Image

അഞ്ചാം മന്ത്രി: കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനത്തിന് മറുപടിയുമായി ശിഹാബ് തങ്ങള്‍

Published on 21 April, 2012
അഞ്ചാം മന്ത്രി: കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനത്തിന് മറുപടിയുമായി ശിഹാബ് തങ്ങള്‍
മലപ്പുറം: അഞ്ചാം മന്ത്രിപ്രശ്‌നത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ രംഗത്തെത്തി. അഞ്ചാം മന്ത്രി ന്യായമായ ആവശ്യമായിരുന്നെന്നും അതില്‍ വേവലാതിപ്പെട്ടിട്ട് ഒരു പ്രയോജനവുമില്ലെന്നും ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ് ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഞ്ചാം മന്ത്രിയെ ലഭിച്ചതില്‍ ചില ആളുകള്‍ക്ക് അസൂയയുണ്ട്. പകര്‍ച്ചവ്യാധി പിടിപെട്ടതുപോലെയാണ് ചിലര്‍ പെരുമാറുന്നത്. ഇത്തരം രോഗികളെ ചികിത്സിച്ച് ഭേദമാക്കാനുള്ള അജന്‍ഡയാണ് ലീഗ് എടുത്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ അടുത്തിടെ മാലിന്യങ്ങള്‍ പ്രശ്‌നമായിക്കൊണ്ടിരിക്കുകയാണ്. അത്തരം മാലിന്യങ്ങളെ തുടച്ചുനീക്കുന്ന പ്രവര്‍ത്തനമാണ് അലിക്കുള്ളതെന്നും ശിഹാബ് തങ്ങള്‍ പറഞ്ഞു.

അഞ്ചാം മന്ത്രിപ്രശ്‌നത്തില്‍ ലീഗിനെതിരേ പരസ്യവിമര്‍ശനം നടത്തിയ ആര്യാടന്‍ മുഹമ്മദിനും കെ. മുരളീധരനുമുളള മറുപടിയാണ് തങ്ങള്‍ കടുത്ത വാക്കുകളില്‍ വ്യക്തമാക്കിയതെന്നാണ് സൂചന. ശിഹാബ് തങ്ങളുടെ വാക്കുകള്‍ കൈയടിയോടെയാണ് അണികള്‍ സ്വീകരിച്ചത്. ഏറ്റവും മാന്യതയുള്ള പാര്‍ട്ടിയാണ് ലീഗ്. മറ്റുള്ളവരുടെ അവകാശങ്ങള്‍ ഒരിക്കലും കവര്‍ന്നെടുക്കുകയില്ലെന്നും എന്നാല്‍ ന്യായമായ ആവശ്യങ്ങള്‍ ഒരു കാരണവശാലും വിട്ടുകൊടുക്കുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക