Image

വിദ്യാഭ്യാസരംഗത്ത് മാറ്റം അനിവാര്യം(മീട്ടു റഹ്മത്ത് കലാം)

മീട്ടു റഹ്മത്ത് കലാം Published on 01 June, 2017
വിദ്യാഭ്യാസരംഗത്ത് മാറ്റം അനിവാര്യം(മീട്ടു റഹ്മത്ത് കലാം)
അക്ഷരലോകത്തേയ്ക്ക് കാലെടുത്തുവയ്ക്കുമ്പോള്‍ മുതല്‍ മാതാപിതാക്കള്‍ ഒരായിരം സ്വ്പനങ്ങള്‍ നെയ്തു തുടങ്ങും. നാളെയുടെ വാഗ്ദാനമായ കുരുന്നുകളില്‍ അത്രതന്നെ പ്രതീക്ഷ രാഷ്ട്രവും പുലര്‍ത്തുന്നുണ്ട്. മക്കളെ തങ്ങളുടെ സ്വപ്‌നത്തിന്റെ ഭ്രമണപഥത്തിലൂടെ നടത്താന്‍ എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാകുന്ന അച്ഛനമ്മമാര്‍, അതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതുപോലെ, രാജ്യം അതിന്റെ കഴിവിന്റെ പരമാവധി ഭാവിയുടെ ശില്പികളെ വാര്‍ത്തെടുക്കാന്‍വേണ്ടി വിനിയോഗിക്കുന്നുണ്ടോ എന്നതാണ് ഇവിടെ പ്രസക്തമാകുന്ന ചോദ്യം.

145 രാജ്യങ്ങള്‍ക്കിടയില്‍ കേവലം 99-ാം സ്ഥാനം മാത്രമാണ് ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനുള്ളത്. കേന്ദ്രബജറ്റില്‍ നിന്ന് പ്രതിവര്‍ഷം 99, 100 കോടി രൂപ വിദ്യാഭ്യാസത്തിനായി നീക്കി വയ്ക്കുന്ന രാജ്യത്തെ സംബന്ധിച്ച് ഇത് ഖേദകരമാണ്. ഇന്ത്യയ്ക്കു ശേഷം മാത്രം സ്വാതന്ത്ര്യം ലഭിച്ച സിംഗപ്പൂരും രണ്ടാം ലോകമഹായുദ്ധത്തിന്റെ ക്ലേശങ്ങള്‍ ഇന്നും പേറുന്ന ജപ്പാനും യൂറോപ്പിലെ താരതമ്യേന പാവപ്പെട്ട രാജ്യമായിരുന്ന ഫിന്‍ലാന്‍ഡും നമ്മെ കടത്തിവെട്ടി മുന്നേറുമ്പോള്‍ പിഴവ് സംഭവിച്ചതെവിടെ ആണെന്നും മറ്റു രാജ്യങ്ങളില്‍ നിന്ന് മാതൃക ഉള്‍ക്കൊണ്ട് എന്തൊക്കെ മാറ്റങ്ങള്‍ വരുത്താം എന്നുമാണ് ചിന്തിക്കേണ്ടത്.

സമ്പന്നതയുടെ പര്യായമായ അമേരിക്കയോട് കിടപിടിക്കുന്ന ഫിന്‍ലന്‍ഡ് വിദ്യാഭ്യാസരീതികളെക്കുറിച്ച് വില്ല്യം ഡോയര്‍ നടത്തിയ പഠനത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ 'നമുക്കീ ബുദ്ധി തോന്നിയില്ലല്ലോ ദാസാ' എന്ന് മനസ്സിലെങ്കിലും ചിന്തിപ്പിക്കും.
2010 മുതല്‍ ആഗോളവിദ്യാഭ്യാസരംഗം ഫിന്‍ലന്‍ഡിന്റെ ചുവടുവയ്പുകള്‍ നിരീക്ഷിക്കുകയാണ്. അവിടുത്തെ നെടുംതൂണായി കരുതപ്പെടുന്ന അദ്ധ്യാപകര്‍ നമ്മള്‍ ശീലിക്കുകയും പരിചയിക്കുകയും ചെയ്തിട്ടുള്ള തരത്തില്‍ നിശ്ചിത ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടല്ല വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നത്. കുട്ടികളുടെ വിശ്വാസം നേടിയെടുക്കുകയും അവരുമായി ആത്മബന്ധം സ്ഥാപിക്കുന്നതും വഴി, അന്തര്‍ലീനമായ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എളുപ്പമാണെന്നാണ് അവരുടെ അനുഭവം. ചെറിയ ക്ലാസ്സുകളില്‍ 'ഫിന്നിഷ് രീതി' അനുസരിച്ച് ഉന്നത ബിരുദധാരികളും പരിചയസമ്പന്നരുമാണ് പഠിപ്പിക്കാന്‍ എത്തുന്നത്. കൂടതല്‍ ശമ്പളം നല്‍കി ഇവരെ നിയമിക്കുന്നത്, കുട്ടികളുടെ അടിത്തറ നന്നാക്കാന്‍ സഹായിക്കും.

ജോലിയുള്ള രക്ഷിതാക്കള്‍ തങ്ങളുടെ ഭാരം ഒഴിവാക്കാന്‍ മൂന്നു വയസ്സാകും മുന്‍പ് കുഞ്ഞിനെ നഴ്‌സറിയില്‍ ചേര്‍ക്കുന്ന ഏര്‍പ്പാട് ഫിന്‍ലന്‍ഡിലില്ല. ഏഴാം വയസ്സിലില്‍ പ്രാഥമിക വിദ്യാഭ്യാസം തുടങ്ങുന്നതാണ് നല്ലതെന്നാണ് ഇവരുടെ പക്ഷം. ഗൃഹപാഠമോ പരീക്ഷകളോ താരതമ്യം ചെയ്യലോ ഇല്ലെന്നതാണ് മറ്റൊരു പ്രത്യേകത. പിരിമുറുക്കങ്ങളില്ലാതെ ആസ്വാദ്യകരമാം വിധം രൂപകല്‍പന ചെയ്ത വിദ്യാഭ്യാസ സമ്പ്രദായം, ലോകത്തെ കുട്ടികളുടെ അക്കാദമിക് മികവ് അളക്കുന്ന PISA റാങ്കിങ്ങില്‍ ഫിന്‍ലന്‍ഡിനെ ഒന്നാമതെത്തിച്ചു.

ഒറ്റ ദിവസം കൊണ്ട് പടുത്തുയര്‍ത്തിയ വിജയഗാഥയല്ലിത്. 1960 മുതല്‍ നിരന്തര പരിശ്രമത്തിലൂടെ സര്‍ക്കാരും ജനങ്ങളും നേടിയെടുത്തതാണ് അനുപമമായ നേട്ടം. വിദ്യാഭ്യാസത്തില്‍ ഊന്നിയുള്ള മാനവശേഷി വികസനമാണ് നോക്കിയ പോലെ വിപ്ലവകരമായ മാറ്റങ്ങളിലൂടെ രാജ്യത്തിന്റെ യശ്ശസുയര്‍ത്തിയത്.

നമ്മുടെ സ്‌ക്കൂളുകളില്‍ ഇപ്പോഴും കുട്ടികളെക്കൊണ്ട് കയ്യക്ഷരം നന്നാക്കാന്‍ പകര്‍ത്തെഴുതിയിക്കുന്ന രീതി പിന്തുടരുമ്പോള്‍ വരും കാലത്തിന്റെ ആവശ്യം കമ്പ്യൂട്ടര്‍ ടൈപ്പ് റൈറ്റിങ്് ആണെന്ന് കണ്ട് കുട്ടികളെ അതിനായി പരിശീലിപ്പിക്കുന്നതാണ് 'ഫിന്നിഷ് സ്റ്റൈല്‍'.
നമ്മുടെ അച്ഛനമ്മമാരും നമ്മളും വരും തലമുറയും ചരിത്ര പുസ്തകത്തില്‍ ആവര്‍ത്തനംപോലെ മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചും പാനിപ്പട്ട് യുദ്ധം നടന്ന വര്‍ഷവും മനഃപാഠമാക്കിയും നീങ്ങുമ്പോള്‍ രാജ്യത്തിന്റെ ചരിത്രം പാഠ്യേതര വിഷയമായി കഥപോലെ പകര്‍ന്നു കൊടുക്കുകയും ഭാവിയെ പരിപോഷിപ്പിക്കാന്‍ ഉതകുന്ന തരത്തില്‍ സിലബസില്‍ മാറ്റങ്ങള്‍ വരുത്താനും നിഷ്‌കര്‍ഷിച്ചു കൊണ്ട് ഫിന്‍ലന്‍ഡ് സര്‍ക്കാര്‍ വേറിട്ട വഴിയിലൂടെ നടക്കുന്നു. മുപ്പത്തിയഞ്ചില്‍ താഴെ മാത്രം പ്രായമുള്ള ഊര്‍ജ്ജസ്വലരും വിദ്യാസമ്പന്നരുമായ മന്ത്രിമാരുടെ മേല്‍നോട്ടം ഇക്കാര്യത്തില്‍ എടുത്തു പറയേണ്ടതാണ്.

അടിസ്ഥാന വിദ്യാഭ്യാസത്തിനു ശേഷം കണക്കിനെ ഐച്ഛിക വിഷയമാക്കുന്നതും ഒരു പക്ഷേ അത്ഭുതമായി തോന്നാം. കണക്കുമായി ബന്ധപ്പെട്ട മേഖലയിലല്ലാതെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആ സമയം കൂടി അവര്‍ക്ക് അഭിരുചിയുള്ള വിഷയങ്ങളില്‍ കൂടുതല്‍ അറിവ് നേടാന്‍ വിനിയോഗിക്കുന്നതാണ് നല്ലതെന്നാണ് അവരുടെ വിലയിരുത്തല്‍.

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വിദ്യാഭ്യാസ നയങ്ങള്‍ ലോകം ആ കാലത്ത് ഉറ്റുനോക്കിയിരുന്നതാണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി മൗലാന അബ്ദുള്‍ കലാം ആസാദിന്റെ നേതൃത്വത്തില്‍ ഐ.ഐ.ടി. പോലുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയതും ഭരണഘടനയില്‍ വിദ്യാഭ്യാസം നേടുക എന്നത് മൗലികാവകാശങ്ങളില്‍ ഒന്നാക്കിയതും ചരിത്രത്തിലെ പൊന്‍തൂവലുകള്‍ ആണെന്നതില്‍ തര്‍ക്കമില്ല. പിന്നീടും വിവിധ രംഗങ്ങളില്‍ നേട്ടം കൈവരിക്കാന്‍ നമ്മുടെ രാജ്യത്തിന് കഴിഞ്ഞെങ്കിലും അനന്ത സാധ്യതകളുള്ള ഇന്ത്യയില്‍ നിന്ന് അതൊന്നും പോരാ.

ഗാന്ധിജിയും ടാഗോറും സുഭാഷ് ചന്ദ്രബോസും, ഭഗത് സിങ്ങുമൊക്കെ പിറവികൊണ്ട മണ്ണില്‍, ആ ദീര്‍ഘവീക്ഷണമോ മനക്കരുത്തോ ഉള്ളൊരു തലമുറ പിന്നീടുണ്ടായിട്ടില്ലെന്നതില്‍ വിദ്യാഭ്യാസ നിലവാരക്കുറവ് ഒരു കാരണം തന്നെയാണ്. കേരളം സാക്ഷരതാ നിരക്കില്‍ ഒന്നാമതായതില്‍ അഭിമാനം കൊള്ളുമ്പോള്‍ കാശ്മീരിലെ സഹോദരങ്ങള്‍ക്ക് സ്‌ക്കൂളില്‍ പോകാന്‍ കഴിയാത്തതും വിദ്യാഭ്യാസത്തിന്റെ മൂല്യം അറിയാതെ കിഴക്കന്‍ മേഖലയില്‍ ചെറുപ്രായത്തില്‍ കുടുംബത്തിന്റെ ഉത്തരവാദിത്തം ചുമരില്‍ താങ്ങുന്നവരും ഉള്ളപ്പോള്‍ സമത്വം എന്ന ആശയം തന്നെ പൊള്ളയായി പോകുന്ന കാഴ്ചയാണ് കാണുക. എല്ലാ സ്ഥാനത്തും എല്ലാ കുട്ടികള്‍ക്കും നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തിയാല്‍ മാത്രമേ വികസിത രാജ്യമായുള്ള ഇന്ത്യയുടെ പരിണാമം സാധ്യമാകൂ.

വിദ്യാഭ്യാസരംഗത്ത് മാറ്റം അനിവാര്യം(മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക