Image

ഭൂരിപക്ഷ വിഭാഗങ്ങളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിന് എന്‍.എസ്.എസ്

Published on 16 April, 2012
ഭൂരിപക്ഷ വിഭാഗങ്ങളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിന് എന്‍.എസ്.എസ്
കോട്ടയം: ഭൂരിപക്ഷത്തിന്‍െറ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് രാഷ്ട്രീയശക്തി രൂപവത്കരിക്കാന്‍ എന്‍.എസ്.എസ് ആലോചന. അഞ്ചാം മന്ത്രിയടക്കമുള്ള വിഷയങ്ങളില്‍ യു.ഡി.എഫ് സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി ന്യൂനപക്ഷവിഭാഗങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന സാഹചര്യം വിലയിരുത്തിയാണ് പുതിയനീക്കം. യു.ഡി.എഫിനെ പരസ്യമായി പിന്തുണച്ചും വിമര്‍ശിക്കേണ്ട ഘട്ടത്തില്‍ മൗനം പാലിച്ചും ഇതുവരെ സര്‍ക്കാറിനെ അനുകൂലിക്കുന്ന നയമാണ് എന്‍.എസ്.എസ് സ്വീകരിച്ചത്.
വിദ്യാഭ്യാസ വകുപ്പിനെതിരെ എന്‍.എസ്.എസിന്‍െറ ഡെമോക്രാറ്റിക് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (ഡി.എസ്.ടി.എ) നിരവധി പ്രമേയങ്ങള്‍ പാസാക്കിയിട്ടും നേതൃത്വം വേണ്ടത്ര ഇടപെട്ടില്ല.എന്നാല്‍, മുന്‍സര്‍ക്കാറിനെ പരസ്യമായി എതിര്‍ക്കുകയും ചെയ്തു. ഇത് അനര്‍ഹമായ ആനുകൂല്യങ്ങള്‍ യു.ഡി.എഫില്‍നിന്ന് ലഭിച്ചെന്ന ആക്ഷേപം വരുത്തിയെന്നാണ് നേതൃത്വത്തിന്‍െറ വിലയിരുത്തല്‍.
ഭൂരിപക്ഷ ഏകീകരണം കേരളത്തില്‍ സാധ്യമല്ലെന്ന് കണക്കുകൂട്ടിയാണ് ന്യൂനപക്ഷവിഭാഗങ്ങള്‍ സര്‍ക്കാറില്‍ നിരന്തരം സമ്മര്‍ദം ചെലുത്തുന്നതെന്നാണ് സംഘടനയുടെ നിരീക്ഷണം.
അഞ്ചാംമന്ത്രി പ്രശ്നത്തില്‍ കോണ്‍ഗ്രസിലെ ചില നേതാക്കളുടെ ഇടപെടല്‍ മൂലം സമുദായത്തിന് അവഹേളനമുണ്ടായെന്നും വിമര്‍ശമുണ്ട്.
ഭൂരിപക്ഷ വിഭാഗങ്ങളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിന് നേതൃപരമായ പങ്ക് വഹിക്കാനാണ് സംഘടന ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ നാരായണപ്പണിക്കര്‍ മുന്നോട്ടുവെച്ച് പരാജയപ്പെട്ട ഹിന്ദുഐക്യം എന്ന ആശയത്തില്‍നിന്ന് വേറിട്ട കാഴ്ചപ്പാടാണ് പുലര്‍ത്തുന്നത്. ഹിന്ദുവികാരത്തിന് അപ്പുറം ഭൂരിപക്ഷത്തിന്‍െറ പൊതുവികാരത്തിന് അനൂകൂലമായി ശബ്ദമുയര്‍ത്തി രാഷ്ട്രീയ ശക്തിയായി മാറാനുള്ള നീക്കമാണ് ആസൂത്രണം ചെയ്യുന്നത്. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിപക്ഷസമുദായാംഗങ്ങളുമായി ഇക്കാര്യത്തില്‍ അനൗപചാരിക ചര്‍ച്ച നടന്നതായി സൂചനയുണ്ട്.
1959ല്‍ ഇ.എം.എസ് സര്‍ക്കാറിന്‍െറ വിദ്യാഭ്യാസ ബില്ലിനെതിരെ വിമോചനസമരം നയിച്ച മന്നത്ത് പത്മനാഭന്‍െറ ഇടപെടല്‍ രാഷ്ട്രീയകേരളത്തിന് സമ്മാനിച്ച മാറ്റവും തിരിച്ചറിഞ്ഞാണ് പുതിയനീക്കം. ഇ.എം.എസ് സര്‍ക്കാറിനെ പിരിച്ചുവിട്ട വിമോചനസമരത്തിന്‍െറ ആര്‍ജവം ഉള്‍ക്കൊണ്ട് മന്നത്ത് പത്മനാഭന്‍ നേതൃത്വം നല്‍കിയാണ് കേരള കോണ്‍ഗ്രസ് പിറവി. രാഷ്ട്രീയ പരീക്ഷണത്തിന് മുതിര്‍ന്ന എന്‍.എസ്.എസ് പിന്നീട് നാഷനല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍.ഡി.പി) രൂപവത്കരിച്ചു. 1977ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എന്‍.ഡി.പി അഞ്ച് സീറ്റ് നേടി. പിന്നീട് മുന്‍ ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കരുടെ കാലത്ത് എന്‍.ഡി.പി പിരിച്ചുവിട്ടു.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പരാജയപ്പെടുത്തി ഭൂരിപക്ഷവിഭാഗങ്ങളുടെ ഏകീകരണം സാധ്യമാക്കാനാണ് എന്‍.എസ്.എസ് നീക്കം. ബി.ജെ.പിയും ഇതിന് അനുകൂലമാണ്. ബി.ജെ.പി സ്ഥാനാര്‍ഥിയെ നെയ്യാറ്റിന്‍കരയിലെ മത്സരത്തില്‍നിന്ന് ഒഴിവാക്കുന്നതടക്കം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ പെരുന്ന എന്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു.
ധനകാര്യവും വിദ്യാഭ്യാസവും ഉള്‍പ്പെടെ സുപ്രധാനവകുപ്പുകള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ എക്കാലവും കൈയടക്കുന്നതിലും എന്‍.എസ്.എസിന് അതൃപ്തിയുണ്ട്.
സംഘടന ഉന്നയിച്ച വിഷയങ്ങളോട് അനുകൂലസമീപനം സ്വീകരിക്കാതെ ‘നായര്‍’ ലേബലില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തരമന്ത്രിപദം കെട്ടിവെച്ചതിനോടും എതിര്‍പ്പുണ്ട്.
(Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക