Image

ട്വല്‍വ് എന്നു പറയാനറിയാത്ത ന്യൂജേഴ്‌സിക്കാര്‍! (പകല്‍ക്കിനാവ്- 56: ജോര്‍ജ് തുമ്പയില്‍)

Published on 04 June, 2017
ട്വല്‍വ് എന്നു പറയാനറിയാത്ത ന്യൂജേഴ്‌സിക്കാര്‍! (പകല്‍ക്കിനാവ്- 56: ജോര്‍ജ് തുമ്പയില്‍)
12 എന്ന സംഖ്യയോട് ന്യൂജേഴ്‌സിയിലുള്ളവര്‍ക്ക് വല്ലാത്തൊരു ഭ്രമമാണത്രേ. ഈയുള്ളവനും ഒരു പാവം ന്യൂജേഴ്‌സിക്കാരന്‍ ആയതു കൊണ്ട് ഈ അപവാദത്തില്‍ പെട്ടത് കഴിഞ്ഞയാഴ്ച. ട്വല്‍വ് എന്ന ഈ വാക്കും ന്യൂജേഴ്‌സിയും തമ്മിലെന്താണ് ബന്ധം. എന്തു ബന്ധം എന്ന കാര്യത്തില്‍ ഇതുവരെ ഗുട്ടന്‍സ് പുറത്തു വന്നിട്ടില്ലെങ്കിലും തമ്മിലെന്തോ ഉണ്ടെന്ന് പുറത്തു പറഞ്ഞത് നമ്മുടെ സേര്‍ച്ച് എന്‍ജിന്‍ ഗുരുവായ- ഗൂഗിള്‍ ആണ്. ഈ ഗൂഗിള്‍ ഇങ്ങനെയാണ്. നമ്മള്‍ രഹസ്യമായി ചെയ്യുന്നത് പലതും പബ്ലിക്ക് ആക്കി കളയും. ട്വല്‍വും ന്യൂജേഴ്‌സിയും തമ്മില്‍ ഇങ്ങനെയൊരു ബന്ധമുണ്ടായതിനക്കുറിച്ച് ഗൂഗിള്‍ പറയുന്നു- കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ ന്യൂജേഴ്‌സിക്കാര്‍ തിരഞ്ഞത് ഇത് എങ്ങനെ ഉച്ചരിക്കണമെന്നാണ്. അതു പോലെ ഉച്ചാരണശുദ്ധി അല്‍പ്പം കൂടി സംഗതിയൊക്കെ ചേര്‍ത്ത് ഉശിരനാക്കാന്‍ വേണ്ടി ശ്രമിക്കുന്നത് ഈ പാവം ന്യൂജേഴ്‌സിക്കാര്‍ മാത്രമല്ല. അതിനു പിന്നില്‍ മറ്റ് സംസ്ഥാനക്കാരുമുണ്ട്. അവര്‍ക്കു പക്ഷേ ട്വല്‍വ് ഒക്കെ ശരിയായി പറയാനറിയാം, മറ്റു ചില വാക്കുകളാണ് പ്രശ്‌നക്കാര്‍.

ന്യൂമോണിയ എന്ന വാക്കിന്റെ ഉച്ചാരണമാണ് മറ്റൊരു സംസ്ഥാനക്കാര്‍ക്ക് പ്രശ്‌നമുണ്ടാക്കിയത്. അവരത് പറഞ്ഞു പഠിക്കാന്‍ വേണ്ടി ഗൂഗിളില്‍ ചെലവിട്ടത് മണിക്കൂറുകളാണ്!. അവര്‍ക്ക് അത് നേരാം വണ്ണം ഉച്ചരിക്കുന്നതിനെക്കുറിച്ച് വലിയ പിടിപാടൊന്നുമില്ലെന്നു തോന്നുന്നു. പല തവണ ഗൂഗിളില്‍ സേര്‍ച്ച് ചെയ്തു നോക്കി. കാര്യം അമേരിക്കന്‍ സംസ്ഥാനമാണെങ്കിലും തെറ്റു കൂടാതെ കാര്യങ്ങള്‍ പറയണമെന്ന കാര്യത്തില്‍ ഇവര്‍ക്കുള്ളത്ര നിര്‍ബന്ധം മറ്റാര്‍ക്കുമുണ്ടെന്നു തോന്നുന്നില്ല. എന്തായാലും, ഗൂഗിളിന്റെ അന്വേഷണ പരിധിയില്‍ ഇക്കാര്യത്തെക്കുറിച്ച് കാര്യമായ പഠനം നടന്നിട്ടുണ്ടെന്നു വ്യക്തം. അവര്‍ ട്വല്‍വിനെയും ന്യൂമോണിയെയും മാത്രമല്ല പ്രതിക്കൂട്ടില്‍ കയറ്റിയത്. ഹല്ലേലൂയ എന്ന വാക്ക് എങ്ങനെ ഉച്ചരിക്കണമെന്നത് സംശയം തോന്നിയത് അമേരിക്കയിലെ പ്രശസ്തമായ ഒരു സംസ്ഥാനത്തിനാണ് (ന്യൂജേഴ്‌സിയെ പോലെ എല്ലാവരുടെയും പേരുകള്‍ ഇവിടെ പ്രസ്താവിക്കുന്നില്ല.) അവിടെ നിന്നുള്ളവര്‍ കൂട്ടത്തോടെ ഗൂഗിളില്‍ ഇതിന്റെ ഉച്ചാരണമറിയാന്‍ കയറി നോക്കി. നിങ്ങള്‍ എങ്ങനെ ഉച്ചരിക്കുമെന്ന ഡേറ്റാ ബേസില്‍ നിന്നുമാണ് ഗൂഗിള്‍ ഇപ്പോഴത്തെ ഗവേഷണ ഫലം പുറത്തു വിട്ടിരിക്കുന്നത്. ന്യൂജേഴ്‌സിക്കാര്‍ ഇപ്പോഴും ട്വല്‍വ് എന്നത് കൃത്യമായി പറയാന്‍ പഠിച്ചിട്ടില്ലേ എന്ന് അത്ഭുതപ്പെടേണ്ട- കാരണം മിസിസ്സിപ്പിക്കാര്‍ തെരഞ്ഞത് ഏതു വാക്കാണ് എന്നറിയേണ്ടേ? അവര്‍ അന്വേഷിച്ചത് നാനി എന്ന വാക്കാണ്. അത സമയം നോര്‍ത്ത് കരോലിനയില്‍ നിന്നുള്ളവര്‍ ഏയ്ഞ്ചല്‍ എന്ന വാക്കിന്റെ പിന്നാലെയാണ് പോയത്. വാഷിങ്ടണ്‍ ഡിസിയില്‍ ഈയാഴ്ച നടക്കുന്ന സ്ക്രിപ്‌സ് നാഷണല്‍ സ്‌പെല്ലിങ് ബീ-യിലാണ് ഗൂഗിള്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടും. ഇപ്പോള്‍ ന്യൂജേഴ്‌സിക്കാരാണ് ട്വല്‍വ് പോലൊരു വാക്ക് എങ്ങനെ ഉച്ചരിക്കമെന്നറിയാതെ കുഴഞ്ഞതെങ്കില്‍ മറ്റു സംസ്ഥാനക്കാരുടെ യഥാര്‍ത്ഥ മുഖം കൂടി വൈകാതെ വെളിപ്പെടും. ഇത്ര നാളും ഇതൊക്കെ അറിയാമെന്ന മട്ടില്‍ നെഞ്ചും വിരിച്ചു നടന്നവര്‍ക്ക് ഇതൊന്നുമറിയാമായിരുന്നില്ലേ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഊറിചിരിക്കാനേ കഴിയൂ.

എന്നാല്‍ പുതിയ ചില വാക്കുകളും, ഉച്ചരിക്കാന്‍ പ്രയാസമുള്ളതുമായ ചില വാക്കുകളെക്കുറിച്ചും ചില സംസ്ഥാനങ്ങളില്‍ നിന്നും ആഴത്തില്‍ തപ്പിത്തടഞ്ഞിട്ടുണ്ടത്രേ. നാലു സംസ്ഥാനക്കാര്‍ ബ്യൂട്ടിഫുള്‍ എന്ന് എങ്ങനെ ഉച്ചരിക്കണമെന്നറിയാതെ വിഷമത്തിലായിരുന്നുവത്രേ. അവര്‍ ഏറ്റവും കൂടുതല്‍ സുന്ദരമായിരിക്കാന്‍ ഈ സുന്ദര പദത്തെയാണ് കൂട്ടു പിടിച്ചത്. എന്നാല്‍ സൗത്ത് ഡക്കോത്തക്കാര്‍ക്ക് സംശയം മുഴുവന്‍ കോളേജിനെക്കുറിച്ചായിരുന്നു. ന്യൂ ഹാംപ്‌ഷെയറില്‍ നിന്നുള്ളവര്‍ക്ക് പക്ഷേ വിളര്‍ച്ച എന്നു സൂചിപ്പിക്കുന്ന ഡയറിയ എന്ന വാക്കായിരുന്നു പ്രശ്‌നക്കാരന്‍. അതെങ്ങനെ ശരിയായ വിധത്തില്‍ പറയും എന്നറിയാതെ അവര്‍ മൗനം പാലിക്കുകയോ ആംഗ്യത്തിലൂടെ ആശയവിനിമയം നടത്തുകയോ ചെയ്തിട്ടുണ്ടാവുമെന്നു തോന്നുന്നു. എന്തായാലും ഒരു കാര്യത്തില്‍ സമാധാനിക്കാം- അവര്‍ വേറെ നേരമ്പോക്കുള്ള രോഗങ്ങളെക്കുറിച്ചൊന്നും സംശയിച്ചില്ലല്ലോ...

മറ്റൊരു സംസ്ഥാനക്കാര്‍ ക്വോട്ട് എന്ന വാക്കിനെക്കുറിച്ച് സംശയിച്ചപ്പോള്‍ വേറൊരു കൂട്ടര്‍ക്ക് സെന്‍സ് എന്ന വാക്കായിരുന്നു പ്രശ്‌നം. പ്രാദേശിക രീതിയിലുള്ള ഉച്ചാരണവും കൊളോണിയല്‍ ഉച്ചാരണവും എല്ലാം ചേര്‍ന്ന് അമേരിക്കന്‍ സംസ്ക്കാരത്തില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം വില്ലനെന്നു പൊതുവേ വിലയിരുത്തപ്പെടുന്നു. ഓരോ വാക്കിന്റെയും അമേരിക്കന്‍ ഉച്ചാരണം മറ്റ് അന്താരാഷ്ട്ര ഇംഗ്ലീഷ് ഉച്ചാരണ രീതികളില്‍ നിന്നും വ്യത്യസ്തമാണ്. അമേരിക്കക്കാര്‍ ഇന്നും അവരുടേതായ ഉച്ചാരണത്തോടെ മാത്രം സ്വരസ്ഥാനങ്ങള്‍ ശീലിപ്പിക്കുന്നു. അത് മറ്റുള്ളവര്‍ എങ്ങനെ പറയുന്നുവെന്ന് അവര്‍ ചിന്തിക്കാറേയില്ല. അതിന്റെ ഫലമാണ് ഓരോ വാക്കുകളും തമ്മിലുള്ള അന്തരമറിയാന്‍ വേണ്ടി പ്രത്യേകിച്ച് ലോക പോലീസ് എന്നു അഭിമാനിക്കുന്ന അമേരിക്കക്കാര്‍ക്ക് വേണ്ടി ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഗൂഗിള്‍ അരയും തലയും മുറുക്കി രംഗപ്രവേശം നടത്തിയത്. ഒരു കാര്യമുണ്ട്- ലോകമെത്ര പുരോഗമിച്ചാലും ഭാഷാപരമായും അതിന്റെ ഉച്ചാരണശുദ്ധിയിലും കുറച്ചു കൂടി എളുപ്പത്തില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അതു ശീലിക്കാനാണ് അമേരിക്കന്‍സിനു ഇന്നും പ്രിയം എന്നു കൂടി ഇതോടെ വെളിവാകുന്നുണ്ട്. സെന്‍സും, ട്വല്‍വും എങ്ങനെ ഉച്ചരിക്കണമെന്നറിയാത്തവര്‍, ബ്യൂട്ടിഫുള്‍ എന്നു ശരിയായ പറയാനറിയാത്തവര്‍, കോളേജില്‍ പോയിട്ടുണ്ടെങ്കിലും ആ വാക്ക് എങ്ങനെ ശരിയായ വിധത്തില്‍ പറയണമെന്ന് അറിയാത്തവര്‍- ഇവര്‍ക്ക് എന്തിനുമേതിനും ഗൂഗിള്‍ വേണമെന്ന അവസ്ഥ വന്നിരിക്കുന്നതിനെ എന്തു പേരിട്ടു വിളിക്കണമെന്നതാണ് ഇപ്പോഴത്തെ എന്റെ സംശയം. അതിനും ഇനിയും ഗൂഗിളില്‍ തിരയേണ്ടി വരുമോ എന്റെ ഇന്റര്‍നെറ്റ് മുത്തപ്പാ!!
Join WhatsApp News
രാജു മൈലപ്ര 2017-06-13 05:09:32
പ്രിയ ജോര്‍ജ്
പകല്‍ക്കിനാവ് എന്ന കോളം അതീവ രസകരമായി അനുഭവപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് എനിക്ക് ഉണ്ടായ ഒരു അനുഭവം ഞാന്‍ പറയാം. അമേരിക്കയിലേക്ക് ഞാനാദ്യം വന്നപ്പോള്‍ ജോലി ചെയ്തിരുന്നത് ന്യൂയോര്‍ക്കിലെ മെട്രോപോളിറ്റന്‍ ആശുപത്രിയിലായിരുന്നു. (സാമാന്യം തരക്കേടില്ലാത്ത ഇംഗ്ലീഷ് പരിജ്ഞാനവുമായിട്ടായിരുന്നു എന്റെ വരവ്) എന്റെ ഓഫീസ് പന്ത്രണ്ടാം നിലയിലായിരുന്നു.
അന്നൊക്കെ ഇലവേറ്റര്‍ ഓപ്പറേറ്റര്‍ ചെയ്തിരുന്നത് ഇലവേറ്റര്‍ ഓപ്പറേറ്റര്‍മാരായിരുന്നു. എയര്‍ലൈന്‍ പൈലറ്റിന്റെ മനോഭാവത്തോടെയായിരുന്നു അവരുടെ ഇരിപ്പ്. ആദ്യ ദിവസത്തെ ജോലിക്കായി ഞാനെത്തിയപ്പോള്‍ എവിടേക്കാണെന്ന മട്ടില്‍ അയാളെന്നെയൊന്നു നോക്കി. ഞാന്‍ വല്യ ഗമയില്‍ തന്നെ പറഞ്ഞു, ട്വല്‍വ്, പന്ത്രണ്ടാം നില. അയാള്‍ എന്നെ പരുഷമായി ഒന്നു നോക്കി. അയാള്‍ക്ക് കാര്യം പിടികിട്ടുന്നില്ലെന്നു മനസ്സിലായതോടെ ഞാന്‍ വീണ്ടും ആവര്‍ത്തിച്ചു. അപ്പോള്‍ കൂടെ നിന്നിരുന്നവര്‍ പരിഹാസത്തോടെ നോക്കുന്നതു പോലെ എനിക്ക് തോന്നി. മൂന്നാം നിലയിലേക്കാണോ പോകേണ്ടത് എന്ന് അയാള്‍ ചോദിച്ചപ്പോള്‍ കൂടുതല്‍ നാണക്കേടുണ്ടാക്കണ്ട എന്നു കരുതി ഞാന്‍ അതെ എന്നു പറഞ്ഞു. ട്വല്‍വ് എന്ന് ഇംഗ്ലീഷില്‍ പറഞ്ഞത് അയാള്‍ക്ക് തിരിഞ്ഞില്ല. മൂന്നാം നിലയിലിറങ്ങി അവിടെ നിന്ന് മുകള്‍ നിലയിലേക്ക് പടികള്‍ കയറി. ചില ദിവസം പതിനെട്ടാം നിലയില്‍ നിന്നും ഞാന്‍ താഴേയ്ക്ക് ഇറങ്ങി. അതിനു ശേഷം ഞാന്‍ പതിനൊന്നും പതിമൂന്നുമൊക്കെ പയറ്റി നോക്കി. എന്നിട്ടും അയാള്‍ക്ക് ട്വല്‍വ് എന്നു പറയുന്നത് മനസ്സിലായില്ല. ഇന്നും പല അമേരിക്കക്കാര്‍ക്കും ട്വല്‍വ് എന്നു ഞാന്‍ പറഞ്ഞാല്‍ മനസ്സിലാവുകയില്ല. അതു കൃത്യമായി എന്നെ ഓര്‍മ്മിപ്പിച്ചത് തുമ്പയിലിന്റെ എഴുത്താണ്. എല്ലാ ഭാവുകങ്ങളും.
സ്‌നേഹത്തോട,
രാജു മൈലപ്ര
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക