Image

ട്രംപ് നയത്തില്‍ ഇടഞ്ഞ് ഇന്ത്യന്‍ നയതന്ത്രജ്ഞ ജോലി വിട്ടു

Published on 26 September, 2018
ട്രംപ് നയത്തില്‍ ഇടഞ്ഞ് ഇന്ത്യന്‍ നയതന്ത്രജ്ഞ ജോലി വിട്ടു
വാഷിങ്ടണ്‍: നയതന്ത്ര രംഗത്ത് 27 വര്‍ഷം അമേരിക്കയ്ക്ക് വേണ്ടി ശബ്ദിക്കുകയും വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത ഇന്ത്യാക്കാരി അസ്‌റ സിയ ട്രംപിന്റെ കടുത്ത സ്വദേശി വല്‍ക്കരണ നയത്തില്‍ പ്രതിഷേധിച്ച് ജോലി വിട്ടു. ഡെമോക്രസി, ഹ്യൂമന്‍ റൈറ്റ്‌സ്, ലേബര്‍ എന്നിവയുടെ ആക്ടിങ് അസിസ്റ്റന്റ് യു.എസ് സെക്രട്ടറി എന്ന നിലയില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വച്ച അസ്‌റ സിയ ഒബാമയ്ക്ക് ശേഷമുള്ള അമേരിക്കന്‍ സര്‍ക്കാരിന്റെ നയങ്ങളിലും കടുത്ത നിലപാടുകളിലും തീര്‍ത്തും അസംതൃപ്തയായാണ് പടിയിറങ്ങിയത്.

അസ്‌റ സിയ 1990ലാണ് അമേരിക്കന്‍ വിദേശ സര്‍വീസില്‍ പ്രവേശിക്കുന്നത്. ജോര്‍ജ് ഡബ്‌ള്യു ബുഷിന്റെയും ബറാക് ഒബാമയുടെയും കാലത്ത് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡൈവേഴ്‌സിറ്റിയുടെ വളര്‍ച്ച ആശാവഹമായിരുന്നുവെങ്കില്‍ ട്രംപ് ഭരണത്തില്‍ അത് കൂപ്പു കുത്തുകയാണെന്ന കാര്യത്തില്‍ അസ്‌റ സിയയ്ക്ക് തര്‍ക്കമില്ല.

2018 ജൂണിലെ കണക്ക് പ്രകാരം അമേരിക്കന്‍ വിദേശ സര്‍വീസിലെ 6.8 ശതമാനവും ഏഷ്യന്‍ വംശജരായിരുന്നു. 2010ലെ യു.എസ് സെന്‍സസ് പ്രകാരം യഥാര്‍ത്ഥ ഏഷ്യന്‍-അമേരിക്കന്‍ ജനസംഖ്യയേക്കാള്‍ അല്‍പം കൂടുതലാണിത്. യു.എസ് വിദേശ സര്‍വീസിലുള്ള ഹിസ്പാനിക്കുകളുടേത് 6 ശതമാനവും ആഫ്രിക്കന്‍ അമേരിക്കക്കാരുടേത് 5.4 ശതമാനവുമാണ്. എന്നാല്‍ നേറ്റീവ് അമേരിക്കക്കാരുടേത് 0.3 ശതമാനം മാത്രമാണ്. ട്രംപ് ഭരണത്തിന്റെ ആദ്യത്തെ അഞ്ച് മാസത്തിനുള്ളില്‍ മൂന്ന് മുതിര്‍ന്ന ആഫ്രിക്കന്‍-അമേരിക്കന്‍ കരിയര്‍ ഒഫീഷ്യല്‍സും ഉയര്‍ന്ന റാങ്കിലുള്ള ഒരു ലാറ്റിനോ കരിയര്‍ ഓഫീസറും രാജി വയ്ക്കുകയോ പുറത്താക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.

ഈ പ്രവണത തുടരുമെന്നു തന്നെയാണ് അസ്‌റ സിയ ചൂണ്ടിക്കാട്ടുന്നത്. ഉയര്‍ന്ന നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷങ്ങളായ നയതന്ത്രജ്ഞരെ ജോലിയില്‍ നിന്ന് ബോധപൂര്‍വം മാറ്റിനിര്‍ത്തുകയാണെന്ന് സിയ പറയുന്നു. അവരെ സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളിലേയക്ക് ക്ഷണിക്കുന്നതേയില്ല.

സിയയെ സംബന്ധിച്ചിടത്തോളം ഇത്തരം മാറ്റിനിര്‍ത്തപ്പെടലിന്റെ, അവഗണിക്കപ്പെടലിന്റെ തുടക്കം അവര്‍ പാരീസിലെ യു.എസ് എമ്പസിയില്‍ ജോലി ചെയ്യുമ്പോള്‍ ട്രംപിന്റെ ബാസ്റ്റില്‍ ഡേ സന്ദര്‍ശനത്തോടെയാണ്. വാഷിങ്ടണിലേയ്ക്ക് തിരിച്ചെത്തിയ സിയയെ മുന്‍കൂര്‍ വിശദീകരണമൊന്നുമില്ലാതെ ഗൗരവതരമായ ഔദ്യോഗിക ജോലികള്‍ നിര്‍വഹിക്കുന്നതില്‍ നിന്നും വിലക്കുകയായിരുന്നു.

''രണ്ട് വ്യത്യസ്ത ഉദാഹരണങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. എന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞ കാര്യമാണിത്. ബ്രെയ്റ്റ് ബാര്‍ട്ട് ടെസ്റ്റ് പാസാകാത്തതു കൊണ്ട് എന്നെയും ഒരു ആഫ്രിക്കന്‍-അമേരിക്കന്‍ വനിതാ ഓഫീസറെയും നേതൃസ്ഥാനങ്ങളിലേയ്ക്ക് പരിഗണിക്കേണ്ടതില്ലെന്ന് ഒരു മുതിര്‍ന്ന സ്റ്റേറ്റ് ഉദ്യോഗസ്ഥന്‍ ശഠിച്ചുവത്രേ. 27 വര്‍ഷമായി ഞാന്‍ അമേരിക്കന്‍ താത്പര്യങ്ങള്‍ക്കു വേണ്ടി മാത്രം സേവനം ചെയ്യുന്നു. എനിക്ക് ഇനി ഈ സംവിധാനത്തിന്റെ ഭാഗമായിരിക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ടാണ് ഈ വര്‍ഷം ആദ്യം ഞാന്‍ പടിയിറങ്ങിയത്...''  സിയ വിശദീകരിച്ചു.

തന്റെ 27 വര്‍ഷത്തെ ഔദ്യോഗിക കാലാവധിയില്‍ ജമൈക്ക. ഈജിപ്റ്റ്, സിറിയ, ഒമാന്‍, ഇന്ത്യ എന്നിവിടങ്ങളിലെ അമേരിക്കന്‍ എമ്പസികളില്‍ സിയ ജോലി ചെയ്തിട്ടുണ്ട്. 9/11 ആക്രമണത്തിലും അതിനു ശേഷവും ലോകം എത്രത്തോളം അമേരിക്കയോട് ചേര്‍ന്ന് നിന്നുവെന്നും ദേശ-ഭാഷാ വ്യത്യാസങ്ങളില്ലാതെ അമേരിക്കയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുവെന്നും സിയയും മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ അന്ധമായ സ്വദേശീ വാദത്തിലൂടെ ട്രംപ് ലോകത്തിന്റെ സ്‌നേഹവും സൗഹാര്‍ദവും നിരസിക്കുകയാണോ എന്ന ആശങ്ക അസ്‌റ സിയയ്ക്കുണ്ട്.

ട്രംപ് നയത്തില്‍ ഇടഞ്ഞ് ഇന്ത്യന്‍ നയതന്ത്രജ്ഞ ജോലി വിട്ടു
Join WhatsApp News
Curious 2018-09-26 13:45:45
ട്രംപ് തോണ്ടുകയോ പിടിക്കുകയോ വല്ലതും ചെയ്യിത്തിട്ടാണോ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക