Image

ഉണ്ണിത്താന്‍ വധശ്രമം: ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. അറസ്റ്റില്‍

Published on 16 April, 2012
ഉണ്ണിത്താന്‍ വധശ്രമം: ക്രൈംബ്രാഞ്ച്  ഡിവൈ.എസ്.പി. അറസ്റ്റില്‍
കൊല്ലം: മാധ്യമപ്രവര്‍ത്തകനായ വി.ബി. ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ ഒരു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കൂടി അറസ്റ്റിലായി. സിബിഐ സംഘമാണ് ഡിവൈഎസ്പി എന്‍.എ. റഷീദിനെ കൊച്ചിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. റഷീദിനെ ഇന്ന് കൊച്ചി സിജെഎം കോടതിയില്‍ ഹാജരാക്കും. കേസിന്റെ അന്വേഷണച്ചുമതലയുള്ള സിബിഐ അഡീഷണല്‍ എസ്പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റഷീദിനെ അറസ്റ്റ് ചെയ്തത്.

മാതൃഭൂമി കൊല്ലം ലേഖകനായിരുന്ന ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ചതാണ് കേസ്. ഒരു വാര്‍ത്തയുമായി ബന്ധപ്പെട്ട വിരോധമാണ് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഉണ്ണിത്താനെ വധിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണ് റഷീദ്. സംഭവത്തിന്റെ ഗൂഢാലോചനയില്‍ റഷീദ് പങ്കാളിയാണെന്ന് സിബിഐ കണ്‌ടെത്തിയിരുന്നു. നേരത്തെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സന്തോഷ് .എം. നായരെയും കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായ എന്‍.എ. റഷീദും സന്തോഷ് .എം. നായരും കൂടി തന്നെ കുടുക്കാന്‍ ശ്രമിച്ചതാണെന്ന് കേസില്‍ അറസ്റ്റിലായ കണ്‌ടെയ്‌നര്‍ സന്തോഷ് എന്ന ഗുണ്ട നേരത്തെ പറഞ്ഞിരുന്നു.

2011 ഏപ്രില്‍ 16 നാണ് വി.ബി.ഉണ്ണിത്താനെ ക്വട്ടേഷന്‍ സംഘം ആക്രമിച്ചത്. ഉണ്ണിത്താനെ ആക്രമിച്ച ക്വട്ടേഷന്‍ സംഘാംഗമായിരുന്ന ഹാപ്പി രാജേഷ് എന്നയാളെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്‌ടെത്തിയിരുന്നു. ഉണ്ണിത്താനെ ആക്രമിച്ച കേസ് ആദ്യം ലോക്കല്‍ പോലീസാണ് അന്വേഷിച്ചത്. തുടര്‍ന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് വിട്ടത്. ഉണ്ണിത്താന്‍ ആക്രമിക്കപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികദിനത്തിലാണ് കേസിലെ പ്രധാനപ്രതികളിലൊരാളായ എന്‍.എ. റഷീദ് അറസ്റ്റിലാകുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക