Image

മദ്യമൊഴുക്കാന്‍ തിരുമാനിച്ചാല്‍ പ്രതിപക്ഷം കൈയും കെട്ടി നോക്കിയിരിക്കില്ല. രമേശ് ചെന്നിത്തല

Published on 06 June, 2017
മദ്യമൊഴുക്കാന്‍ തിരുമാനിച്ചാല്‍ പ്രതിപക്ഷം കൈയും കെട്ടി നോക്കിയിരിക്കില്ല. രമേശ് ചെന്നിത്തല
കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള ഗൂഢാലോചന വീണ്ടും സജീവമായിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഇടതുമുന്നണിയും മദ്യലോബിയും തമ്മിലുണ്ടാക്കിയ രഹസ്യക്കരാര്‍ നടപ്പാക്കാനുള്ള കൊടിയശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മദ്യനയം ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പുതന്നെ ബാറുകള്‍ തുറന്നുകൊടുക്കുമെന്ന തരത്തില്‍ ഇടതുമന്ത്രിമാരുടെ, പ്രത്യേകിച്ചു സി.പി.എം മന്ത്രിമാരുടെ, ഭാഗത്തുനിന്നുണ്ടാകുന്ന പ്രസ്താവനകള്‍ ഈ സംശയത്തിനു ബലം നല്‍കുന്നു.

തിരുവനന്തപുരം മുതല്‍ ചേര്‍ത്തലവരെയും കുറ്റിപ്പുറം മുതല്‍ കണ്ണൂര്‍വരെയുമുള്ള പാത ദേശീയപാതയല്ലെന്നു വാദിച്ച് ഒരുകൂട്ടം ബാറുടമകള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഗൂഢാലോചന വ്യക്തമായി. 2014ല്‍ ദേശീയപാതാ അതോറിറ്റി ഈ പാതകള്‍ ഡീനോട്ടിഫൈ ചെയ്‌തെന്ന സാങ്കേതികകാരണം ഉയര്‍ത്തിക്കാട്ടി ബാറുടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഈ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ദുരുദ്ദേശപരമായ നിശ്ശബ്ദതപാലിച്ചു. അതിന്റെ ഫലമാണ് ഇപ്പോള്‍ നാം കണ്ടത്. ഈ വിധിക്കെതിരേ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ മടികാണിക്കുന്നതിന്റെ രഹസ്യം തിരയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല. മദ്യ മുതലാളിമാരുമായുണ്ടാക്കിയ രഹസ്യകരാര്‍ പാലിക്കുന്നതിനുള്ള നീക്കമാണ് ഈ അപകടകരമായ നിശ്ശബ്ദത.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഘട്ടംഘട്ടമായി മദ്യം നിരോധിക്കുകയെന്ന ഉദ്ദേശം മുന്‍നിര്‍ത്തി ഫൈവ്സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ അടച്ചുപൂട്ടിയിരുന്നു. പരമോന്നത നീതിപീഠം അത് അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ആ മദ്യനയം പൊളിച്ചെഴുതാനുള്ള നീക്കം സജീവമായി. മദ്യവര്‍ജനമാണ് തങ്ങളുടെ ലക്ഷ്യമെന്നു പ്രഖ്യാപിക്കുകയും മദ്യലഭ്യത വര്‍ധിപ്പിക്കുകയും ചെയ്തു.

മദ്യലഭ്യത കൂട്ടിയാല്‍ മദ്യവര്‍ജനം സാക്ഷാല്‍ക്കരിക്കാനാകുമോ. സാധ്യമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. മദ്യവര്‍ജനമെന്ന തങ്ങളുടെ പ്രഖ്യാപിത പരിപാടി തട്ടിപ്പാണെന്ന് അവര്‍തന്നെ ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു ഉറപ്പുനല്‍കിയിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടിയ ഒരു ബാറും ഇടതുമുന്നണി അധികാരത്തിലേറിയാല്‍ തുറക്കില്ലെന്നായിരുന്നു ആ ഉറപ്പ്. ഇക്കാര്യമോര്‍മിപ്പിച്ചു ഞാന്‍ യെച്ചൂരിക്കു കത്തയച്ചിരുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് അദ്ദേഹം കൊടുത്ത ഉറപ്പു പാലിക്കേണ്ട ബാധ്യതയെക്കുറിച്ചു സൂചിപ്പിച്ചിട്ടുണ്ട്.

മദ്യശാലകള്‍ അനുവദിക്കുന്നതിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്‍കിയ അധികാരം പിന്‍വലിച്ചതോടെ മദ്യമുതലാളിമാരുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിന്റെ ദുര്‍മുഖം വ്യക്തമായി. ഒരു പ്രദേശത്തു മദ്യശാല വേണമോ വേണ്ടയോയെന്നു തീരുമാനിക്കാന്‍ ആ പ്രദേശത്തെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അത് എടുത്തുകളയുക വഴി അധികാരവികേന്ദ്രീകരണത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുകയാണു ചെയ്തത്.

പ്രതിപക്ഷ മുന്നണിയോടൊപ്പം മതസാമുദായികസംഘടനകളും സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരേ പ്രക്ഷോഭത്തിന്റെ പാതയിലാണ്. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ എല്ലാവിഭാഗം ജനങ്ങളും ഉയര്‍ത്തുന്ന പ്രതിഷേധത്തെ അവഗണിക്കാന്‍ സര്‍ക്കാരിനു കഴിയില്ല. ഇടതുസര്‍ക്കാര്‍ സംസ്ഥാനത്തു മദ്യമൊഴുക്കാന്‍ തിരുമാനിച്ചാല്‍ പ്രതിപക്ഷം കൈയും കെട്ടി നോക്കിയിരിക്കില്ല.

സര്‍ക്കാരിനെ തിരുത്താന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും അവലംബിക്കും. യു.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന ഘട്ടംഘട്ടമായി മദ്യ നിരോധനമെന്ന തിരുമാനത്തില്‍നിന്നു പിന്നാക്കം പോകാന്‍ അനുവദിക്കില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക