Image

അവസാന ലാപ്പില്‍ പത്തനംതിട്ടയില്‍ പോരാട്ടം കനത്തു; ഇഞ്ചോടിച്ച് പോരടിച്ച് വീണാ ജോര്‍ജ്ജും കെ.സുരേന്ദ്രനും

കലാകൃഷ്ണന്‍ Published on 18 April, 2019
അവസാന ലാപ്പില്‍ പത്തനംതിട്ടയില്‍ പോരാട്ടം കനത്തു; ഇഞ്ചോടിച്ച് പോരടിച്ച് വീണാ ജോര്‍ജ്ജും കെ.സുരേന്ദ്രനും


ശബരിമല വിവാദങ്ങള്‍ക്കൊണ്ട് ശ്രദ്ധാ കേന്ദ്രമായ പത്തനംതിട്ട തന്നെയാണ് 2019 ഇലക്ഷന്‍റെ ഏറ്റവും പ്രധാന ഫോക്കസ് പോയിന്‍റുകളിലൊന്നാവുന്നത്. പത്തനംതിട്ട എല്‍ഡിഎഫിനെ ഭയപ്പെടുത്തുമ്പോള്‍ ബിജെപിയുടെ പ്രതീക്ഷകളാകുന്നു. ഒപ്പം യുഡിഎഫിന് ആശയക്കുഴപ്പവും സമ്മാനിക്കുന്നു. ഒപ്പം കേരളത്തിലെ പതിവ് രാഷ്ട്രീയ രീതികള്‍ക്ക് അപ്പുറമുള്ള പുതിയ സമ്പ്രദായങ്ങള്‍ക്കും പത്തനംത്തിട്ട കാരണവും കേന്ദ്രവുമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിലെ പ്രമുഖ ചാനല്‍ മാധ്യമം അവരുടെ സര്‍വേയില്‍ പത്തനംതിട്ടയില്‍ ആന്‍റോ ആന്‍റണിക്ക് വിജയസാധ്യത പറയുന്നു. ഒരു ശതമാനത്തിന്‍റെ വിത്യാസത്തില്‍ തൊട്ടു പിന്നില്‍ കെ.സുരേന്ദ്രനെ കൊണ്ടു വരുന്നു. അവസാന ലാപ്പ് കഴിയുമ്പോള്‍ കെ.സുരേന്ദ്രന്‍ ജയിക്കുമെന്ന് പ്രവചിക്കുന്നു. എല്‍ഡിഎഫിന്‍റെ വീണാ ജോര്‍ജ്ജ് ഏറെ പിന്നിലാണെന്നും സര്‍വ വെളിപ്പെടുത്തുന്നു. 
ഇതില്‍ കെ.സുരേന്ദ്രന്‍ വിജയ സാധ്യത ഭേദപ്പെട്ട പ്രവചനം തന്നെയാണ്. പത്തനംതിട്ടയില്‍ താമര വിരിയാനുള്ള ഒരു കളം ഒരുങ്ങുന്നുണ്ട്. അത്രമാത്രമാണ് കെ.സുരേന്ദ്രന്‍റെ പൊതുപരിപാടികളിലേക്ക് ഒഴുകിയെത്തുന്ന ജനക്കൂട്ടം. അതില്‍ ഏറിയ പങ്കും സ്ത്രീകളാണ് എന്നതും ശ്രദ്ധേയം. ആ ആളൊഴുക്ക് വോട്ടായാല്‍ കെ.സുരേന്ദ്രന്‍ ജയിക്കും. പക്ഷെ കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ വലിയ ശക്തിയാണ് എന്നതിനാല്‍ കെ.സുരേന്ദ്രന്‍ വിജയ പ്രതീക്ഷയ്ക്ക് വലിയ ബലമുണ്ടെന്ന് പറയുകയും വയ്യ. ഒരു അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് ചുരുക്കം. 
കെ.സുരേന്ദ്രന് ഫലം പ്രഖ്യാപിച്ച ചാനല്‍ പക്ഷെ വീണാ ജോര്‍ജ്ജിനെ വെറും ഇരുപത്തിയാറ് ശതമാനത്തില്‍ ഒതുക്കുന്നു. ഇതോടെയാണ് മാധ്യമപ്രവര്‍ത്തക കൂടിയായ വീണ ചാനലിനെതിരെ രംഗത്ത് എത്തുന്നത്. പ്രത്യേക അജണ്ടയോടെ പണം പറ്റിയാണ് ചാനല്‍ തനിക്കെതിരെ വിധിയെഴുത്ത് നടത്തിയതെന്നും താന്‍ ആറന്‍മുളയില്‍ സ്ഥാനാര്‍ഥിയായപ്പോഴും ഇതേ പണി പ്രസ്തുത ചാനല്‍ നടത്തിയിട്ടുണ്ടെന്നും വീണ ശക്തമായ ആരോപണം ഉന്നയിച്ചു. ചാനല്‍ ഇനി എന്ത് പണിയെടുത്താലും താനും പാര്‍ട്ടിയും കുറഞ്ഞത് 75000 വോട്ടിന് ജയിക്കുമെന്നും വീണ വെല്ലുവിളിച്ച് കഴിഞ്ഞു. 
ഒരു മുഖ്യധാര ചാനല്‍ പ്രോപഗാന്‍ഡ ഇറക്കുകയാണ് എന്ന് ഒരു മാധ്യമ പ്രവര്‍ത്ത കൂടിയായി സ്ഥാനാര്‍ഥി വിളിച്ചു പറയുന്നത് കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തില്‍ ഇത് നടാടെയാണ്. പത്തനംതിട്ട ഈ പോരാട്ടത്തിനും സാക്ഷ്യം വഹിക്കുകയാണ്. 
പ്രമുഖ ഹിന്ദു സന്യാസിയായ ശ്രീ.ചിതാനന്ദപുരി സ്വാമികള്‍ സിപിഎമ്മിന് എതിരെ രംഗത്ത് എത്തിയതും കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആദ്യമാണ് എന്ന് തന്നെ പറയാം. ശബരിമലയെ കലാപ ഭൂമിയാക്കിയ സിപിഎം പ്രതിനിധികള്‍ വിജയിക്കാന്‍ പാടില്ലെന്നാണ് ചിതാനന്ദപുരി സ്വാമികള്‍ ആഹ്വാനം ചെയ്തിട്ടുള്ളത്. ഇതോടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചിതാനന്ദപുരി സ്വാമികള്‍ ആര്‍.എസ്.എസുകാരന്‍ മാത്രമായി ചുരുങ്ങുന്നു എന്ന ആക്ഷേപവുമായി രംഗത്ത് എത്തി. ക്രിസത്യന്‍ മുസ്ലിം പുരോഹിതന്‍മാര്‍ക്ക് ആകാമെങ്കില്‍ തനിക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്നതാണ് അതിന് സ്വാമികളുടെ മറുചോദ്യം. താന്‍ ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതില്‍ ഒരു തെറ്റുമില്ല എന്ന വസ്തുതയും അദ്ദേഹം അവതരിപ്പിക്കുന്നു. 
ശരിയാണ് ക്രിസ്ത്യന്‍ സഭകളും മുസ്ലിം പൗരോഹിത്യ സംഘടനകളുമൊക്കെ രാഷ്ട്രീയത്തില്‍ ഇടപെടാറുണ്ട്. ഇപ്പോഴും ഇടപെടുന്നുണ്ട്. അവര്‍ രഹസ്യമായും പരസ്യമായും മുന്നണികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും പിന്തുണ പ്രഖ്യാപിക്കാറുമുണ്ട്. എന്നാല്‍ പരസ്യമായ ക്യാംപെയിനിലേക്ക് ഒരിക്കലും ഇറങ്ങിയിട്ടില്ല എന്നതാണ് വസ്തുത. ആ അതിര്‍ത്തി ശബരിമല വിവാദത്തോടെ ലംഘിക്കപ്പെട്ടു എന്നതാണ് ഗൗരവത്തോടെ കാണേണ്ടത്. ഇത് ഇനി കേരളത്തിലും ഒരു കീഴ്വഴക്കമായി മാറുമെന്ന് തീര്‍ച്ച. പത്തനംതിട്ട മണ്ഡലത്തില്‍ ചിതാനന്ദപുരി സ്വാമികളുടെ പ്രഭാഷണങ്ങള്‍ക്ക് അടക്കം വലിയ സ്വാധീനമാകുമെന്നും തീര്‍ച്ചയാണ്.
അവസാന കൊട്ടികലാശത്തിന് മുമ്പായി മോദി കേരളത്തിലേക്ക് എത്തിയപ്പോഴും ശബരിമലയെ തന്നെയാണ് കുന്തമുനയാക്കിയത്. അനുഷ്ഠാനങ്ങളെയും വിശ്വാസങ്ങളെയും തകര്‍ക്കാന്‍ സിപിഎമ്മും ഇടതുപക്ഷ ഗവണ്‍മെന്‍റും ശ്രമിക്കുന്നു. ഈശ്വരന്‍റെ പേര് പോലും പറയാന്‍ പറ്റാത്ത സ്ഥിതിയായിരിക്കുന്നു എന്നെല്ലാം മോദി ആരോപണങ്ങള്‍ ഉയര്‍ത്തി. ശബരിമല ഒരു പ്രചരണ വിഷയമാക്കരുതെന്ന ഇലക്ഷന്‍ കമ്മീഷന്‍റെ നിര്‍ദേശമെല്ലാം കാറ്റില്‍ പറന്നു. പല വിധത്തില്‍ ശബരിമല പ്രചരണത്തിലെമ്പാടും ഉയര്‍ന്നു. 
പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രനാവട്ടെ ഈ ഇലക്ഷന്‍ കാലയളവിലെല്ലാം ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസന്‍റെ ശൈലിയിലാണ്. കറുപ്പണിഞ്ഞ് ദീക്ഷ വളര്‍ത്തി ഒരു ഫുള്‍ ടൈം സന്യാസിയായത് പോലെ. അത്രമേല്‍ വിസിബിലിറ്റി നല്‍കുന്നുണ്ട് ബിജെപി ശബരിമലയ്ക്ക്. ആ തന്ത്രങ്ങളെ നേര്‍ക്ക് നേര്‍ നിന്ന് പോരടിച്ച് പരാജയപ്പെടുത്താന്‍ ശ്രമിക്കുകയാണ് വീണാ ജോര്‍ജ്ജും ഇടതുപക്ഷവും. ആന്‍റോ ആന്‍റണിക്ക് ഈ കളിയില്‍ യാതൊരു റോളുമില്ല. വീണയും സുരേന്ദ്രനും തമ്മില്‍ തന്നെയാണ് ശരിയായ മത്സരം. ആര് ജയിക്കുമെന്നത് മൊത്തം കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയ വഴിത്തിരിവ് തന്നെ സൃഷ്ടിക്കാന്‍ പര്യാപ്തവുമാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക