Image

കത്തീഡ്രല്‍: പിറവത്ത് സ്ഥിതി ഗുരുതരം

Published on 20 April, 2012
കത്തീഡ്രല്‍: പിറവത്ത് സ്ഥിതി ഗുരുതരം
പിറവം: പിറവം വലിയപള്ളിയെ കത്തീഡ്രലായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് പിറവത്ത് യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ക്കിടയിലുള്ള തര്‍ക്കം രൂക്ഷമായി. യാക്കോബായ വിഭാഗം 14ന് വലിയപള്ളി അങ്കണത്തില്‍ നടത്തിയ ചടങ്ങില്‍ വലിയ പള്ളിയെ രാജാധിരാജ സെന്‍റ് മേരീസ് യാക്കോബായ കത്തീഡ്രലായി പ്രഖ്യാപിച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ കത്തീഡ്രല്‍ പ്രഖ്യാപനം 21 നാണ്.

യാക്കോബായ വിഭാഗത്തിന്റെ അധീനതയിലാണ് വലിയ പള്ളി. ഇവിടെ കുര്‍ബാന നടത്തി കത്തീഡ്രല്‍ പ്രഖ്യാപനം നടത്താനുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നീക്കം തടയാന്‍ യാക്കോബായ വിഭാഗം ശ്രേഷ്ഠബാവയുടെയും മെത്രാപ്പോലീത്തമാരുടെയും നേതൃത്വത്തില്‍ സംഘടിച്ച് നിലയുറപ്പിച്ചു. പോലീസ് സംരക്ഷണയില്‍ മറുഭാഗം പള്ളിമൈതാനിയില്‍ പ്രസംഗിക്കുമെന്ന അഭ്യൂഹത്തെതുടര്‍ന്ന് ഇവര്‍ പള്ളി കവാടം ഉപരോധിച്ച് പ്രാര്‍ത്ഥനായജ്ഞം തുടരുകയാണ്. ബുധനാഴ്ച രാത്രിയാണ് ഉപരോധം തുടങ്ങിയത്.

അതിനിടെ ഓര്‍ത്തഡോക്‌സ് വിഭാഗം കാതോലിക്കേറ്റ് സെന്‍ററില്‍ ഒത്തുകൂടി. അവര്‍ പ്രകടനമായെത്തുമെന്ന അഭ്യൂഹം പരന്നതോടെ സ്ഥിതിഗതികള്‍ വഷളായി.

രാത്രി ഒമ്പതരയോടെ ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ അമ്പതോളം പേരടങ്ങുന്ന സംഘം ടൗണില്‍ പ്രകടനം നടത്തി. പ്രകടനം പഴയ ബസ്സ്റ്റാന്‍ഡ് കവലയിലൂടെ കടന്നുപോയപ്പോള്‍ പള്ളി കവാടത്തിനുമുന്നിലും റോഡിലുമായി തടിച്ചുകൂടിയ യാക്കോബായ വിശ്വാസികളെ മെത്രാന്മാര്‍ ഇടപെട്ടാണ് തടഞ്ഞുവെച്ചത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഗോപിനാഥപിള്ള, ഡി.വൈ.എസ്.പി. എം.എന്‍. രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം കവലയില്‍ നിലയുറപ്പിച്ചിരുന്നു.

പ്രകടനമായെത്തിയ ഓര്‍ത്തഡോക്‌സ് പക്ഷം കാതോലിക്കേറ്റ് സെന്‍ററിലേക്ക് മടങ്ങിയെങ്കിലും പ്രദേശത്ത് സംഘര്‍ഷസാധ്യത നിലനില്‍ക്കുകയാണ്.

ഓര്‍ത്തഡോക്‌സ് പക്ഷം ശനിയാഴ്ച രാവിലെ 7.30ന് വലിയപള്ളി മൈതാനിയില്‍ കുര്‍ബാന നടത്തി കത്തീഡ്രല്‍ പ്രഖ്യാപനം നടത്താനുള്ള നീക്കവുമായി മുന്നോട്ടുപോവുകയാണ്. എന്തുവിലകൊടുത്തും അത് തടയാനാണ് യാക്കോബായ വിഭാഗത്തിന്റെ ശ്രമം.

ബുധനാഴ്ച രാത്രി മുതല്‍ ടൗണില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഘട്ടനം ഉണ്ടാകാതിരിക്കാനും ക്രമസമാധാനം തകരാറിലാകാതിരിക്കാനും വേണ്ടിയുള്ള നടപടികള്‍ മാത്രമെ പോലീസ് സ്വീകരിച്ചിട്ടുള്ളു.

ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ശനിയാഴ്ച കത്തിഡ്രല്‍ പ്രഖ്യാപനം നടത്താന്‍ അനുമതി നല്‍കിയത് ജില്ലാ കളക്ടറാണ്. കളക്ടറുടെ അനുമതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സംരക്ഷണയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളി പരിസരത്ത് പ്രവേശിച്ച് ചടങ്ങ് നടത്താന്‍ ശ്രമിച്ചാല്‍ തടയാനാണ് യാക്കോബായ വിഭാഗത്തിന്റെ തയ്യാറെടുപ്പ്. പ്രശ്‌നസാധ്യതയുണ്ടെന്ന സൂചന ലഭിക്കുമ്പോഴെല്ലാം കൂട്ടമണിയടിച്ച് വിശ്വാസികളെ കൂട്ടി പ്രതിരോധമുറപ്പിക്കുകയാണ് അവര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക