Image

വേനല്‍ പകലില്‍ ഇത്തിരി നേരം (വേനല്‍ക്കുറിപ്പുകള്‍ - 4: സുധീര്‍ പണിക്കവീട്ടില്‍)

Published on 07 August, 2018
വേനല്‍ പകലില്‍ ഇത്തിരി നേരം (വേനല്‍ക്കുറിപ്പുകള്‍ - 4: സുധീര്‍ പണിക്കവീട്ടില്‍)
വേനല്‍ ദിനങ്ങളുടെ മനോഹാരിതയില്‍ നമ്മള്‍ അലിഞ്ഞ് പോകുന്നത് കൊണ്ട് പലപ്പാഴും ആ ഭംഗി മുഴുവനായി ആസ്വദിക്കുന്നില്ല. തെളിഞ്ഞ പ്രഭാതങ്ങളും, സ്വര്‍ണ്ണകാന്തിയില്‍ മുങ്ങി നില്‍ക്കുന്ന പകലുകളും, ചുറ്റുമുള്ള പച്ചപ്പും, വര്‍ണ്ണകുസുമങ്ങളും കണ്ണിനെ കുളിര്‍പ്പിക്കുന്നവയാണു്. പകലിനെ നിറങ്ങളുടെ ലോകത്തില്‍ അണിയിച്ചൊരുക്കുന്ന കലാകാരന്‍ തന്റെ ചായക്കൂട്ട് വലിച്ചെറിഞ്ഞപോലെ പടിഞ്ഞാറെ ചക്രവാളം പരത്തുന്ന വര്‍ണാഭമായ സായാഹ്നം ഇമവെട്ടാതെ നോക്കിയിരിക്കാന്‍ ആരാണു് ഇഷ്ടപ്പെടാത്തത്.. വേനല്‍ക്കാലത്തെ സൂര്യോദയവും, സൂര്യാസ്തമനവും കാണാന്‍ ജനം സമയം കണ്ടെത്തുന്നു. വേനല്‍ക്കാലത്ത് ജലാശയങ്ങളില്‍ വെള്ളം കുറയുമെങ്കിലും തണുത്ത വെള്ളത്തില്‍ ഇറങ്ങി കുളിക്കുന്നത് എത്രയോ ആഹ്ലാദകരമാണു്. ക്രുതിമമായി കെട്ടിയുണ്ടാക്കിയ നീന്തല്‍കുളങ്ങള്‍ക്ക് മുമ്പ് നമ്മുടെ നാട്ടില്‍ നദികളും, കുളങ്ങളും, തടാകങ്ങളും എല്ലാ മനുഷ്യര്‍ക്കും വേണ്ടി കുളികടവുകള്‍ ഒരുക്കി. അര്‍ദ്ധ്‌നഗ്നരായി നീരാടിയിരുന്ന പെണ്ണുങ്ങള്‍ അവിടെ വച്ച് അവരുടെ ഹ്രുദയരഹസ്യങ്ങള്‍ കൂട്ടുകാരുമായി പങ്കിട്ടു. അമ്പലക്കുളങ്ങരെ കുളിക്കാന്‍ ചെന്നപ്പോള്‍ അയലത്തെ പെണ്ണുങ്ങള്‍ കളിയാക്കി എന്ന് ഗ്രാമത്തിന്റെ നിഷ്കളങ്കത മാറാത്ത സ്ര്തീഹ്രുദയങ്ങള്‍ പാടി. നദിയുടെ ഏകാന്തപുളിനങ്ങളില്‍ പ്രേമത്തിന്റെ കുമിളകള്‍ പൊങ്ങി, ഉടഞ്ഞ് തകര്‍ന്നു. നദീതീരത്ത്കൂടി കരയുന്നോ പുഴ ചിരിക്കുന്നോ എന്ന് പാടി നിരാശകാമുകര്‍ നടന്നു.

കുളി കേരളീയന്റെ ഒരു വിനോദമായിരുന്നു, വ്യായാമമായിരുന്നു. കുളി ലോകമെമ്പാടുമുള്ളവര്‍ക്ക് വളരെ പ്രിയതരമായിരുന്നു. സിന്ധുനദിതട സംസ്കാരത്തിന്റെ ഭാഗമായ മൊഹഞ്ചോദാരോവില്‍ നനം നടത്തിയപ്പോള്‍ ചവിട്ടുപടികളുള്ള നീന്തല്‍കുളങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയുണ്ടായി. അന്ന് ജീവിച്ചിരുന്നവര്‍ അവരുടെ വീടുകളിലും ബാത്ത്ടബ്ബുകള്‍ ഉപയോഗിക്കുന്നതായി കണ്ടു. ഭാരതത്തില്‍ മാത്രമല്ല ഗ്രീസിലും റോമിലും ആളുകള്‍ ഇതുപയോഗിച്ചിരുന്നു. ഇപ്പോഴും ദ്രവിച്ച്‌പോയ ബാത്ത്ടബ്ബുകള്‍ റോമിലെ പല സ്ഥലത്തും നിന്നും കണ്ടെടുക്കുന്നുണ്ട്. നെപ്പോളിയന്റെ രാജ്ഞി ജോസ്ഫിന്‍ ബോണപ്പാര്‍ട് കുളിച്ചിരുന്ന ടബ്ബിന്റെ മ്രുഗമദ ഗന്ധം അത് നിര്‍മ്മിച്ച കൊല്ലത്തിനു 150 വര്‍ഷങ്ങള്‍ക്ക് ശേഷവും നഷ്ടപ്പെട്ടില്ലത്രെ.

അമേരിക്കയിലെ മഞ്ഞ് വീഴുന്ന നഗരങ്ങള്‍ വേനലിനെ കാത്തിരിക്കുന്നു. നീന്തല്‍ക്കുളങ്ങളില്‍ നീരാടുവാന്‍, ജലധാരായന്ത്രങ്ങള്‍ വീഴ്തുന്ന ജല കണങ്ങളുടെ കുളിര്‍മ്മ ആസ്വദിച്ചിരിക്കാന്‍, വെറുതെ വെയില്‍ കായാന്‍. വെളു തൊലിയുള്ളവരോട് സൂര്യദേവനു വലിയ പ്രിയമില്ല. അവരുടെ തൊലി കരുവാളിപ്പിച്ച് അത് ഉരിയിച്ച് കളയാന്‍ അദ്ദേഹത്തിനു വലിയ രസമാണു്. എന്തായാലും ഇന്ത്യകാരനു പിന്നെ അങ്ങനെ ഒരു വേവലാതിയില്ല. കാരണം അവന്റെ തവിട്ട് നിറം ദൈവത്തിന്റെ വരദാനമാണു്. ദൈവം ആദ്യമായി മനുഷ്യനെ സ്രുഷ്ടിക്കാന്‍ മണ്ണു കുഴച്ച് ഉണ്ടാക്കി അടുപ്പില്‍ വച്ചു. തന്റെ പ്രതിച്'ായയയില്‍ വെന്തു വരുന്ന ആ രൂപം കാണാന്‍ ദൈവത്തിനു തിടുക്കമായി. അദ്ദേഹം അതിനെ അടുപ്പത്ത് നിന്നിറക്കി. വേവ്വ് പോരായിരുന്നു. അത് വല്ലാണ്ട് വെളുത്ത് പോയി.. അതാണു സായിപ്പ് എന്ന് മലയാളി പറയുന്ന വെളുത്ത വര്‍ഗ്ഗക്കാര്‍. പിന്നെ ദൈവം മനുഷ്യനെ രണ്ടാമതുണ്ടാക്കി അതീവ ക്ഷമയോടെ കാത്തിരുന്നതിനു ശേഷം അടുപ്പത്ത് നിന്നിറക്കിയപ്പോള്‍ അതാകെ കത്തി കരിഞ്ഞ് കരിക്കട്ട പോലെയിരുന്നിരുന്നു. അതാണു കറുമ്പര്‍. പിന്നെ ദൈവം സമയം നോക്കി, പാകം നോക്കി, എല്ലാം ശരിയായി കണക്ക്കൂട്ടി നിര്‍മ്മിച്ചെടുത്തു ഒന്നിനെ അതാണത്രെ തവിട്ട് നിറമുള്ള ഭാരതീയര്‍.

പ്രഭാതസൂര്യന്റെ ഇളംചൂടേറ്റ് കുളിക്കാനിറങ്ങുന്നവര്‍ അങ്ങ് ഭാരതത്തില്‍ സൂര്യദേവനെ വന്ദിച്ചു. സൂര്യശതകം എന്ന സ്തുതിയുടെ സാരം ഇങ്ങനെയാണു്. ആദിദേവനായ ഭാസ്കരാ, ദിവാകരാ. അങ്ങേക്ക് സ്തുതി. ഏഴു കുതിരകളെപൂട്ടിയ രഥത്തില്‍ സഞ്ചരിക്കുന്ന, വെള്ളതാമര പാണികളിലേന്തുന്ന കാശ്യപപുത്രനായ അങ്ങേക്ക് സ്തുതി. ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാരുടെ മുഴുവന്‍ ഗുണങ്ങളുള്ള അങ്ങ് മഹാശൂരനാണു്. ബ്രുഹത്തായ ഊര്‍ജ്ജം നീ ലോകം മുഴുവന്‍ വായുവിനെപോലെ പകരുന്നു. ഒരു വിടര്‍ന്ന ചെമ്പരുത്തി പൂ പോലെ നീ പ്രത്യക്ഷ്‌പ്പെടുന്നു. മാലയും കാതില്‍ കുണ്ഡലങ്ങളു കയ്യില്‍ ചക്രായുധവുമുള്ള നിന്നെ ഞാന്‍ സ്തുതിക്കുന്നു. വെളിച്ചം ഉണ്ടാക്കുന്നവനേ, പകലോനെ, പ്രകാശിക്കുന്നവനേ നിനക്ക് സ്തുതി. ഇത് കൂടാതെ പ്രഭാതവേളയില്‍ ഹിന്ദുക്കള്‍ ചൊല്ലുന്ന ഒരു മന്ത്രമാണു് ഗായത്രി. ഇത് പ്രകാശവും ജീവനും നല്‍കുന്ന സൂര്യദേവനോടുള്ള ഒരു പ്രാര്‍ത്ഥനയായി കണക്കാക്കുന്നു. പ്രഭാതം, മദ്ധ്യാഹ്നം, സായാഹ്നം ഇങ്ങനെ മൂന്നു സമയങ്ങളിലാണു ഇത് ചൊല്ലേണ്ടത്. ഇതിന്റെ ഫലം കിട്ടണമെങ്കില്‍ ഇത് 108 തവണ ചൊല്ലണമെന്നാണു്. ഇത് ചൊല്ലുന്നത് കൊണ്ട് അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും ഒരുമ്പെട്ടാല്‍ നിരാശയായിരിക്കും ഫലം. പിന്നെ എന്തിനു ഇത് ചൊല്ലുന്നു. ഇതിലെ വരികളുടെ അര്‍ഥം ശ്രദ്ധിക്കുക - സര്‍വ്വ ശക്തനായ ദൈവം നമ്മുടെ ബുദ്ധിയെ പ്രകാശിപ്പിച്ച് നല്ല വഴിയിലേക്ക് നയിക്കണേ. ബുദ്ധിയുണ്ടായിട്ട് കാര്യമില്ല, അത് പ്രകാശിപ്പിച്ച് (അതായ്ത് ഉപയോഗിച്ച്) നന്മകള്‍ ചെയ്യണം. എങ്കില്‍ ഫലം കാണും. അല്ലാതെ നനഞ്ഞ മുണ്ടും ചുറ്റി കണ്ണടച്ച് നിന്ന് ഇത് ചൊല്ലിയാല്‍ പനി പിടിക്കുമെന്നല്ലാതെ വേറെ എന്തെങ്കിലും സംഭവിക്കുമോ എന്നറിഞ്ഞ്കൂടാ. (ഭര്‌ഗോ ദേവസ്യ ധീമഹി/ധിയോ യോ ന: പ്രചോദയാ ത്) ഈ മന്ത്രം പന്ത്രണ്ട് മാസവും ചൊല്ലുമെങ്കിലും വേനല്‍കാല മാസങ്ങളില്‍ എല്ലാവരും നേരത്തെ കുളിക്കുന്നത് കൊണ്ട് മന്ത്രം ചൊല്ലുന്നവരുടെ കോലാഹലം കൊണ്ട് സ്‌നാനഘട്ടങ്ങള്‍ മുരിതമായിരിക്കും.

ന്യൂയോര്‍ക്ക്കാര്‍ക്ക് ഈയാഴ്ചത്തെ കാലാവസ്ഥ അത്ര സുകരമായിരുന്നില്ല. നല്ല ചൂട് കൊണ്ട് ഭൂമിയും സകല ചരാചരങ്ങളും ക്ഷീണിച്ച്‌പോയി. സൂര്യദേവന്‍ ഇടക്കൊക്കെ ഇങ്ങനെ ചില പരാമ്രങ്ങള്‍ ചെയ്യാറുണ്ട്. ധനുര്‍വിദ്യയില്‍ കേമനായ ജമദഗ്നി വേനല്‍കാലത്തെ ഒരു ദിവസം അസ്ര്തങ്ങള്‍ അയച്ച് തന്റെ വിരുത് പ്രക്ടിപ്പിക്കയായിരുന്നു. ചെന്ന് വീഴുന്ന അസ്ര്തങ്ങള്‍ പെറുക്കി കൊണ്ട് വന്നിരുന്നത് അദ്ദേഹത്തിന്റെ പത്‌നി രേണുകയാണു്. അസഹ്യമായ ചൂടുള്ള ആ ദിവസം അസ്ര്തങ്ങള്‍ പെറുക്കാന്‍ നടന്ന് രേണുകയുടെ കാല്‍ വെള്ളയിലെ തൊലി പോയി അവിടെയെല്ലാം ചുവന്ന് തടിച്ചു. തന്നെയുമല്ല ചൂടിന്റെ ആധിക്യത്താല്‍ അവര്‍ പരവശയായിരുന്നു. മുനിക്ക് ഇത് സഹിച്ചില്ല. മുനി അമ്പുകള്‍ സൂര്യനു നേരെ തൊടുത്തു. അനവധി അസ്ര്തങ്ങള്‍ അയച്ചിട്ടും ഒന്നും സൂര്യദേവനെ സ്പര്‍ശിച്ചില്ല. അപ്പോള്‍ ഒരു ബ്രാഹ്മണന്‍ അവിടെയെത്തി മുനിയോട് പറഞ്ഞു, സൂര്യനു നേരേ അമ്പെയ്തിട്ടു എന്തു കാര്യം. അദ്ദേഹം ഭൂമിയിലെ മനുഷ്യരെ കര്‍മ്മനിരതരാക്കാന്‍ അവര്‍ക്ക് ഉര്‍ജ്ജം പകരുകയല്ലേ? ഇങ്ങനെ ഊര്‍ജ്ജം പകര്‍ന്നാല്‍ മനുഷ്യര്‍ വശകേടായി പോകും. ബ്രാഹ്മണന്‍ പറഞ്ഞു. നിങ്ങള്‍ എയ്ത് വിടുന്ന ഒരമ്പ് പോലും സൂര്യനില്‍ കൊള്ളുന്നില്ല. സൂര്യന്‍ തലക്ക് മേല്‍ വരുമ്പോള്‍ കൊള്ളും, അത് വരെ ഞാന്‍ അമ്പെയ്ത്‌കൊണ്ടിരിക്കും. ന്യൂയോര്‍ക്ക്കാര്‍ക്ക് അമ്പെയ്യാന്‍ കഴിയാത്തത് മൂലം അവര്‍ ലെമോണെയ്ഡും, ലസ്സിയും, അതെപോലെ ശീതളപാനീയങ്ങള്‍ കുടിച്ച് ചൂടില്‍ നിന്നും ആശ്വാസം തേടി. വലിയ കുടകള്‍ നിവര്‍ത്തി അതിന്റെ 'ായയില്‍ ഇരുന്നു. ജലധാരയന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു. എന്തായാലും മുനി അമ്പെയ്തത് കൊണ്ടു ഒരു ഗുണമുണ്ടായി. ബ്രാഹ്മണന്റെ വേഷത്തില്‍ വന്നത് സൂര്യനായിരുന്നു. സൂര്യ ദേവന്‍ മുനിക്ക് വെയിലത്ത് ചൂടാന്‍ കുടയും, കാലിലിടാന്‍ പാദുകങ്ങളും നല്‍കി. കുടയും, ചെരിപ്പും കണ്ടു പിടിച്ചത് ഇന്ത്യകാരാണെന്ന് മേല്‍ പറഞ്ഞ കഥയുടെ ബലത്തില്‍ അവര്‍ അവകാശം ഉന്നയിക്കുന്നു.

നിങ്ങള്‍ സത്യസന്ധമായി പ്രക്രുതിയെ സ്‌നേഹിക്കയാണെങ്കില്‍ നിങ്ങള്‍ക്ക് എല്ലായിടത്തും സൗന്ദര്യം കാണാന്‍ കഴിയും.(വിന്‍സെന്റ് വാന്‍ ഗോഗ്). വിശ്രമം അലസതയല്ല, വെള്ളച്ചാട്ടത്തിന്റെ കളകളാരവം കേട്ട്, ആകാശത്തില്‍ മേഘങ്ങള്‍ സഞ്ചരിക്കുന്നത് നോക്കി, വേനല്‍കാലത്തെ ഒരു ദിവസം ഒരു മരത്തിന്റെ ചുവട്ടില്‍ കിടക്കുന്നത് ഒരിക്കലും സമയം പാഴാക്കലല്ല. ( ജെ.ലബക്ക്). വീടിന്റെ പുറക് വശത്ത് പൂക്കളും, പച്ചക്കറികളും, പച്ചപ്പുല്ലും ചേര്‍ന്ന് സൂര്യരശ്മിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന സുഗന്ധദ്രവ്യത്തിനു മനുഷ്യ മനസ്സുകളെ മോഹിപ്പിക്കാനും, ആനന്ദിപ്പിക്കാനും കഴിയും. ശ്രദ്ധിക്കയാണെങ്കില്‍ അവിടെ പ്രക്രുതിയെന്ന സുന്ദരിയുടെ മുഗ്ധഭാവങ്ങള്‍ കാണാം.സുഗന്ധം വര്‍ണ്ണങ്ങളെപോലെ ഗോചരമായിരുന്നെങ്കില്‍ വേനല്‍കാല തോട്ടങ്ങള്‍ മഴവില്‍ മേഘങ്ങളെപോലെ കാണപ്പെടുമായിരുന്നു.(റോബര്‍ട്ട് ബ്രിഡ്ജ്‌സ്) ഇലകളിക്കിടയിലൂടെ താഴെ പുല്ലില്‍ വീഴുന്ന സൂര്യകിരണങ്ങള്‍ സ്വര്‍ണ്ണനാണയങ്ങള്‍ പോലെ തിളങ്ങുന്നത് ഒരു പൂച്ച നോക്കിനിന്ന് കണ്ണിറുക്കുകയാണു്. ഇലകള്‍ അനങ്ങുമ്പോള്‍ ആ സ്വര്‍ണ്ണ വട്ടങ്ങള്‍ ഇളകും. പൂച്ച അപ്പോള്‍ ഏകാഗ്രതയോടെ അതിന്റെ വാല്‍ നീട്ടിപിടിച്ച് മുന്‍ കാലുകള്‍ നീട്ടി ഒരു ആക്രമണത്തിനു ബാല്യമുണ്ടെന്ന് ഭാവത്തില്‍ നിന്ന് മ്യാവ് എന്ന് സന്നദ്ധത പ്രകടിപ്പിക്കുന്നു. ഇതൊന്നുമറിയാതെ ഒരണ്ണാറക്കണ്ണന്‍ അവിടെയെല്ലം ഓടി നടക്കുന്നു. നമ്മെ സന്തോഷിപ്പിക്കാന്‍ പ്രക്രുതി എന്തെല്ലാം ഒരുക്കുന്നു. ജോസഫ് നമ്പിമഠം എന്ന അമേരിക്കന്‍ മലയാള കവി തന്റെ ബാക്ക്-യാര്‍ഡില്‍ ഒരു വാരാന്ത്യ സായാഹനത്തില്‍ വിശ്രമിക്കുമ്പോള്‍ ആകാശത്തില്‍ കണ്ട മേഘങ്ങളെ കുറിച്ച് കവിത എഴുതുന്നു. മാജിക്കല്‍ റിയലിസം കവിതയില്‍ കൊണ്ട് വരുന്നു.

കവികളേയും കലാകാരന്മാരേയും മാത്രമല്ല ജീവിതത്തിന്റെ എല്ലാ തുറകളിലുള്ളവര്‍ക്കും വേനല്‍കാല ദിനങ്ങള്‍ ഉന്മേഷം പകരുന്നു. സ്‌നേഹത്തിന്റെ തത്വശാസ്ര്തം എന്ന കവിതയില്‍ ഇംഗ്ലീഷ് കവി ഷെല്ലി എഴുതുന്നു ഈ ലോകത്തില്‍ ഒന്നും ഒറ്റക്കല്ല. ഏതൊ ദൈവീകമായ നീതിയാല്‍ എല്ലാം ഒരേ പ്രാണനായി കൂട്ടി മുട്ടുന്നു, കൂടിച്ചേരുന്നു. ഉദാഹരണങ്ങള്‍ ഇങ്ങനെ ഉദ്ധരിക്കുന്നു. സ്വര്‍ഗ്ഗസീമകളെ പര്‍വ്വതങ്ങള്‍ ഉമ്മവയ്ക്കുന്നു. തിരമാലകള്‍ തമ്മില്‍ തമ്മില്‍ കെട്ടിപ്പിടിക്കുന്നു. പൂങ്കുലകള്‍ കൂട്ടമായി പൂത്തുലയുന്നു. സൂര്യകിരണങ്ങള്‍ ഭൂമിയെ ചുംബിക്കുന്നു, ചന്ദ്രരശ്മികള്‍ സമുദ്രത്തെ ചുംബിക്കുന്നു. എന്നിട്ട് ചോദിക്കുന്നു. ഇതിനൊക്കെ എന്തു പ്രാധാന്യം നീ എന്നെ ചുംബിക്കുന്നില്ലെങ്കില്‍.

വേനല്‍ പകലുകള്‍ക്ക് നീളം കൂട്ടി കൊടുത്തത് മനുഷ്യര്‍ക്ക് കണ്ടാലും കണ്ടാലും മതി വരാത്ത സുകുമാരദ്രുശ്യങ്ങള്‍ ഉള്ളത് കൊണ്ടായിരിക്കാം. വേനല്‍കാല അവുധിക്ക് മറ്റു സ്തലങ്ങളിലേക്ക് വിനോദ യാത്ര പോകാന്‍ നിങ്ങളുടെ മടിശ്ശീല അനുവദിക്കുന്നില്ലെങ്കില്‍, ആരോഗ്യം തടസ്സമാകുന്നെങ്കില്‍ ഒരു പുസ്തകം കയ്യില്‍ എടുക്കുക. അമേരിക്കന്‍ കവയിത്രി എമിലി ഡിക്കിന്‍സന്റെ കവിതയില്‍ അവര്‍ പറയുന്നു- നിങ്ങളെ ഓരോ സ്തലത്തേക്കും കൂട്ടികൊണ്ട് പോകാന്‍ പുസ്തകത്തിനോളം നല്ല കപ്പലുകള്‍ ഇല്ലെന്ന്. വേനല്‍ ആസ്വദിക്കുക, ദിവസങ്ങള്‍ കഴിഞ്ഞ്‌പോകുന്നു.

(തുടരും)
Join WhatsApp News
നാരദന്‍ 2018-08-07 12:28:45
നല്ല ചന്തം ഉള്ള എഴുത്ത്, ജയഭാരതിയെ കാണുമ്പോള്‍ തോന്നുന്ന ഇക്കിളി പോലെ ഉള്ള എഴുത്ത്. സാരദയുടെ ചുഴിഞ്ഞു കയറുന്ന കണ്ണുകള്‍ പോലെ ഉള്ള വാക്കുകള്‍, ഷീലയുടെ നടത്തം പോലെ ഉള്ള വര്‍ണന പിന്നെ നമ്മുടെ ഇന്ത്യയില്‍ എന്തെല്ലാം കണ്ടു പിടിച്ചു, വിമാനം, മിസെയില്‍, കുട, ചെരുപ്പ് അങ്ങനെ പലതും പഷേ ഇന്നും 2 ക്ക് പോകാന്‍ കക്കൂസ് ഇല്ല. റെയില്‍ പാളത്തില്‍ ആണ് ഇന്നും 2 ക്കു
ജോസഫ്‌ നന്പിമഠം 2018-08-07 14:06:31
നന്ദി, പ്രിയ സുധീർ.
P R Girish Nair 2018-08-07 18:51:00
എഴുത്തിന്റെ മനോഹാരിത കൂടി കൊണ്ടേ ഇരിക്കുന്നു ... വേനല്‍ ചൂടിനെ മാറ്റി ... വീട്ടില്‍ പോലും കിട്ടാതിരുന്ന ദിനങ്ങള്‍ ...വേനല്‍ ദിനങ്ങളുടെ മനോഹാരിത...ലേഖനം വായിക്കുന്ന ആരുടെയും മനസ്സിനെ  ആര്‍ദ്രമക്കാന്‍ വരികളിലൂടെയുള്ള കാഴ്ചകള്‍ക്ക് കഴിഞ്ഞിരിക്കുന്നു. അഭിനന്ദനം...
നാരദന്‍ 2018-08-07 19:37:16
നമ്പി മഠം  എങ്ങനെ നന്പി മഠം ആയി?
വിദ്യാധരൻ 2018-08-07 21:18:49
കുഞ്ചൻ നമ്പ്യാർ ഒരിക്കൽ ശ്രീപത്മാനാഭക്ഷേത്രത്തിൽ തൊഴാൻ ചെന്നു . അവിടുത്തെ ശാന്തിക്കാരൻ നമ്പി കുഞ്ചൻമ്പ്യാരോട് 'താൻ ആരാണെന്ന്' ചോദിച്ചു. അതിന് നമ്പിയാർ(?) എന്ന് ഉത്തരം ചോദ്യരൂപത്തിൽ പറഞ്ഞു. അത് ശാന്തിക്കാരൻ നമ്പി ക്ക് ഇഷ്ടപ്പെട്ടില്ല . നമ്പ്യാർ ധിക്കാരം പറഞ്ഞതായി രാജാവിനെ അറിയിച്ചു മഹാരാജാവ് നമ്പ്യാരെ വിളിച്ച് കാര്യം തിരക്കി .  നമ്പ്യാർ ശ്ലോകത്തിലൂടെ വിവരം ധരിപ്പിച്ചു 

നമ്പി ആരെന്നു ചോദിച്ചു 
നമ്പിയാരെന്നു ചൊല്ലിനേന്‍ 
നമ്പി, കേട്ടഥ കോപിച്ചു 
തമ്പുരാനേ പൊറുക്കണം. 

അതിലെ രസികത്വം മനസ്സിലാക്കി രാജാവ് സന്തോഷിച്ചു......

'വേനൽ പകലിൽ ഇത്തിരിനേരം ' ഇരിക്കേണ്ടതിന് പകരം നാരദരും നമ്പിമഠവും  കണ്ടമാനം സമയം ചിലവഴിച്ചത് കാരണം തലമണ്ട ചൂടാകുകയും 

നമ്പിമഠത്തിനെ 
നന്പിമഠമാക്കിയ 
നമ്പിമഠത്തിനോട് 
'നന്പി- മഠമായെതെങ്ങെനെന്ന് 
ചോദിച്ച    നാരദരോട്   
നമ്പിമഠമെ ക്ഷമിച്ചാലും
ജോസഫ് നന്പിമഠം 2018-08-08 01:32:31
ഒരു ഗവേഷണ വിഷയമാക്കാൻവകുപ്പുണ്ട് നാരദ മുനീന്ദ്രാ. ഒരു പി എച്ച്‌ ഡി എങ്ങാനും കിട്ടിയാൽ, ഡോക്ടർ നാരദൻഎന്നു വിളിക്കാമല്ലോ!

നാരദന്‍ 2018-08-08 13:38:22

വിധ്യദരന്‍ മാഷേ, നമ്പിമഠം മാഷേ ഡാലസില്‍ തന്നെ ഉണ്ടല്ലോ അനേകം വ്യാജര്‍

അവര്‍ ആരോ ജോസഫ്‌ നമ്പി മഠം എന്ന പേരില്‍ എഴുതുന്നുവോ എന്ന് അറിയുവാന്‍ വേണ്ടി ചെറുതായി ഒന്ന് ചൊറിഞ്ഞു നോക്കി എന്ന് മാത്രം.

കോപം എന്മേല് അരുതേ പ്രിയരേ

ദാള്ളസില്‍ ൧൦൨ ഡിഗ്രീ ചൂടില്‍ ആരൊക്കെ എന്തെല്ലാം കാട്ടുന്നു വോഡ്ക തന്‍ സ്പിരിറ്റില്‍

ഒരു ഡാല്ലാസ് ഫോമാക്കാരന്‍ അങ്ങ് ന്യൂ യോര്‍കില്‍ ചെന്ന് ഒരു തോറ്റ സ്ഥാനാര്‍ഥി തന്‍ പിടലിക്ക് പിടിച്ചെന്നും അടി കൊടുത്തു എന്നും അറിയുന്നു നാരദന്‍ 

ജോസഫ് നന്പിമഠം 2018-08-08 15:40:13
 പരന്പരാഗതമായി ഉള്ള കുടുംബ പേരാണ് നന്പിമഠം എന്നത്‌. അത് അമേരിക്കയിൽവന്നിട്ടും കൈവിട്ടിട്ടില്ല. ഗൂഗിളിൽമലയാളം ടൈപ്പ്‌ ചെയ്യുന്പോൾഎത്ര സൂക്ഷിച്ചു ചെയ്താലും പലയിടത്തും പല രീതിയിലാണ് കാണപ്പെടുക. അതുകൊണ്ടാണ് അതിനെപ്പറ്റി ഒരു ഗവേഷണം നടത്താൻ പറഞ്ഞത്. ഒരു കോപവും ഇല്ല. ഞാനാരാണെന്നു എനിക്കറിയാമെങ്കിൽ, ഞാനാരാണെന്ന്  ആരോടും ചോദിക്കേണ്ട കാര്യമില്ലല്ലോ! അൽപ്പം തമാശ കലർത്തി മറുപടി കുറിച്ചു എന്നേയുള്ളു. നാരദനും, വിദ്യാധരനും, ലേഖനം എഴുതിയ സുധീറിനും നന്ദി.
ജോസഫ് നന്പിമഠം  
തോമസ് പണിക്കർ 2018-08-08 19:51:55
നമ്മൾ  ക്രിസ്ത്യാനികൾക്കൊക്കെ അല്ലെങ്കിലും ഒരു  ബ്രമ്ഹണ പാരമ്പര്യം ഉണ്ടല്ലോ? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക