Image

ഒട്ടേറെ പ്രത്യേകതകളുമായി ഫോമാ കണ്‍വെന്‍ഷന്‍

ജോയിച്ചന്‍ പുതുക്കുളം Published on 10 April, 2012
ഒട്ടേറെ പ്രത്യേകതകളുമായി ഫോമാ കണ്‍വെന്‍ഷന്‍
ന്യൂയോര്‍ക്ക്‌: വടക്കേ അമേരിക്കന്‍ മലയാളികളുടെ ഐക്യ വേദിയായ ഫോമാ (ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ അമേരിക്കാസ്‌) യുടെ മൂന്നാമത്‌ അന്തര്‍ദേശീയ കണ്‍വെന്‍ഷന്‍ 2012 ഓഗസ്റ്റ്‌ 1 മുതല്‍ 6 വരെ ലോകത്തിലെ ആഢംബര കപ്പലായ കാര്‍ണിവല്‍ ഗ്ലോറിയില്‍ അരങ്ങേറുമ്പോള്‍ ഒട്ടേറെ സവിശേഷതകളാല്‍ പ്രവാസി മലയാളികളുടെ ചരിത്രത്തിന്റെ ഏടുകളില്‍ ഇടംപിടിക്കുകയാണ്‌.

ഫോമയുടെ ഒന്നാമത്‌ കണ്‍വെന്‍ഷന്‍ ഹൂസ്റ്റണില്‍ ശശിധരന്‍ നായരുടെ നേതൃത്വത്തിലും, രണ്ടാമത്‌ കണ്‍വെന്‍ഷന്‍ ലാസ്‌വേഗസില്‍ ജോണ്‍ ടൈറ്റസിന്റെ നേതൃത്വത്തിലും വളരെ മനോഹരമായി നടത്തപ്പട്ടപ്പോള്‍ മൂന്നാമത്‌ കണ്‍വെന്‍ഷന്‌ ചുക്കാന്‍ പിടിക്കാന്‍ ബേബി ഊരാളലും, ബിനോയ്‌ തോമസും, ഷാജി ഏഡ്വേര്‍ഡും, സണ്ണി പൗലോസും അടങ്ങിയ ടീം മുന്നോട്ടിറങ്ങിയിരിക്കുകയാണ്‌. വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഫോമയുടെ അമ്പതോളം അംഗസംഘടനകളില്‍ നിന്നും ഫോമയുടെ അഭ്യുദയകാംക്ഷികളില്‍ നിന്നും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ ശക്തമായ പ്രതികരണമാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌.

2012 ഓഗസ്റ്റ്‌ ഒന്നിന്‌ ബുധനാഴ്‌ച ന്യൂയോര്‍ക്കിലെ അംബര്‍ പാലസില്‍ നിന്നും ഉദ്‌ഘാടന സമ്മേളനത്തിനുശേഷം പുറപ്പെടുന്ന കാര്‍ണിവല്‍ ഗ്ലോറി 1500-ഓളം ഫോമാ കുടുംബാംഗങ്ങളേയും കൊണ്ട്‌ കാനഡയിലേയും ന്യൂയോര്‍ക്കിലേയും വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കറങ്ങി ഓഗസ്റ്റ്‌ ആറിന്‌ മടങ്ങിയെത്തുമ്പോള്‍ ജീവിതത്തിലെക്കാലവും ഓര്‍മ്മിക്കാവുന്ന ഒരു നല്ല സംഭവമായിരിക്കുമെന്ന്‌ യാതൊരു സംശയവുമില്ല.

ഫൈവ്‌ സ്റ്റാര്‍ ഹോട്ടലിന്റെ സൗകര്യമൊരുക്കുന്ന കാര്‍ണിവല്‍ ഗ്ലോറിയില്‍ 1200 ജോലിക്കാരും ക്യാപ്‌റ്റന്‍മാരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്‌ ഫോമാ കണ്‍വെന്‍ഷന്‍ പ്രതിനിധികളെ വരവേല്‍ക്കാന്‍. നാലു പേര്‍ക്ക്‌ വരെ കുടുംബമായി താമസിക്കാവുന്ന ബാല്‍ക്കണി, ഔഷ്യന്‍ വ്യൂ, ഇന്‍സൈഡ്‌ ക്യാബിന്‍ തുടങ്ങി വ്യത്യസ്‌തങ്ങളായ മുറികളും 1500 പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയം, തീയേറ്റര്‍, ബാസ്‌ക്കറ്റ്‌ ബോള്‍, വോളിബോള്‍, ടെന്നീസ്‌ കോര്‍ട്ടുകള്‍, കാസിനോ, ക്ലബ്‌, ചര്‍ച്ച്‌, സ്വിമ്മിംഗ്‌ പൂള്‍, സോണാ ബാത്ത്‌ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഒരുക്കുന്ന ഗ്ലോറിയുടെ മൊത്തം നീളം ആയിരത്തിനുമേല്‍ അടിയാണ്‌. 13 നിലകളുള്ള ഗ്ലോറിയില്‍ 24 മണിക്കൂറും വിവിധയിനം ഭക്ഷണങ്ങളും (കേരളാ ഭക്ഷണം ഉള്‍പ്പടെ) പാനീയങ്ങളും നല്‍കുകയും, ഒട്ടേറെ എന്റര്‍ടൈന്‍മെന്റുകള്‍ ഒരുക്കുകയും ചെയ്യുന്നു.

അതിനപ്പുറം കേരളത്തിലേയും അമേരിക്കയിലേയും കലാകാരന്മാര്‍, ഗായകര്‍, സാമൂഹിക-രാഷ്‌ട്രീയ- മതനേതാക്കള്‍ പങ്കെടുക്കുന്ന ഫോമാ കണ്‍വെന്‍ഷന്‍ കേരളത്തിനിമ സൃഷ്‌ടിക്കും. വിവിധ സമ്മേളനങ്ങള്‍, യുവജനങ്ങള്‍ക്കായി ഫാഷന്‍ ഷോ, ബാസ്‌ക്കറ്റ്‌ ബോള്‍ മത്സരം, വിവിധ മേഖലകളില്‍ കഴിവ്‌ തെളിയിച്ചവര്‍ക്കുള്ള അവാര്‍ഡ്‌, ബാങ്ക്വറ്റ്‌, കലാപരിപാടികള്‍ തുടങ്ങി ഒട്ടേറെ വിഭവങ്ങളാണ്‌ ഫോമ ഒരുക്കുന്നത്‌.

ഫോമയുടെ അഞ്ചുനാള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം ഭാരവാഹികളെ ടെലിഫോണിലൂടെയോ, ഫോമയുടെ വെബ്‌സൈറ്റ്‌ ആയ www.fomaa.com ലൂടെയോ ബന്ധപ്പെടുക. പ്രസിഡന്റ്‌ ബേബി ഊരാളില്‍ (631 805 4406), സെക്രട്ടറി ബിനോയി തോമസ്‌ (240 593 6810), ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌ (917 439 0563), ചെയര്‍മാന്‍ സണ്ണി പൗലോസ്‌ (845 598 5094).
ഒട്ടേറെ പ്രത്യേകതകളുമായി ഫോമാ കണ്‍വെന്‍ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക