Image

തുടര്‍ച്ചയായി ജാമ്യം നിഷേഷിക്കപ്പെട്ട ജനപ്രിയന് വന്‍ തിരിച്ചടി, ഇനിയെന്ത്...?

എ.എസ് ശ്രീകുമാര്‍ Published on 18 September, 2017
തുടര്‍ച്ചയായി ജാമ്യം നിഷേഷിക്കപ്പെട്ട ജനപ്രിയന് വന്‍ തിരിച്ചടി, ഇനിയെന്ത്...?
പ്രമാദമായ കേസില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തന്റെ ജാമ്യ ഹര്‍ജിയില്‍ വിധി പറയുംമുമ്പ് നടന്‍ ദിലീപിനും ബന്ധുമിത്രാദികളും മാത്രമല്ല, പൊതു സമൂഹവും പ്രതീക്ഷിച്ചുരുന്നു, ദിലീപ് ഇക്കുറി പുറത്തിറങ്ങുമെന്ന്. എന്നാല്‍ ''ബെയ്ല്‍ ഡിസ്മിസ്ഡ്...'' എന്ന ഒറ്റവരി മാത്രം കോടതി പറഞ്ഞപ്പോള്‍ ദിലീപിന്റെ വഴിയില്‍ ഇരുട്ടായി. ജാമ്യം കിട്ടുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു താരവും കൂട്ടരും. 18 കോടി രൂപമുടക്കി ടോമിച്ചന്‍ മുളകുപ്പാടം നിര്‍മിച്ച 'രാമലീല' സിനിമയുടെ റിലീസിന് മുമ്പ് പുറത്തിറങ്ങാനാണ് ദിലീപ് ആഗ്രഹിച്ചത്. ജാമ്യം നല്‍കിയാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇതു രണ്ടാം തവണയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളുന്നത്. രണ്ടു തവണ ഹൈക്കോടതിയും തള്ളിയിരുന്നു. ഇനി വീണ്ടും സെഷന്‍സ് കോടതിയെയോ  മേല്‍ കോടതിയെയോ സമീപിക്കണം. ജൂലൈ 10നാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായത്. ജയില്‍ വാസത്തിന്റെ 68-ാം ദിവസമാണ് നടന്റെ നാലാമത്തെ ജാമ്യാപേക്ഷയും കോടതി നിരാകരിക്കുന്നത്.

ജാമ്യം അനുവദിക്കുന്നതിന് ദിലീപ് കുറെ കാര്യങ്ങള്‍ നിരത്തി. നടിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്താന്‍ നിര്‍ദേശം നല്‍കിയെന്ന കുറ്റം മാത്രമേ തനിക്കെതിരേ ചുമത്തിയിട്ടുള്ളൂവെന്നായിരുന്നു ദിലീപിന്റെ പ്രധാന വാദം. ഇതാകട്ടെ 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റവുമാണ്. പത്ത് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റത്തിന് 60 ദിവസത്തിലധികം ജയിലില്‍ കഴിഞ്ഞതിനാല്‍ സോപാധിക ജാമ്യത്തിന് തനിക്ക് അര്‍ഹതയുണ്ടെന്നും അത് അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. ക്രിമിനല്‍ നടപടിച്ചട്ടം 376 (രണ്ട്) പ്രകാരമുള്ള കൂട്ടമാനഭംഗക്കുറ്റം തന്റെ പേരില്‍ നിലനില്‍ക്കുന്നില്ല. ഇങ്ങനെയൊരു കുറ്റം ചുമത്തിയിട്ടുണ്ടെങ്കില്‍ മാത്രമാണ് 90 ദിവസത്തെ റിമാന്‍ഡ് പ്രസക്തമാകുന്നുള്ളൂവെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍, കൂട്ടമാനഭംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ദിലീപിനെതിരേ നിലനില്‍ക്കുമെന്നും പത്ത് വര്‍ഷമല്ല 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ദിലീപിന്റെ പേരിലുണ്ടെന്നും കോടതി നിരീക്ഷിച്ചുവത്രേ. കഴിഞ്ഞ തവണത്തേതുപോലെ  പ്രോസിക്യൂഷന്‍ വാദം തന്നെയാണ് ഇത്തവണയും കോടതി കണക്കിലെടുത്തത്. കേസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി, ഈ ഘട്ടത്തില്‍ ദിലീപിന് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചതും കണക്കിലെടുത്തു. ജാമ്യഹര്‍ജിയില്‍ കഴിഞ്ഞ 16ന് വാദം തുടങ്ങിയപ്പോള്‍ ശക്തമായ കാര്യങ്ങളാണ് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചത്. നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് കൃത്യമായ വിവരങ്ങള്‍ നല്‍കിയിരുന്നുവെന്നും ദിലീപ് പറഞ്ഞ പോലെ വെറും ഫോട്ടോ എടുക്കല്‍ മാത്രമല്ല നിര്‍ദേശിച്ചതെന്നും പോലീസ് ചൂണ്ടിക്കാട്ടി.

അടച്ചിട്ട കോടതി മുറിയിലാണ് ജാമ്യഹര്‍ജിയില്‍ വാദം കേട്ടത്. ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യതയും കേസിന്റെ ഗൗരവവും കണക്കിലെടുത്തായിരുന്നു കോടതി രഹസ്യമായി വാദം കേട്ടത്. ചിത്രങ്ങള്‍ എടുത്തു നല്‍കണം എന്നതിനപ്പുറം ദിലീപ് മറ്റു പല കാര്യങ്ങളും ആവശ്യപ്പെട്ടുവെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എങ്ങനെയെല്ലാം നടിയെ ആക്രമിക്കണമെന്ന് ദിലീപ് നിര്‍ദേശിച്ചുവെന്നാണ് പോലീസ് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. ഏതൊക്കെ രീതിയില്‍ നടിയെ ആക്രമിക്കണം, ഫോട്ടോ എടുക്കണം എന്നീ കാര്യങ്ങളും ദിലീപ് നിര്‍ദേശിച്ചിരുന്നുവത്രേ. ഇക്കാര്യമാണ് പോലീസ് കോടതിയെ ബോധിപ്പിച്ചത്. ദിലീപിന് കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു പോലീസ് നടപടി.  കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന ഘട്ടത്തിലേക്ക് എത്തിയ സാഹചര്യം പരിഗണിച്ച് ജാമ്യം നിഷേധിക്കണമെന്ന പ്രോസിക്യൂഷന്റെ ശക്തമായ വാദം അംഗീകരിച്ചാണ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയത്. വാദം നടന്ന ദിവസം ദിലീപിന്റെ റിമാന്റ് കാലാവധി കോടതി 14 ദിവസംകൂടി നീട്ടിയിരുന്നു.

നടി ആക്രമിക്കപ്പെട്ട ശേഷം തൊട്ടതും പിടിച്ചതുമെല്ലാം അടിക്കടി ദിലീപിന് സ്വയം പാരയാവുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് നടത്തിയ ഫോണ്‍ വിളികള്‍ ജനപ്രിയന് ബൂമറാങ്ങായി. അന്ന് തനിക്ക് പനിയായിരുന്നുവെന്നാണ് ദിലീപ് പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഈ ദിവസം രാത്രി ദിലീപ് രാത്രി രണ്ടര മണി വരെ ഫോണില്‍ പലരോടും സംസാരിക്കുകയായിരുന്നു. നാല് പേരെയാണ് ദിലീപ് പ്രധാനമായും വിളിച്ചത്. പനികാരണം വിശ്രമിക്കുന്ന ആളാണോ പാതിരാത്രി വരെ പലരുമായും ഫോണില്‍ സംസാരിച്ചതെന്ന ചോദ്യത്തിനും ദിലീപിന് ഉത്തരമില്ല. ആലുവ പൊലീസ് ക്ലബില്‍ നടത്തിയ ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ സംഭവത്തെപ്പറ്റി തനിക്കൊന്നുമറിയില്ലെന്ന നിലപാടാണ് ദിലീപ് സ്വീകരിച്ചത്. നടി ആക്രമിക്കപ്പെട്ട കാര്യം പിറ്റെ ദിവസം രാവിലെ നിര്‍മ്മാതാവ് ആന്റോ ജോസഫ് വിളിച്ചപ്പോഴാണ് അറിഞ്ഞതെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്. 13 സെക്കന്‍ഡ് മാത്രം ദീര്‍ഘമുള്ള ആ കോളായിരുന്നു ദിലീപിനെതിരായ സംശയം ബലപ്പെടുത്തിയത്. തന്റെ പ്രിയ സുഹത്തും  സഹപ്രവര്‍ത്തകയുമായ ഒരാള്‍ക്ക് അപകടം സംഭവിച്ചുവെന്ന ആ ഫോണ്‍ കോള്‍ വെറും 13 സെക്കന്റില്‍ ഒതുക്കിയതെന്തുകൊണ്ട് എന്ന ചോദ്യത്തിനുത്തരം തേടിയാണ് പോലീസ് പോയത്.

സംഭവം നടന്ന ദിവസം രാത്രി നടി രമ്യാ നമ്പീശന്റെ വീട്ടിലെ ലാന്റ് ഫോണിലേക്ക് ദിലീപിന്റെ വീട്ടിലെ ലാന്റ് ലൈനില്‍ നിന്നും കോള്‍ പോയിരുന്നു. ഇത് എന്തിന് വേണ്ടിയാണെന്നോ ആരാണ് വിളിച്ചതെന്നോ ദിലീപ് കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തായ രമ്യയുടെ വീട്ടിലേക്ക് വിളിച്ചത് വെറുതേയല്ലെന്ന് തെളിവുകള്‍ നിരത്തി പൊലീസ് സമര്‍ത്ഥിച്ചു. ഇത് ക്വട്ടേഷനാണെന്നും ക്വട്ടേഷന്‍ നല്‍കിയ ആള്‍ നിങ്ങളെ വിളിക്കുമെന്നുമാണ് ആക്രമിക്കുമ്പോള്‍ പള്‍സര്‍ സുനി നടിയോട് പറഞ്ഞത്. രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോയ ഫോണ്‍കോളിന് ഇതുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സമര്‍ത്ഥിച്ചത്. തൃശൂരില്‍ നിന്ന് രമ്യയുടെ കൊച്ചിയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടതെന്നതും ദിലീപിനെ കുരുക്കിലാക്കി.

അതേസമയം നടിയെ ആക്രമിച്ചതില്‍ നേരിട്ട് പങ്കില്ലെങ്കിലും ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പൊലീസ് കേസ് ഡയറിക്കൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഇതും ജാമ്യം നിഷേധിക്കുന്നത് കാരണമായി. ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് ആണെന്നും നേരിട്ട് പങ്കാളിയല്ല എന്നതുകൊണ്ട് കൂട്ടബലാത്സംഗം എന്ന വകുപ്പ് നിലനില്‍ക്കില്ലെന്ന വാദം ശരിയല്ലെന്നും പറയുന്നു. ഒരാളെ കത്തിയെടുത്ത് കുത്താന്‍ പറഞ്ഞുവിട്ടിട്ട് കുത്തിയതില്‍ പങ്കില്ലെന്ന് പറയുന്നത് യുക്തിസഹമല്ലെന്നാണ് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത്. നേരത്തെ ഹൈക്കോടതിയിലാണ് ദിലീപ് ജാമ്യപേക്ഷ നല്‍കാന്‍ ഒരുങ്ങിയത്. എന്നാല്‍ ഹൈക്കോടതിയില്‍ ഒരേ ബെഞ്ചില്‍ തന്നെ മൂന്നാം ഹര്‍ജി കൊടുക്കുന്നത് തിരിച്ചടിയാകുമെന്ന ധാരണയിലാണ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിയത്. അതേ സമയം അച്ഛന്റെ ശ്രദ്ധത്തിന് അനുമതി കിട്ടിയതിനാല്‍ കോടതി തന്റെ വാദം അംഗീകരിക്കും എന്നും ദിലീപ് കരുതി.

ഇതിനിടെ ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ വാദം ശക്തമായി ഉന്നയിക്കുന്നതിനിടെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി  മുറിയില്‍ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹം പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് മടങ്ങിയത്. അങ്കമാലി കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഇനി ദിലീപ് മേല്‍ക്കോടതിയില്‍ പോകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ അടുത്ത നീക്കം സുപ്രീംകോടതിയെ സമീപിക്കുക എന്നതാകുമോ എന്ന സംശയമുണര്‍ത്തുന്നതാണ് സുപ്രീംകോടതി അഭിഭാഷകന്റെ സാന്നിധ്യം. സുപ്രീംകോടതി അഭിഭാഷകന്‍ അങ്കമാലി കോടതിയിലെത്തിയ കാര്യം പോലീസും ശ്രദ്ധിച്ചിട്ടുണ്ട്.  ദിലീപ് ജാമ്യാപേക്ഷയുമായി ഡല്‍ഹിയിലേക്ക് പോകുമെന്നാണ് സൂചന.

തുടര്‍ച്ചയായി ജാമ്യം നിഷേഷിക്കപ്പെട്ട ജനപ്രിയന് വന്‍ തിരിച്ചടി, ഇനിയെന്ത്...?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക