ അവസരം ലഭിക്കുമെന്നാണ്‌ ബന്ധപ്പെട്ടത്‌ ചൂണ്ടിക്കാട്ടുന്നത്‌. മുന്‍വര്‍ഷങ്ങളിലെല്ലാം നമ്മുടെ ആവശ്യം പരിഗണിച്ച്‌ സൗദി ക്വോട്ട വര്‍ധിപ്പിച്ചിരുന്നു. പ്രത്യേകിച്ചും ഇ.അഹമ്മദ്‌ വകുപ്പ്‌ കൈകാര്യം ചെയ്‌തിരുന്ന വേളയില്‍ ക്വോട്ടയില്‍ ഗണ്യമായ വര്‍ധനയുണ്ടായി. ഇത്തവണ മന്ത്രി അഹമ്മദ്‌ എത്തുന്നത്‌ കൊണ്ട്‌ കൂടുതല്‍ പ്രതീക്ഷയുണ്ട്‌. ഇന്ത്യയിലെ മുസ്ലിംകളുടെ യഥാര്‍ഥ കണക്ക്‌ സൗദി അധികൃതരെ ബോധിപ്പിക്കാന്‍ കഴിഞ്ഞാല്‍ രണ്ടുലക്ഷം പേര്‍ക്ക്‌ ഹജ്ജ്‌ ചെയ്യാന്‍ അനുമതി ലഭിച്ചേക്കുമെന്നാണ്‌ ബന്ധപ്പെട്ടവര്‍ പറയുന്നത്‌. രണ്ടാഴ്‌ച മുമ്പ്‌ സൗദി ഹജ്ജ്‌ മന്ത്രിയെ കണ്ട വിദേശകാര്യസെക്രട്ടറി, കേന്ദ്രഹജ്ജ്‌ കമ്മിറ്റി ചെയര്‍മപേഴ്‌സണ്‍, ഇന്ത്യന്‍ അംബാസഡര്‍ തുടങ്ങിയ ഉന്നതതല സംഘം കരാര്‍ ഒപ്പുവെക്കുമ്പോള്‍ തന്നെ അഡീഷനല്‍ ക്വോട്ടയുടെ കാര്യത്തിലും തീരുമാനമുണ്ടാകണമെന്ന്‌ അഭ്യര്‍ഥിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക