Image

പാര്‍ട്ടി പ്രവര്‍ത്തകന്റെ ആത്മാവ് (ജയ്ന്‍ ജോസഫ്)

Published on 05 April, 2018
പാര്‍ട്ടി പ്രവര്‍ത്തകന്റെ ആത്മാവ് (ജയ്ന്‍ ജോസഫ്)
ഞാന്‍ രഘു, വയസ് ഇരുപത്തിയാറ്, നാട് കണ്ണൂരിലെ ഒരു കൊച്ചുഗ്രാമം. രണ്ടായിരത്തി പതിനെട്ട് ജനുവരി മാസം പതിനെട്ടാം തീയതി ഞാന്‍ മരിച്ചു. മരിച്ചതല്ല, കൊന്നതാണ്. അതിക്രൂരമായി! അന്നൊരു വ്യാഴാഴ്ചയായിരുന്നു. അന്നു പകല്‍ മുഴുവന്‍ ഞാന്‍ പാര്‍ട്ടിയോഫീസിലും പരിസരത്തുമായിരുന്നു. കണ്ണൂരില്‍ പല സ്ഥലങ്ങളിലായി നടക്കുന്ന പാര്‍ട്ടിയുടെ ശക്തി പ്രകടനങ്ങള്‍ക്കുവേണ്ടിയുള്ള പിന്നാമ്പുറ പണികളുമായി തിരക്കിലായിരുന്നു ഞങ്ങള്‍ ചെറുപ്പക്കാരായ കുറച്ചു പാര്‍ട്ടി പ്രവര്‍ത്തകര്‍. ഞങ്ങളുടെ ഗ്രാമത്തില്‍ പാര്‍ട്ടിയുടെ യുവശക്തിയായിരുന്നു ഞങ്ങള്‍; പാര്‍ട്ടിക്കുവേണ്ടി, പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രങ്ങള്‍ക്കുവേണ്ടി മരിക്കാന്‍ വരെ തയ്യാറായി നടന്നിരുന്നവര്‍! പ്രതിപക്ഷവും വളരെ ശക്തമായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങളുടെ ഗ്രാമത്തിലും പുറത്തുമായി ധാരാളം ഏറ്റുമുട്ടലുകള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ നടന്നിരുന്നു. അതിനിടയില്‍ ജീവന്‍ വെടിഞ്ഞവരെ ഞങ്ങള്‍ പാര്‍ട്ടിയുടെ രക്തസാക്ഷികളായി കണ്ട് ആദരിച്ചു. അവരുടെ പടങ്ങളില്‍ മാലയിട്ടു. ഓരോ മരണവും ഞങ്ങളുടെ വീറും വാശിയും കൂട്ടി. പക്ഷെ പാര്‍ട്ടിയുടെ അടുത്ത രക്തസാക്ഷി ഞാനായിരിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ എല്ലാം ഇട്ടെറിഞ്ഞ് ഓടിപ്പോയേനെ!

രാത്രി ഏതാണ്ട് പതിനൊന്നു മണിയോടടുത്താണ് വീട്ടിലേക്ക് തിരിച്ചത്. പാര്‍ട്ടിയോഫീസില്‍ നിന്ന് കഷ്ടി പതിനഞ്ചു മിനിറ്റ് നടക്കാനേയുള്ളൂ. എന്റെ ഉറ്റ സുഹൃത്ത് രമേശനും കൂടെയുണ്ടായിരുന്നു. പെട്ടെന്ന് ഇരുട്ടിന്റെ മറവില്‍ നിന്ന് ഒരു സംഘം ആളുകള്‍ ഞങ്ങളുടെ നേര്‍ക്ക് ചാടി വീണു. മിക്കവരും മുഖം മറച്ചിരുന്നു. ആദ്യത്തെ അടിയില്‍ത്തന്നെ ഞാന്‍ നിലത്തു വീണു. രമേശന്‍ അവരുടെ പിടിയില്‍നിന്നും രക്ഷപെട്ട് ഓടി. കുറച്ചുപേര്‍ രമേശന്റെ പുറകേ ഓടി. ബാക്കിയുള്ളവര്‍ എന്നെ പൊതിഞ്ഞു. ഞാന്‍ വീണിടത്തു നിന്നും ചാടിയെണീറ്റു. മുഖം മൂടിയിരുന്നെങ്കിലും അവരുടെ ദേഷ്യം, ആക്രോശം, പക ഒക്കെ അവര്‍ എതിര്‍പാര്‍ട്ടിയുടെ, ശത്രുപക്ഷത്തിന്റെ ആളുകളാണ് എന്ന് എന്നോട് പറഞ്ഞു. അവര്‍ എന്നെ തലങ്ങും വിലങ്ങും അടിച്ചു. ഞാന്‍ ചെറുത്തു നില്‍ക്കാന്‍ നോക്കി. സാധിച്ചില്ല. വീണ്ടും വീണ്ടും അവര്‍ എന്നെ ചവിട്ടുകയും തൊഴിക്കുകയും ചെയ്തു. എന്നെ ഉപദ്രവിക്കരുതെയെന്നു ഞാന്‍ കേണപേക്ഷിച്ചു. അവര്‍ ആര്‍ത്തട്ടഹസിച്ചു ചിരിച്ചു. അവര്‍ എന്നെപ്പോലെ തന്നെ അവരുടെ പാര്‍ട്ടിക്ക് വേണ്ടി, അവര്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ക്കു വേണ്ടി തല്ലാനും കൊല്ലാനും നടക്കുന്നവരായിരുന്നു. ഒരു പറ്റം ചെറുപ്പക്കാര്‍. അവര്‍ എന്റെ പാര്‍ട്ടിയെ, നേതാക്കളെ ഒക്കെ ചീത്ത വിളിച്ചു. എന്റെ രക്തം തിളച്ചു. പക്ഷെ ഞാന്‍ ദുര്‍ബലനും ഭീരുവുമായിക്കഴിഞ്ഞിരുന്നു. പ്രതികരിക്കുന്നതിനു പകരം ഞാന്‍ നിലവിളിച്ചു; ഉറക്കെയുറക്കെ! ഓടിപ്പോയ രമേശന്‍ എന്നെ രക്ഷിക്കാന്‍ വേണ്ടി കൂടുതല്‍ ആളുകളെ കൂട്ടി തിരികെ വരുമെന്നും, എന്റെ പാര്‍ട്ടിയിലുള്ള ആളുകള്‍ വന്ന് ഇവരെ തല്ലിത്തരിപ്പണമാക്കി എന്നെ രക്ഷിക്കുമെന്നുമൊക്കെ ഞാന്‍ വ്യാമോഹിച്ചു. പെട്ടെന്ന് സംഘത്തലവന്‍ തന്റെ മുഖം മറച്ചിരുന്ന തുണിയെടുത്ത് മാറ്റി. ""സതീശന്‍'' എന്റെ ചുണ്ടുകള്‍ മന്ത്രിച്ചു. ഞങ്ങളുടെ അയല്‍വാസിയായ സതീശന്‍. പാര്‍ട്ടിക്കിടയിലെ കടുത്ത ശത്രുത കാരണം ഞങ്ങള്‍ തമ്മില്‍ മിണ്ടിയിട്ട് വര്‍ഷങ്ങളായിക്കാണും. ""ഞങ്ങളുടെ പാര്‍ട്ടിക്കെതിരെ കൈയുയര്‍ത്തുന്ന ഓരോരുത്തനുമുള്ള മറുപടിയാണ് നിന്റെ മരണം.'' സതീശന്‍ എന്നോട് പറഞ്ഞു, അലറി! സതീശന്റെ കൈയിലിരുന്ന കത്തി ആകാശത്തില്‍ ഉയര്‍ന്നു വീശി. അത് എന്റെ വലത്തു കൈയ്യിനെ രണ്ടു കഷണമാക്കി. അമ്മേ...യെന്ന് ഞാന്‍ ഉറക്കെ വിളിച്ചു. ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരെ എന്റെ വീടിന്റെ അരണ്ട വെളിച്ചത്തില്‍ എന്റെ വരവ് കാത്ത് ഉറങ്ങാതെ കാത്തിരുന്ന എന്റെയമ്മ ആ വിളി കേട്ടിട്ടുണ്ടാവണം!

എന്റെ പ്രായമായ അമ്മയ്ക്ക് ഞാന്‍ മാത്രമേയുള്ളൂവെന്ന് മുറിഞ്ഞ, ഇടറിയ വാക്കുകളില്‍ ഞാന്‍ പറഞ്ഞു. വേദനകൊണ്ട് ഞാന്‍ പുളഞ്ഞു. ""ഞങ്ങളുടെ മരിച്ചു പോയ സഹോദരങ്ങള്‍ക്കും അമ്മയും പെങ്ങന്മാരും ഭാര്യയും ഉണ്ടായിരുന്നെടാ.'' അവര്‍ ആക്രോശിച്ചു. പിന്നെ തലങ്ങും വിലങ്ങും എന്നെ വെട്ടി; സതീശനും സുഹൃത്തുക്കളും! എന്റെ ശരീരത്തില്‍ നിന്നും രക്തം ഒഴുകി. എന്നിട്ടും അവരുടെ കലി തീര്‍ന്നില്ല. പെട്ടെന്ന് ദൂരെ നിന്ന് ഒരു വണ്ടിയുടെ ശബ്ദം കേട്ടു. ""ഓടിക്കോ പോലീസ്.'' അവരിലാരോ പറഞ്ഞു. പോകുന്ന പോക്കില്‍ ആരോ എന്റെ വയറില്‍ കത്തികൊണ്ട് ആഞ്ഞ് കുത്തി. എനിക്ക് വേദനിച്ചില്ല. വേദനകളുടെ അതിര്‍വരമ്പുകള്‍ ഞാനെപ്പോഴോ കടന്നിരുന്നു! വന്നത് പോലീസ് തന്നെയായിരുന്നു. പക്ഷെ വൈകിപ്പോയിരുന്നു. എന്റെ ശരീരം അവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പിറ്റെ ദിവസം എന്റെ നാടിളകി. എന്റെ പാര്‍ട്ടി, കേരളം സ്തംഭിപ്പിച്ച് ഹര്‍ത്താല്‍ ആചരിച്ചു. നാടുമുഴുവന്‍ എനിക്കുവേണ്ടി കരഞ്ഞു. എന്റെ ശവദാഹത്തിന് ജനം തിങ്ങി നിറഞ്ഞു. എനിക്കു സന്തോഷമായി; അഭിമാനവും കേവലം ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായ എനിക്കു ലഭിക്കുന്ന സ്‌നേഹവും ആദരവും കണ്ട് എന്റെ മനസ്സ് നിറഞ്ഞു. പക്ഷെ എന്റെ അമ്മയുടെ സങ്കടം, അതെന്നെ തളര്‍ത്തി. എന്റെ ശരീരം വീട്ടില്‍ നിന്നെടുത്തപ്പോള്‍ മോനേയെന്നു വിളിച്ച് അമ്മ പൊട്ടിക്കരഞ്ഞു. ആ പിന്‍വിളിയിലാണ് ഞാനെന്ന ആത്മാവ് പരലോകത്തേക്ക് പോകാനാകാതെ ഇവിടെത്തന്നെ കുടുങ്ങിയത്.

ഞാന്‍ പെയിന്റിംഗ് പണിക്ക് പോകുന്നത് കൊണ്ടായിരുന്നു എന്റെയും അമ്മയുടെയും ചിലവുകള്‍ കഷ്ടി നടന്നു പോയിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി പാര്‍ട്ടിക്കു വേണ്ടിയാണ് കൂടുതല്‍ പണിയെടുത്തത്. അതില്‍ അമ്മയ്ക്ക് നല്ല പരാതിയുണ്ടായിരുന്നു. പാര്‍ട്ടിയില്‍ ശോഭനമായ ഒരു ഭാവി ഞാന്‍ സ്വപ്നം കണ്ടു. ഞാന്‍ മാത്രമല്ല പാര്‍ട്ടിക്കുവേണ്ടി അഹോരാത്രം പണിയെടുത്ത ഞങ്ങള്‍ ചെറുപ്പക്കാരുടെയെല്ലാം സ്വപ്നം അതായിരുന്നു.

ഓരോ പാര്‍ട്ടി മീറ്റിംഗിലും, സമ്മേളനത്തിലുമൊക്കെ നേതാക്കള്‍ വാഗ്ദാനം ചെയ്തതും അതൊക്കെത്തന്നെയായിരുന്നു. പാര്‍ട്ടി വളരുന്നതോടൊപ്പം ഞങ്ങളും വളരുമെന്ന് അവര്‍ ഞങ്ങളെ ധരിപ്പിച്ചു. വളരുന്നത് നേതാക്കളും പാര്‍ട്ടിയും മാത്രമാണെന്ന് മനസ്സിലാക്കാനുള്ള വിവേകം അന്നെനിക്കുണ്ടായില്ല. പൊളിഞ്ഞു വീഴാറായ എന്റെ വീടൊന്ന് ശരിയാക്കാന്‍ പോലും എന്നെക്കൊണ്ടായില്ല. പക്ഷെ ഇപ്പോള്‍ എന്റെ മരണം കൊണ്ടെങ്കിലും അമ്മയ്ക്ക് പ്രയോജനമുണ്ടാവുമല്ലോ എന്ന് ഞാന്‍ കരുതി. ഗവണ്‍മെന്റില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നുമൊക്കെ എന്റെ മരണത്തിന്റെ വകുപ്പിലായി ഒരു നല്ല തുക അനുവദിച്ചു കിട്ടും. അതുകൊണ്ട് അമ്മയ്ക്ക് സുരക്ഷിതയായി ജീവിക്കാം എന്നൊക്കെയാണ് ഞാന്‍ കരുതിയത്. എന്റെ മരണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ബഹളങ്ങളൊക്കെ കെട്ടടങ്ങി. പാര്‍ട്ടിയും പ്രവര്‍ത്തകരുമൊന്നും അമ്മയെ തിരിഞ്ഞു നോക്കാതായി. രമേശനും എന്റെ മറ്റ് സുഹൃത്തുക്കളുമൊക്കെ വരാന്‍ പോകുന്ന പാര്‍ട്ടി സമ്മേളനങ്ങളുടെ തിരക്കിലായി. പോലീസ് അന്വേഷണം എന്റെ ശത്രുക്കളാരോ എന്നെ കൊന്നതാണ് എന്ന് നിഗമനത്തിലെത്തി പാര്‍ട്ടി വൈരാഗ്യമല്ല വ്യക്തിപരമായ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് ആരോ ഒക്കെ എങ്ങനെയോ ഒക്കെ വരുത്തിത്തീര്‍ത്തു. അതില്‍ പാര്‍ട്ടിയും മൗനം അവലംബിച്ചു. ഞാന്‍ തളര്‍ന്നുപോയത് അന്നാണ്. എന്റെ യൗവ്വനവും ഓജസ്സും നല്‍കി ഒടുവില്‍ രക്തം ചിന്തി മരിച്ചത് എന്റെ പാര്‍ട്ടിക്കുവേണ്ടിയാണ്. ആ പാര്‍ട്ടിയും എന്നെയും എന്റെ അമ്മയെയും കൈവിട്ടിരിക്കുന്നു. പാര്‍ട്ടി ഫണ്ടില്‍ നിന്നും അമ്മയ്ക്കായി അനുവദിച്ച അഞ്ചുലക്ഷം രൂപയും ഇടയ്ക്കുള്ള പല നേതാക്കന്മാരുടെ കീശയിലായി തങ്ങി നില്‍ക്കുന്നു. അമ്മയ്ക്ക് ആകെ കിട്ടിയത് പതിനായിരം രൂപ; എന്റെ ജീവന്റെ വില! ഇതൊന്നും കണ്ടിട്ടും എന്നെപ്പോലെയുള്ള മറ്റു ചെറുപ്പക്കാരുടെ കണ്ണു തുറക്കുന്നില്ല. അവര്‍ രാപ്പകല്‍ പാര്‍ട്ടിക്കുവേണ്ടി കൊടിപിടിക്കുന്നു; തമ്മില്‍ത്തല്ലുന്നു. അണികളുടെ വീര്യം ചോര്‍ന്ന് പോകാതിരിക്കാനുള്ള തന്ത്രങ്ങള്‍ മെനയാനായി പാര്‍ട്ടി ചാണക്യന്മാര്‍ മദ്യശാലകളില്‍ ഒത്തു കൂടുന്നു. അവരുടെ കെണിയില്‍ വീണ്ടും പുതിയ രഘുമാര്‍ കുടുങ്ങുന്നു!

അണികള്‍ തമ്മില്‍ത്തല്ലി തലകീറി ചാവുമ്പോള്‍ നേതാക്കള്‍ ആഡംബരപാര്‍ട്ടികള്‍ നടത്തി ആര്‍ത്തുല്ലസിച്ചു ജീവിക്കുന്നു.

എന്റെ അമ്മയുടെ കണ്ണീരു തോരാതെ ഞാനെന്ന ആത്മാവിന് പരലോകത്തേക്ക് പോകാന്‍ കഴിയില്ല. അമ്മയുടെ സങ്കടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ് എന്റെ ആത്മാവ്! ഞാന്‍ മാത്രമല്ല, എന്നേപ്പോലെ അനേകം ആത്മാക്കള്‍ കണ്ണൂരും പരിസരപ്രദേശങ്ങളിലും കേരളമൊട്ടാകെയും തങ്ങളുടെ പ്രിയപ്പെട്ടവരില്‍ നിന്നും വിടുതല്‍ കിട്ടാതെ അലഞ്ഞുതിരിയുന്നു. അവര്‍ക്കൊക്കെ വേണ്ടി എനിക്ക് നിങ്ങളോടാണ് പറയാനുള്ളത്. നിങ്ങളോരോരുത്തരോടും, പ്രത്യേകിച്ച് നമ്മുടെ നാട്ടിലെ ചെറുപ്പക്കാരോട് ! ഞങ്ങളെപ്പോലെ പാര്‍ട്ടിയേയും, നേതാക്കളെയും കണ്ണുമടച്ച് വിശ്വസിച്ച് പാര്‍ട്ടിത്തൊഴിലാളികളായി മാറാതെ നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി ജീവിക്കൂ. വേദനിക്കുന്ന, കഷ്ടതയനുഭവിക്കുന്ന ഒരാളെ പാര്‍ട്ടി നോക്കാതെ മതം നോക്കാതെ സ്‌നേഹിക്കൂ. രാഷ്ട്രീയ പകയുടെ, മതവിദ്വേഷത്തിന്റെ വന്‍മതിലുകള്‍ തകരട്ടെ. ഇനിയൊരു പാര്‍ട്ടി രക്തസാക്ഷി കൂടി ഈ മണ്ണില്‍ വീഴാതിരിക്കട്ടെ. ഇനിയൊരു ആത്മാവും ഗതികിട്ടാതെ അലഞ്ഞുതിരിയാനിട വരാതിരിക്കട്ടെ!

ജയ്ന്‍ ജോസഫ്
janejoseph.123@gmail.com
Join WhatsApp News
Mallu 2018-04-05 17:40:28
Great article.  Very timely
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക