Image

യാത്രാ വിവരണത്തിലെ പ്രതിഭാശാലികള്‍ (വായനാസ്വാദനം)

Published on 12 June, 2017
യാത്രാ വിവരണത്തിലെ പ്രതിഭാശാലികള്‍ (വായനാസ്വാദനം)
ഏതൊരു ചരിത്രമായാലും യാത്രാവിവരണമായാലും അതിനൊരു ചരിത്രപശ്ചാത്തലമുണ്ട്. പുതിയ ദേശങ്ങളെ പുതുമയോടെ നമുക്ക് വായിക്കാന്‍ തരുന്നവരാണ് സര്‍ഗ്ഗചൈതന്യത്തേ വാരിപ്പുണരുന്ന സാഹിത്യകാരന്മാര്‍. ഒളിഞ്ഞും മറഞ്ഞുമിരിക്കുന്ന ഒരു വസ്തുവിനെ, ഒരു ദേശത്തെ നാമറിയുന്നത് പ്രധാനമായും ചരിത്രം, യാത്രാവിവരണങ്ങളിലൂടെയാണ്. വായനയുള്ളവര്‍ക്ക് പുസ്തകങ്ങള്‍ എന്നും വഴികാട്ടികള്‍ തന്നെ. താന്‍ വളരെ ശ്രദ്ധയോടെ വായിച്ച ഒരു യാത്രാവിവരണമാണ് സാഹിത്യകാരന്‍ കാരൂര്‍ സോമന്റെ മാതൃഭൂമിയിറക്കിയ "കാളപ്പോരിന്റെ നാട്.' പാശ്ചാത്യ ലോകത്ത് ജീവിക്കുന്ന കാരൂര്‍ സോമന്‍ സ്‌പെയിന്‍ എന്ന രാജ്യത്തെ കേന്ദ്രബിന്ദുവാക്കി ആ രാജ്യത്തിന്റെ ഭാഷ, വേഷം, സംസ്കാരം, കല- കായികം, ആചാരം, വര്‍ണ്ണവിന്യാസങ്ങള്‍, പ്രകൃതി, രാഷ്ട്രീയം, മനുഷ്യബന്ധങ്ങള്‍ എല്ലാം തന്നെ ഒരു പാഠപുസ്തകംപോലെ പഠിപ്പിക്കുന്നു. പ്രവാസ ജീവിതം നയിക്കുന്ന ഒരു എഴുത്തുകാരന്‍ യാത്രികന്‍ കൂടിയാകുമ്പോള്‍ അതിനെ കേവലം ഒരു യാത്രാവിവരണമായി കാണാനാകില്ല. അത് പ്രകൃതിയുടെ താളമേളങ്ങള്‍ നിത്യവും കാണുന്നവരുടെ അനുഭവങ്ങളാണ്. ആ ബോധതലത്തില്‍നിന്ന് അവര്‍ ആവാഹിച്ചെടുക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഒരിക്കലും ഒരാഴ്ചയോ - രണ്ടാഴ്ചയോ ഒരു നാടിന്റെ കോണ് കണ്ട്‌പോകുന്നവര്‍ക്ക് സാധ്യമല്ല. കേരളത്തിലെ ചില പ്രസാദകര്‍ കച്ചവട താല്പര്യത്തിനായി ചില എഴുത്തുകാരെ ഉപയോഗിക്കുന്നുണ്ടോ എന്ന സംശയമുണ്ട്. യാത്രാവിവരണമെഴുതുന്ന ഒരാള്‍ക്ക് സത്യസന്ധമായി, വസ്തുനിഷ്ഠമായി ഒരന്വേഷണം നടത്താന്‍ രണ്ടാഴ്ചകൊണ്ടോ, രണ്ട് മാസങ്ങള്‍കൊണ്ടോ നടക്കുന്ന കാര്യമല്ല. പൗരസ്ത്യ രാജ്യത്ത്‌നിന്ന് പോയി ഹോട്ടലില്‍ ഉറങ്ങി കാഴ്ചകള്‍കണ്ടുവരുന്നവര്‍ക്ക് ആ രാജ്യത്തെ വിശദമായി പ്രതിപാദിക്കാന്‍ കഴിയില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇത് നിരീക്ഷണവിഷയമാക്കേണ്ട ഒന്നല്ലേ?

ചരിത്രമെഴുത്തും, യാത്രാവിവരണങ്ങളും ഒരു കഥാപാത്ര സൃഷ്ടിയല്ല. ഒരു രാജ്യത്ത് പോയി താമസിച്ച് പഠിക്കാതെ യാത്രാവിവരണമെഴുതുന്നതിനെ ഉണങ്ങിയ വിറകില്‍ തീപിടിപ്പിക്കലല്ലേ എന്നത് എന്റെ മനസ്സില്‍ ആളി നില്‍ക്കുന്ന ഒരു ചോദ്യം തന്നെയാണ്. ഇവിടെയാണ് യാത്രികന്‍ സംശയത്തിന്റെ നിഴലില്‍ അകപ്പെടുന്നത്? എന്തിനായിരുന്നു ആ മരം വെട്ടി വിറകുകളാക്കി മാറ്റിയത്? എവിടെയായിരുന്നു ആ മരം നിന്നത്? അതിനാല്‍ ഏത് യാത്രാവിവരണമായാലും അത് ജീവനുള്ള മരമായിരിക്കണം. എസ്. കെ. പൊറ്റെക്കാട് യാത്രാവിവരണം മലയാള ഭാഷയ്ക്ക് സമ്മാനിച്ചത് നീണ്ട നാളുകള്‍ ആ സ്ഥലങ്ങളില്‍ പാര്‍ത്തിട്ടാണ്. അതിനെയും പൂര്‍ണ്ണത നിറഞ്ഞതെന്ന് പറയാന്‍ കഴിയില്ല. ഇന്ന് കാണുന്ന പ്രവണത ഏതെങ്കിലും മാധ്യമം പ്രസാദകരുടെ തണലില്‍ ഏതെങ്കിലും രാജ്യങ്ങളില്‍ പോയി ഏതാനും ദിവസങ്ങള്‍ താമസിക്കുക എന്നിട്ട് യാത്രാവിവരണമെഴുതുക. അതിനെ മാധ്യമങ്ങളിലൂടെ കെട്ടിഘോഷിക്കുക. പറ്റുമെങ്കില്‍ സര്‍ക്കാരിന്റെ ഒരവാര്‍ഡും കൂടി ഒപ്പിച്ചെടുക്കുക. ബോധപൂര്‍വ്വമായ ഈ വ്യാപാരം മലയാള സാഹിത്യത്തിന് നല്ലതല്ല.

കഴിഞ്ഞ നാളുകളില്‍ വിദേശത്ത് താമസിച്ച് യാത്രാവിവരണങ്ങള്‍ എഴുതാന്‍ പ്രവാസി എഴുത്തുകാരില്ലായിരുന്നു. ഇന്ന് പല രാജ്യങ്ങളിലും പ്രവാസി എഴുത്തുകാരുണ്ട്. എന്തുകൊണ്ടാണ് അവരുടെ യാത്രാവിവരണങ്ങള്‍, മറ്റ് സാഹിത്യസൃഷ്ടികള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നത്? ഇതിന് ആരാണ് ഉത്തരവാദികള്‍? കേരളത്തിലുള്ള എഴുത്തുകാര്‍ക്ക് കേരളത്തിന് പുറത്തുള്ള യാത്രാവിവരണത്തിന് അവാര്‍ഡുകള്‍ എന്തുകൊണ്ട് നല്കുന്നു? ഈ രംഗത്ത് എഴുതാന്‍ സര്‍ഗ്ഗധനരായിട്ടുള്ളവര്‍ വിദേശരാജ്യങ്ങളിലുണ്ട്. ഈ രംഗത്തുള്ള വിവേചനം ആനയെ ആടും ആടിനെ ആനയുമാക്കുന്ന വിധത്തിലാണ്. മറ്റ് രംഗങ്ങള്‍ വികസിക്കുന്നതുപോലെ സാഹിത്യരംഗം വികസിക്കേണ്ട എന്നാണോ? നല്ലൊരു യാത്രാ വിവരണം ഒരു കൗശല സൃഷ്ടിയല്ല. അതിലുപരി വടിവും വര്‍ണ്ണവുമുള്ള പ്രപഞ്ചത്തിന്റെ സാഹിത്യ സത്യങ്ങളാണ്. നമ്മുടെ സാഹിത്യത്തിനും സംസ്കാരത്തിനും കുറെ നല്ല പരിഷ്കാരങ്ങള്‍ ആവശ്യമാണ്. കാളപ്പോരിന്റെ നാട് നല്കുന്ന വിജ്ഞാനം യാത്രാവിവരണ ശാഖയ്ക്ക് എന്നും ഒരു ചൈതന്യം തന്നെയാണ്.

(ഷിഹാബ്, കുരിപ്പുഴ)

Email: mathrudesam@gmail.com
യാത്രാ വിവരണത്തിലെ പ്രതിഭാശാലികള്‍ (വായനാസ്വാദനം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക