Image

മകരവിളക്കിനായി ശബരിമല ഇന്ന് നടതുറക്കും

Published on 30 December, 2018
മകരവിളക്കിനായി ശബരിമല ഇന്ന് നടതുറക്കും

ശബരിമലയില്‍ വന്‍ തിരക്ക്. മകരവിളക്കു തീര്‍ഥാടനത്തിനായി അയ്യപ്പ ക്ഷേത്രനട ഇന്നു തുറക്കും. വൈകിട്ട് 5ന് മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്ബൂതിരിയാണു നട തുറക്കുക. പിന്നീട് പതിനെട്ടാംപടിയിറങ്ങി ആഴി തെളിച്ച ശേഷമേ അയ്യപ്പന്മാരെ പടി കയറാന്‍ അനുവദിക്കൂ. നട തുറക്കുമ്ബോള്‍ തന്നെ ദര്‍ശനം നടത്താനായി ആയിരക്കണക്കിന് അയ്യപ്പന്മാര്‍ എരുമേലിയില്‍ പേട്ട കെട്ടി കാനനപാതയിലൂടെ സന്നിധാനത്തേക്കു നീങ്ങിയിട്ടുണ്ട്. വന്‍ തിരക്കിനെത്തുടര്‍ന്ന് പമ്ബയില്‍ തീര്‍ഥാടകരെ തടഞ്ഞ് പതിയെയാണ് കയറ്റിവിടുന്നത്.

നിലയ്ക്കലിലും പമ്ബയിലും തടഞ്ഞിട്ടുള്ള തീര്‍ഥാടകരെ ഇന്ന് 12 മുതല്‍ പമ്ബയില്‍നിന്നു സന്നിധാനത്തേക്കു കടത്തിവിട്ടുതുടങ്ങി. മകരവിളക്കു കാലത്തെ നെയ്യഭിഷേകം തിങ്കളാഴ്ച രാവിലെ 3.30ന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ ആരംഭിക്കും. എരുമേലി പേട്ടതുള്ളല്‍ ജനുവരി 12നു നടക്കും. തിരുവാഭരണ ഘോഷയാത്ര 12നു പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍നിന്നു പുറപ്പെടും. 13നു പമ്ബ വിളക്കും പമ്ബാസദ്യയും നടക്കും. 14നാണു മകരവിളക്ക്. അന്നു വൈകിട്ട് 6.30നു തിരുവാഭരണം ചാര്‍ത്തി ദീപാരാധനയും തുടര്‍ന്നു മകരജ്യോതി ദര്‍ശനവും.

18നു രാവിലെ 10 വരെയാണു തീര്‍ഥാടന കാലത്തെ നെയ്യഭിഷേകം. തുടര്‍ന്നു പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തില്‍ കളഭാഭിഷേകം നടക്കും. 19ന് വൈകിട്ട് ദീപാരാധന വരെ മാത്രമേ തീര്‍ഥാടകര്‍ക്കു ദര്‍ശനം നടത്താനാകൂ. അന്നു രാത്രിയില്‍ മാളികപ്പുറത്തു ഗുരുതി നടക്കും. 20ന് രാവിലെ 7ന് തീര്‍ഥാടനത്തിനു സമാപനം കുറിച്ച്‌ നട അടയ്ക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക