Image

കാനായിക്ക് എണ്‍പത്, മലമ്പുഴയിലെ യക്ഷിക്ക് അമ്പത് (കുര്യന്‍ പാമ്പാടി)

Published on 08 April, 2018
കാനായിക്ക് എണ്‍പത്, മലമ്പുഴയിലെ യക്ഷിക്ക് അമ്പത് (കുര്യന്‍ പാമ്പാടി)
കാസര്‍ഗോഡ് ജില്ലയില്‍ ഹോസ്ദുര്‍ഗ് താലുക്കില്‍ കാനായി ഗ്രാമത്തിനടുത്ത കുട്ടമത്ത് ജനിച്ച കാനായി കുഞ്ഞിരാമനു എണ്‍പത് വയസ്സായി. കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പോടെ ഇംഗ്ലണ്ടില്‍ പഠിച്ചു തിരികെ വന്ന ഉടന്‍ അദ്ദേഹം മലമ്പുഴയില്‍ നിര്‍മ്മിച്ച യക്ഷി എന്ന ബ്രുഹദ് ശില്‍പത്തിനു അമ്പത് വയസും.

രാജാരവിവര്‍മ്മക്കു ശേഷം കേരളം കണ്ട ഏറ്റവും വലിയ
ചിത്രകാരനും ശില്‍പ്പിയുമാണ് കാനായി കുഞ്ഞിരാമനെന്നു തിരുവനന്തപുരത്ത് നടന്ന സ്വീകരണത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി കാനായിക്ക് പുരസ്‌കാരം സമ്മാനിച്ചു. കാനായിയെക്കുറിച്ചു സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു.

കാനായി യക്ഷി ശില്‍പ്പത്തിനു തൊട്ടുരുമ്മി ഇരിക്കുന്ന ചിത്ര മായിരുന്നു അവയില്‍ ഏറ്റം സവിശേഷം. ജീവിത പങ്കാളി നളിനിയുടെ മുഖം ബ്രഷ് ചെയ്തു മിനുക്കാന്‍ ഭാവിക്കുന്ന മറ്റൊരു ചിത്രം ഏവരിലും കൌതുകം ഉണര്‍ത്തി. ഏറ്റവും ഒടുവിലായി കോട്ടയത്ത് പബ്ലിക് ലൈബ്രറി അങ്കണത്തില്‍ നിര്‍മിച്ച അക്ഷര മാതാവ് കാനായിയുടെ ഉര്‍വരത ഒരിക്കല്‍കൂടി വിളിച്ചറിയിച്ചു. കാനായി നിര്‍മിച്ച ഏറ്റം വലിയ ഈ ശില്പത്തിനു 32 അടി ഉയരം. 65 ലക്ഷം ചെലവ്.

കോട്ടയത്തെ ശില്‍പ്പം 2017-ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനാവരണം ചെയ്ത ചടങ്ങില്‍ രണ്ടു ലക്ഷം രൂപയുടെ ഒരു ചെക്ക് 'ഗിഫ്റ്റ്' ആയി വച്ചു നീട്ടിയപ്പോള്‍ കാനായി അത് നിരസിച്ചു. ''ഈ സമ്മാനത്തിനു വേണ്ടിയല്ല, അക്ഷര മാതാവിനുള്ള എന്റെ ആദരം ഊട്ടി ഉറപ്പിക്കാനാണ് ഞാന്‍ ഈ ശില്‍പം ചെയ്തത്' അദ്ദേഹം പറഞ്ഞു.

എന്നും അമ്മ മാധവിയായിരുന്നു കാനായിയുടെ കൂട്ട്. ഒട്ടേറെ മക്കള്‍. സ്‌നേഹം നല്‍കാത്ത അച്ഛന്‍. പതിനേഴാം വയസ്സില്‍ വീട്ടില്‍ നിന്ന് ഓടിപ്പോയി. മദ്രാസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്ട്‌സില്‍
നിന്ന് ശില്പകലയില്‍ ഡിപ്ലോമ നേടി. കെ.സി.എസ്. പണിക്കരും ദേവിപ്രസാദ് റോയ് ചൌധരിയും ഗുരുക്കന്മാര്‍. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ലണ്ടന്‍ യുണിവേവേഴ്‌സിറ്റിയുടെ സ്ലേഡ് സ്‌കൂളില്‍ നിന്ന് ശില്പ കലയില്‍ ബിരുദം. നാട്ടില്‍ പരക്കെ അംഗീകാരം. ബഹുമതികള്‍. യുറോപ്പിലും അമേരിക്കയിലും ജപ്പനിലുമൊക്കെ പഠന പര്യടനങ്ങള്‍.

തിരുവനന്തപുരത്തെ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ ശില്‍പകലാ പ്രൊഫസര്‍, പ്രിന്‍സിപ്പല്‍, ലളിതകലാ അക്കാദമി അദ്ധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രഗല്‍ഭ കലാകാരന്മാരുടെ സഹപ്രവര്‍ത്തകന്‍, പ്രതിഭാധനനരായ അനേകം ശിഷ്യന്മാര്‍. കേരളമൊട്ടുക്ക് കാനായിയുടെ കയ്യൊപ്പ് പതിഞ്ഞ ഉത്തുംഗ ശില്പങ്ങള്‍. യക്ഷിയും സാഗരകന്യകയും അക്ഷരമാതാവും മുക്കോല ശില്‍പങ്ങളും കരവിരുതിന്റെ സാക്ഷികള്‍.

സംസ്ഥാന ഗവര്‍മെന്റിന്റെ ആദ്യത്തെ രാജാ രവിവര്‍മ പുരസ്‌കാരം നേടിയത് കാനായി ആണ്. അന്ന് ലഭിച്ച ശില്‍പം രൂപകല്‍പന ചെയ്തതും കാനായി. അത് പൂജപ്പുരയിലെ ഭവനത്തില്‍ സ്വീകരണ മുറിയില്‍ മകുടം ചാര്‍ത്തി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പൊന്നാടകള്‍ക്കു പകരം ശിലപങ്ങള്‍ സമ്മാനിക്കണമെന്ന ഒരു സാംസ്‌കാരിക പാരമ്പര്യം കേരളത്തില്‍ കൊണ്ടുവന്നതും കാനായി തന്നെ.

എവിടൊക്കെ പോയാലും തിരികെ കേരളത്തില്‍ വന്നു എന്നതാണ് കാനായിയെ മറ്റു പല മലയാളി കലാകാരന്മാരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. അടൂരിനെ പോലെ കേരളത്തിന്റെ മണ്ണില്‍ നിന്നുകൊണ്ട് അദ്ദേഹം കലയുടെ പതിനെട്ടാം പടി ചവിട്ടിക്കയറി. മലയാളനാടിന്റെ സ്‌നേഹാദരവുകള്‍ ഏറ്റുവാ ങ്ങി. ചേരിതിരിവുകള്‍ക്കിടയില്‍ എല്ലാറ്റിനും അതീതനായി. നിറഭേദങ്ങളില്ലാതെ കലയില്‍ നിറസാന്നിധ്യമായി.

മലമ്പുഴയില്‍ സ്ത്രീ സൌന്ദര്യത്തെ അതിമനോഹരമായി, പച്ചയായി ആവിഷ്‌കരിച്ചതിന്റെ പേരില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിട്ട ആളാണ് കാനായി. 'അശ്ലീലം കാണുന്നവന്റെ മനസിലാണ്. കലയിലല്ല' എന്നദ്ദേഹം തിരിച്ചടിച്ചു. ''യാഥാസ്ഥിതികര്‍ക്കും കള്ളന്മാര്‍ക്കും ഹിപ്പോക്രൈറ്റുകള്‍ക്കും എതിരെയുള്ള പച്ചത്തെറിയാണ് യക്ഷി'. അമ്പതു വര്‍ഷം പിന്നിട്ടിട്ടും ആ യക്ഷി സഹ്യാദ്രിയിലേക്ക് കണ്ണയച്ചു കൈ ഉയര്‍ത്തി സാകൂതം നിലകൊള്ളുന്നു.

മാധുരി ദിക്ഷിത്തിനെ മോഡല്‍ ആക്കി എം.എഫ്.ഹുസൈന്‍ ദൈവസങ്കല്‍പ്പം ആവിഷ്‌കരിച്ചപ്പോള്‍ പിന്തിരിപ്പന്മാര്‍ കലിതുള്ളി നിന്ന കാലത്ത് അദ്ദേഹത്തെ സ്വീകരിച്ചു കൊണ്ടു വന്നു കേരള പശ്ചാത്തലത്തില്‍ ഒരുപറ്റം ചിത്രങ്ങള്‍ വരപ്പിച്ചെടുത്ത നാടാണിത്. ഹുസൈയിനു ഏറ്റം പ്രിയപ്പെട്ട മട്ടന്‍ ബിരിയാണി നല്‍കിയ ഫോര്‍ട്ട് കൊച്ചിയിലെ കായീസില്‍ അദ്ദേഹം വരച്ചു നല്‍കിയ ചിത്രം ഇന്നും ചില്ലിട്ടു സൂക്ഷി ച്ചിരിക്കുന്നു.

കാനായി നല്ലൊരു കവി കൂടിയാണ്. 'കാനായിയുടെ കവിത' എന്ന സമാഹാരവും ഇറങ്ങിയിട്ടുണ്ട്. കാനായിയെക്കുറിച്ചുള്ള ഏറ്റം മികച്ച കൃതി ശിഷ്യന്‍ നേമം പുഷ്പരാജ് രചിച്ചു ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഇറക്കിയ 'കാനായി കുഞ്ഞിരാമന്‍ ബ്രുഹദാകാരങ്ങളുടെ ശില്പി' എന്ന സചിത്ര ഗ്രന്ഥം ആണ്.

എത്ര സൌമ്യവും ദീപ്തവുമായ മനസ്! കാനായിയുടെ കാലത്ത് എന്റെ കസിന്‍ മാത്തുക്കുട്ടി മറ്റത്തെ ഫൈന്‍ ആര്‍ട്‌സ് കോളജില്‍ ചേര്‍ക്കാന്‍ പോയപ്പോഴാണ് ആദ്യമായി കാണുന്നത്. വേളിയില്‍ ടൂറിസ്റ്റ് വില്ലേജ് കാണാന്‍ എത്തുമ്പോള്‍ കവാടത്തില്‍ അതാ നില്‍ക്കുന്നു ശില്പിയും പത്‌നി നളിനിയും. വര്‍ഷങ്ങള്‍ക്കു ശേഷം 2017-ല്‍ കോട്ടയത്ത് ഒന്നര വര്‍ഷം താമസിച്ചു അക്ഷരശില്പം ചെയ്യുമ്പോള്‍ പലവുരു കണ്ടു. മനസ് തുറന്ന പ്രസംഗങ്ങള്‍ കേട്ടു. പുഷരാജിന്റെ പുസ്തകം കിട്ടാതെ വന്നപ്പോള്‍ സ്വന്തം കോപ്പി എനിക്ക് സമ്മാനിക്കാന്‍ അദ്ദേഹം റെഡിയായി.

'ഇന്ത്യന്‍ ശില്പകലയുടെ തമ്പുരാനായ കാനായി കവിഹൃദയമുള്ള ശില്പിയാണ്; കവികളുടെ ഗ്രാമമായ കുട്ടമത്താണ് ജനിച്ചത്'--മന്ത്രി എ.കെ. ബാലന്‍ വിശേഷിപ്പിച്ചു. 'കാനായി കുറഞ്ഞത് നൂറു വര്‍ഷം ജീവിച്ചിരിക്കട്ടെ'' നൂറു കവിഞ്ഞ വലിയ മെത്രാപ്പോലിത്താ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ആശംസിച്ചു.

'പ്രകൃതി ആണെന്റെ ദൈവം. അതിനോടുള്ള ഉപാസനയാണ് ശില്‍പ്പം....ശില്പ്പത്തിന്റെ എക്‌സ്‌റെന്‍ഷന്‍ ആണ് നാടകം. സ്റ്റില്‍ പെയിന്റിംഗ് മൂവ് ചെയ്യുന്ന ടെക്‌നോളജി ആണ് സിനിമ. ചിത്രം വരക്കാത്തവനെ ചലച്ചിത്രകാരന്‍ എന്ന് വിളിക്കുന്നത് ശരിയല്ല' കാനായി പറയുന്നു.
കാനായിക്ക് എണ്‍പത്, മലമ്പുഴയിലെ യക്ഷിക്ക് അമ്പത് (കുര്യന്‍ പാമ്പാടി)കാനായിക്ക് എണ്‍പത്, മലമ്പുഴയിലെ യക്ഷിക്ക് അമ്പത് (കുര്യന്‍ പാമ്പാടി)കാനായിക്ക് എണ്‍പത്, മലമ്പുഴയിലെ യക്ഷിക്ക് അമ്പത് (കുര്യന്‍ പാമ്പാടി)കാനായിക്ക് എണ്‍പത്, മലമ്പുഴയിലെ യക്ഷിക്ക് അമ്പത് (കുര്യന്‍ പാമ്പാടി)കാനായിക്ക് എണ്‍പത്, മലമ്പുഴയിലെ യക്ഷിക്ക് അമ്പത് (കുര്യന്‍ പാമ്പാടി)കാനായിക്ക് എണ്‍പത്, മലമ്പുഴയിലെ യക്ഷിക്ക് അമ്പത് (കുര്യന്‍ പാമ്പാടി)കാനായിക്ക് എണ്‍പത്, മലമ്പുഴയിലെ യക്ഷിക്ക് അമ്പത് (കുര്യന്‍ പാമ്പാടി)കാനായിക്ക് എണ്‍പത്, മലമ്പുഴയിലെ യക്ഷിക്ക് അമ്പത് (കുര്യന്‍ പാമ്പാടി)കാനായിക്ക് എണ്‍പത്, മലമ്പുഴയിലെ യക്ഷിക്ക് അമ്പത് (കുര്യന്‍ പാമ്പാടി)കാനായിക്ക് എണ്‍പത്, മലമ്പുഴയിലെ യക്ഷിക്ക് അമ്പത് (കുര്യന്‍ പാമ്പാടി)
Join WhatsApp News
Yakshan 2018-04-08 11:11:59
യക്ഷിക്ക് കൗപീനം ഇട്ടത് ഗംഭീരം 
ആർത്തവ കുമാർ 2018-04-08 11:37:02
യക്ഷിക്ക് ആർത്തവ വിരാമം.  വയസ് 50 ആയി 
വിദ്യാധരൻ 2018-04-08 12:50:18
ശില്പിയുടെ ശ്രദ്ധ മുഴുവൻ യക്ഷിയുടെ നിതംബത്തിലാണ്  കേന്ദ്രികരിച്ചിരിക്കുന്നത് .   ഇതൊക്കെ പോയിക്കണ്ട് വന്നിട്ടാണ് ഓരോ മന്ത്രിമാരും എംപി മാരും പ്ലെയിനിൽ പോകുമ്പോൾ ചന്തിക്കു കുത്തുന്നതും പിന്നെ മന്ത്രി മന്ദിരങ്ങളിൽ സരിതമാരെ കയറ്റി ഇറക്കുന്നതും, സൂര്യനെല്ലി പൂക്കളെ ഇറുക്കുന്നതു

നാരീസ്തനഭര നാഭിദേശം 
ദൃഷ്ട്വാ മാ ഗാ മോഹാവേശം 
ഏതാന്മാംസവസാദി വികാരം
മാനസി വിചിന്തയ വാരം വാരം (ശങ്കരാചാര്യർ -ഭജഗോവിന്ദം )

സ്ത്രീകളുടെ സ്തനവും ജഘനവും കണ്ട് കാമവിവശനാകാതിരിക്കുക. മാംസത്തിന്റെയും കൊഴുപ്പിന്റെയും രൂപ ഭേദമാണ് അവയെല്ലാം എന്ന് കൂടെകൂടെ മനസ്സിൽ ഓർക്കുക 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക