ജമ്മു കശ്മീരിലെ അവന്തിപോറയില്‍ പാക് ഭീകരസംഘടനയായ ജയ്ഷ മുഹമ്മദ് നടത്തിയ ചാവേര്‍ സ്ഫോടനത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം 42 ആയി. എണ്‍പതില്‍ അധികം പേര്‍ക്ക് ഗുരുതരമായ പരുക്കുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന.
പുല്‍വാമ ജില്ലയിലെ ഗോറിപോറയില്‍ വെച്ചാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു.
സംഭവത്തില്‍ ദേശിയ അന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2016ല്‍ ഉറി അക്രമണത്തിന് ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. ജയ്ഷെ മുഹമ്മദിന്റെ ഓപ്പറേഷന് ചീഫ് ആയിരുന്ന ഖാലിദിനെ 2017ല്‍ ഇന്ത്യന്‍ സേന വെടിവെച്ച് കൊന്നിരുന്നു. ഇതിനു തിരിച്ചടിയാണ് ഇപ്പോഴുണ്ടായ ആക്രമണം എന്ന് കരുതുന്നു.
ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോയ സൈനീക വ്യൂഹത്തിന് നേരെ ജയ്ഷെ മുഹമ്മദ് ചാവേര്‍ സംഘത്തിന്റെ നേതാവ് ആദില്‍ മുഹമ്മദ് എന്ന ഭീകരന് കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. 2500ലേറെ സൈനീകര്‍ എഴുപത് വാഹനങ്ങളിലായി ഈ സമയം ഉണ്ടായിരുന്നു.
പുല്‍വാമ സ്വദേശിയാണ് ആദില്‍ അഹമ്മദ് എന്ന ഭീകരന്. ഉഗ്രശേഷിയുള്ള ഇംപ്രവൈസ്ഡ് എക്സ്പ്ളോസീവ് ഡിവൈസ് ഉപയോഗിച്ചാരുന്നു സ്ഫോടനം. 350 കിലോ സ്ഫോടക വസ്തുക്കള്‍ ഇയാള്‍ ആക്രമണത്തിന് ഉപയോഗിച്ചു. ചാവേര്‍ ആക്രമണത്തിന് പിന്നാലെ വെടിവെപ്പും ഉണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍ സൈനീക സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.