Image

അണ്ടര്‍ 19 ക്രിക്കറ്റ്: ഇന്ത്യയ്ക്ക് കിരീടം

Published on 16 April, 2012
അണ്ടര്‍ 19 ക്രിക്കറ്റ്: ഇന്ത്യയ്ക്ക് കിരീടം
ടൗണ്‍സ്‌വില്ലെ (ഓസ്‌ട്രേലിയ): ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദിന്റെ കിടയറ്റ സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ചതുരാഷ്ട്ര ടൂര്‍ണമെന്റില്‍ കിരീടം നേടി. ഫൈനലില്‍ ആതിഥേയരായ ഓസ്‌ട്രേലിയയെ ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ യുവനിര പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് നേടിയത്. മറുപടിയായി ഇന്ത്യ ക്യാപ്റ്റന്റെ സെഞ്ച്വറിയുടെ മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ താരമായ ഉന്‍മുക്ത് 127 പന്തില്‍ നിന്ന് 112 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ആറു സിക്‌സും ഒന്‍പത് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്. അക്ഷദീപ് നാഥ് 25 (നോട്ടൗട്ട്) ഉം മനന്‍ വോറ 24 പന്തില്‍ നിന്ന് 23 ഉം റണ്‍സെടുത്ത് ക്യാപ്റ്റന് മികവുറ്റ പിന്തുണ നല്‍കി. ഏഴു ഓവര്‍ ശേഷിക്കെയാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് കൂച്ചുവിലങ്ങിട്ടത് സീമര്‍മാരായ സന്ദീപ് ശര്‍മയും ഹര്‍മീത് സിങ്ങുമാണ്. സന്ദീപ് 51 റണ്‍സിന് നാലും ഹര്‍മീത് രണ്ടും വിക്കറ്റ് സ്വന്തമാക്കി. ഓസ്‌ട്രേലിയക്കുവേണ്ടി ബുച്ചാനന്‍ 59 ഉം ഹെയ്ന്‍ 41 ഉം റണ്‍സെടുത്തു.

ഇംഗ്ലണ്ടും ന്യൂസീലന്‍ഡുമാണ് ടൂര്‍ണമെന്റിലെ മറ്റു ടീമുകള്‍. ലീഗ് റൗണ്ടിലെ മൂന്ന് മത്സരങ്ങളും തോറ്റ ഇന്ത്യയ്ക്ക് ആകെ നാലു ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ സെമിഫൈനല്‍ ഉള്‍പ്പെടുത്തിയ ഫോര്‍മാറ്റാണ് ഗുണകരമായത്. സെമിയില്‍ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ മറികടന്നത്. 63 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. 110 പന്തില്‍ നിന്ന് 94 റണ്‍സെടുത്ത ഉന്‍മുക്ത് ചന്ദ് തന്നെയായിരുന്നു വിജയശില്‍പി. സന്ദീപ് ശര്‍മ അന്ന് മൂന്ന് വിക്കറ്റെടുത്തിരുന്നു.

അഞ്ചു മത്സരങ്ങളില്‍ നിന്ന് മൊത്തം 281 റണ്‍സെടുത്ത ഉന്‍മുക്ത് ചന്ദ് റണ്‍വേട്ടയില്‍ രണ്ടാമനാണ്. 287 റണ്‍സെടുത്ത ഇംഗ്ലണ്ടിന്റെ ഡാനിയല്‍ ബെല്ലാണ് ഒന്നാമത്. സന്ദീപ് സിങ് നാലു കളികളില്‍ നിന്ന് എട്ടു വിക്കറ്റാണ് സ്വന്തമാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക