Image

സിബി മാത്യൂസിന്റെ ആത്മകഥയിലെ -ഐ.എസ്.ആര്‍.ഒ ചാരക്കേസ് (ഭാഗം-1)

കടപ്പാട്: ആഴ്ചവട്ടം Published on 07 June, 2017
സിബി മാത്യൂസിന്റെ ആത്മകഥയിലെ -ഐ.എസ്.ആര്‍.ഒ ചാരക്കേസ് (ഭാഗം-1)
ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഡോ. സിബി മാത്യുസിന്റെ "നിര്‍ഭയം ഒരു ഐ.പി.എസ്. ഓഫീസറുടെ അനുഭവക്കുറിപ്പുകള്‍' എന്ന പുസ്തകത്തില്‍ നിന്ന്

മുന്‍ ഡിജിപി സിബി മാത്യൂസിന്റെ ആത്മകഥ പുറത്തുവരുന്നു. ജൂണ്‍ 10ന് തിരുവനന്തപുരം പ്രസ്ക്ലബില്‍ വി.എസ് അച്യുതാനന്ദന്‍ പുസ്തകം പ്രകാശനം ചെയ്യും. . രാഷ്ട്രീയ അധികാരം നേടാന്‍ എ ഗ്രൂപ്പു നടത്തിയ ഗൂഢാലോചനയില്‍ ആവിര്‍ഭവിച്ചതാണ് ചാരക്കേസെന്ന് സമൂഹത്തില്‍ കുറേപ്പേരെങ്കിലും വിശ്വസിക്കുന്നുണ്ടാകുമെന്നും 'നിര്‍ഭയം ഒരു ഐ.പി.എസ് ഓഫീസറുടെ അനുഭവക്കുറിപ്പുകള്‍' എന്നുപേരിട്ട പുസ്തകത്തിലുണ്ട്. രമണ്‍ ശ്രീവാസ്തവയുടെ അറസ്റ്റ് തടഞ്ഞത് താനായിരുന്നു. എന്നിട്ടും ഐ.പി.എസുകാര്‍ക്കിടയില്‍ പോലും തന്നെ ഒറ്റപ്പെടുത്തി. കേസിലെ ആദ്യവസാനമുള്ള കത്തിടപാട് അടക്കം മാസങ്ങളോളം സ്വന്തം വക്കീലിന്റെ കൈവശമായിരുന്നതിനാല്‍ എല്ലാ തെളിവുകളും മനസിലാക്കിയാണ് നമ്പി നാരായണന്‍ കേസില്‍ നിന്ന് കുറ്റവിമുക്തനായത്. ഒടുവില്‍ 2012ല്‍ നഷ്ടപരിഹാരം കൊടുക്കണമെന്ന വിധിയുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അപ്പീല്‍ പോലും കൊടുക്കാതെ കൊടുക്കാന്‍ തയ്യാറായത് എന്തിനാണെന്ന് തനിക്കിപ്പോഴും അറിയില്ല. ഉന്നത സ്വാധീനവും രണ്ടാമത് കേസന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ഇപ്പോഴത്തെ ഡി.ജി.പി സെന്‍കുമാറിന്റെ താല്‍പര്യക്കുറവും പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്നു.

1994 നവംബര്‍ 15ന് ഉച്ചയ്ക്ക് ഊണു കഴിച്ചുകൊണ്ടിരിക്കെ ടെലിഫോണ്‍ റിംഗ് ചെയ്തത്. ഞാന്‍ ഊണു ക ഴിക്കുന്നതിനിടയില്‍ എഴുന്നേറ്റു. "ഭക്ഷണം കഴിക്കുന്നതിനിടെയാണോ എഴുന്നേല്‍ക്കുന്നത്? കഴിച്ചിട്ട് എടുത്താ മതി" എന്ന് ഭാര്യ പരിഭവം പറഞ്ഞു. ഞാന്‍ അതു കൂട്ടാക്കാതെ ആരാണ് വിളിക്കുന്നതെന്നറിയാന്‍ എഴുന്നേറ്റു.

ഫോണിന്റെ മറ്റേ തലയ്ക്കല്‍ ഡി.ജി.പിയുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് വേലായുധന്‍ നായരായിരുന്നു. "സര്‍, ഉടനെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സസിലെത്തി ഡി.ജി.പിയെ കാണണമെന്ന് ഡി.ജി.പി. പറഞ്ഞു." ഇത്രയും പറഞ്ഞ് അയാള്‍ ടെലിഫോണ്‍ വച്ചു. എനിക്ക് എന്തോ വല്ലാത്തൊരു അസ്വസ്ഥതയാണ് തോന്നിയത്.

തിരുവനന്തപുരം പൊലീസ് കമ്മീഷണര്‍ സ്ഥാനത്തുനിന്നും എന്നെ മാറ്റുവാന്‍ പ്രവര്‍ത്തിച്ച ഉന്നത് പൊലീസ് ഉദ്യോഗസ്ഥ സംഘത്തില്‍ ഉള്‍പ്പെടുന്ന ടി.വി. മധുസൂദനനാണ് അന്ന് ഡി.ജി.പി. എനിക്ക് എന്തെങ്കിലും നന്മയുണ്ടാകുന്നതൊന്നും അദ്ദേഹം ചെയ്യില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഇതെന്താണാവോ എന്നാ യിരുന്നു എന്റെ മനസ്സില്‍.

ഊണുകഴിച്ച് ഞാന്‍ ഉടനെതന്നെ പൊലീസ് ആസ്ഥാനത്തെത്തി ഡി.ജി.പിയെ കണ്ടു. മുഖവുരയൊന്നും കൂടാതെ ഡി.ജി.പി. പറഞ്ഞുതുടങ്ങി; "ഐ.എസ്.ആര്‍.ഒ. കേസിന്റെ അന്വേഷണം നിങ്ങളുടെ നേതൃത്വത്തിലുള്ള ഒരു ടീം ഏറ്റെടുക്കണം." പത്രങ്ങളില്‍ വാര്‍ത്ത കണ്ടിരുന്നു മാലിദ്വീപ് സ്വദേശികളായ രണ്ടു സ്ത്രീകളെ തിരുവനന്തപുരം സിറ്റി പൊലീസ് ചോദ്യം ചെയ്തതുവെന്നും മറ്റും.

ഞാന്‍ അതിനെക്കുറിച്ച് ആലോചിച്ചിരിക്കുമ്പോഴേക്കും ഡി.ജി.പി യുടെ അടുത്ത ചോദ്യം: ആരെയൊക്കെയാണ് ടീമില്‍ വേണ്ടതെന്ന് പറഞ്ചേത്താളൂ." അതിന് മറുപടി പറയുന്നതിനു മുമ്പുതന്നെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു: "എസ്.പി.യായ ജി. ബാബുരാജ്. ഇനി ആരൊക്കെ വേണം ടീമില്‍?

പെട്ടെന്നിങ്ങനെ ചോദിച്ചാല്‍...? ഓര്‍മ്മയിലുണ്ടായ ചില ഉദ്യോഗസ്ഥരുടെ പേരുകള്‍ ഞാന്‍ പറഞ്ഞു. ഡിവൈ.എസ്.പി. കെ.കെ. ജോഷ്വാ, സി.ഐ. ജോഗേഷ് എന്നിവരുടെ പേരുകള്‍ പറയുമ്പോഴേക്കും ഡി.ജി. പി. തടസ്സപ്പെടുത്തി പറഞ്ഞു. "അതുമതി. പിന്നെ ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന ഇന്‍സ്‌പെക്ടര്‍ വിജയനും വഞ്ചിയൂര്‍ എസ്.ഐ. തമ്പി ദുര്‍ഗ്ഗാദത്തും കൂടി ടീമില്‍ ഇരിക്കട്ടെ." അതിനൊന്നും എന്റെ മറുപടി അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല എന്ന് എനിക്ക് തോന്നി. ഞാന്‍ മറുപടി പറയുംമുമ്പുതന്നെ അദ്ദേഹം മേശമേലുള്ള ബെല്ലമര്‍ത്തി. വേലായുധന്‍ നായര്‍ എത്തി. "പ്രൊസീഡിംഗ്‌സ് തയ്യാറാക്കിക്കൊള്ളു." വേലായുധനോട് ഡി.ജി.പി. പറഞ്ഞു.

തൊട്ടടുത്തിരിക്കുന്ന തിരുവനന്തപുരം പൊലീസ് കമ്മീഷണര്‍ രാജീവനോടായി ഡി.ജി.പി. പറഞ്ഞു. "സിബി മാത്യുവിന് ഇതുവരെ നടന്ന കാര്യങ്ങള്‍ ഒന്ന് വിശദീകരിച്ചുകൊടുക്കൂ."

രാജീവനും ഞാനും എന്റെ ഓഫീസിലേക്ക് പോയി. പോകുന്ന വഴിക്കും ഓഫീസില്‍ വച്ചുമായി രാജീ വന്‍ ആ കേസിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പറഞ്ഞു. കേന്ദ്ര ഇന്റലിജന്‍സിന്റെ രഹസ്യ വിവരത്തെത്തുടര്‍ന്ന് ഡി.സി.പി. ഋഷിരാജ സിംഗ് എല്ലാ ഹോട്ടലുകളും പരിശോധിക്കാന്‍ നിര്‍ദേശം കൊടുത്തു. അങ്ങനെയാണ് അവര്‍ സാമ്രാട്ട് ഹോട്ടലില്‍ വച്ച് രണ്ട് മാലിദ്വീപ്ത് വനിതകളെ കാണുന്നത്. എന്തിനാണ് അവര്‍ വന്നത്? എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ അവരുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചു. അതില്‍നി ന്നും അവര്‍ ബന്ധപ്പെട്ടിട്ടുള്ളവരില്‍ നെടുമങ്ങാടിനടുത്തുള്ള വലിയമലയിലെ ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ (എല്‍.പി.എസ്.സി.) എന്ന ഐ.എസ്.ആര്‍.ഒയുടെ യൂണിറ്റിലെ സീനിയര്‍ ശാസ്ത്രജ്ഞനായ ശശികുമാരനുണ്ടായിരുന്നു എന്നു മനസ്സിലാക്കിയിരുന്നു. നേരത്തേതന്നെ ഇന്റലിജന്‍സ് ബ്യൂറോയും റിസര്‍ ച്ച് ആന്റ് അനാലിസിസ് വിങ് ഉദ്യോഗസ്ഥരും ഇടപെട്ടുകൊണ്ടിരിക്കുന്ന കേസാണിത്.

ശശികുമാരനും മറിയം റഷീദയും കോവളത്ത് ഹോട്ടലില്‍ പോയി ഡിന്നര്‍ കഴിച്ചുവെന്നും മറിയം റഷീദ യുടെ ഡയറിക്കുറിപ്പുകള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയെടുത്തുവെന്നും തുടര്‍ന്ന് മറിയം റഷീദയെയും സുഹൃത്തായ ഫൗസിയ ഹസ്സനെയും അറസ്റ്റു ചെയ്തതുവെന്നും രാജീവന്‍ പറഞ്ഞു. ഇരുവരും ഇപ്പോള്‍ പൊ ലീസ് കസ്റ്റഡിയില്‍ ആണെന്നുകൂടി രാജീവന്‍ കൂട്ടിച്ചേര്‍ത്തു. കേസന്വേഷണത്തിന്റെ രേഖകളും എന്നെ ഏല്പിച്ച് രാജീവന്‍ മടങ്ങി.

ഔദ്യോഗിക രഹസ്യനിയമം അഥവാ ഒഫീഷ്യല്‍ സീക്രട്ടസ് ആക്ട് 1923 പ്രകാരം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസായിരുന്നു വഞ്ചിയൂര്‍ പൊലീസ് സ്‌റ്റേഷന്‍ െ്രെകം നമ്പര്‍ 246/94 എന്നത്. ഇത്തരം കേസുകള്‍ അന്വേഷിച്ചുള്ള മുന്‍പരിചയം ആര്‍ക്കുമില്ല. കൂടാതെ െ്രെകംബ്രാഞ്ച് എ.ഡി.ജി.പി. സത്താര്‍കുഞ്ഞിനോട് ഈ കേസിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യരുതെന്ന് ടി.വി. മധുസൂദനന്‍ ഡി.ജി.പി. എന്നോട് താക്കീത് ചെയ്തിരുന്നു. പാക്കിസ്ഥാന്‍ ചാരന്മാര്‍ ഉള്‍പ്പെടുന്ന കേസാണിതെന്ന് സംശയിക്കുന്നതിനാലാണ് അങ്ങനെയൊരു നീക്കം എന്നും അദ്ദേഹം എന്നെ ഓര്‍മ്മിപ്പിച്ചു. ഇന്റലിജന്‍സ് വിഭാഗം തലവനായിരുന്ന കെ.വി. രാജഗോപാലന്‍ നായരോടു കേസ് ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം രേഖാമൂലം അറിയിച്ചു.

പിറ്റേന്ന് ഞാനും അന്വേഷണസംഘവും മാലി വനിതകളെ താമസിപ്പിച്ചിരുന്ന പള്ളിപ്പുറം സി.ആര്‍.പി.എ ഫ്. ക്യാമ്പിലെ ഗസ്റ്റ് ഹൗസിലെത്തി. അന്വേഷണസംഘത്തില്‍ ഉള്‍പ്പെട്ടിരുന്ന സ്മാര്‍ട്ട് വിജയന്‍ എന്നറിയ പ്പെട്ടിരുന്ന വിജയന്‍ എന്നെ കാണാന്‍ വന്നിരുന്നില്ല. അതിനെക്കുറിച്ച് ഞാന്‍ അന്വേഷിച്ചപ്പോള്‍ അയാള്‍ ചിക്കന്‍പോക്‌സ് പിടിപെട്ട് കിടപ്പിലാണ് എന്ന് എസ്.പി. ബാബുരാജ് എന്നെ അറിയിച്ചു.

മറിയം റഷീദയെയും ഫൗസിയ ഹസനെയും ചോദ്യം ചെയ്യാനായി പോകുന്നതിനുമുമ്പുതന്നെ ഇന്റലിജന്‍സ് വിഭാഗം തലവന്‍ കെ.വി. രാജഗോപാലന്‍ നായര്‍ എനിക്ക് ചില നിര്‍ദ്ദേശങ്ങള്‍ തന്നിരുന്നു. "കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ അവിടെയുണ്ടാവും. അവരോട് അധികം സംസാരിക്കാന്‍ നില്‍ക്കേണ്ട. അവരുടെ പേരുപോലും ചോദിക്കാന്‍ നില്‍ക്കേണ്ട. അവര് കേന്ദ്രത്തിന്റെ രഹസ്യപ്പൊലീസല്ലേ, അവര്‍ അവരുടെ ജോലി ചെയ്യട്ടെ. നമ്മള്‍ അതിലൊന്നും ഇടപെടേണ്ട."

രാജഗോപാലന്‍ നായര്‍ മുമ്പ് ഐ.ബി.യില്‍ ജോലി ചെയ്തിരുന്നയാളാണ്. ഞങ്ങള്‍ മാലിവനിതകളെ ചോദ്യം ചെയ്യുന്നതിനായി അകത്തു കയറിയപ്പോള്‍ അവിടെ ഐ.ബിയുടെ ഉദ്യോഗസ്ഥരുണ്ടായിരുന്നു. അവര്‍ തയ്യാറാക്കുന്ന സ്‌റ്റേറ്റുമെന്റുകളും റിപ്പോര്‍ട്ടുകളും എന്നെയോ കേരളാ പൊലീസിലെ മറ്റ് ഉദ്യോഗസ്ഥരെയോ കാണിക്കുകയില്ലെന്ന് അവര്‍ ശഠിച്ചു. പത്രപ്രവര്‍ത്തകര്‍ക്ക് പള്ളിപ്പുറം സി.ആര്‍.പി.എഫ്. വക ഗസ്റ്റ് ഹൗസില്‍ കയറിച്ചെല്ലാന്‍ കഴിയില്ലെങ്കിലും മാലി വനിതകളെ സംബന്ധിച്ചും ഐ.ജി. രമണ്‍ ശ്രീവാസ്തവയെ സംബന്ധിച്ചും ധാരാളം വാര്‍ത്തകള്‍ ആ സമയത്തുതന്നെ പത്രങ്ങളില്‍ വന്നു. കേസില്‍ സംശയിക്കപ്പെട്ടവര്‍, സാക്ഷികള്‍ തുടങ്ങിയവരെ ചോദ്യം ചെയ്തത് മൊഴികള്‍ പത്രക്കാര്‍ക്ക് അതേപടി കിട്ടി. ആരാണ് പത്രക്കാര്‍ക്ക് ഈ വിവരങ്ങള്‍ നല്‍കിയതെന്ന് അറിയില്ല. എന്തായാലും ഞങ്ങള്‍ അതു ചെയ്തിട്ടില്ല. ഒരുപക്ഷേ ഐ.ബി. ഉദ്യോഗസ്ഥരില്‍ ആരോ ആയിരിക്കാം; വലിയൊരു ചാരശൃംഖലയാണ് തങ്ങള്‍ അനാവരണം ചെയ്തിട്ടുള്ളതെന്ന് മേലധികാരികളേയും സര്‍ക്കാരിനേയും ബോധ്യപ്പെടുത്താന്‍ ചെയ്തതാകാം.

പൊലീസ് ആസ്ഥാനത്തുനിന്നുതന്നെയാകാനും വഴിയുണ്ട്. ഡി.ജി.പി. മധുസൂദനന് അതിനു പറ്റിയ വിശ്വസ്തര്‍ ഉണ്ടായിരുന്നു. കരുണാകരവിരുദ്ധരായ ചില നേതാക്കള്‍ മധുസൂദനന്‍ വഴി ഇതു ഇതു ചെയ്തതുമാകാം

1994 ജനുവരി 24നും 28നും ഇടയ്ക്കുള്ള ഒരു ദിവസം മദ്രാസിലെ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വച്ച ഒരു രഹസ്യ ചര്‍ച്ച നടന്നു. അതില്‍ താനും ചന്ദ്രശേഖറും ശര്‍മ്മയും ബ്രിഗേഡിയര്‍ ശ്രീവാസ്തവയും സംബന്ധി ച്ചു. അവിടെ വച്ച് രേഖകള്‍ കൈമാറാമെന്നും തനിക്കു നല്‍കുന്ന രേഖകള്‍ താന്‍ മാലി ദ്വീപിലെ മൊഹിയു ദ്ദീനു നല്‍കാമെന്നും സമ്മതിച്ചു എന്നാണ് ഫൗസിയ പറഞ്ഞിരുന്നത്.

മൊഹിയുദ്ദീന്‍ എന്നയാള്‍ പാകിസ്ഥാന്‍ ഏജന്റാണെന്നും രഹസ്യ ഇടപാടുകള്‍ നടത്തുവാനുള്ള 'കവര്‍ ആയ ഹബീബ് ബാങ്കിലെ ഉദ്യോഗസ്ഥനാണ് എന്നും മറ്റും ഡല്‍ഹിയില്‍ നിന്നും വന്ന പാക്കിസ്ഥാന്‍ ഡെസ് കിലെ ഐ.ബി. ഉദ്യോഗസ്ഥര്‍ എന്നോടു പറഞ്ഞിരുന്നു.

'കവര്‍' എന്നാല്‍ രഹസ്യപ്പോലീസിംഗാണ് ജോലി. പക്ഷേ, പൊതുവില്‍ മറ്റെന്തെങ്കിലും ജോലിയാണെന്ന് വരുത്തിത്തീര്‍ക്കും. ഹബീബ് ബാങ്ക് ഒരു 'കവര്‍' ആണ്. രഹസ്യ ഇടപാടുകളാണ് നടത്തുക. എന്നാല്‍ പുറമെയുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ ബാങ്കിന്റെ പ്രവര്‍ത്തനമാണ് നടത്തുക. ഫൗസിയ ഹസന്റെ മകള്‍ ഹബീബ് ബാങ്കിലെ ജീവനക്കാരിയാണ്.

അക്കാലത്ത് ഐ.ബി.യുടെ കേരളഘടകം തലവന്‍, അതായത് ജോയിന്റ് ഡയറക്ടര്‍ മാത്യു ജോണ്‍ ആ ണ്. ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി. ശ്രീകുമാറും. രണ്ടുപേരും ഐ.പി.എസുകാരും എന്നെക്കാള്‍ സീനിയറുമായിരുന്നു.

മറിയം റഷീദയെയും ഫൗസിയ ഹസനെയും ചോദ്യം ചെയ്തതിനു പിന്നാലെ മിക്കവാറും ദിവസങ്ങളില്‍ കെ.വി. രാജഗോപാലന്‍ നായരുടെ ഓഫീസില്‍ വൈകുന്നേരങ്ങളില്‍ കോണ്‍ഫറന്‍സ് ഉണ്ടാകാറുണ്ട്. ഐ.ബി.യുടെയും കേരളാ പൊലീസിന്റെ അന്വേഷണ ഉദ്യോഗസ്ഥരും കൂടിച്ചേരും. ചോദ്യം ചെയ്യലില്‍ കിട്ടിയ പ്രധാന വിവരങ്ങള്‍ പരസ്പരം പങ്കുവയ്ക്കുകയും തുടര്‍ന്നുള്ള അന്വേഷണം പ്ലാന്‍ ചെയ്യുകയും ചെയ്തിരുന്നു.

മറിയം റഷീദയുടെയും ഫൗസിയ ഹസന്റെയും ചോദ്യം ചെയ്യലില്‍നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലും ഹോട്ടലില്‍നിന്നും ഫോണ്‍കോള്‍ പോയിരുന്നുവെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നും ശശികുമാരനെ അറസ്റ്റു ചെയ്യുന്നതു സംബന്ധിച്ച് ഇതിനിടെ ഡി.ജി.പി. മധുസൂദനന്റെ ഓഫീസില്‍ കോണ്‍ഫറന്‍സ് ചേര്‍ന്നു.

പേരൂര്‍ക്കട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.കെ. വേണുഗോപാലിനെ ശാസ്ത്രജ്ഞനായ ശശികുമാരനെ അറസ്റ്റു ചെയ്യുന്നതിനായി അഹമ്മദാബാദിലേക്ക് അയയ്ക്കാം" എന്ന് ഡി.ജി.പി. പറഞ്ഞു. എ.കെ. വേണുഗോപാല്‍ ഈ അന്വേഷണ ടീമിലുള്ളയാളല്ലല്ലോ എന്ന ചോദ്യം ആരെങ്കിലും ചോദിക്കുന്നതിനുമുമ്പുതന്നെ മധുസൂദനന്‍ ഡി.ജി.പി. പറഞ്ഞു "വേണുഗോപാലിനെ സ്‌പെഷ്യല്‍ ടീമില്‍ ഉള്‍പ്പെടുത്തിയതായി പ്രൊസീഡിംഗ്‌സ് എഴുതിക്കോളൂ." ആരും എതിര്‍ത്തില്ല. വേണുഗോപാല്‍ ഡി.ജി.പിയുടെ വിശ്വസ്തനായിരുന്നു.

നവംബര്‍ 21ന് ശശികുമാരനെ അഹമ്മദാബാദില്‍നിന്നും അറസ്റ്റു ചെയ്ത് 23ന് തിരുവനന്തപുരത്തെത്തിച്ചു. ഇയാളെ ചോദ്യം ചെയ്യുവാന്‍ ഒരാഴ്ച തങ്ങള്‍ക്കു സമയം തരണം എന്ന് ഐ.ജി. ശ്രീകുമാര്‍ ആവശ്യപ്പെ ട്ടു. ഇന്റലിജന്‍സ് ഡി.ജി.പി. രാജഗോപാലന്‍ നായര്‍ അത് സമ്മതിച്ചു. ശശികുമാരനെ പേരൂര്‍ക്കട എസ്.എ. പി. ക്യാമ്പിലെ ഗസ്റ്റ് ഹൗസിലാണ് താമസിപ്പിച്ചത്. എന്തൊക്കെ വിവരങ്ങള്‍ അയാള്‍ ഐ.ബിയ്ക്ക് നല്‍കി എന്നു പറഞ്ഞില്ല. പക്ഷേ, ഒരു കോണ്‍ഫറന്‍സിനിടെ "അയാള്‍ ഞങ്ങളോട് നല്ലപോലെ സഹകരിക്കുന്നുണ്ട്" എന്ന് പറഞ്ഞു.

ഡി.ജി.പിയുടെ കോണ്‍ഫറന്‍സിലെ തീരുമാനപ്രകാരം ഞാനും എസ്.പി. ബാബുരാജും ബാംഗ്ലൂരിലേക്ക് പോകുവാന്‍ തിരിച്ചു. മദ്രാസ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വച്ച് രഹസ്യ ചര്‍ച്ച നടന്നപ്പോള്‍ ഫൗസിയ ഹസ നൊപ്പമുണ്ടായിരുന്ന ചന്ദ്രശേഖര്‍, എസ്.കെ. ശര്‍മ്മ എന്നിവരെ അറസ്റ്റു ചെയ്യുന്നതിനായിരുന്നു ഞങ്ങളുടെ യാത്ര.

ചന്ദ്രശേഖരന്‍ റഷ്യന്‍ സ്‌പേസ് ഏജന്‍സിയായ 'ഗ്ലാവ് കോസ്‌മോസിന്റെ ഇന്ത്യയിലെ പി.ആര്‍.ഒ. ആ യിരുന്നു. ഐ.എസ്.ആര്‍.ഒ. പോലെയുള്ള റഷ്യയിലെ സ്ഥാപനമായിരുന്നു അത്. എസ്.കെ. ശര്‍മ്മ ഐ. എസ്.ആര്‍.ഒയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സുഹൃത്തായ ഒരു ബിസിനസ്സുകാരനായിരുന്നു.

എന്റെ സുഹൃത്ത് ഇന്‍ഫന്റ് ബാംഗ്ലൂര്‍ സിറ്റിയില്‍ ജോയിന്റ് പോലീസ് കമ്മീഷണര്‍ ആയിരുന്നു. അവി ടുത്തെ ഐ.ബി. ചീഫായ സുന്ദര്‍രാജിനെയും ഞങ്ങള്‍ ചെന്നു കണ്ടു. അദ്ദേഹം ഒരു ഇന്‍സ്‌പെക്ടറെയും ഒരു കാറും ഞങ്ങള്‍ക്കു വിട്ടുതന്നു. ഇന്‍സ്‌പെക്ടറുടെ സംസാരത്തില്‍നിന്നും ചന്ദ്രശേഖരന്‍ ബാംഗ്ലൂരിലെ ഐ.ബി. ഓഫീസര്‍മാര്‍ക്ക് സുപരിചിതനായ വ്യക്തിയാണെന്ന് എനിക്കു മനസ്സിലായി.

ചന്ദ്രശേഖരന്റെ വീട്ടിലേക്ക് ഞങ്ങള്‍ കയറി. ഞങ്ങളെ കണ്ടതോടെ അടുത്തെത്തി ചന്ദ്രശേഖരന്‍ ആദ്യം ചോദിച്ച കാര്യം 'എന്തിനാണ് നിങ്ങള്‍ എന്നെ അറസ്റ്റു ചെയ്യുന്നത്? കോടതിയുടെ അറസ്റ്റു വാറണ്ടുമായി എന്തിനാണ് നിങ്ങള്‍ വന്നത്? എന്നൊക്കെയായിരിക്കും എന്നാണ് കരുതിയതെങ്കില്‍ തെറ്റി. എന്തു വേണമെ ങ്കിലും ചെയ്തതുതരാം. എന്നെ ഈ കേസില്‍നിന്നും ഒന്ന് ഒഴിവാക്കണം" എന്നായിരുന്നു ചന്ദ്രശേഖരന്റെ ആദ്യത്തെ പ്രതികരണം.

ഞങ്ങള്‍ ചന്ദ്രശേഖരന്റെ വാഗ്ദാനങ്ങളെ അപ്പാടെ തള്ളി. ചന്ദ്രശേഖരന്റെ അറസ്റ്റു രേഖപ്പെടുത്തി. കേര ളാ പൊലീസിലെ എസ്.ഐ. വിമല്‍ എന്ന ഉദ്യോഗസ്ഥനോടൊപ്പം വിമാനമാര്‍ഗ്ഗം തിരുവനന്തപുരത്തേക്കയച്ചു:

പിറ്റേന്ന് രാവിലെ എസ്.കെ. ശര്‍മ്മയുടെ വീട്ടിലും ഓഫീസിലും പരിശോധന നടത്തി. പക്ഷേ, യാതൊരു തെളിവും കിട്ടിയില്ല. അയാളെ അറസ്റ്റു ചെയ്യാതെ ഞങ്ങള്‍ മടങ്ങി. ചന്ദ്രശേഖരനെ ചോദ്യം ചെയ്ത്തില്‍നിന്നും ഒരു നിര്‍ണ്ണായകമായ സൂചന ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. റ ഷ്യന്‍ സംഘം ഇവിടെ കേരളത്തില്‍ വന്ന ഘട്ടത്തില്‍ പഴവങ്ങാടിയിലെ ഒരു ഹോട്ടലിന്റെ ഇടനാഴിയിലൂടെ നടക്കുമ്പോള്‍ ഒരു മുറിയില്‍ ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞനായ നമ്പി നാരായണനെയും ഫൗസിയ ഹസനെയും കണ്ടിരുന്നതായി ചന്ദ്രശേഖരന്‍ പറഞ്ഞു.

ബിസിനസ് സംബന്ധമായ കാര്യങ്ങളാണ് സംസാരിക്കുന്നതെന്ന് ഫൗസിയ ഹസന്‍ പറഞ്ഞപ്പോള്‍, ആ ബിസിനസ് ചെയ്യാന്‍ തനിക്കും ആഗ്രഹമുണ്ടെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു.

മറുപടിയായി "മാസ്റ്റര്‍ മദ്രാസില്‍ വരുന്നുണ്ട്. അങ്ങോട്ടു വന്ന് മാസ്റ്ററുമായി നേരിട്ട് ബിസിനസിനെക്കുറി ച്ച സംസാരിക്കാം."ഇക്കാര്യം ചന്ദ്രശേഖരന്റെ മൊഴിയിലുണ്ടായിരുന്നു.

മദ്രാസിലെ ഹോട്ടലില്‍ വെച്ച് കൂടെയുണ്ടായിരുന്നവരുടെ കൂട്ടത്തില്‍ ബ്രിഗേഡിയര്‍ ശ്രീവാസ്തവ എ ന്നൊരു പേര് ഫൗസിയ ഹസന്‍ പറഞ്ഞിരുന്നു. അതാരാണെന്ന് കണ്ടെത്തുന്നതിലായിരുന്നു ഐ.ബി.ക്ക് തി ടുക്കം. കേരളത്തിലെ ഐ.ജി. രമണ്‍ ശ്രീവാസ്തവയെയാണ് അവര്‍ ഉദ്ദേശിക്കുന്നതെന്ന് ഐ.ബി. ഉറപ്പിച്ചു പറഞ്ഞു.

ദിവസേനയുള്ള കോണ്‍ഫറന്‍സില്‍ രമണ്‍ ശ്രീവാസ്തവയുടെ വീടും ഓഫീസും പരിശോധിക്കണമെ ന്നും അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്നും നിരന്തരമായി ഐ.ബി. ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ശ്രീവാസ് തവയുടെ കാര്യം വരുമ്പോള്‍ ഡി.ജി.പി. മധുസൂദനനും രാജഗോപാലന്‍ നായരും മൗനം പാലിച്ചു. 'വിശ്വസ് തനല്ല എന്ന് ഐ.ബി. റിമാര്‍ക്ക് ചെയ്ത് എസ്.പി. ബാബുരാജിനെ കോണ്‍ഫറന്‍സില്‍ പങ്കെടുപ്പിക്കരുത് എ ന്നുമാത്രമായിരുന്നു ഇരുവര്‍ക്കും പറയാനുണ്ടായിരുന്നത്.

രമണ്‍ ശ്രീവാസ്തവയുടെ കാര്യം വന്നപ്പോള്‍ ഞാന്‍ എതിര്‍ത്തുകൊണ്ടിരുന്നു. "വ്യക്തമായ തെളിവില്ലാ തെ അദ്ദേഹത്തെ ചോദ്യം ചെയ്യാനാവില്ല. അദ്ദേഹത്തിന്റെ വീടും ഓഫീസും പരിശോധിക്കാനും പറ്റില്ല." ഇ തില്‍ ഞാനുറച്ചുനിന്നു.

"രാജ്യസുരക്ഷയാണ് മുഖ്യം. വ്യക്തിപരമായ കാര്യങ്ങള്‍ അതിനൊന്നും വിലങ്ങുതടിയാവാന്‍ പാടില്ല." ഐ.ബി. ഉദ്യോഗസ്ഥനായ ദിലീപ് തിപാഠി ശബ്ദമുയര്‍ത്തിക്കൊണ്ടു പറഞ്ഞു. അപ്പോഴും ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചുനിന്നു. ഒരു ഘട്ടത്തില്‍ മാത്യു ജോണ്‍ ദേഷ്യപ്പെട്ട എഴുന്നേറ്റ കസേര തള്ളി മാറ്റി അയാളു ടെ ശൗര്യം മുഴുവന്‍ പുറത്തെടുത്ത് പറഞ്ഞു. "തെളിവ്. തെളിവ്. തെളിവെന്നും പറഞ്ഞ് കാര്യങ്ങള്‍ നീട്ടി ക്കൊണ്ടുപോവുകയല്ല വേണ്ടത്." എന്റെ നേരെ തിരിഞ്ഞ്, "നിങ്ങള്‍ ഇത്തരത്തില്‍ തടസ്സം നില്‍ക്കുന്നയാളാ ണ്ടെന്നു ഞാന്‍ കരുതിയില്ല. കൊലക്കേസുപോലെ ചാരവൃത്തിക്കേസില്‍ ദൃക്‌സാക്ഷിയൊന്നുമുണ്ടാവില്ല. ഒടുവില്‍, തെളിവില്ല എന്നു കണ്ടാല്‍ 24 മണിക്കൂറിനുള്ളില്‍ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റുവാറണ്ടു വാങ്ങി ജയിലില്‍ അടയ്ക്കും ഞങ്ങള്‍, മനസ്സിലായോ?

ഐ.ബി.യുടെ ഭാഗത്തുനിന്നും ഇത്രയും സമ്മര്‍ദ്ദതന്ത്രം ഞാന്‍ പ്രതീക്ഷിച്ചില്ല. രമണ്‍ ശ്രീവാസ്തവയെ അറസ്റ്റു ചെയ്യുന്നതിന് എന്തു കാരണമാണുള്ളത് എന്ന എന്റെ ചോദ്യത്തിന്, 'അതിന്റെ ചര്‍ച്ചയൊന്നും ആവ ശ്യമില്ലെന്നായിരുന്നു മറുപടി. ഐ.ബി. പറയുന്നതുമാത്രം വിശ്വസിച്ച് മേല്‍നടപടിയെടുക്കുക. ഞങ്ങള്‍ക്ക് സാധ്യമല്ല. ഡി.ജി.പി.യുടെ മൗനം ഞങ്ങളെയാണ് പിടിച്ചുലച്ചത്.

(തുടരും.....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക