Image

മന്ത്രി അനൂപ് ജേക്കബിന് ആദ്യദൗത്യം ഭാരിച്ചത്

Published on 16 April, 2012
മന്ത്രി അനൂപ് ജേക്കബിന് ആദ്യദൗത്യം ഭാരിച്ചത്
മേയ് 14ന് ആരംഭിക്കുന്ന റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പാക്കാന്‍ പുതുതായി സ്ഥാനമേറ്റ ഭക്ഷ്യ-സിവില്‍ സപൈ്ളസ് മന്ത്രി അനൂപ് ജേക്കബിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് സൂചന. തന്‍െറ മുന്‍ഗാമിയും പിതാവുമായ ടി.എം. ജേക്കബ് ഉള്‍പ്പെടെയുള്ളവര്‍ വ്യാപാരികള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളാവും അനൂപിനെ തിരിഞ്ഞു കൊത്തുക.
റേഷന്‍ കടകളുടെ നിലനില്‍പ് ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്ന് സംഘടനാ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. മണ്ണെണ്ണ, അരി, പഞ്ചസാര, ഗോതമ്പ് തുടങ്ങി അവശ്യവസ്തുക്കളൊന്നും വേണ്ടത്ര അളവില്‍ റേഷന്‍ കടകളിലെത്തുന്നില്ല.
കേന്ദ്രം മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചെന്ന് പറഞ്ഞാണ് സംസ്ഥാനത്തെ റേഷന്‍കടകളില്‍ മണ്ണെണ്ണ വിതരണം നിര്‍ത്തിയത്. എന്നാല്‍, എല്ലാ കാര്‍ഡുടമകള്‍ക്കും ഒരു ലിറ്റര്‍ വീതം വിതരണം ചെയ്യാവുന്നത്ര മണ്ണെണ്ണ ഇപ്പോഴും സംസ്ഥാനത്തിന് ലഭിക്കുന്നുണ്ടെന്ന് യൂനിയന്‍ നേതാക്കള്‍ പറയുന്നു.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ഭക്ഷ്യവകുപ്പിന്‍െറ ചുമതല വഹിച്ച ടി.എം. ജേക്കബും ഷിബു ബേബി ജോണും വാരിക്കോരി നല്‍കിയ വാഗ്ദാനങ്ങളിലൊന്നു പോലും ഇതു വരെ നടപ്പായിട്ടില്ല. ഓണത്തിന് ഓരോ റേഷന്‍ കടക്കാര്‍ക്കും നല്‍കുമെന്ന് പറഞ്ഞ 500 രൂപ ഉത്സവബത്ത വിഷു കഴിഞ്ഞിട്ടും നല്‍കിയിട്ടില്ല.
മൊത്തവ്യാപാരികളില്‍നിന്നെടുക്കുന്ന അരി റേഷന്‍കടയിലേക്ക് ഇറക്കുന്നതിന് കൂലി നല്‍കാന്‍ പണമനുവദിക്കുന്ന സമ്പ്രദായം മുമ്പുണ്ടായിരുന്നു. ഒരു ക്വിന്‍റല്‍ ധാന്യത്തിന് 75 രൂപ നിരക്കില്‍ കൂലിയായി അനുവദിക്കുമെന്ന് ജേക്കബ് വാഗ്ദാനം ചെയ്തെങ്കിലും നടപ്പായില്ല. ഇക്കാര്യം സംഘടനാ നേതാക്കള്‍ പിന്നീട് ചുമതലയേറ്റ ഷിബു ബേബിജോണിന്‍െറ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക