Image

നഴ്‌സുമാരുടെ സമരം ഉയര്‍ത്തുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍

വി.ശാന്തകുമാര്‍ (from Mathrubhumi) Published on 29 February, 2012
നഴ്‌സുമാരുടെ സമരം ഉയര്‍ത്തുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍
നഴ്‌സുമാര്‍ക്ക് കിട്ടുന്ന ശമ്പളം കുറവാണ്, അവര്‍ക്ക് കൂടുതല്‍ കാലം കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ പണിയെടുക്കേണ്ടി വരുന്നു, മറ്റു തരത്തിലുള്ള തൊഴില്‍ ചൂഷണം നേരിടുന്നു... തുടങ്ങിയവയൊക്കെ നമ്മളെ ദു:ഖിപ്പിക്കുന്ന കാര്യങ്ങളാണ്. അവരില്‍ കൂടുതലും സ്ത്രീകളായിരുന്നു എന്നത് കൊണ്ടായിരിക്കണം ഇത്രയും കാലം സമരം തുടങ്ങിയ പ്രക്ഷോഭ പരിപാടികള്‍ ഉണ്ടാകാതിരുന്നത്. എന്നിരിക്കിലും ഇക്കാര്യത്തില്‍ സമരം കൊണ്ടോ അല്ലെങ്കില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഒരു മിനിമം വേതന നിയമം കൊണ്ടോ എത്ര മാത്രം ഗുണമുണ്ടാകും എന്ന കാര്യം നാം വിവേകപൂര്‍വ്വം ചിന്തിക്കേണ്ടതുണ്ട്.

വിദ്യാഭ്യാസമുള്ള വിവിധ വിഭാഗം ആള്‍ക്കാര്‍ക്ക് ഇന്ത്യയില്‍ വേണ്ടത്ര തൊഴില്‍ കിട്ടാതിരിക്കുന്നതിനും കിട്ടിയാല്‍ തന്നെ മാന്യമായ വേതനം കിട്ടാത്തതിനും കാരണങ്ങളുണ്ട്. എന്നാല്‍ നഴ്‌സുമാരുടെ കാര്യത്തില്‍ കുറച്ചുകൂടി പ്രത്യേകമായ സാഹചര്യങ്ങള്‍ കൂടിയുണ്ട്. നഴ്‌സുമാരാകാന്‍ തയ്യാറായി ധാരാളം പേര്‍ വിദ്യാഭ്യാസം ചെയ്യുന്നു. നഴ്‌സുമാരില്‍ ചിലര്‍ക്ക് ഇന്ത്യയില്‍ കിട്ടുന്നതിനേക്കാള്‍ ഉയര്‍ന്ന ശമ്പളം വിദേശത്ത് (ജര്‍മ്മനി, ഇറ്റലി, അയര്‍ലണ്ട്, അമേരിക്ക, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയവയില്‍) കിട്ടാന്‍ സാധ്യതയുണ്ട് എന്നുള്ളതാണ് ഒരു കാരണം. ഇങ്ങനെയുള്ള അവസ്ഥയില്‍ എപ്പോഴും കൂടുതല്‍ പേര്‍ ആ തൊഴില്‍ എടുക്കാന്‍ തയ്യാറാവുകയും അത് മൂലം തൊഴിലില്ലായ്മ ഉണ്ടാവുകയും ചെയ്യും. ഇന്ത്യയില്‍ നഴ്‌സിനു കിട്ടാവുന്ന ശമ്പളം പതിനായിരവും അമേരിക്കയില്‍ അമ്പതിനായിരവും എന്നിരിക്കട്ടെ. അപ്പോള്‍ അമേരിക്കയില്‍ ജോലി കിട്ടാനുള്ള സാധ്യത വെറും 25 ശതമാനം മാത്രം ആണെങ്കിലും ആളുകള്‍ അതിനു ശ്രമിക്കും. അങ്ങനെ ശ്രമിക്കുന്നവരില്‍ 75 ശതമാനം ആളുകളും അതില്‍ പരാജയപ്പെടും. അങ്ങനെ പരാജയപ്പെടുന്നവരെല്ലാം ഇന്ത്യയില്‍ നഴ്‌സുപണിക്കു ശ്രമിക്കും. അപ്പോള്‍ അത് ഇന്ത്യയില്‍ വീണ്ടും കുറഞ്ഞ ശമ്പളത്തിന് ആളുകള്‍ പണിയെടുക്കേണ്ടുന്ന സ്ഥിതിയുണ്ടാക്കും.

ധാരാളം ആളുകള്‍ പണി ചെയ്യാന്‍ തയ്യാറാവുമ്പോള്‍ കിട്ടുന്ന വേതനത്തിന്റെ അളവ് കുറയും. ഈ അവസ്ഥയില്‍ തൊഴില്‍ കിട്ടിയവര്‍ സമരം കൊണ്ടോ അല്ലെങ്കില്‍ സര്‍ക്കാര്‍ മിനിമം വേതന നയം കൊണ്ടോ ശമ്പളം ഉയര്‍ത്താന്‍ ശ്രമിച്ചാലോ? സാധാരണ ഗതിയില്‍ ഇവ പ്രായോഗികമാകില്ല. കാരണം, മാനേജ്‌മെന്റുകള്‍ക്ക് കുറഞ്ഞ ശമ്പളത്തിന് പണിയെടുക്കാന്‍ വേറെ ആളിനെ കിട്ടും. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മിനിമം വേതനം വാങ്ങിയെന്ന് ഒപ്പിട്ടു കൊടുത്ത് അതിലും കുറഞ്ഞ തുക വാങ്ങാന്‍ തയ്യാറാകും. ഇനി സര്‍ക്കാര്‍ തങ്ങളുടെ മിനിമം വേതന നയം ശരിക്കും നടപ്പാക്കാന്‍ തുടങ്ങിയാലോ? കൂടിയ വേതനം നല്‍കി നഴ്‌സുമാരെ നിയമിക്കേണ്ടി വരുമ്പോള്‍ മാനേജ്‌മെന്റുകള്‍ കുറച്ചു പേരെ മാത്രം നിയമിക്കും. അപ്പോള്‍ കുറഞ്ഞ വേതനത്തിന് പണിയെടുക്കാന്‍ തയ്യാറാവുമായിരുന്ന കുറെ പേര്‍ക്ക് തൊഴില്‍ കിട്ടാതാവും. അത് തൊഴിലുള്ളവരുടെ കുറഞ്ഞ വേതനം ആണോ, തൊഴിലില്ലാത്തവരുടെ പ്രശ്‌നമാണോ കൂടുതല്‍ രൂക്ഷം എന്ന ചോദ്യം ഉയര്‍ത്തും.

അതിന്റെ അര്‍ത്ഥം മിനിമം വേതന നയം ഒരിക്കലും പ്രയോഗികമാല്ലെന്നാണോ? അത് കുറെയൊക്കെ ശരിയാണ്. സര്‍ക്കാര്‍ മിനിമം വേതന നയം ഉണ്ടാക്കിയാലും സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചമല്ലെങ്കില്‍ ഒന്നുകില്‍ തൊഴിലാളികള്‍ക്ക് അതിനേക്കാള്‍ കുറഞ്ഞ വേതനമേ കിട്ടൂ. (അല്ലെങ്കില്‍ കുറഞ്ഞ തൊഴിലവസരങ്ങള്‍ മാത്രമേ ഉണ്ടാകൂ.) എന്നിരിക്കിലും സമൂഹത്തിനു ഒന്നാകെ ഒരു മിനിമം വേതന നിയമം (അത് മിക്കവാറും വിദ്യാഭ്യാസം കുറവ് മാത്രം ആവശ്യമുള്ള കായിക ജോലിക്കായിരിക്കും) ഉള്ളത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. ഒന്നുമില്ലെങ്കിലും തൊഴിലാളികള്‍ക്ക് ജീവിക്കാനാവശ്യമായ വരുമാനം കിട്ടുന്നുണ്ടോ എന്നറിയാനെങ്കിലും അതുപകരിക്കും. മറിച്ച് ഓരോ ജോലിക്കും (എന്‍ജിനീയര്‍ക്ക്, ഡോക്ടര്‍ക്ക്, നഴ്‌സിന്) ഓരോ മിനിമം വേതനം ഉണ്ടാക്കുന്നത് ഒട്ടും നല്ലതല്ല. ഏതെങ്കിലും ഒരു ജോലിക്ക് കുറഞ്ഞ വരുമാനമേ കമ്പോളത്തില്‍ കിട്ടുന്നുള്ളൂവെങ്കില്‍ ആ ജോലി ചെയ്യാന്‍ തയ്യാറുള്ളവരുടെ എണ്ണം കുറയ്ക്കാനുള്ള സന്ദേശം കമ്പോളത്തില്‍ നിന്നും കിട്ടണം.

നഴ്‌സുമാരുടെ കാര്യത്തില്‍ മറ്റു ചില പ്രത്യേക സാഹചര്യങ്ങളുമുണ്ട്. കേരളത്തില്‍ പെണ്ണുങ്ങള്‍ക്ക് അവരുടെ 'സ്‌ത്രൈണ സ്വഭാവത്തിന്' അനുയോജ്യമായ ജോലി നഴ്‌സിങ്, ടീച്ചിങ് തുടങ്ങിയവയാണെന്ന് ഒരു ധാരണയുണ്ട്. ഇത് നമ്മുടെ പുരുഷമേധാവിത്വ മൂല്യങ്ങളുടെ പ്രതിഫലനമാണ്. അതുകൊണ്ട് തങ്ങളുടെ വിവാഹ, കുടുംബ സാധ്യതകളില്‍ കുറവ് വരാത്ത തരത്തില്‍ ഒരു ജോലി നേടാനായി കൂടുതല്‍ പെണ്‍കുട്ടികള്‍ ഇത്തരം ജോലികള്‍ക്ക് ശ്രമിക്കുന്നു. അത്, ഈ ജോലികള്‍ ചെയ്യാന്‍ തയ്യാറാകുന്നവരുടെ എണ്ണം വര്‍ധിപ്പിക്കും. മാസം രണ്ടായിരം രൂപയ്‌ക്കോ അതിലും കുറഞ്ഞ തുകയ്‌ക്കോ സ്വകാര്യ സ്‌കൂളില്‍ ടീച്ചറായി പണിയെടുക്കാന്‍ ഇത്രയുമധികം സ്ത്രീകളെ നമ്മുടെ നാട്ടില്‍ കിട്ടുന്നതിനു കാരണം ഇതാണ്. ദിവസം 400 രൂപക്ക് പണിയെടുക്കാന്‍ ഒരു കെട്ടിടം പണിക്കാരിയെ കിട്ടാതിരുക്കുമ്പോള്‍ മാസം 1000 രൂപയ്ക്കു പണിയെടുക്കാന്‍ സെയില്‍സ് ഗേളിനെ കിട്ടുന്നതും ഇതുകൊണ്ടാണ്. ചുരുക്കത്തില്‍ വിവിധ ജോലികള്‍ ചെയ്യാന്‍ മലയാളി പെണ്‍കുട്ടികളെ തയ്യാറാക്കുന്നതിലും അവര്‍ക്ക് വിവിധങ്ങളായ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നതിലും നമ്മുടെ സാമ്പത്തിക വികസനം പരാജയപ്പെട്ടതിന്റെ പ്രതിഫലനം കൂടിയാണിത്.

ഒരു ജോലിയുടെ ഉത്പാദന ക്ഷമത (ഒരാള്‍ക്ക് ഒരു ദിവസം എത്ര ജോലി ചെയ്യാന്‍ കഴിയും എന്ന അളവ്) വര്‍ധിച്ചാല്‍ അതിനു കൂടുതല്‍ വരുമാനം കിട്ടാന്‍ സാധ്യതയുണ്ട്. എന്നാല്‍ നഴ്‌സ്, ടീച്ചര്‍ തുടങ്ങിയ ജോലികള്‍ക്ക് സാധാരണ രീതിയില്‍ ഉത്പാദനക്ഷമത വര്‍ധിക്കാന്‍ സാധ്യത കുറവാണ്. (ഒരു നഴ്‌സിന് ഒരു ദിവസം ഒരു പരിധിയില്‍ കൂടുതല്‍ ആളുകളെ ശുശ്രൂഷിക്കാന്‍ കഴിയില്ലല്ലോ.) അതുകൊണ്ട് മറ്റു സാമ്പത്തിക മേഖലകളില്‍ ഉണ്ടാകുന്ന ഉത്പാദനക്ഷമത കൊണ്ടാണ് നഴ്‌സ്, ടീച്ചര്‍ തുടങ്ങിയ മേഖലകളില്‍ കാലഘട്ടത്തിനു അനുസരിച്ച് ശമ്പളവര്‍ധനവ് ഉണ്ടാകേണ്ടത്.

നഴ്‌സിങ് തുടങ്ങിയ സേവനങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ ചെലവു കൂടിയാലും നമുക്ക് പൂര്‍ണമായി മറ്റു നാടുകളെ ആശ്രയിക്കാന്‍ കഴിയില്ല. നമ്മുടെ ചുറ്റുവട്ടത് കുറെ നഴ്‌സിങ് ഹോമുകള്‍ ഉണ്ടായേ തീരൂ. അതുകൊണ്ട് കേരളത്തില്‍ നഴ്‌സുമാര്‍ക്ക് അല്പം ശമ്പളം കൂടിയാലും (അതുകൊണ്ട് ആസ്പത്രി ചെലവുകൂടിയാലും) മലയാളികള്‍ക്ക് കേരളത്തിലെ ആസ്പത്രികളെ പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയില്ല. എന്നിരിക്കിലും നഴ്‌സുമാര്‍ക്ക് കൂടുതല്‍ ശമ്പളം കൊടുക്കേണ്ടി വരുന്നത് കൊണ്ട് ആസ്പത്രിച്ചെലവ് വര്‍ധിച്ചാല്‍ ചില (സൂപ്പര്‍ സ്‌പെഷ്യാലിറ്റി പോലുള്ള) ചികിത്സകള്‍ക്കു നാം പുറം നാട്ടിനെ (ചിലപ്പോള്‍ തമിഴ്‌നാട്ടിനെയോ കര്‍ണാടകത്തെയോ) ആശ്രയിച്ചേക്കാം.

ചുരുക്കത്തില്‍ നഴ്‌സുമാര്‍ക്ക് നല്ല ശമ്പളം കിട്ടണം എന്ന ആഗ്രഹം എനിക്കും ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ സാമ്പത്തിക വ്യവസ്ഥ നല്‍കുന്ന സന്ദേശങ്ങള്‍ നാം അവഗണിച്ചു കൂടാ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക