Image

വീണ്ടും നിദ്ര എത്തുമ്പോള്‍

Published on 01 March, 2012
വീണ്ടും നിദ്ര എത്തുമ്പോള്‍
ഭരതന്‍ ടച്ച്‌ എന്നത്‌ മലയാളിയെ മൊത്തത്തില്‍ സ്വാധീനിച്ച ഒരു ചലച്ചിത്രഇന്ദ്രജാലം തന്നെയായിരുന്നു. 1975ല്‍ പ്രയാണം എന്ന പത്മരാജന്‍ തിരക്കഥ സിനിമയാക്കിക്കൊണ്ട്‌ ചലച്ചിത്ര ലോകത്തേക്ക്‌ കടന്നു വന്ന ഭരതന്‍ പിന്നീട്‌ എണ്‍പതുകളുടെ സിനിമാ ലോകത്തെ അടക്കിഭരിച്ചു. ഇന്നും ചലച്ചിത്രപ്രതിഭകള്‍ അനുകരിക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെടുന്ന, ആര്‍ക്കും കൈയ്യെത്തി പിടിക്കാന്‍ കഴിയാത്ത ചിത്രവീക്ഷണങ്ങളായി ഭരതന്‍ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ മുമ്പില്‍ പ്രസക്തമായി നില്‍ക്കുന്നു.

ഭരതനും പത്മരാജനും തമ്മില്‍ ചേരുമ്പോഴും, ഭരതനും ജോണ്‍പോളും ഒന്നിക്കുമ്പോഴും ഭരതന്‍ എം.ടി ടീം ഒരുമിക്കുമ്പോഴും, പിന്നീട്‌ ഭരതന്‍ ലോഹിതദാസ്‌ കൂട്ടുകെട്ട്‌ രൂപപ്പെട്ടപ്പോഴും എല്ലാവര്‍ക്കും അത്ഭുതം പകര്‍ന്ന്‌ മുന്നില്‍ നിന്നത്‌ ഭരതന്‍ ടച്ച്‌ തന്നെയായിരുന്നു. ശരിക്കും ഒരു റിയല്‍ ഫിലിംമേക്കര്‍.

ആരാണ്‌ ഭരതന്‌ പകരമാകുക എന്ന്‌ എക്കാലവും മലയാള സിനിമ ചോദിച്ചിരുന്നു. അതിന്‌ വ്യക്തമായ ഉത്തരം നല്‍കാന്‍ ഭരതന്‌ ശേഷമുള്ള കാലത്തിന്‌ കഴിഞ്ഞിരുന്നതുമില്ല. എന്നാല്‍ ഇതാ ഭരതന്റെ അവകാശി എത്തിയിരിക്കുന്നു എന്ന്‌ മലയാള സിനിമക്ക്‌ ഇനി ഉറപ്പിച്ചു പറയാം. സിദ്ധാര്‍ഥ്‌ ഭരതന്‍ നിദ്ര എന്ന ചിത്രവുമായി എത്തിയിരിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക്‌ കാണാന്‍ കഴിയുക ഭരതന്‍ ടച്ചിന്റെ പുതിയ മുഖമാണ്‌.

ഭരതനെ നേര്‍പകത്തിയെഴുത്ത്‌ നടത്തുകയല്ല സിദ്ധാര്‍ഥ്‌ ചെയ്‌തിരിക്കുന്നത്‌. സിദ്ധാര്‍ഥ്‌ അയാളുടേതായ മികവ്‌ പ്രകടിപ്പിച്ചിരിക്കുന്നു. പക്ഷെ ഭരതന്‍ തന്റെ സിനിമകള്‍ക്ക്‌ പകര്‍ന്നു നല്‍കിയ ഒരു ക്രാഫ്‌റ്റ്‌ ഇവിടെ സിദ്ധാര്‍ഥിന്റെ സിനിമയിലും പ്രകടമാണ്‌. പ്രകടമാണ്‌ എന്ന ശക്തമായി ഉള്‍ക്കൊണ്ടിരിക്കുന്നു എന്നു വേണം പറയാന്‍.

ശരിക്കും വ്യത്യസ്‌മായ ഒരു ചിത്രം. ഈ ചിത്രം തീര്‍ച്ചയായും പ്രേക്ഷകനെ ഇന്നത്തെ കാലത്തില്‍ നിര്‍ത്തിക്കൊണ്ടു തന്നെ ഒരു ഭരതന്‍ കാലത്തിലേക്ക്‌ നയിച്ചുകൊണ്ടുപോകും. അത്രമികച്ച രീതിയില്‍ തന്നെയാണ്‌ കള്ളനാണയങ്ങളൊന്നും ഉള്‍പ്പെടുത്താതെ സിദ്ധാര്‍ഥ്‌ ഭരതന്‍ ഈ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്‌.

1981ല്‍ ഭരതന്‍ തന്നെ തിരക്കഥയൊരുക്കി സംവിധാനം ചെയ്‌ത ചിത്രമാണ്‌ നിദ്ര. ആരവം, നിദ്ര എന്നീ ചിത്രങ്ങള്‍ക്കാണ്‌ ഭരതന്‍ സ്വന്തമായി തിരക്കഥയൊരുക്കിയിരിക്കുന്നത്‌. പത്മരാജനും, എം.ടിയും ജോണ്‍ പോളും, ലോഹിതദാസുമൊക്കെ രചിച്ച ഭരതന്‍ സിനിമകളോളം ശ്രദ്ധേയമായിരുന്നില്ല നിദ്ര. ഒരുപക്ഷെ ഭരതനിലെ സംവിധായകനോളം കരുത്ത്‌ രചയിതാവിന്‌ ഉണ്ടായിരുന്നിരിക്കില്ല. അതെന്തുമാകട്ടെ ഭരതന്‍ കളക്ഷനില്‍ നിന്നും അദ്ദേഹം തന്നെ തിരക്കഥ രചിച്ച ചിത്രം റീമേക്കിന്‌ തിരഞ്ഞെടുത്തതില്‍ സിദ്ധാര്‍ഥിനെ ഏറെ അഭിനന്ദിക്കണം. ഒരുപക്ഷെ പൂര്‍ണ്ണമായും അച്ഛന്റെ ചിത്രം തന്നെ റീമേക്ക്‌ ചെയ്യണം എന്ന താത്‌പര്യമാവാം സിദ്ധാര്‍ഥിനെ ഇത്‌ പ്രേരിപ്പിച്ചത്‌. എന്തായാലും സിദ്ധാര്‍ഥിന്റെ തിരഞ്ഞെടുപ്പ്‌ ശരിയായിരുന്നുവെന്ന്‌ ചിത്രം തെളിയിക്കുന്നു.

വിജയ്‌ മേനോന്‍, ശാന്തികൃഷ്‌ണ, ലാലു അലക്‌സ്‌, കെ.പി.എ.സി ലളിത എന്നിവര്‍ അഭിനയിച്ച ചിത്രമാണ്‌ ഭരതന്റെ നിദ്ര. പുതിയൊരു കാലഘട്ടത്തില്‍ നിദ്രക്ക്‌ റീമേക്ക്‌ സൃഷ്‌ടിക്കുമ്പോള്‍ സിദ്ധാര്‍ഥ്‌ ചെയ്‌തിരിക്കുന്നത്‌ അച്ഛനെ അതേപോലെ പകര്‍ത്തുകയായിരുന്നില്ല. ഈ സിനിമ ഇങ്ങനെയും പറഞ്ഞുകൂടേ എന്ന്‌ ഭരതന്‍ എന്ന പ്രതിഭയോട്‌ മകന്റെ ചോദ്യമാണ്‌ ഈ സിനിമ. അത്രത്തോളം ഈ സിനിമയെ ഭരതനില്‍ നിന്നും വിടര്‍ത്തിയെടുത്ത്‌ സ്വന്തം സിനിമയാക്കിയിരിക്കുന്നു സിദ്ധാര്‍ഥ്‌ ഭരതന്‍. ശരിക്കും അച്ഛന്‍ മകന്‍ തന്നെ എന്ന്‌ തെളിയിക്കുന്ന ദൃശ്യഭാഷ.

കരുത്തനായ ഒരു ആര്‍ട്ട്‌ ഡയറക്‌ടര്‍ കൂടിയായിരുന്നു ഭരതന്‍. ഭരതന്‍ ചിത്രങ്ങളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നത്‌ കലാസംവിധാനത്തില്‍ ഭരതനുള്ള അപാരമായ ജ്ഞാനം തന്നെയായിരുന്നു. പുതിയ നിദ്രയില്‍ എത്തുമ്പോള്‍ സിദ്ധാര്‍ഥും ഇക്കാര്യത്തില്‍ അച്ഛനൊപ്പം തന്നെ എന്നു തെളിയിക്കുന്നു. തന്റെ സിനിമക്കു വേണ്ട ലൊക്കേഷനുകള്‍ കൃത്യമായി കണ്ടെത്താന്‍ അത്‌ മികച്ച രീതിയില്‍ ഒരുക്കാന്‍ അവിടെ കാവ്യാത്മകമായ ഒരു പശ്ചാത്തലഭംഗി തീര്‍ക്കാന്‍ സിദ്ധാര്‍ഥ്‌ ഭരതന്‌ കഴിഞ്ഞിരിക്കുന്നു. മാത്രമല്ല ഓരോ ഫ്രെയിമുകളിലും സൗന്ദര്യം നിറഞ്ഞു തുളുമ്പുക തന്നെയാണെന്ന്‌ പറയാം. കാമറകൊണ്ട്‌ കാണിക്കേണ്ട കസര്‍ത്തല്ല മനോഹരമായ ഫ്രെയിമുകള്‍ എന്ന്‌ നിദ്ര മനസിലാക്കിത്തരുന്നുണ്ട്‌. സംവിധായകന്റെ കാഴ്‌ചയാണ്‌ മനോഹരമായ ഫ്രെയിമുകള്‍ എന്ന്‌ നിദ്ര കാണുമ്പോള്‍ മനസിലാകും. അവിടേക്ക്‌ സമീര്‍താഹിര്‍ എന്ന യുവ ഛായാഗ്രാഹകന്റെ കരിവിരുത്‌ കൂടി കടന്നു വരുമ്പോള്‍ എഴുനേറ്റു നിന്ന്‌ കൈയ്യടിക്കാവുന്ന ഫ്രെയിമുകളാണ്‌ നിദ്രയില്‍ കാണുന്നത്‌.

വിഷ്വല്‍ ക്വാളിറ്റിയില്‍ കാണിച്ചിരിക്കുന്ന മികവ്‌ പോലെ തന്നെ മികച്ച രീതിയില്‍ കഥ പറയാനും സിദ്ധാര്‍ഥിന്‌ കഴിഞ്ഞിരിക്കുന്നു. ഉന്മാദം ബാധിച്ച ഒരു മനുഷ്യന്റെ വൈകാരിക തലങ്ങള്‍ എത്ര മനോഹരമായിട്ടാണ്‌ ഒരു കഥയായി മാറ്റിയിരിക്കുന്നത്‌. അതിന്‌ വേണ്ടി കഥാപാത്രങ്ങളെ സൃഷ്‌ടിച്ചിരിക്കുന്നത്‌.

സ്വന്തം വീട്ടില്‍ ഒറ്റപ്പെട്ടുപോകുന്ന ഉന്മാദിയായ രാജുവിന്റെ കഥയാണ്‌ നിദ്ര. അവനെ ഇഷ്‌ടപ്പെട്ട്‌ അവന്റെ കുറവുകള്‍ അംഗീകരിച്ച്‌ അവനൊപ്പം ജീവിക്കാന്‍ തീരുമാനിക്കുന്ന അശ്വതി. അവര്‍ക്കിടയിലെ പ്രണയം. എന്നാല്‍ പ്രണയത്തെയും മറികടന്ന്‌ വന്നുചേരുന്ന രാജുവിന്റെ ഭ്രാന്ത്‌. അവസാനം അവനെ ഭ്രാന്തനെന്ന്‌ വിളിക്കുന്നവര്‍ക്കിടയില്‍ നിന്നും രാജുവിനെയുംകൊണ്ടു പോകുന്ന അശ്വതിയില്‍ നിദ്രയുടെ കഥ അവസാനിക്കുന്നു. അപ്പോഴേക്കും പോയ രണ്ടു മണിക്കൂറുകള്‍ക്കുള്ളില്‍ ശക്തമായ ചില മാനുഷിക വൈകാരിക തലങ്ങള്‍ നിദ്രയില്‍ സിദ്ധാര്‍ഥ്‌ കാട്ടിത്തരുന്നുണ്ട്‌. അതും വളരെ ലളിതമായി യാതൊരു വിധി അക്കാദമിക്‌ ജാഡകളുമില്ലാതെ. അതാണ്‌ ഈ ചിത്രത്തെ എന്തുകൊണ്ടും വ്യത്യസ്‌തമാക്കുന്നത്‌.

മുമ്പ്‌ കമല്‍ ചിത്രമായ നമ്മളിലൂടെ പ്രേക്ഷകരിലേക്ക്‌ ഒരു നടനായി എത്തിയതാണ്‌ സിദ്ധാര്‍ഥ്‌ ഭരതന്‍. അഭിനയത്തില്‍ കാലുറപ്പിക്കാന്‍ കഴിയാതെ പെട്ടന്നു തന്നെ രംഗം വിടേണ്ടിയും വന്നു. അതുകൊണ്ടു തന്നെ സിദ്ധാര്‍ഥിനെക്കുറിച്ച്‌ പ്രേക്ഷകര്‍ക്കിടയില്‍ ഒരു മുന്‍വിധിയുണ്ടാകുമെന്നുറപ്പ്‌. പക്ഷെ മുന്‍വിധകളെല്ലാം തിരുത്തുന്ന അഭിനയ പ്രകടനവും സിദ്ധാര്‍ഥ്‌ ഭരതന്‍ ചിത്രത്തില്‍ കാഴ്‌ചവെച്ചിരിക്കുന്നു. പക്വതയാര്‍ന്ന അഭിനയ പ്രകടനം ചിത്രത്തില്‍ നല്‍കിയിരിക്കുന്നത്‌ ജിഷ്‌ണുവാണ്‌. നമ്മള്‍ എന്ന ചിത്രത്തിലൂടെ സിദ്ധാര്‍ഥിനൊപ്പം സിനിമയിലേക്ക്‌ വന്ന ജിഷ്‌ണു അധികം താമസിയാതെ സിനിമയോട്‌ വിട പറയേണ്ടി വന്ന താരമാണ്‌. പക്ഷെ രണ്ടാം വരവില്‍ ജിഷ്‌ണു ശരിക്കും തകര്‍ത്തു കളഞ്ഞു. ഇന്ന്‌ മലയാള സിനിമയില്‍ അപ്രത്യക്ഷമാകുന്ന കാരക്‌ടര്‍ നടന്‍മാരുടെ സ്ഥാനം ഇനി തിരിച്ചു കൊണ്ടുവരാന്‍ സിദ്ധാര്‍ഥിനും ജിഷ്‌ണുവിനുമൊക്കെ കഴിഞ്ഞേക്കും. നായകനായി മാത്രമല്ല അഭിനയിക്കാന്‍ കഴിയുക എന്ന തിരിച്ചറിവാണ്‌ ഇനി ഇവര്‍ക്ക്‌്‌ വേണ്ടത്‌.

എടുത്തു പറയേണ്ടത്‌ റീമാ കല്ലുങ്കല്‍ എന്ന അഭിനേത്രിയെക്കുറിച്ചാണ്‌. റീമ സിനിമ എന്തെന്ന്‌ വ്യക്തമായി പഠിച്ചിരിക്കുന്നു എന്നത്‌ നിദ്ര കാണുമ്പോള്‍ മനസിലാകും. ഋതു എന്ന ആദ്യ സിനിമയിലെ അഭിനയ ഭാവങ്ങള്‍ എല്ലാ സിനിമയിലും കൊണ്ടു നടന്നിരുന്ന റീമ നിദ്രയില്‍ തന്റെ പരിമിതകളെല്ലാം തകര്‍ക്കുന്നുണ്ട്‌. മലയാള സിനിമയിലെ പതിവ്‌ ഹീറോയിന്‍ ഗേള്‍സിനൊപ്പമായിരിക്കില്ല ഇനി തന്റെസ്ഥാനമെന്ന്‌ റീമ ഉറപ്പിക്കുന്നു.

ഇനിയാണ്‌ ഏറെ വിഷമിപ്പിക്കുന്ന വസ്‌തുത. നല്ലത്‌ ഇങ്ങനെ പലതുപറയാനുണ്ടെങ്കിലും വെറും നാല്‌ ദിവസങ്ങള്‍ക്കൊണ്ട്‌ നിദ്ര ഹോള്‍ഡ്‌ ഓവറായിരിക്കുന്നു. ആളുകള്‍ കാണാന്‍ ചെല്ലുന്നില്ലെന്ന്‌ ചുരുക്കം. ഇതാണ്‌ മലയാള സിനിമയെ പിന്നോട്ടടിക്കുന്നത്‌. പോക്കിരി രാജയും കാസനോവയും പോലെ നമ്മുടെ ബുദ്ധിയെ കളിയാക്കുന്ന ട്രാഷുകള്‍ എത്തുമ്പോള്‍ അവയെ ചിത്ത വിളിച്ചുകൊണ്ട്‌ നമ്മള്‍ കാണാന്‍ തയാറാകുന്നു. പക്ഷെ നിദ്ര പോലെ തീയേറ്ററിര്‍ കണ്ട്‌ വിജയിപ്പിക്കേണ്ട ചിത്രമെത്തുമ്പോള്‍ കാണാന്‍ കൂട്ടാക്കാതെ മാറി നടക്കുന്നു. അവസാനം നല്ല സിനിമകള്‍ ലഭിക്കുന്നില്ല എന്ന പരാതി പറയുന്നു. കുറഞ്ഞത്‌ നിദ്രയുടെ കാര്യത്തിലെങ്കിലും ഈ രീതി മലയാളി മാറ്റിവെച്ചെങ്കില്‍ ഈ കൊച്ചു ചിത്രം ഒരു പക്ഷെ മലയാളത്തില്‍ ഒരു പുതിയ തുടക്കമായേക്കും.
വീണ്ടും നിദ്ര എത്തുമ്പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക