Image

"ഉറക്കം ഇനി യാത്രയ്ക്കപ്പുറം.." - ശ്രീ പാര്‍വ്വതി

Published on 02 March, 2012
"ഉറക്കം ഇനി യാത്രയ്ക്കപ്പുറം.." - ശ്രീ പാര്‍വ്വതി
മഞ്ഞു മരങ്ങളും എന്റെ വരികളില്‍ ഇഴുകി ചേരാന്‍ തുടങ്ങിയത് എന്നാണെന്നോ, എന്താ അങ്ങനെയല്ലേ നീ ചോദിച്ചത്.
ഉത്തരം ലളിതം അവ വരികളോടൊപ്പമല്ല എന്നോടൊപ്പമായിരുന്നു. കുട്ടിക്കാലത്ത് ഞാനവയെ നിശബ്ദമായി ആരാധിച്ചു. പറമ്പിലെ ചെളിക്കട്ടകള്‍ വെള്ളം ചേര്‍ത്തു കുഴച്ച് ഞാന്‍ ഈശ്വരന്‍മാരെ ഉണ്ടാക്കി. ചിലപ്പോള്‍ ആ മണ്‍പ്രതിമയെ ചുംബിച്ചു. പച്ചിലകള്‍ പിഴിഞ്ഞ് നിറങ്ങള്‍ കൊടുത്തു. മരങ്ങളോട് കിന്നാരം പറഞ്ഞു.

ഒരു ദിവസം സ്‌ക്കൂളിലെ പാഠപുസ്തകത്തില്‍ നിന്നല്ലാതെ രണ്ടു വരികള്‍ ടീച്ചര്‍ കോട്ട് ചെയ്തത് എനിക്കു വേണ്ടിയായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്,

"ഈ
മരക്കൂട്ടങ്ങള്‍ വളരെ ആഴമേറിയത്, മനോഹരവും
പക്ഷേ പാലിക്കപ്പെടേണ്ടത് ചിലത് എന്നെ കാത്ത് ദൂരെ…
കാതങ്ങളിനിയും എത്രയകലെ..
ഉറക്കം ഇനി യാത്രയ്ക്കപ്പുറം…”
ആഴമേറിയ മരങ്ങള്‍ , അന്ന് ഞാന്‍ ഏറെ അലഞ്ഞു അതിന്റെ അര്‍ത്ഥം തേടി. വനത്തിന്റെ ആഴവും പരപ്പും സമുദ്രത്തേക്കാള്‍ മനോഹരമെന്ന് മറ്റാരോ പറഞ്ഞത് ഓര്‍മ്മ വരുന്നുണ്ട്.
ആ വരികളോട് തോന്നിയ ഇഷ്ടം കാരണമാവാം ആ കവിത മുഴുവന്‍ ഇന്നും എന്നിലുണ്ട്.

“ഈ മരക്കൂട്ടങ്ങള്‍ക്കിടയില്‍ അറിയാതെ
ഞാനൊന്നു നിന്നു പോയി
മഞ്ഞില്‍ പൊതിഞ്ഞ വനം എത്ര മനോഹരം.
ഇതാരുടെയെന്ന് എനിക്കറിയാം
ഒരു നിഷ്‌കളങ്കനായ ഗ്രാമീണന്‍
അയാളറിയുന്നില്ല ഞാനിവിടെ ഏകനായി എന്റെ കുതിരയോടൊപ്പം..

എന്റെ കൊച്ചു കുതിര അതിശയിക്കുന്നു
ഒരു തുള്ളി വെള്ളമോ, അവനുള്ള പുല്‍ക്കൂട്ടമോ
ഇല്ലാത്ത ഇരുണ്ട ഈ വനത്തിലും
മഞ്ഞുമൂടിയ തടാകത്തിനുമിടയില്‍
ഞാനെന്തു ചെയ്യുന്നു എന്നോര്‍ത്ത്.

അവനെന്നെ ഓര്‍മ്മിപ്പിക്കുന്നു, കഴുത്തിലെ
മണിയൊച്ചയാല്‍ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തുന്നു.
എനിക്കെന്തോ തെറ്റു പറ്റിയെന്ന് അവന്റെ ചിന്ത…
ഇളം കാറ്റിന്റേയും അരുവികളുടേയും
കിളിയൊച്ചകളല്ലാതെ അവിടെയപ്പോള്‍
മറ്റെന്തു സംഗീതം…അതുകേട്ടു ഞാന്‍ മയങ്ങിയതാവാം.

ഈ മരക്കൂട്ടങ്ങള്‍ വളരെ ആഴമേറിയത്, മനോഹരവും
പക്ഷേ പാലിക്കപ്പെടേണ്ട ചിലത് എന്നെ കാത്ത് ദൂരെ...
കാതങ്ങളിനിയും എത്രയകലെ…
വഴികള്‍ ദൂരങ്ങള്‍ എന്നെ ക്ഷണിക്കുന്നു..
ഉറക്കം ഇനി യാത്രയ്ക്കപ്പുറം..”

എന്താ, നീ പറയൂ, എന്റെ തര്‍ജ്ജമ നന്നായോ? പക്ഷേ ഈ വരികള്‍ എന്നില്‍ ഉണ്ടാക്കിയ ചലനങ്ങള്‍ അതിമനോഹരമായിരുന്നു.
എന്റെ മുന്നില്‍ അങ്ങു ദൂരെ കാണുന്ന മലയിടുക്കുകളും മരക്കൂട്ടവും എന്തൊക്കെയോ ചെയ്യാന്‍ ബാക്കിയുള്ളത് എന്നെ എപ്പോഴും ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്നു. ഈശ്വരന്റെ ഒരു അദൃശ്യത എന്നില്‍ എന്നും ഉണ്ടായിരുന്നു. എന്റെ യാത്ര തുടരുകയാണല്ലോ, നിന്റെ കയ്യിലല്ലേ അതിന്റെ കടിഞ്ഞാണ്‍ , പക്ഷേ ഫ്രോസ്റ്റിന്റെ കവിതയിലെ കുതിരക്കുട്ടിയാകാന്‍ എനിക്കിഷ്ടമാണ്, യാത്ര നിന്നോടൊപ്പമല്ലേ, മഞ്ഞും മലയും കടന്ന്, വനങ്ങളും മുള്‍പ്പടര്‍പ്പും കടന്ന് നമ്മുടെ യാത്ര…
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക