Image

ബെന്നി വാച്ചാച്ചിറ: ഫോമാ നേത്രുത്വത്തില്‍ ഒരു വര്‍ഷം, അപസ്വരങ്ങളില്ലാതെ, നിസ്വാര്‍ഥതയോടെ

Published on 10 June, 2017
ബെന്നി വാച്ചാച്ചിറ: ഫോമാ നേത്രുത്വത്തില്‍ ഒരു വര്‍ഷം, അപസ്വരങ്ങളില്ലാതെ, നിസ്വാര്‍ഥതയോടെ
തെരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷം കഴിയുമ്പോഴേയ്ക്കും വാഗ്ദാനങ്ങളുടെ എണ്‍പതു ശതമാനവും പാലിക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തനാണ് ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ. അപസ്വരങ്ങളോ താന്‍പോരിമയോ ഇല്ലാതെ കൂട്ടായ പ്രവര്‍ത്തനം പുതിയ പന്ഥാവുകള്‍ വെട്ടിത്തുറക്കുമ്പോള്‍ അതിനു നേതൃത്വം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

സംഘടനാ പ്രവര്‍ത്തനങ്ങളിലാണ് ആദ്യവര്‍ഷം ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കില്‍ ഇനി കേരള കണ്‍വന്‍ഷനും അടുത്ത വര്‍ഷം ചിക്കാഗോയില്‍ നടക്കുന്ന ദേശീയ കണ്‍വന്‍ഷനുമാണ് പ്രധാന കര്‍മ്മരംഗം. സംഘടനാ പ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരുകയും ചെയ്യും.

ചിക്കാഗോ കണ്‍വന്‍ഷന്‍ വേദി ഷോംബര്‍ഗിലെ റിനൈന്‍സന്‍സ് കണ്‍വന്‍ഷന്‍ സെന്ററാണ്. കോണ്‍ട്രാക്ട് ഒപ്പുവെച്ചു കഴിഞ്ഞു. ഒഹയര്‍ എയര്‍പോര്‍ട്ടില്‍ നിന്നു ഏറെ ദൂരമില്ല അങ്ങോട്ട്. 500 മുറികള്‍ അവിടെ തന്നെയുണ്ട്. തൊട്ടടുത്ത് എംബസി സ്യൂട്ട്‌സ്, ഡബിള്‍ ട്രീ തുടങ്ങിയ വമ്പന്‍ ഫെസിലിറ്റികള്‍ വേറെയുമുണ്ട്. കണ്‍വന്‍ഷന്‍ സെന്ററില്‍ 5000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുണ്ട്. അതുപോലെ 500 പേര്‍ക്കും 450 പേര്‍ക്കും ഇരിക്കാവുന്ന വേദികള്‍ വേറെയും. എല്ലാ പരിപാടികളും നടത്താനുള്ള സൗകര്യമുണ്ടെന്നര്‍ത്ഥം. സമീപത്തുതന്നെ ഷോപ്പിംഗ് മാളും മറ്റുമുണ്ട്.

മൊത്തം 3000 മുതല്‍ 4000 വരെ പേര്‍ കണ്‍വന്‍ഷനെത്തുമെന്നതില്‍ ബെന്നിക്ക് സന്ദേഹമില്ല. സംഘടനാ പ്രവര്‍ത്തനവുംഭാരവാഹികളുടെ സാമൂഹിക ബന്ധങ്ങളും കണക്കിലെടുക്കുമ്പോള്‍ അതു ഒട്ടും കൂടുതലല്ല.

ഇന്ത്യന്‍ ഭക്ഷണം കൊടുക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് അമേരിക്കന്‍ ഫുഡ് വേണമെങ്കില്‍ അതും കിട്ടും.

ഈ നവംബര്‍ 30നു മുമ്പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 250 ഡോളര്‍ കുറവ് ലഭിക്കും. നവംബര്‍ 30 വരെ 999 ഡോളറാണ് രജിസ്‌ട്രേഷന്‍ ഫീസ്. അതുകഴിഞ്ഞാല്‍ 1250 ഡോളര്‍. രണ്ടംഗ കുടുംബത്തിനാണിത്. മൂന്നു വയസുവരെയുള്ളവര്‍ക്ക് സൗജന്യം. 3 മുതല്‍ 16 വയസുവരെയുള്ളവര്‍ക്ക് 200 ഡോളര്‍ വീതം കൂടി കൊടുക്കണം. 16നു മുകളിലുള്ളവര്‍ 300 ഡോളര്‍ വീതം നല്‍കണം. നവംബര്‍ 30നു ശേഷം അവര്‍ക്ക് 350 ഡോളര്‍ വീതമാകും. ഭക്ഷണം, താമസം, എല്ലാ പരിപാടികള്‍ക്കും ടിക്കറ്റ് എന്നിവ ഉള്‍പ്പടെയാണിത്.

സ്‌പോണ്‍സര്‍മാര്‍ക്ക് 3000, 5000, 10,000 എന്നിങ്ങനെ. 3000 നല്‍കുന്നവര്‍ക്ക് 5 പേര്‍ക്ക് പ്രവേശനം സൗജന്യം. സുവനീറില്‍ കാല്‍പേജ് പരസ്യം. സപ്ലിമെന്റില്‍ ബസ്റ്റ് കോംപ്ലിമെന്റ്‌സ് ആശംസ. 5000 നല്‍കുന്നവര്‍ക്ക് 5 പേര്‍ക്ക് സൗജന്യമായി പ്രവേശനം, സുവനീറില്‍ അര പേജ് പരസ്യം. സപ്ലിമെന്റില്‍ ആശംസ. ഹോട്ടലിലെ റൂം സര്‍വീസും അവര്‍ക്ക് സൗജന്യമായി ഉപയോഗിക്കാം.

പതിനായിരം നല്‍കുന്നവര്‍ക്ക് 10 പേര്‍ക്ക് സൗജന്യ പ്രവേശനം. സുവനീറില്‍ ഫുള്‍ പേജ്, സപ്ലിമെന്റില്‍ ആശംസ, റൂം സര്‍വീസും ലിമോ സര്‍വീസും.

ആലുക്കാസ്, ബാംഗ്ലൂരിലെ അര്‍ബന്‍ ബില്‍ഡേഴ്‌സ് എന്നിവ ഇതിനകം സ്‌പോണ്‍സര്‍മാരിയിട്ടുണ്ട്. കൂടുതല്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്താനാവുമെന്നു പ്രതീക്ഷിക്കുന്നതായി ബെന്നി പറഞ്ഞു.

നേരത്തെ രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തുകയും ലാഭം, സംഘാടകര്‍ക്കും സൗകര്യം. ഹോട്ടലിലെ സര്‍വീസ് ചാര്‍ജ് കൂടുതലായതിനാല്‍ ഈ തുക തീരെ കുറവാണ്.

മൂന്നു ദിവസവും മികച്ച കലാപരിപാടികളുമുണ്ടാകും. നാലു ദിവസം റിലാക്‌സ് ചെയ്യാനും എന്‍ജോയ് ചെയ്യാനും അവസരമൊരുക്കുകയാണ് ലക്ഷ്യം. മുറി കിട്ടാന്‍ നോക്കി നില്‍ക്കേണ്ടിയൊന്നും വരില്ല.

ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും ബെന്നി വിലയിരുത്തി. അപകടം, നിയമപരമായ പ്രശ്‌നങ്ങള്‍ എന്നിവ നേരിട്ട ചിലര്‍ക്ക് സഹായമെത്തിക്കാനായി. പുതുതായി രൂപംകൊടുത്ത ലീഗല്‍ സെല്ലില്‍ മലയാളി അറ്റോര്‍ണിമാരും പോലീസ് ഓഫീസര്‍മാരുമാണുള്ളത്. അടിയന്തര ഉപദേശങ്ങള്‍ നല്‍കാന്‍ അവര്‍ എപ്പോഴും സന്നദ്ധരാണ്.

വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യിക്കാനും വോട്ടിംഗിനും ഫോമ രാജ്യവ്യാപകമായി തന്നെ കഴിഞ്ഞ നവംബറിനു മമ്പ്പ്രവര്‍ത്തിച്ചത് വലിയ നേട്ടമായി. ഇല്ലിനോയിയില്‍ പബ്ലിക് എയ്ഡിനു സമീപിക്കുന്നവര്‍ക്ക് മലയാള ഭാഷാ സൗകര്യം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നടത്തിയ ഒപ്പുശേഖരണം താമസിയാതെ ഫലവത്താകും.

ഡോ. സാറാ ഈശോയുടെ നേതൃത്വത്തില്‍ വിമന്‍സ് ഫോറം സജീവമായ പ്രവര്‍ത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ചാപ്റ്ററുകള്‍ തുടങ്ങി നാഷണല്‍ ഉദ്ഘാടനം എന്ന ആഗ്രഹം സഫലമായതിലും ചാരിതാര്‍ത്ഥ്യമുണ്ട്. പ്രഗത്ഭമതികളായ വനിതകളാണ് വിവിധ ചാപ്റ്ററുകളില്‍ പ്രവര്‍ത്തിക്കുന്നത്.

ഇവിടെ ജനിച്ചുവളര്‍ന്ന യുവാക്കളാണ് നാഷണല്‍ കമ്മിറ്റിയില്‍ യുവജനതയുടെ പ്രതിനിധികളായിരിക്കുന്നത്. അവര്‍ വൈകാതെ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.

തോമസ് ടി. ഉമ്മന്റെ നേതൃത്വത്തിലുള്ള പൊളിറ്റിക്കല്‍ ഫോറവും വിവിധ ചാപ്റ്ററുകള്‍ രൂപീകരിക്കുകയും ശക്തമായ പ്രവര്‍ത്തനത്തിനു തുടക്കംകുറിക്കുകയും ചെയ്തു. ഫോറത്തിന്റെ ഉദ്ഘാടനം ഈമാസം 24-നു ന്യു യോര്‍ക്കില്‍ നടക്കും.

സീനിയര്‍ സിറ്റിസണ്‍സ് ഫോറം രൂപീകരിക്കാനുള്ള ആശയം വന്നത് ഫ്‌ളോറിഡ മേഖലയില്‍ നടത്തിയ ജനാഭിമുഖ്യ പരിപാടിയിലാണ്. 65 കഴിഞ്ഞ ധാരാളം പേര്‍ സമൂഹത്തിലുണ്ട്. എന്തൊക്കെ ആനുകൂല്യങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്നു പലര്‍ക്കും അറിയില്ല. അതിനാല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സും, രാഷ്ട്രീയ രംഗത്തു പ്രവര്‍ത്തിക്കുന്നവരും ചേര്‍ന്നുള്ള ഉപദേശകസമിതി ഫോറത്തിലെ അംഗങ്ങള്‍ക്കായി രൂപീകരിക്കും.

വിവിധ റീജിയനുകളില്‍ നടക്കുന്ന യുവജനോത്സവത്തിനു ഫിലാഡല്‍ഫിയയില്‍ ഉജ്വല തുടക്കംകുറിച്ചു. അടുത്തമാസം ന്യൂയോര്‍ക്കില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റും സംഘടിപ്പിക്കുന്നു.

രണ്ടു മാസം മുമ്പ് ട്രക്ക് അപകടത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തിനു സഹായമെത്തിക്കാന്‍ കഴിഞ്ഞു.

ഓഗസ്റ്റ് നാലിനു തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും.

പുതുതായി രണ്ട് ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് ഫോമ നടത്തുക. തിരുവനന്തപുരം ജില്ലയിലുള്ള ഡിവൈന്‍ ചാരിറ്റബിള്‍ സൊസൈറ്റിക്കു സഹായമെത്തിക്കുകയാണ് ഒന്ന്. എഴുന്നെല്‍ക്കാന്‍ പോലും പറ്റാത്ത കുട്ടികളെയാണു അവിടെ ശുശ്രുഷിക്കുന്നത്. അവരെ കണ്ടാല്‍ ആര്‍ക്കും സഹായിക്കാന്‍ തോന്നും.

ഹാര്‍ട്ട് ഓപ്പറേഷനു സഹായമെത്തിക്കുകയാണ് മറ്റൊന്ന്. ഇതിനായി പരുമല സെന്റ് ഗ്രിഗോറിയോസ് കാര്‍ഡിയോ വാസ്‌കുലര്‍ സെന്ററുമായി ചേര്‍ന്നു ദുര്‍ബല മേഖലയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തും. അവിടെ നിന്നു തെരഞ്ഞെടുക്കുന്ന പാവങ്ങള്‍ക്ക് ശസ്ത്രക്രിയയ്ക്കു സഹായമെത്തിക്കുകയാണ് ലക്ഷ്യം.

ഓഗസ്റ്റ് 12ന് ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളംകളിയിലും ഫോമ പ്രവര്‍ത്തകര്‍ പങ്കെടുക്കും. തലേന്ന് മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് ഹോട്ടലില്‍ ഒത്തുകൂടും.

ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളിലെല്ലാം സന്തോഷമുണ്ട്. തെറ്റും കുറ്റവും ചുണ്ടിക്കാണിക്കുമ്പോള്‍ അതു തിരുത്താന്‍ തങ്ങള്‍ മടിക്കാറില്ല. ഐക്യബോധമാണ് ഈ ഭരണസമിതിയെ വ്യത്യസ്തമാക്കുന്നത്. ഇപ്പോള്‍ ചെയ്യുന്ന പല പ്രവര്‍ത്തനങ്ങളും വരുംകാലങ്ങളിലായിരിക്കും കൂടുതല്‍ ഫലവത്താകുക. അതില്‍ സന്തോഷമേയുള്ളൂ.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളവരും കണ്‍വന്‍ഷന്‍ ചെയറും ഇത്തവണ മത്സരിക്കരുത് എന്ന് തുടക്കത്തിലേ തന്നെ തീരുമാനിച്ചിരുന്നു. അതിനാല്‍ ഒരു പക്ഷത്തും തങ്ങള്‍ ഉണ്ടാവില്ല. ഡലിഗേറ്റ്‌സ് എന്ന നിലയില്‍ വോട്ട് ചെയ്യുമെന്നു മാത്രം.

മത്സരം നടന്നാലും ഇല്ലെങ്കിലും സമയം ഉള്ളവര്‍ മാത്രമേ ഭാരവാഹിത്വത്തിനു മുന്നോട്ടു വരാവൂ എന്നു ബെന്നി പറയുന്നു. താന്‍ രാവിലെ ഏഴുമണിക്ക് ഫോണിനു മുന്നിലെത്തിയാല്‍ പിന്നെരാത്രി പത്തുവരെ ഫോണ്‍കോളുകള്‍ തുടരുമെന്നതാണ് സ്ഥിതി.

എല്ലാ മലയാളികളുമായി ടെലിഫോണില്‍ സംവദിക്കുന്ന ജനാഭിമുഖ്യ യജ്ഞം ഇത്തവണ വലിയ വിജയമാണ്. അതു വലിയ സന്തോഷവും പകരുന്നു. ഡിട്രോയിറ്റ്, ഫ്‌ളോറിഡ മേഖലകളില്‍ നടത്തി. ആര്‍ക്കു വേണമെങ്കിലും പങ്കെടുക്കുകയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കുകയും ചെയ്യാം. ഫോമ പൊതുയോഗത്തില്‍ അതു പറ്റില്ലല്ലോ. ജനങ്ങളുമായി ബന്ധമുണ്ടായി എന്നു മാത്രമല്ല പല നിര്‍ദേശങ്ങളും ലഭിക്കുകയും ചെയ്തു. സീനിയര്‍ സിറ്റിസണ്‍ ഫോറം ഉണ്ടാക്കണമെന്ന നിര്‍ദേശത്തിനു പുറമെ കേരള ഗവണ്‍മെന്റുമായി ബന്ധത്തിനു സ്ഥിരം സംവിധാനം വേണമെന്ന നിര്‍ദേശം വന്നു. എന്തായാലും ചിക്കാഗോ കണ്‍വന്‍ഷനു മുമ്പ് ഒരു റീജണില്‍ രണ്ടു തവണയെങ്കിലും ജനാഭിമുഖ്യ പരിപാടി എന്നതാണ് ലക്ഷ്യം. ജോയിന്റ് ട്രഷറര്‍ ജോമോന്‍ കളപ്പുരയ്ക്കലാണ് ഇതിന്റെ കോര്‍ഡിനേറ്റര്‍.

സംഘടനാ പ്രവര്‍ത്തനം സമയവും ചെലവും ഉള്ള കാര്യമാണെന്നു ബെന്നി ചൂണ്ടിക്കാട്ടുന്നു. താന്‍ പറഞ്ഞതുപോലെ കഴിഞ്ഞ ഡിസംബറില്‍ തന്നെ റിട്ടയര്‍ ചെയ്തു. അതിനാല്‍ സമയ്മുണ്ട്.യാത്രകള്‍ക്കും മറ്റുമുള്ള ചെലവ് സ്വന്തം കൈയ്യില്‍ നിന്നു വഹിക്കണം. ഇതൊരു സേവനമായി മാത്രമേ താന്‍ കാണുന്നുള്ളൂ. മലയാളികള്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ കഴിയണമെന്ന ആഗ്രഹമേയുള്ളൂ. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്. അതില്ലാത്തവരും സംഘനാ പ്രവര്‍ത്തനത്തിന് ഇറങ്ങിപ്പുറപ്പെടരുത്.

ചുമതലകള്‍ എക്‌സിക്യൂട്ടീവില്‍ വീതിച്ചു നല്‍കിയിരിക്കുകയാണ്. ഈ വികേന്ദ്രീകരണവും ഗുണപ്രദമാണ്. ജനറല്‍ സെക്രട്ടറി ജിബി തോമസിനാണ്യൂത്ത്, മെമ്പര്‍ഷിപ്പ് എന്നിവയുടെ ചുമതല. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വൈസ് പ്രസിഡന്റ് ലലി കളപ്പുരക്കല്‍ നേതൃത്വം നല്‍കുന്നു. യൂത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ട്രഷറര്‍ ജോസി കുരിശുങ്കലും ജനറല്‍ സെക്രട്ടറിക്കൊപ്പം പ്രവര്‍ത്തിക്കുന്നു. ജനാഭിമുഖ്യം, സീനിയര്‍ സിറ്റിസണ്‍ ഫോറം എന്നിവടെ ജോ. ട്രഷറര്‍ ജോമോന്‍ കുളപ്പുരക്കലിന്്.

കണ്‍വന്‍ഷന്‍ നഷ്ടം വരാതിരിക്കാന്‍ ശ്രമിക്കും. മുമ്പും ഇങ്ങനെ പ്രസിഡന്റുമാര്‍ പറഞ്ഞുവെങ്കിലും നഷ്ടം വന്ന കാര്യം മറക്കുന്നില്ല. അതിനാല്‍ ശ്രദ്ധാപൂര്‍വ്വമാണ് കാര്യങ്ങള്‍ നീക്കുന്നത്. നഷ്ടം വരുത്താതെ ഒരു സാധാരണക്കാരനു സംഘടനാ നേതൃത്വത്തില്‍ വരാന്‍ കഴിയുമെന്നു തെളിയിക്കുകയാണ് തന്റെ ലക്ഷ്യം.

മുന്‍ ഭാരവാഹികളാണ് സംഘടനയെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. അവരെ കണ്‍വന്‍ഷനില്‍ ആദരിക്കും. 
ബെന്നി വാച്ചാച്ചിറ: ഫോമാ നേത്രുത്വത്തില്‍ ഒരു വര്‍ഷം, അപസ്വരങ്ങളില്ലാതെ, നിസ്വാര്‍ഥതയോടെ ബെന്നി വാച്ചാച്ചിറ: ഫോമാ നേത്രുത്വത്തില്‍ ഒരു വര്‍ഷം, അപസ്വരങ്ങളില്ലാതെ, നിസ്വാര്‍ഥതയോടെ ബെന്നി വാച്ചാച്ചിറ: ഫോമാ നേത്രുത്വത്തില്‍ ഒരു വര്‍ഷം, അപസ്വരങ്ങളില്ലാതെ, നിസ്വാര്‍ഥതയോടെ ബെന്നി വാച്ചാച്ചിറ: ഫോമാ നേത്രുത്വത്തില്‍ ഒരു വര്‍ഷം, അപസ്വരങ്ങളില്ലാതെ, നിസ്വാര്‍ഥതയോടെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക