Image

പ്രസിഡന്റ് ട്രമ്പ് വല്ലാത്ത പതനത്തില്‍ (അശോകന്‍ വേങ്ങേശേരി)

അശോകന്‍ വേങ്ങേശേരി Published on 23 August, 2017
പ്രസിഡന്റ് ട്രമ്പ് വല്ലാത്ത പതനത്തില്‍  (അശോകന്‍ വേങ്ങേശേരി)
കഴിഞ്ഞ ഒരാഴ്ചക്കാലമായി അമേരിക്കയാകെ ഒരു കൊടുങ്കാറ്റു വീശിയടിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ പ്രത്യാഘാതത്തില്‍ സാക്ഷാല്‍ വൈറ്റ് ഹൗസു പോലും  ആടിയുലന്നു. ട്രമ്പിന്റെ വിശ്വസ്തരായി ഇന്നലെവരെ അവിടെക്കഴിഞ്ഞുവന്ന ഉപദേശകരും സഹായികളും ഒക്കെ തലയിണയും കിടക്കയും കെട്ടിപ്പെറുക്കി സ്ഥലം കാലിയാക്കുന്ന തിരക്കിലാണിപ്പോള്‍. ട്രമ്പിന്റെ കരുത്തായി കരുതപ്പെട്ടിരുന്ന സ്റ്റീഫന്‍ ബാന്നണ്‍ ഒഴിഞ്ഞുപോകുകയോ പുറത്താകപ്പെടുകയോ ചെയ്തതോടെ അനിവാര്യമായതു സംഭവിച്ച ആശ്വാസത്തിലാണ് അമേരിക്കന്‍ രാഷ്ട്രീയരംഗം.

തുടക്കം മുതല്‍ വിവാദങ്ങളും പാളിച്ചകളും ഒന്നൊഴിയാതെ ട്രമ്പിനെ പിന്തുടര്‍ന്ന് വരികയായിരുന്നു. ലോകസമക്ഷം അമേരിക്കയുടെ വിലയും നിലയും ഇടിച്ചു താഴ്ത്തുന്ന ഒട്ടേറെ നയവൈകല്യങ്ങള്‍ കഴിഞ്ഞ ഏഴെട്ടു മാസങ്ങള്‍ക്കുള്ളില്‍ ട്രമ്പില്‍നിന്നും ഉണ്ടായി. കോടതി മാത്രമല്ല, സ്വന്തം പാര്‍ട്ടിക്കാര്‍ പോലും എതിരുനില്‍ക്കുമ്പോഴും കുലുക്കമില്ലാതെ സ്വയം കുഴികുഴിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. കാലാവസ്ഥ സംരക്ഷണം ഉറപ്പാക്കാന്‍ വേണ്ടി രൂപീകരിച്ച പാരീസ് ലോക ഉടമ്പടിയില്‍ നിന്നുള്ള ഏകപക്ഷീയമായ പിന്മാറ്റം, കുടിയേറ്റ നിയന്ത്രണം ഉദ്ദേശിച്ചുള്ള തീരുമാനങ്ങള്‍, ചില പ്രത്യേക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരെ വരുത്തിയ യാത്രാനിയന്ത്രണങ്ങള്‍, തുടങ്ങി ഏറ്റവും ഒടുവില്‍ ഒബാമ കെയര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ജനകീയ ആരോഗ്യസുരക്ഷാ പദ്ധതികള്‍ക്കെതിരെ തുടങ്ങിവെച്ച നിയമനിര്‍മ്മാണമായിട്ടുണ്ട്. എങ്കിലും പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന ദൃഢനിശ്ചയമായിരുന്നു ട്രമ്പ് ഇതുവരെ തുടുര്‍ന്നു പോന്നിരുന്നത്.
എന്നാല്‍, വൈറ്റ്ഹൗസിന്റെ തൊട്ടയല്‍പക്ക സംസ്ഥാനമായ വെര്‍ജീനിയയിലെ ഒരു പ്രമുഖ നഗരമായ ഷാര്‍ലറ്റ്‌സ് വില്ലില്‍ ആഗസ്റ്റ് 12-ാം തീയതി നടന്ന നിര്‍ഭാഗ്യകരങ്ങളായ സംഭവവികാസങ്ങളോടുള്ള ട്രമ്പിന്റെ നിലപാടുകളും പ്രതികരണങ്ങളും വലിയ ഒരു ഊരാക്കുടുക്കില്‍ അദ്ദേഹത്തെ എത്തിച്ചിരിക്കുന്നു.

വെള്ളക്കാരായ വര്‍ണ്ണവെറിയന്മാരും വംശീയവാദക്കാരും ഹിറ്റ്‌ലര്‍ ആരാധികരും ഒരു ന്യൂനപക്ഷമാണെങ്കിലും അമേരിക്കയുടെ പല തുരുത്തുകളിലും ശക്തരായി അവശേഷിക്കുന്നു എന്നതിന്റെ തെളിവായിരുന്നു ഷാര്‍ലറ്റ്‌സ് വില്ലിലെ സംഭവവികാസങ്ങള്‍.
ട്രമ്പിന്റെ തെരഞ്ഞെടുപ്പു വിജയത്തില്‍ അവരുടെ സജീവ സാന്നിദ്ധ്യം സുപ്രധാന ഘടകമായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഏറെ ഗോപ്യമായി സൂക്ഷിച്ചിരുന്ന തങ്ങളുടെ വികലചിന്തകളും വംശീയവാദങ്ങളും ഇന്റര്‍നെറ്റ് യുഗത്തിന്റെ വളര്‍ച്ചയോടെ പങ്കുവെക്കുവാനും പിന്തുണക്കാരുടെ തലമുറകളെ വളര്‍ത്താനും അവര്‍ക്കു വളരെ അനുകൂലസാഹചര്യം ലഭ്യമാക്കിയിട്ടുണ്ട്. വിദ്യാസമ്പന്നരും സാമ്പത്തികമായി ഉയര്‍ന്ന സാഹചര്യമുള്ളവര്‍പോലും വംശീയവാദത്തിന്റെയും വര്‍ണ്ണവെറിയുടെയും അപ്പോസ്തലന്മാരായി മാറിയിട്ടുണ്ട്. അത്തരത്തില്‍ ഒരാളായിരുന്നു അന്നു പ്രകടനത്തില്‍ പങ്കെടുക്കുവാനെത്തിയ ചരിത്രവിദ്യാര്‍ത്ഥിയായ ജയിംസ് അലക്‌സ് ഫീല്‍ഡ്‌സ്. അയാളായിരുന്നു തന്റെ വാഹനം എതിരാളികള്‍ക്കു നേരെ നിര്‍ദ്ദയം ഓടിച്ചുകയറ്റിയത്.

വര്‍ണ്ണവെറിയന്മാരുടെ ശക്തിപ്രകടനത്തെ സമാധാനപരമായി നേരിടുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഹെതര്‍ ഹെയര്‍ എന്ന മുപ്പത്തിരണ്ടുകാരിയുള്‍പ്പെടെ ഒരു വലിയ ജനക്കൂട്ടവും ഷാര്‍ലറ്റ്‌സ് വില്ലിയില്‍ അന്ന് എത്തിയത്. വെള്ളക്കാരിയും മനുഷ്യനീതിയുടെയും തുല്യാവകാശത്തിന്റെ പക്ഷക്കാരിയുമായിരുന്ന ഹെതറിനെയാണ് ജയിംസിന്റെ വാഹനം ചതച്ചരച്ചത്. അമേരിക്കയുടെ മനസ്സാക്ഷിയെ ഹീനമായ ആ കൊലപാതകം ഏറെ ഞെട്ടിച്ചിരിക്കുന്നു.
നൂറ്റാണ്ടുകളോളം നിലനിന്നുവന്ന അടിമത്വ വ്യവ്‌സഥിതിയെ നിരോധിക്കുവാന്‍ ഇടയാക്കിയത് 1860 കളില്‍ നടന്ന അമേരിക്കന്‍ ആഭ്യന്തരയുദ്ധമാണ്. അതിനുശേഷവും നിയമപരമായിത്തന്നെ വംശീയ വ്യവസ്ഥിതിയെ പരിപോഷിപ്പിക്കുന്ന പല നിയമങ്ങളും ഇവിടെ നിലനിന്നിരുന്നു. 1960 കളില്‍ മാര്‍ട്ടിന്‍ ലൂതര്‍കിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന 'സിവില്‍ റൈറ്റ്‌സ് മൂവ്‌മെന്റിന്റെ' ഫലമായാണ് ഇത്തരം ഉച്ചനീചത്വങ്ങള്‍ ഉപരിപ്ലവമായെങ്കിലും പര്യവസാനിച്ചത്. എന്നാല്‍ വംശീയവാദക്കാരായ ഒരു പുതിയ തലമുറയുടെ അപകടകരമായ സാന്നിദ്ധ്യം പഴയ മുറിവുകളെ ഒരിക്കല്‍ക്കൂടി തുറക്കുവാന്‍ ഇടയാക്കിയിരിക്കുന്നു.

അടിമത്വ വ്യവസ്ഥിതി അഭംഗുരം തുടരുവാന്‍ വേണ്ടി യുദ്ധം നയിച്ച തെക്കന്‍ സംസ്ഥാനക്കാരുടെ മിലിറ്ററി ക്യാപ്റ്റനായിരുന്ന റോബര്‍ട്ട് ലീയുടെ പ്രതിമ നീക്കുന്നതിനെതിരെ ഒരു വലിയ പ്രതിരോധം സംഘടിപ്പിക്കുവാന്‍ വംശീയവാദികള്‍ക്കു കഴിഞ്ഞുവെന്നത് രാഷ്ട്രീയ നിരീക്ഷകരെയും സാമൂഹിക ശാസ്ത്രജ്ഞന്മാരെയും അമ്പരിപ്പിച്ചിട്ടുണ്ട്.

നിര്‍ഭാഗ്യവശാല്‍, ആളികത്തുന്ന തീയിലേക്ക് എണ്ണ പകരുന്ന ബുദ്ധിശൂന്യതയും നയവൈകല്യവുമാണ് ഇത്തരുണത്തില്‍ ട്രമ്പില്‍ നിന്നും ഉണ്ടായത്. ലോകത്തെ ഏറ്റവും പ്രമുഖമായ ഒരു രാജ്യത്തിന്റെ പരമാധികാരി എന്ന നിലയില്‍ കാണിക്കേണ്ട സമചിത്തതയോ പക്വതയോ പ്രസിഡന്റ് ട്രമ്പിന്റെ വാക്കുകളില്‍ ഉണ്ടായില്ല.

വംശീയവാദികളെ സംശയലേശമന്യേ തുറന്നു വിമര്‍ശിക്കുവാന്‍ പ്രസിഡന്റ് ട്രമ്പ് തയ്യാറാവും എന്നായിരുന്നു പൊതു സമൂഹത്തിന്റെ പ്രതീക്ഷ. എന്നാല്‍ അതല്ല ഉണ്ടായത്. ഷാര്‍ലറ്റ്‌സ് വില്ലില്‍ ഉണ്ടായ കുഴപ്പങ്ങളുടെ ഉത്തരവാദിത്വം തുല്യമായി പ്രകടനക്കാരിലും പ്രതിഷേധക്കാരിലും ചാരാന്‍ ശ്രമിച്ച ട്രമ്പിന്റെ ഹീനഉദ്യമത്തെ അതീവ അവജ്ഞയോടെയാണ് അമേരിക്ക തള്ളിക്കളഞ്ഞത്.
മാധ്യമങ്ങള്‍, ബുദ്ധിജീവികള്‍, കലാകാരന്മാര്‍ തുടങ്ങിയവരോടൊപ്പം രാഷ്ട്രീയരംഗത്തെ നേതാക്കന്മാരെല്ലാവരും തന്നെ ട്രമ്പിനെ തള്ളിപ്പറയാന്‍ മുന്‍നിരയിലുണ്ടായിരുന്നു. സ്വന്തം പാര്‍ട്ടിക്കാരായ റിപ്പബ്ലിക്കന്മാരില്‍ ആരും തന്നെ ട്രമ്പിനെ പ്രതിരോധിക്കുവാന്‍ തയ്യാറായില്ല. ഏറെ ശ്രദ്ധേയമായത് ബിസിനസ്സ് രംഗത്തെ അതികായകന്മാര്‍ ട്രമ്പിനെ ഒന്നടങ്കം കയ്യൊഴിഞ്ഞതാണ്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതൃനിരയിലെ ഉന്നതനും House intelligenc Committe അംഗവുമായ വില്‍ഹര്‍ഡിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക.

The President should apologize. Racism and bigotry and anti-semitism in any form is unacceptable, and the leader of the free world should be unambiguous about that.'
പ്രസിഡന്റ് ട്രമ്പിനെ തുറന്നു വിമര്‍ശിച്ച ഒരു പ്രമുഖ ബിസിനസ്സ് സ്ഥാപനത്തിന്റെ പരമാധികാരിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് The WallStreet Journal എന്ന പത്രം ട്രമ്പിനോടുള്ള വിയോജിപ്പു പ്രകടിപ്പിച്ചത്: 'America's leaders must honour our fundamental values by clearly rejecting expressions of hatred, bigotry and group supremacy, which run counter to the American ideal that all people are created equal.' ട്രമ്പിനെ പൊതുവെ പിന്തുണച്ചു വന്ന അപൂര്‍വ്വം പത്രങ്ങളിലൊന്നായിരുന്നു 'The Wall Street Journal' എന്നതാണു ശ്രദ്ധേയം.

'The Failing Trump Presidency' എന്ന തലക്കെട്ടോടെ ന്യൂയോര്‍ക്ക് ടൈംസ് എഴുതിയ മുഖപ്രസംഗം രൂക്ഷമായ ഭാഷയിലാണ് ട്രമ്പിനെ വിമര്‍ശിച്ചത്. ദശാബ്ദങ്ങളായി അമേരിക്കന്‍ പ്രസിഡന്റുമാര്‍ തുടര്‍ന്നുവന്ന മൂല്യസംസ്‌കാരത്തില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് വംശീയവാദികളെ പ്രതിരോധിക്കുവാനാണ് ട്രമ്പ് തയ്യാറായതെന്ന് ആക്ഷേപിക്കുന്ന പത്രം അതുകൊണ്ടുതന്നെ അമേരിക്കന്‍ പ്രസിഡന്റു പദവിയിലിരിക്കാന്‍ ട്രമ്പു യോഗ്യനല്ലാതായിരിക്കുന്നു എന്നു സ്ഥാപിക്കുന്നു. യു.എന്‍. സെക്രട്ടറി ജനറല്‍ മുതല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ വൈറ്റ് ഹൗസ് നേതൃത്വത്തെ വിമര്‍ശിച്ചതും അവര്‍ എടുത്തു പറയുന്നു.

വെള്ളക്കാരല്ലാത്തവര്‍ അമേരിക്കയില്‍ കുടിയേറുന്നതിനു വിരാമമിടുക  എന്നതാണ് വംശീയവാദികളുടെ മുഖ്യ അജന്‍ഡ. വെള്ളക്കാര്‍ക്കുവേണ്ടി വെള്ളക്കാരാല്‍ സൃഷ്ടിക്കപ്പെട്ട വാഗ്ദത്തഭൂമിയായി അമേരിക്കയെ കരുതുന്ന വംശീയവാദികള്‍ക്കു ശക്തി പകരുന്നതായി പ്രസിഡന്റ് ട്രമ്പിന്റെ നിലപാടുകള്‍ എന്ന വാദം ശക്തമായിരിക്കുന്നു.

വെള്ളക്കാരായ യൂറോപ്യന്മാര്‍ക്കു മാത്രം കുടിയേറ്റവും പൗരത്വവും അനുവദിച്ചിരുന്ന ചരിത്രമാണ് അമേരിക്കയുടേത്. 1790 കളില്‍ തുടങ്ങിയ അമേരിക്കന്‍ കുടിയേറ്റ ചരിത്രത്തില്‍ സമൂലമായ മാറ്റം സംഭവിക്കുന്നത് 1960 കളില്‍ നടന്ന സാമൂഹിക- രാഷ്ട്രീയ മാറ്റമാണ്. അന്നു മുതല്‍ക്കാണല്ലോ ഏഷ്യന്‍ ജനതയുള്‍പ്പെടെയുള്ള ഇതരവംശജരും ഇവിടെ കുടിയേറി പൗരത്വം സമ്പാദിക്കാനുള്ള അവസരം ഒരുങ്ങിയത്. അമേരിക്കയെ ലോകത്തിന്റെ തന്നെ Economic engine ആയി നിലനിര്‍ത്തുന്നതില്‍ കുടിയേറ്റക്കാരുടെ മസ്തിഷ്‌ക്കവും രക്തവും വിയര്‍പ്പും കണ്ണീരും ഏറെ ചിലവഴിക്കപ്പെടുന്നുണ്ടെന്ന സത്യം അരാജകവാദികളും പിന്തിരിപ്പന്മാരും തിരിച്ചറിയുമെന്നു പ്രതീക്ഷിക്കാം.

പ്രസിഡന്റ് ട്രമ്പ് വല്ലാത്ത പതനത്തില്‍  (അശോകന്‍ വേങ്ങേശേരി)
Join WhatsApp News
Tom abraham 2017-08-23 08:16:38
Very true. An elected president should stop all these electioneering type speeches, rallies, get into unifying his own conservative Members in the Congress, and Senate to make America great again. Media has freedom. He cannot control them. What has his son in-law  accomplished so far ?

വിദ്യാധരൻ 2017-08-23 09:48:54
ഇന്നലെ ചൊന്നതല്ല ഇന്നുപറവത്
നാളെ പറവത് മറ്റെന്നാൾ മാറ്റിടും
വാക്കിൽ മുഴുവനും വക്രതയുള്ളവൻ
നാക്കെടുത്താൽ പച്ചകള്ളം പറയുന്നവൻ
ഒബാമയി നാട്ടിൽ ജനിച്ചവനല്ലെന്നും
അവൻ ഇസ്ലാമതാനുയായിയാണെന്നും
കള്ളകഥ പരത്തി പരത്തി മെല്ലെ
വന്നവൻ രാഷ്‌ടീയ തട്ടകത്തിൽ
സ്ത്രീകളെ അപമാനിതരാക്കിയും
വികലാംഗരെ പരിഹസിച്ചും
ജാതിചിന്താ വിഷം കുത്തിവച്ചും
കെകെകെ വംശീയവാദികൾ നാസികൾ
നല്ലവർ എന്ന് പുകഴ്ത്തിയും
അങ്ങോട്ടും ഇങ്ങോട്ടും ജനത്തെ
തമ്മിലടിപ്പിച്ചു സ്ഥാനാർത്ഥിയായി    
കഴുതകളാം പൊതുജനം അവനെ
മുതുകിലേറ്റി പിന്നെ രാജാവാക്കി
ആർത്തുവിളിച്ചവർ അട്ടഹസിച്ചു 
അമേദ്യം ചുമക്കുന്നോനെ ചുമന്നാൽ
അമേദ്യം മണത്തിടും ജന്മജന്മാന്തരം
ട്രംപിനെ പൊക്കി നടക്കും ജനങ്ങൾ
പതിച്ചിടും അപമാനകുഴിൽ തീർച്ച

Attention 2017-08-23 11:45:14
Donald Trump just showed why even some Republicans question whether he has the temperament and the capacity to serve as President.
In an incredible performance at a raucous Arizona rally Tuesday, Trump rewrote the history of his response to violence in Charlottesville and reignited the culture wars.
Trump in effect identified himself as the main victim of the furor over the violence in Virginia, berating media coverage for a political crisis that refuses to abate over his rhetoric on race (CNN- The only reliable source especially on Trump)
John Samuel , Pastor 2017-08-26 05:49:01
Yes, now we know it was foolish to vote for him in the name of god & religion.  but now any one who support him is a RACIST.
Amen,
john kunthara 2017-08-26 11:27:59
ട്രംപ് ഒരു പതനത്തിലുമല്ല സി ൻ ൻ  പതനത്തിൽ അതുവാസ്തവം. അറിവില്ലായ്മയിൽ നിന്നും ഉടലെടുക്കുന്ന നിങളുടെ അഭിപ്രായം ട്രംപ് വിരോധികളുടെ മനഃസമാധാനത്തിനു നല്ലത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക