Image

സംഗീതത്തില്‍ മാറ്റമാവാം; പാരമ്പര്യം മറക്കരുത്‌: യേശുദാസ്‌

Published on 01 March, 2012
സംഗീതത്തില്‍ മാറ്റമാവാം; പാരമ്പര്യം മറക്കരുത്‌: യേശുദാസ്‌
ദോഹ: ഏത്‌ രംഗത്തുമെന്നപോലെ സംഗീതത്തിലും മാറ്റം അനിവാര്യമാണെന്നും എന്നാല്‍ പാരമ്പര്യം മറക്കാന്‍ പാടില്ലെന്നും ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസ്‌. എന്തെല്ലാം മാറ്റങ്ങളുണ്ടായാലും ശുദ്ധസംഗീതം മടങ്ങിവരുമെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്രസംഗീതത്തില്‍ അമ്പത്‌ വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ഈ മാസം 29ന്‌ തന്റെ നേതൃത്വത്തില്‍ ദോഹയില്‍ നടക്കുന്ന സംഗീതനിശയെക്കുറിച്ചുള്ള പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാടിത്തുടങ്ങിയിട്ട്‌ അരനൂറ്റാണ്ട്‌ പിന്നിടുമ്പോഴും സംഗീതമെന്ന മഹാസാഗരത്തിന്‌ മുന്നില്‍ താനൊരു വിദ്യാര്‍ഥിയാണ്‌. ഓരോ ദിവസവും ഓരോ നിമിഷവും സംഗീതത്തെ കൂടുതല്‍ ആഴത്തിലും അടുത്തും അറിയാനുള്ള ശ്രമത്തിലാണ്‌ താന്‍. മുഹമ്മദ്‌ റാഫിയുടെ ആലാപനശൈലിയും ഗാനങ്ങളുമാണ്‌ തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത്‌. ജീവിതത്തെക്കുറിച്ച്‌ മാതാപിതാക്കളില്‍ നിന്നെന്നപോലെ സംഗീതത്തില്‍ റാഫി സാഹിബില്‍ നിന്ന്‌ ഏറെ പഠിക്കാനുണ്ടായിരുന്നു.

ദൈവത്തില്‍ നിന്നാണ്‌ സംഗീതമുണ്ടാകുന്നത്‌. വിശ്വാസികള്‍ക്ക്‌ ഏക ദൈവത്തിലേക്കുള്ള വ്യത്യസ്‌ത വഴികളാണ്‌ മതങ്ങള്‍. അതുപോലെ ദൈവീക സംഗീതത്തിലേക്കുള്ള വിവിധ വഴികളാണ്‌ ഹിന്ദുസ്ഥാനിയും കര്‍ണാടിക്കും അറബിക്‌, പാശ്ചാത്യ സംഗീതങ്ങളും. സംഗീതം ഒന്നേയുള്ളൂ. അതിന്‌ ഭാഷയുടെയോ മതത്തിന്റെയോ അതിര്‍വരമ്പുകളില്ല. എല്ലാ മതങ്ങളുടെയും നന്മയെ എന്നതുപോലെ എല്ലാ സംഗീതത്തിന്റെയും നല്ല വശങ്ങളെ സ്വാംശീകരിക്കാനാണ്‌ താന്‍ ശ്രമിക്കുന്നത്‌.
പ്രപഞ്ചത്തിലെ ഓരോ വസ്‌തുവില്‍ നിന്നും ഓരോ നിമിഷവും എന്തെങ്കിലും പഠിച്ചുകൊണ്ടിരിക്കുക എന്നത്‌ മനുഷ്യധര്‍മമാണ്‌. പിറവി മുതല്‍ ഖബറിലെത്തുുന്നതുവരെ പഠിച്ചുകൊണ്ടിരിക്കണമെന്നാണ്‌ മുഹമ്മദ്‌ നബി പറഞ്ഞത്‌.

സംഗീതം ഒരു ചാക്രിക പ്രക്രിയയാണ്‌. അതില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കും. നല്ലതിനെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക. ശുദ്ധ സംഗീതം കാലത്തെ അതിജീവിക്കുക തന്നെ ചെയ്യും. ആദ്യം മാറ്റങ്ങള്‍ കടന്നുവരും. അതിന്‌ പിന്നാലെ ശുദ്ധസംഗീതത്തിന്റെ കാലം മടങ്ങിവരുമെന്ന്‌ താന്‍ വിശ്വസിക്കുന്നു. ശരിയായി പഠിച്ചാല്‍ ഏത്‌ ഭാഷയിലുള്ള ഗാനവും നന്നായി ആലപിക്കാനാകുമെന്ന്‌ അറബി ഗാനത്തിന്റെ വരികള്‍ ആലപിച്ചുകൊണ്ട്‌ യേശുദാസ്‌ പറഞ്ഞു. വ്യാജ സി.ഡികളും കാസറ്റുകളും വ്യാപകമായതോടെയാണ്‌ താന്‍ ആല്‍ബങ്ങള്‍ പുറത്തിറക്കുന്നത്‌ അവസാനിപ്പിച്ചത്‌. സംഗീതസംവിധായകനും ഗാനരചയിതാവിനും വിതരണക്കാരനും പണംകൊടുത്ത്‌ വിപണിയിലെത്തിക്കുന്ന ആല്‍ബങ്ങളുടെ വ്യാജന്‍മാരെ തെരുവുകളില്‍ കൂട്ടിയിട്ട്‌ വില്‍ക്കുന്നത്‌ കാണേണ്ടിവന്നതാണ്‌ ഈ പിന്‍മാറ്റത്തിന്‌ കാരണമെന്നും തനിക്ക്‌ പോലും ഡ്യൂപ്ലിക്കേറ്റുകളുണ്ടെന്നും അതിനെ അഭിനന്ദിക്കുന്നുവെന്നും ചോദ്യത്തിന്‌ മറുപടിയായി യേശുദാസ്‌ പറഞ്ഞു.

'യേശുദാസ്‌ അറ്റ്‌ ഫിഫ്‌റ്റി എന്ന പേരിലുള്ള വേള്‍ഡ്‌ ടൂറിന്റെ ഭാഗമായാണ്‌ ഈമാസം 29ന്‌ വൈകിട്ട്‌ ഏഴ്‌ മണിക്ക്‌ എം.ഇ.എസ്‌ ഇന്ത്യന്‍ സ്‌കൂളില്‍ സംഗീത നിശ സംഘടിപ്പിക്കുന്നത്‌. യേശുദാസിന്‌ പുറമെ വിജയ്‌ യേശുദാസ്‌, സുജാത, ശ്വേതാ മോഹന്‍ എന്നിവരുള്‍പ്പെടെ 30ഓളം പേര്‍ പങ്കെടുക്കും. മൂന്ന്‌ മണിക്കൂര്‍ നീളുന്ന പരിപാടി മലയാളം, തമിഴ്‌, കന്നഡ, തെലുങ്ക്‌, ഹിന്ദി ഗാനങ്ങളിലൂടെ യേശുദാസിന്റെ 50 വര്‍ഷത്തെ സംഗീതജീവിതത്തിലൂടെയുള്ള യാത്രയായിരിക്കും.

250 റിയാല്‍ (രണ്ട്‌ പേര്‍), 100 റിയാല്‍, 50 റിയാല്‍ എന്നിങ്ങനെയാണ്‌ ടിക്കറ്റ്‌ നിരക്ക്‌. ടിക്കറ്റുകള്‍ ക്രോണോ ലാന്റ്‌മാര്‍ക്ക്‌ മാള്‍, ക്രോണോ ഹയാത്ത്‌ പ്ലാസ മാള്‍, ക്രോണോ മാള്‍, ക്രോണോ അല്‍ അസ്‌മഖ്‌ മാള്‍, ക്രോണോ ഫാഷന്‍ സിറ്റി സെന്റര്‍ മാള്‍, ക്രോണോ ഫാഷന്‍ സെന്റര്‍ പോയിന്റ്‌ ബര്‍വ മാള്‍, എയര്‍പോര്‍ട്ട്‌ ലുലു ഹൈപ്പര്‍, ഗറാഫ ലുലു, അല്‍സദ്ദ്‌ ലുലു സെന്റര്‍, സൂഖ്‌ നാസര്‍ ബിന്‍ സെയ്‌ഫ്‌ ഷോറൂം, ഫാമിലി ഫുഡ്‌സെന്റര്‍ (എയര്‍പോര്‍ട്ട്‌), ശരവണഭവന്‍ റെസ്‌റ്റോറന്റ്‌, ഖത്തര്‍ യു.എ.ഇ എക്‌സ്‌ചേഞ്ച്‌ എന്നിവിടങ്ങളില്‍ ലഭിക്കും. മര്‍സൂഖ്‌ അല്‍ ശംലാന്‍ ആന്റ്‌ സണ്‍സ്‌ ആണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. പരിപാടിയുടെ ടിക്കറ്റ്‌ യേശുദാസ്‌, ടിസോട്ട്‌ വാച്ചസ്‌ പ്രതിനിധി സിയാദിന്‌ നല്‍കി പ്രകാശനം ചെയ്‌തു.

റമദ ഹോട്ടലില്‍ നടന്ന പത്രസമ്മേളനത്തില്‍ മര്‍സൂഖ്‌ അല്‍ ശംലാന്‍ ആന്റ്‌ സണ്‍സ്‌ ചെയര്‍മാന്‍ മുഹമ്മദ്‌ അല്‍ ശംലാന്‍, ജനറല്‍ മാനേജര്‍ കെ.വി രാമകൃഷ്‌ണന്‍, ഗായകന്‍ വിജയ്‌ യേശുദാസ്‌ എന്നിവരും പങ്കെടുത്തു.
സംഗീതത്തില്‍ മാറ്റമാവാം; പാരമ്പര്യം മറക്കരുത്‌: യേശുദാസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക